അന്യഗ്രഹ ജീവികളും പറക്കുംതളികകളും യഥാർത്ഥമാണോ അല്ലയോ എന്ന ചർച്ച ലോകമെമ്പാടുമുണ്ട്.ആരൊക്കെ എതിർത്താലും പറക്കുംതളികകളെ നേരിട്ട് കണ്ട അനുഭവമുള്ള നിരവധിപേരുണ്ട്.വ്യക്തിപരമായ അനുഭവകഥകൾക്ക് ശാസ്ത്രം വിലകല്പിക്കാറില്ല എന്നിരുന്നാലും ഈ കണ്ടെന്ന് പറയുന്ന ആൾക്കാർ(നുണ യന്മാർ,മദ്യം,മയക്കുമരുന്ന് തുടങ്ങിയവ വലിച്ചു കയറ്റിയവർ അല്ലാത്ത സ്വബോധം ഉള്ളവർ) എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നൊന്ന് അറിയണമല്ലോ.
നമ്മൾ പകൽ സമയത്ത് ഒരു വസ്തു ചലിക്കുന്നുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കുന്നത് അതിന്റെ പരിസരത്തുള്ള മറ്റ് വസ്തുക്കളുടെ അവസ്ഥ കൂടി നോക്കിയിട്ടാണ്.ഒരു കാർ ചലിക്കുകയാണ് എന്ന് മനസ്സിലാക്കുന്നത് റോഡ് സൈഡിലെ വസ്തുക്കളുടെ നിശ്ചലമായ അവസ്ഥ എന്ന സൂചകം (reference) ഉപയോഗിച്ചാണ്.കാറും ചുറ്റുമുള്ള വസ്തുക്കളും ചലിക്കുകയാണെങ്കിൽ കാറിന്റെ അവസ്ഥ മനസ്സിലാക്കാൻ തലച്ചോറിന് കുറെ പണിയെടുക്കേണ്ടിവരും.
കനത്ത ഇരുട്ടുള്ള ഒരു രാത്രിയിൽ നിങ്ങൾ വളരെ വിജനമായ ഒരു ഗ്രാമത്തിലെ കുന്നിന്റെ മുകളിലിരുന്ന് ആകാശം നിരീക്ഷിക്കുകയായിരുന്നു എന്ന് കരുതുക.അപ്പോൾ ആകാശത്ത് ഒരു നക്ഷത്രം മാത്രമേയുള്ളൂ.ഇരുട്ടിൽ നിങ്ങൾക്ക് ഇപ്പോൾ ആകെ കാണാവുന്ന വസ്തുവും ആ നക്ഷത്രം മാത്രം. നിങ്ങൾ അതിനെ തന്നെ നോക്കിയിരിക്കുകയാണ്.കുറച്ചു കഴിഞ്ഞപ്പോൾ ആ നക്ഷത്രം ചലിക്കാൻ തുടങ്ങി.അതോടെ കിളിപോയ നിങ്ങൾ പറക്കുംതളികയെന്നു പേരും കൊടുത്ത് കുന്നിറങ്ങിയോടി.
ഇവിടെ എന്താണ് സംഭവിക്കുന്നത്.പകൽ സമയത്ത് നാം ചലനം തിരിച്ചറിയുന്നത് ചുറ്റുമുള്ള ചലിക്കാത്ത വസ്തുക്കളുടെ കൂടി വിവരംഉപയോഗപ്പെടുത്തിയാണ്.രാത്രിയായാലും പകലായാലും നമ്മളുടെ കണ്ണുകൾക്ക് ഒരു പ്രത്യേക ബിന്ദുവിൽ മാത്രം നോട്ടം നിലനിർത്താൻ കഴിയില്ല അത് ചെറുതായി ആടുന്നുണ്ട്(involuntary motion).ഈ ആട്ടം തലച്ചോറിന് അറിയാം പക്ഷേ ചുറ്റുമുള്ള മറ്റ് വസ്തുക്കളുടെ വിവരങ്ങൾ താരതമ്യം ചെയ്ത് തലച്ചോർ കണ്ണിന്റെ ആട്ടത്തിന്റെ ഫലത്തെ ഇല്ലായ്മ ചെയ്യുന്നു.അതിനാൽ മാറ്റ് വസ്തുക്കളുടെ സാന്നിധ്യത്തിൽ ഒരു വസ്തുവിന്റെ ചലനം തിരിച്ചറിയാൻ നമുക്ക് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടാറില്ല.
നമ്മൾ പറഞ്ഞ ഇരുൾ നിറഞ്ഞ ചുറ്റുപാടിൽ ആകാശത്ത് ആകെ ഉള്ളത് ഒരു നക്ഷത്രം മാത്രം ചുറ്റുപാടുമുള്ള ഒന്നിന്റെയും വിവരം തലച്ചോറിന് കിട്ടുന്നുമില്ല.അപ്പോഴാണ് കണ്ണ് ആട്ടം തുടങ്ങിയത് തലച്ചോറിന് വേറെ വിവരങ്ങളൊന്നും ഇല്ലാത്തതിനാൽ ഇതായിരിക്കും യഥാർത്ഥ ദൃശ്യം എന്ന നിഗമനത്തിൽ എത്തിച്ചേരുകയും ചെയ്യും തൽഫലമായി ആ നക്ഷത്രം ചലിക്കുന്നതായി അനുഭപ്പെടുകയും ചെയ്യും.ഇങ്ങനെ വസ്തുക്കൾ ചലിക്കുന്നതായി തെറ്റിദ്ധരിപ്പിക്കുന്ന തലച്ചോറിന്റെ ഒരു പ്രത്യേകതയാണ് ഓട്ടോകൈനെറ്റിക് എഫക്റ്റ്.
വാൽക്കഷ്ണം:സംഗതി പറക്കുംതളികയൊക്കെ ആണെങ്കിലും ഈ ഇഫക്റ്റ് ഉണ്ടാക്കിയിട്ടുള്ള രസകരമായ യുദ്ധ അനുഭവങ്ങൾ ഇന്റർനെറ്റിൽ വായിക്കാൻ കിട്ടും
DEEPU RAVEENDRAN