നിങ്ങൾ ഫോട്ടോഗ്രാഫർമാർ യുദ്ധഭൂമിയിലേക്ക് പോകൂ. നിങ്ങളെടുക്കുന്ന ഒരു ചിത്രം ഒരുപക്ഷെ യുദ്ധത്തിന് അന്ത്യം കുറിച്ചേക്കാം'‐ വിയത്നാം യുദ്ധഭൂമിയിൽ ബോംബാക്രമണത്തിൽ ദേഹമാസകലം മുറിവേറ്റ് നഗ്നയായി നിലവിളിച്ചോടുന്ന പെൺകുട്ടിയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ നിക് ഉട്ടിന്റെ ഓർമയിൽ ബോംബർ വിമാനങ്ങളുടെയും ജീവനുവേണ്ടിയുള്ള നിലവിളികളുടെയും ഇരമ്പം നിലയ്ക്കുന്നില്ല. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ തന്റെ ഔദ്യോഗിക ജീവിതത്തിലെ മറക്കാനാകാത്ത സംഭവങ്ങൾ നിക്ക് ഉട്ട് പങ്കുവച്ചു.
യുദ്ധ ഭീകരതയിലേക്ക് കണ്ണുതുറപ്പിക്കുന്നതായിരുന്നു അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫറായിരുന്ന നിക് ഉട്ട് 1972ൽ വിയറ്റ്നാം യുദ്ധഭൂമിയിൽനിന്ന് പകർത്തിയ കിം ഫുക് എന്ന ഒമ്പതുകാരിയുടെ ചിത്രം. വർഷങ്ങൾ നീണ്ട വിയറ്റ്നാം യുദ്ധം 1973ൽ അവസാനിപ്പിക്കാൻ 'യുദ്ധ ഭീകരത' എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ച തന്റെ ചിത്രത്തിനായെന്ന് നിക് ഉട്ട് പറഞ്ഞു. യുദ്ധമുഖത്തുനിന്ന് ചിത്രങ്ങൾ പകർത്താനാണ് ജനവാസ കേന്ദ്രമായ ത്രാങ്ങ് ബാങ്ങിലേക്ക് പോയത്. നിരവധി സ്ത്രീകൾ നിലവിളികളോടെ ഓടിവരുന്നുണ്ടായിരുന്നു. പിന്നിലായി ഒരു പെൺകുട്ടി നഗ്നയായി ഉറക്കെ കരഞ്ഞുകൊണ്ട് ഓടിവരുന്നത് ശ്രദ്ധയിൽപെട്ടു. നാപ്പാംബോംബ് ഏൽപ്പിച്ച മുറിവുകളായിരുന്നു അവളുടെ ശരീരത്തിലാകെ. അവളുടെ ശരീരത്തിൽ വെള്ളം തളിച്ച ശേഷം പത്രസ്ഥാപനത്തിന്റെ കാറിൽ അകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇത്രയധികം
പരിക്കേറ്റ കുട്ടിയെ ഡോക്ടർമാർ ഓടിവന്ന് അടിയന്തര ശുശ്രൂഷ
നൽകുമെന്നായിരുന്നു ധാരണ. എന്നാൽ, ഇവിടെ ചികിത്സയ്ക്കുള്ള
സൗകര്യമില്ലെന്നും മറ്റെവിടെയെങ്കിലും കൊണ്ടുപോകൂ എന്നുമായിരുന്നു
നേഴ്സിന്റെ പ്രതികരണം. അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫറാണെന്ന തിരിച്ചറിയൽ
കാർഡ് കാട്ടിയപ്പോഴാണ് പെൺകുട്ടിക്ക് ചികിത്സ നൽകാൻ അവർ തയ്യാറായത്. കിം
ഫുക്കുമായി അന്ന് അവിടെ തുടങ്ങിയ ബന്ധം ഇന്നും ഊഷ്മളമായി തുടരുന്നു. കിം
ഫുക്കിന് ഇന്ന് 55 വയസ്സാണ് പ്രായം. കാനഡയിൽ കുടുംബസമേതം താമസം. കിം ഫുക്ക്
പകർത്തിയ ചിത്രത്തിന് 1973ൽ പരമോന്നത ബഹുമതിയായ പുലിറ്റ്സർ സമ്മാനം
ലഭിച്ചു. അതേ വർഷം തന്നെ അമേരിക്ക വിയറ്റ്നാം യുദ്ധത്തിൽനിന്ന്
പിന്മാറിയതും ചരിത്രം.
യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. എന്നാലിന്ന് ലോകത്തിന്റെ പലഭാഗത്തും യുദ്ധം പുതിയ രൂപത്തിൽ തിരികെവരുന്നു. നിങ്ങൾ യുദ്ധഭൂമിയിലേക്ക് പോയി കരളലിയിക്കുന്ന ചിത്രങ്ങളെടുത്ത് എന്തുകൊണ്ട് ഈ ഭീകരതയ്ക്ക് അറുതിവരുത്തുന്നില്ലെന്ന് പലരും ചോദിക്കാറുണ്ട്. അവരോടുടുള്ള എന്റെ മറുപടി ഒന്നേ ഉള്ളൂ. എനിക്ക് 68 വയസ്സായി. ചെറുപ്പക്കാരായ ഫോട്ടോഗ്രാഫർമാർ ആ ഉത്തരവാദിത്വം ഏറ്റെടുക്കണം.
യുദ്ധമുഖത്ത് ഒരിക്കലും ഭയപ്പെട്ടിരുന്നില്ലെന്ന് ചോദ്യത്തിന് മറുപടിയായി നിക്ക് ഉട്ട് പറഞ്ഞു. കൺമുന്നിൽ മനുഷ്യർ മരിച്ചുവീണിട്ടുണ്ട്. അസോയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫറായ സഹോദരൻ മരിച്ചത് യുദ്ധമുഖത്താണ്. യുദ്ധമുഖങ്ങളിൽ ഫോട്ടോഗ്രാഫറായി ജോലിചെയ്യുമ്പോൾ മരണത്തെ പലവട്ടം മുഖാമുഖം കണ്ടു.
സഹോദരന്റെ മരണശേഷം 15‐ാമത്തെ വയസ്സിൽ അസ്സോസിയേറ്റഡ് പ്രസിൽ ജോലിതേടുകയായിരുന്നു. നിരാലംബരായ ഒരാളുടെയെങ്കിലും കണ്ണീരൊപ്പാൻ ഒരു ചിത്രത്തിനായെങ്കിൽ അതായിരിക്കും ഫോട്ടോഗ്രാഫറുടെ വിജയമെന്ന് നിക് ഉട്ട് പറഞ്ഞു. ലോസ് ഏഞ്ചലസ് ടൈംസ് ഫോട്ടോ എഡിറ്റർ റൗൾ റോയും ഒപ്പമുണ്ടായിരുന്നു.