തേനീച്ച കൂടിനുള്ളിലേക്കു ഒന്ന് എത്തി നോക്കാം.. അവയുടെ ജീവിതരീതിയും ഇനങ്ങളും... പരിപാലനവും.. തേനും ഉപയോഗങ്ങളും... ഒരു വിവരണം
ഹൈമിനോപ്ടെറ (Hymenoptera) വര്‍ഗത്തില്‍പ്പെടുന്ന ഷഡ്പദം. സമൂഹജീവിയായ ഷഡ്പദമാണ് തേനീച്ച. തേനീച്ചയുടെ ശരീരത്തിന് ശിരസ്സ്, ഉരസ്സ്, ഉദരം എന്നിങ്ങനെ പ്രകടമായ മൂന്ന് ഭാഗങ്ങളാണ് ഉള്ളത്. തലയില്‍ കണ്ണുകളും സ്പര്‍ശിനികളും വദനഭാഗങ്ങളുമുണ്ട്. പുഷ്പങ്ങളില്‍നിന്ന് തേന്‍ വലിച്ചെടുക്കുന്നതിന് ഉപയോഗിക്കുന്ന നാവ് (probosis), മെഴുകും മറ്റും മുറിക്കുന്നതിന് ഉതകുന്ന ഫലകങ്ങള്‍ (mandibles) എന്നിവയാണ് തേനീച്ചയുടെ പ്രധാന വദനഭാഗങ്ങള്‍. ഉരസ്സിലെ രണ്ട് ജോഡി ചിറകുകളും മൂന്ന് ജോഡി കാലുകളുമാണ് ഇവയുടെ സഞ്ചാര അവയവങ്ങള്‍. വേലക്കാരി തേനീച്ചയുടെ മൂന്നാമത്തെ ജോഡി കാലുകളില്‍ പൂമ്പൊടി ശേഖരിക്കുന്നതിനുള്ള പൂമ്പൊടി സഞ്ചി (pollen basket) ഉണ്ടായിരിക്കും. ഇവയുടെ ഉദരത്തിനടിവശത്തായി മെഴുക് ഉത്പാദിപ്പിക്കുന്ന മെഴുകുഗ്രന്ഥികളും ഉദരാഗ്രഭാഗത്ത് വിഷസൂചിയുമുണ്ട്.
തേനീച്ച സമൂഹം അഥവാ കോളനി.
ഒരു റാണി ഈച്ചയും കുറെ ആണ്‍ ഈച്ചകളും അനേകായിരം വേലക്കാരി ഈച്ചകളും ഉള്‍ പ്പെടുന്ന സമൂഹമായാണ് തേനീച്ച ജീവിക്കുന്നത്. വ്യക്തമായ തൊഴില്‍ വിഭജനമാണ് തേനീച്ച സമൂഹത്തിന്റെ മുഖ്യസവിശേഷത. ഓരോ തേനീച്ച സമൂഹത്തിലും (കോളനി) പൂര്‍ണ വളര്‍ച്ചയെത്തിയ അനേകായിരം ഈച്ചകളോടൊപ്പം വിവിധ വളര്‍ച്ചാദശകളിലുള്ളവയും (മുട്ട, പുഴു, സമാധി) ഉണ്ടായിരിക്കും.
റാണി ഈച്ച (Queen).
ഒരു തേനീച്ചക്കോളനിയിലെ പ്രജനന ശേഷിയുളള ഏക അംഗമായ റാണി ഈച്ചയെ കേന്ദ്രീകരിച്ചാണ് ഓരോ സമൂഹവും നിലനില്ക്കുന്നത്. വലിയ ശരീരവും ചിറകുകള്‍കൊണ്ട് പൂര്‍ണമായി മൂടപ്പെടാത്ത ഉദരവും റാണി ഈച്ചയെ മറ്റ് ഈച്ചകളില്‍നിന്ന് വ്യത്യസ്തമാക്കുന്നു. റാണി ഈച്ച ഉത്പാദിപ്പിക്കുന്ന ഫെറമോണുകള്‍ (pheromones) എന്ന രാസവസ്തുവാണ് തേനീച്ചക്കുടുംബത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെ കൂട്ടിയിണക്കി സാമൂഹ്യ വ്യവസ്ഥ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നത്. വേലക്കാരി ഈച്ചകള്‍ നല്കുന്ന തേനും പൂമ്പൊടിയും ആഹരിച്ച് മുട്ടകള്‍ ഉത്പാദിപ്പിക്കുകയാണ് റാണി ഈച്ചയുടെ മുഖ്യ ധര്‍മം. പ്രതിദിനം രണ്ടായിരം മുട്ടകള്‍ വരെ ഉത്പാദിപ്പിക്കുവാന്‍ കഴിവുള്ള റാണി ഈച്ചകളുണ്ട്. റാണി ഈച്ച നിരവധി ആണ്‍ ഈച്ചകളുമായി മധുവിധുവില്‍ ഏര്‍പ്പെടുന്നു. മധുവിധുപറക്കലിനിടയിലും (nuptial flight) ഇണചേരുക സാധാരണമാണ്. അതിലൂടെ ലഭിക്കുന്ന ആണ്‍ബീജങ്ങള്‍ ശരീരത്തിനകത്തുള്ള ബീജസഞ്ചിയില്‍ (spermatheca) നിക്ഷേപിക്കുന്നു. ഒരു റാണി ഈച്ചയുടെ ജീവിതഘട്ടത്തിന്റെ ആദ്യത്തെ രണ്ടുമൂന്നു വര്‍ഷത്തേക്ക് ബീജസങ്കലനത്തിനായി ഈ ബീജങ്ങള്‍ പര്യാപ്തമായിരിക്കും. റാണി ഈച്ച പലപ്പോഴായി ബീജസങ്കലനം നടന്നതോ അല്ലാത്തതോ ആയ മുട്ടകളിടുന്നു. ബീജസങ്കലനം നടക്കാത്ത മുട്ടകളില്‍ നിന്നാണ് ആണ്‍ ഈച്ചകളുണ്ടാകുന്നത്. ബീജസങ്കലനം നടന്ന മുട്ടകളില്‍നിന്ന് ഉണ്ടാകുന്ന പുഴുക്കള്‍ അവയ്ക്കു ലഭ്യമാകുന്ന ആഹാരം അനുസരിച്ച് റാണി ഈച്ചയോ വേലക്കാരി ഈച്ചയോ ആയിത്തീരുന്നു.
വേലക്കാരി ഈച്ചകള്‍ (Worker bees).
തേനീച്ച സമൂഹത്തിലെ 90 ശതമാനത്തോളം വരുന്ന വേലക്കാരി ഈച്ചകളാണ് സമൂഹത്തിന്റെ ജീവനാഡി. പ്രത്യുത്പാദനശേഷിയില്ലാത്ത പെണ്‍ ഈച്ചകളായ വേലക്കാരി ഈച്ചകള്‍ മെഴുക് ഉത്പാദനം, അടനിര്‍മിക്കല്‍, പുഴുക്കളെ പരിപാലിക്കല്‍, തേനും പൂമ്പൊടിയും ശേഖരിക്കല്‍, കൂടു വൃത്തിയാക്കല്‍, കൂടുകളുടെ സുരക്ഷ ഉറപ്പുവരുത്തല്‍ തുടങ്ങി കോളനികളുടെ നിലനില്പിന് ആവശ്യമായവയെല്ലാം ചെയ്യുന്നു. തേനീച്ച സമൂഹത്തിന്റെ ക്ഷേമത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്ന വേലക്കാരി ഈച്ചകള്‍ അവയുടെ ജീവിതചക്രത്തിന്റെ ആദ്യപകുതി മെഴുക് ഉത്പാദനം, അടനിര്‍മിക്കല്‍, പുഴുക്കളെ പരിപാലിക്കല്‍, കൂടു ശുചിയാക്കല്‍, കാവല്‍ എന്നിവയ്ക്കും ആറാഴ്ചയോളം ദൈര്‍ഘ്യമുള്ള ഉത്തരാര്‍ധം തേനും പൂമ്പൊടിയും ശേഖരിക്കുന്നതിനും ചെലവഴിക്കുന്നു.
മടിയനീച്ചകള്‍(Drones).
ബീജസങ്കലനം നടക്കാത്ത മുട്ടകളില്‍ നിന്നുണ്ടാകുന്ന മടിയനീച്ചകളാണ് തേനീച്ചസമൂഹത്തിലെ ആണ്‍വര്‍ഗം. കറുത്തിരുണ്ട നിറവും വലിയ കണ്ണുകളുമുള്ള മടിയനീച്ചകള്‍ക്ക് വേലക്കാരി ഈച്ചകളേക്കാള്‍ വലുപ്പം ഉണ്ട്. പ്രബോസിസിന്റെ (നാവിന്റെ) നീളക്കുറവുമൂലം ഇവയ്ക്ക് പുഷ്പങ്ങളില്‍നിന്ന് തേനും പൂമ്പൊടിയും ശേഖരിക്കുവാന്‍ കഴിയുന്നില്ല. വേലക്കാരി ഈച്ചകള്‍ ശേഖരിക്കുന്ന തേനും പൂമ്പൊടിയും ഭക്ഷിച്ച് കൂടിനുള്ളില്‍ സുഖമായി കഴിയുന്ന ഇവയുടെ ഏകധര്‍മം റാണി ഈച്ചയുമായി ഇണചേരുകയാണ്. പ്രത്യുത്പാദനകാലമായ വസന്തകാലത്താണ് ആണ്‍ ഈച്ചകള്‍ പെരുകുന്നത്. തേന്‍ ദൗര്‍ലഭ്യമുള്ള കാലങ്ങളില്‍ കോളനിയില്‍ അധികമായുള്ള ആണ്‍ ഈച്ചകളെ വേലക്കാരി ഈച്ചകള്‍ പുറത്താക്കുക പതിവാണ്.
ജീവിതചക്രം.
പൂര്‍ണ രൂപാന്തരീകരണം (complete metamorphosis) നടക്കുന്ന തേനീച്ചകളുടെ ജീവിതചക്രത്തില്‍ മുട്ട (egg), പുഴു (larva), സമാധി (pupa), പൂര്‍ണവളര്‍ച്ചയെത്തിയ ഈച്ച (adult) എന്നിങ്ങനെ നാല് ഘട്ടങ്ങളുണ്ട്. വേലക്കാരി ഈച്ചകള്‍ തേന്‍മെഴുക് ഉപയോഗിച്ച് റാണി, മടിയന്‍, വേലക്കാരി എന്നിവയുടെ ഉത്പാദനത്തിനായി പ്രത്യേകം പ്രത്യേകം അറകള്‍ നിര്‍മിക്കുന്നു. വേലക്കാരി ഈച്ചകളുടെ അറകള്‍ ചെറുതും ആറ് വശങ്ങളോടുകൂടിയതുമാണ്. ആണ്‍ ഈച്ചകളുടെ അറകളും ഇതേ രൂപത്തിലാണെങ്കിലും വേലക്കാരി ഈച്ചകളുടേതിനെക്കാള്‍ വലുപ്പം കൂടിയവയാണ്. റാണിയറകള്‍ പ്രധാനമായും മറ്റ് അറകളുടെ അടിഭാഗത്താണ് കാണുന്നത്. ആണ്‍ ഈച്ചയുടെ അറകളില്‍ ബീജസങ്കലനം നടക്കാത്ത മുട്ടകളും വേലക്കാരി ഈച്ചകളുടെയും റാണിയുടെയും അറകളില്‍ ബീജസങ്കലനം നടന്ന മുട്ടകളും നിക്ഷേപിക്കുന്നു. മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കള്‍ വേലക്കാരി ഈച്ചകള്‍ നല്കുന്ന ഈച്ചപ്പാല്‍ (royal jelly), തേന്‍, പൂമ്പൊടി എന്നിവ ഭക്ഷിച്ചു വളരുന്നു. പുഴുക്കള്‍ പൂര്‍ണവളര്‍ച്ചയെത്തുന്നതോടുകൂടി വേലക്കാരി ഈച്ചകള്‍ മെഴുക് ഉപയോഗിച്ച് പുഴുവറകള്‍ അടയ്ക്കുന്നു. അടഞ്ഞ അറകള്‍ക്കുള്ളില്‍ സമാധിയിലാകുന്ന പുഴു രൂപാന്തരീകരണം സംഭവിച്ച് പൂര്‍ണവളര്‍ച്ചയെത്തിയ ഈച്ചകളായി അറകള്‍ പൊട്ടിച്ച് പുറത്തുവരുന്നു.
വംശവര്‍ധന.
പ്രകൃതിയില്‍ തേനീച്ചകളുടെ വംശവ്യാപനം നടക്കുന്നത് കൂട്ടം പിരിയലില്‍ക്കൂടി(swarming)യാണ്. അനുയോജ്യമായ കാലാവസ്ഥയുള്ള മധുപ്രവാഹകാലത്ത് (honey flow season) തേനീച്ചക്കൂടുകളില്‍ ഈച്ചകളുടെ സംഖ്യ വര്‍ധിക്കുകയും വലിയ കോളനികളില്‍ പുതിയ റാണി ഈച്ചകള്‍ ഉണ്ടാവുകയും ചെയ്യുന്നു. പുതിയ റാണി വിരിയുന്നതിനു മുമ്പുതന്നെ പഴയ റാണിയും ഒരുപറ്റം വേലക്കാരി ഈച്ചകളും കൂട് വിട്ടുപോയി പുതിയ കോളനി സ്ഥാപിക്കുകയും പുതുതായി വിരിയുന്ന റാണി പഴയ കൂടിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നു. അംഗസംഖ്യയനുസരിച്ച് വര്‍ഷത്തില്‍ മൂന്നോ നാലോ കൂട്ടം പിരിയല്‍ നടക്കാറുണ്ട്.
തേനീച്ചകളിലെ ആശയവിനിമയം.
തേനീച്ചക്കോളനികളിലെ പ്രായം കൂടിയ വേലക്കാരി ഈച്ചകളാണ് തേനും പൂമ്പൊടിയും ശേഖരിക്കുന്നതിനായി കൂടിന് പുറത്തേക്കു പോകുന്നത്. 'സ്കൌട്ട് ബീ' എന്നറിയപ്പെടുന്ന ഈ ഈച്ചകള്‍ അവ കണ്ടുപിടിക്കുന്ന തേന്‍, പൂമ്പൊടി സ്രോതസ്സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ സവിശേഷ നൃത്തരീതികളിലൂടെയാണ് കൂടിനുള്ളിലെ മറ്റ് ഈച്ചകളെ ധരിപ്പിക്കുന്നത്. സ്രോതസ്സിലേക്കുളള ദൂരവും ദിശയും ഇത്തരത്തിലുള്ള നൃത്തരീതികളിലൂടെത്തന്നെയാണ് വിനിമയം ചെയ്യപ്പെടുന്നത്. വോണ്‍ഫ്രിഷ് എന്ന ശാസ്ത്രജ്ഞനാണ് തേനീച്ച നൃത്തത്തെ(bee dance)ക്കുറിച്ചുള്ള തത്ത്വങ്ങള്‍ ആവിഷ്കരിച്ചത്. തേന്‍ സ്രോതസ്സിലേക്കുള്ള ദൂരം കുറവാണെങ്കില്‍ (0.3-10 മീ.) വൃത്താകൃതിയിലുള്ള നൃത്തവും ദൂരം കൂടുതലാണെങ്കില്‍ (100 മീ.) ഉദരം ചലിപ്പിച്ചുകൊണ്ട് അര്‍ധവൃത്താകൃതിയിലുള്ള നൃത്തവും (wag tail dance) വഴിയാണ് ആശയവിനിമയം സാധ്യമാകുന്നത്. അര്‍ധവൃത്താകൃതിയില്‍ അരങ്ങേറുന്ന നൃത്തത്തില്‍ നേര്‍രേഖയിലൂടെയുള്ള സഞ്ചാരം സ്രോതസ്സിലേക്കുള്ള ദിശ മനസ്സിലാക്കുന്നതിന് ഈച്ചകളെ സഹായിക്കുന്നു. സൂര്യന്റെ സ്ഥാനം അനുസരിച്ചാണ് ഈച്ചകള്‍ ദിശ നിര്‍ണയിക്കുന്നത്.
തേനീച്ച ഇനങ്ങള്‍.
പെരുന്തേനീച്ച അഥവാ മലന്തേനീച്ച (Apis dorsata), കോല്‍ തേനീച്ച (Apis dlorea), ഇന്ത്യന്‍ തേനീച്ച അഥവാ ഞൊടിയന്‍ (Apis cerana indica), ഇറ്റാലിയന്‍ തേനീച്ച (Apis mellifera), ചെറുതേനീച്ച (Trigona irridipennis) എന്നീ അഞ്ച് ഇനം തേനീച്ചകളാണ് ഇന്ത്യയില്‍ പ്രധാനമായും ഉള്ളത്. ഇതില്‍ പെരുന്തേനീച്ചയും കോല്‍തേനീച്ചയും വന്യമായി മാത്രം കാണപ്പെടുന്നവയാണ്. തേനെടുക്കാനായി മാത്രം വളര്‍ത്തപ്പെടുന്ന മറ്റു മൂന്നിനങ്ങളില്‍ ഇന്ത്യന്‍ ഇനവും ചെറുതേനീച്ചയും വന്യമായും കാണപ്പെടുന്നുണ്ട്. വിദേശ ഇനമായ ഇറ്റാലിയന്‍ തേനീച്ചകള്‍ ഇന്ത്യയില്‍ വന്യമായി കാണപ്പെടുന്നില്ല.
മലന്തേനീച്ച.
മരങ്ങളിലും പാറകളിലും മറ്റും ഒറ്റ അട മാത്രമുള്ള വലുപ്പം കൂടിയ കൂടുകള്‍ നിര്‍മിക്കുന്ന മലന്തേനീച്ചകള്‍ പ്രധാനമായും വനങ്ങളിലും പ്രാന്തപ്രദേശങ്ങളിലുമാണ് കാണപ്പെടുന്നതെങ്കിലും മനുഷ്യവാസമുള്ള പ്രദേശങ്ങളിലും കൂടുകൂട്ടാറുണ്ട്. മധുപ്രവാഹകാലത്ത് ഇവയുടെ കൂടുകള്‍ മരക്കൊമ്പുകളിലും പാറക്കൂട്ടങ്ങളിലും തൂങ്ങിക്കിടക്കുന്നതു കാണാം. വലുപ്പം കൂടിയതും ആക്രമണകാരികളുമായ മലന്തേനീച്ചകളെ ശല്യപ്പെടുത്തുന്നവരെ ഇവ പിന്തുടര്‍ന്ന് ആക്രമിക്കുന്നു. ആഹാരലഭ്യതയ്ക്കനുസരിച്ച് നിരന്തരം കൂടുമാറുന്ന മലന്തേനീച്ചക്കൂട്ടങ്ങള്‍ വേനല്‍ക്കാലത്ത് പര്‍വതനിരകളിലേക്കും മഴക്കാലത്ത് തിരിച്ച് സമതലങ്ങളിലേക്കും ദേശാടനം നടത്താറുണ്ട്. വന്യസ്വഭാവമുള്ള ഈ ഇനത്തെ ഇണക്കി വളര്‍ത്തുക ദുഷ്കരമാണ്. ഒരു മീറ്റര്‍ വരെ വലുപ്പമുള്ള ഒറ്റയടക്കൂടുകളുടെ മുകള്‍ഭാഗത്ത് തേനറകളും കീഴ്ഭാഗത്ത് പുഴുവറകളുമാണ്. ഈച്ചകള്‍ കൂടുകളെ പൊതിഞ്ഞ് അടയെ സംരക്ഷിക്കുന്നു. വളരെയധികം തേന്‍ശേഖരണ കഴിവുള്ള മലന്തേനീച്ചയുടെ ഒരു കൂട്ടില്‍ 50 മുതല്‍ 80 വരെ കി.ഗ്രാം തേന്‍ ഉണ്ടാകാറുണ്ട്. പുകയേല്പിച്ച് ഈച്ചകളെ നിര്‍വീര്യമാക്കിയശേഷം അടകള്‍ മുറിച്ച് ഇവയുടെ കൂടുകളില്‍നിന്ന് തേന്‍ ശേഖരിക്കുന്ന വിദ്യ പല ആദിവാസി സമൂഹങ്ങള്‍ക്കും പരിചിതമാണ്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന തേനിന്റെ വലിയൊരളവും ശേഖരിക്കപ്പെടുന്നത് പെരുന്തേനീച്ചകളില്‍ നിന്നാണ്.
കോല്‍ തേനീച്ച.
പ്രധാനമായും സമതലങ്ങളില്‍ കൂടുകൂട്ടുന്ന കോല്‍ തേനീച്ചകള്‍ സമുദ്രനിരപ്പില്‍നിന്ന് 300 മീ. വരെ ഉയരമുള്ള സ്ഥലങ്ങളില്‍ കണ്ടുവരുന്നു. കോല്‍ തേനീച്ചകളുടെ ഒറ്റയട മാത്രമുള്ള അര്‍ധവൃത്താകൃതിയിലുള്ള കൂടുകള്‍ ചെറിയ മരങ്ങളിലും കുറ്റിച്ചെടികളിലും ശിഖരങ്ങളെ പൊതിഞ്ഞിരിക്കും. വലുപ്പം കുറഞ്ഞ ശാന്തസ്വഭാവികളായ കോല്‍തേനീച്ചകള്‍ വളരെക്കുറച്ച് തേന്‍ മാത്രമേ ശേഖരിക്കാറുള്ളൂ. കുറഞ്ഞ തേന്‍ശേഖരണവും ദേശാടനസ്വഭാവവുംമൂലം ഇവയെ വളര്‍ത്താനാവില്ല.
ഇന്ത്യന്‍ തേനീച്ച.
സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 2500 മീ. വരെ ഉയരമുള്ള പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഇന്ത്യന്‍ തേനീച്ച ഇനത്തെ ഉത്തരേന്ത്യയിലെ സമതലപ്രദേശങ്ങളിലൊഴികെ ഇന്ത്യയിലെ മറ്റെല്ലാ പ്രദേശങ്ങളിലും കാണാം. മരപ്പൊത്തുകള്‍, പാറയിടുക്കുകള്‍ എന്നിവിടങ്ങളില്‍ കൂടുകൂട്ടുന്ന ഇന്ത്യന്‍ തേനീച്ച ഒന്നിലധികം അടകള്‍ സമാന്തരമായി നിര്‍മിക്കുന്നു. ശരാശരി തേന്‍ശേഖരണശേഷിയുള്ള ഈ ഇനത്തെ അതിന്റെ ശാന്തസ്വഭാവംമൂലം പുരാതനകാലം മുതല്‍ ഇണക്കി വളര്‍ത്തിയിരുന്നു. ഇന്ത്യന്‍ തേനീച്ചവ്യവസായത്തിന്റെ അടിത്തറയായ ഇന്ത്യന്‍ തേനീച്ചയുടെ കൂട്ടില്‍നിന്ന് പ്രതിവര്‍ഷം ശരാശരി മൂന്ന് മുതല്‍ അഞ്ച് വരെ കി.ഗ്രാം തേന്‍ ലഭിക്കുന്നു. അനുയോജ്യമായ കാലാവസ്ഥയില്‍ കൂടൊന്നിന് 15 കി.ഗ്രാം വരെയും തേന്‍ ലഭിക്കാറുണ്ട്.
ഇറ്റാലിയന്‍ തേനീച്ച.
യൂറോപ്യന്‍ ഇനമായ ഇറ്റാലിയന്‍ തേനീച്ചകളെ ലോകത്ത് പല പ്രദേശങ്ങളിലും വളര്‍ത്തുന്നു. ഇന്ത്യന്‍ തേനീച്ചകളെപ്പോലെതന്നെ പൊത്തുകളിലും മറ്റും കൂടുകൂട്ടുന്ന ഇറ്റാലിയന്‍ തേനീച്ചകളും ഒന്നിലധികം അടകള്‍ സമാന്തരമായി നിര്‍മിക്കാറുണ്ട്. വലുപ്പം കൂടിയവയും ശാന്തസ്വഭാവികളുമായ ഇറ്റാലിയന്‍ തേനീച്ചകളെ കൃത്രിമമായി നിര്‍മിക്കുന്ന വലിയ കൂടുകളിലാണ് വളര്‍ത്തുന്നത്. ഇന്ത്യന്‍ തേനീച്ചയിനത്തെക്കാള്‍ വലുപ്പവും ശരീരശേഷിയും കൂടിനുള്ളിലെ ഈച്ചകളുടെ എണ്ണവും കൂടുതലായതിനാല്‍ ഇറ്റാലിയന്‍ തേനീച്ചകള്‍ക്ക് തേന്‍ശേഖരണശേഷിയും കൂടുതലായിരിക്കും. ഒരു ഇറ്റാലിയന്‍ തേനീച്ചക്കൂട്ടില്‍നിന്ന് പ്രതിവര്‍ഷം 30-40 കി.ഗ്രാം തേന്‍ ലഭിക്കാറുണ്ട്. 1962-ല്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത ഇറ്റാലിയന്‍ തേനീച്ചകളെ കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്നു. ഇന്ത്യന്‍ തേനീച്ചകളെ ബാധിക്കുന്ന വൈറസ് രോഗത്തെ (സഞ്ചിരോഗം-Thaisac brood disease) പ്രതിരോധിക്കാനുള്ള ശേഷി ഇറ്റാലിയന്‍ ഈച്ചകള്‍ക്ക് കൂടുതലാണ്.
ചെറുതേനീച്ച.
യഥാര്‍ഥ തേനീച്ച ഇനങ്ങളില്‍നിന്ന് വ്യത്യസ്തമായ ചെറുതേനീച്ചകള്‍ റെട്രഗോണ ജനുസ്സില്‍പ്പെടുന്നു. മരപ്പൊത്തുകളിലും ഭിത്തികളുടെ വിടവുകളിലും മറ്റും കൂടുകൂട്ടുന്ന കറുത്ത നിറത്തിലുള്ള ചെറുതേനീച്ചകള്‍ മെഴുകും മരക്കറകളും മണ്ണും കലര്‍ത്തിയാണ് കൂടുണ്ടാക്കുന്നത്. ശത്രുക്കള്‍ ശല്യമുണ്ടാക്കുമ്പോള്‍ ഇവ കൂട്ടമായി ശത്രുവിനെ പൊതിഞ്ഞു കുത്തുന്നു. വന്യമായി കാണപ്പെടുന്ന കൂടുകളില്‍ നിന്ന് ശേഖരിച്ചാണ് മണ്‍കുടങ്ങളിലും മുളങ്കൂടുകളിലും ചെറുതേനീച്ചകളെ വളര്‍ത്തുന്നത്. മറ്റു തേനീച്ചകളെപ്പോലെ ചെറുതേനീച്ചകള്‍ വ്യക്തമായ അടകള്‍ നിര്‍മിക്കാത്തതിനാല്‍ ഇവയുടെ കൂടുകളില്‍ ചലിപ്പിക്കാവുന്ന ചട്ടങ്ങള്‍ ഉപയോഗിക്കുവാന്‍ സാധ്യമല്ല. ചെറുതേനീച്ചക്കൂടുകളില്‍ പുഴു വളര്‍ത്തലിനും തേന്‍ശേഖരണത്തിനുമുള്ള അറകള്‍ പ്രത്യേകമായാണ് കാണുന്നത്. ഇവ വളരെക്കുറച്ചു മാത്രമേ തേന്‍ ശേഖരിക്കുന്നുള്ളൂ. ചെറുതേനീച്ചയുടെ തേനിന് നേരിയ പുളിരസമുണ്ടായിരിക്കും. ഒരു കൂട്ടില്‍നിന്ന് പ്രതിവര്‍ഷം 200-250 ഗ്രാം തേന്‍ മാത്രമേ ലഭിക്കുകയുള്ളൂ. ചെറുതേനിന് ഔഷധഗുണമുള്ളതിനാല്‍ ഇത് പല ആയുര്‍വേദ ഔഷധങ്ങളിലും ഉപയോഗിക്കാറുണ്ട്.
തേനീച്ച വളര്‍ത്തല്‍
തേനിനും തേനീച്ച ഉത്പന്നങ്ങള്‍ക്കുംവേണ്ടി തേനീച്ചകളെ വളര്‍ത്തുന്ന വ്യവസായം. തേനീച്ച വളര്‍ത്തല്‍ ലോകവ്യാപകമായി വ്യാവസായിക പ്രാധാന്യമുള്ള ഒരു കൃഷിയാണ്. പുഷ്പങ്ങളില്‍ പരപരാഗണം നടത്തി കൃഷിയിടങ്ങളില്‍ വിളവ് വര്‍ധിപ്പിക്കുന്നതിനും തേനീച്ച വളര്‍ത്തല്‍ പ്രയോജനകരമാണ്. വന്യമായി കാണുന്ന തേനീച്ചക്കൂടുകളില്‍നിന്ന് തേന്‍ ശേഖരിച്ചിരുന്ന പ്രാചീന മനുഷ്യന്‍ പിന്നീട് മണ്‍പാത്രങ്ങളും തടിക്കഷണങ്ങളും കൊണ്ടുണ്ടാക്കിയ കൃത്രിമ കൂടുകളില്‍ തേനീച്ചകളെ വളര്‍ത്താന്‍ തുടങ്ങി. 1851-ല്‍ ലാങ്സ് ട്രോത്ത് എന്ന ശാസ്ത്രജ്ഞന്‍ 'ഈച്ച സ്ഥലം' (Bee space) എന്ന തത്ത്വം ആവിഷ്കരിച്ചതോടുകൂടി ചലിപ്പിക്കാവുന്ന ചട്ടങ്ങള്‍ ഉപയോഗിച്ചുള്ള കൃത്രിമ കൂടുകള്‍ നിലവില്‍വന്നു. ഈച്ചകള്‍ ചട്ടങ്ങള്‍ക്കിടയില്‍ അറയുണ്ടാക്കുന്നത് തടയുന്നതിനായി ചട്ടങ്ങള്‍ തമ്മിലും ചട്ടവും കൂടും തമ്മിലും പാലിക്കേണ്ട കൃത്യമായ വിടവ് ആണ് 'ബീ സ്പെയ്സ്'. 'ബീ സ്പെയ്സ്' തത്ത്വം അനുസരിച്ച് കൂടുണ്ടാക്കുമ്പോള്‍ കൂടിനുള്ളിലെ ചട്ടങ്ങള്‍ ചലിപ്പിക്കാനും കൂടിനുള്ളിലൂടെ ഈച്ചകള്‍ക്ക് സുഗമമായി സഞ്ചരിക്കുവാനും സാധിക്കും. റവ. ഫാ. ന്യൂട്ടന്‍ 1910-ല്‍ ഇന്ത്യന്‍ തേനീച്ചകള്‍ക്ക് അനുയോജ്യമായ 'ന്യൂട്ടന്‍സ് ഹൈവ്' എന്ന ചെറിയ കൂട് നിര്‍മിച്ചതോടുകൂടിയാണ് ഇന്ത്യയില്‍ തേനീച്ച വളര്‍ത്തല്‍ വ്യാപകമായത്. പിന്നീടുണ്ടായ കണ്ടുപിടിത്തങ്ങള്‍ നിരവധി തേനീച്ച വളര്‍ത്തല്‍ ഉപകരണങ്ങള്‍ക്ക് ജന്മം നല്കുകയും തേനീച്ച വളര്‍ത്തല്‍ ശാസ്ത്രീയവും ആദായകരവുമായ ഒരു കൃഷിയും ചെറുകിട വ്യവസായവുമായി വികസിപ്പിക്കുകയും ചെയ്തു.
ഇന്ത്യന്‍ തേനീച്ചകളുടെ ശാസ്ത്രീയ പരിപാലനം.
ആറ് മി. മീ. 'ബീ സ്പെയ്സ്' പാലിക്കുന്ന 8 മുതല്‍ 10 വരെ ചട്ടങ്ങളുള്ള (frames) രണ്ട് തട്ടുകളോടുകൂടിയ പെട്ടികളാണ് തേനീച്ച വളര്‍ത്തലിന് സാധാരണയായി ഉപയോഗിക്കുന്നത്. അടിപ്പലക, അടിത്തട്ട്, മേല്‍ത്തട്ട്, മേല്‍മൂടി, ചട്ടങ്ങള്‍ എന്നിവയാണ് തേനീച്ചക്കൂടിന്റെ പ്രധാന ഭാഗങ്ങള്‍. കൂടാതെ കൂടിന്റെ ഉള്‍വിസ്തൃതി ആവശ്യാനുസരണം ക്രമീകരിക്കുന്നതിനുള്ള പലക (dummy division board), മുകള്‍ത്തട്ടിലേക്കുള്ള റാണിയുടെ സഞ്ചാരം ഒഴിവാക്കുന്നതിന് ഉതകുന്ന റാണി ബഹിഷ്കരണി (Queen excluder) എന്നിവയും തേനീച്ചപ്പെട്ടിയുടെ ഭാഗങ്ങളാണ്. തേനീച്ചക്കൂടുകള്‍ സാധാരണയായി ഒരു മീ. ഉയരമുള്ള കാലുകളിലാണ് സ്ഥാപിക്കാറുള്ളത്. ഉറുമ്പുകളുടെ ശല്യം ഒഴിവാക്കാന്‍ കാലുകളുടെ ചുവട്ടില്‍ വെള്ളം നിറച്ച ഉറുമ്പു കെണികള്‍ (ant panes) സ്ഥാപിക്കുകയോ കീടനാശിനിപ്രയോഗം നടത്തുകയോ ചെയ്യണം.
വിവിധതരം തേനീച്ചക്കൂടുകള്‍
പ്രകൃത്യാ മരപ്പൊത്തുകളിലും മറ്റും വന്യമായി കാണുന്ന കൂടുകളില്‍നിന്ന് ഈച്ചകളെ ശേഖരിച്ചോ വളര്‍ത്തുകൂടുകളില്‍നിന്ന് വിഭജനം നടത്തിയോ പുതിയ കൂടുകളിലേക്ക് ഈച്ചകളെ കണ്ടെത്തുന്നു. കൂടുകളില്‍ പുക ഏല്പിച്ച് ഈച്ചകളെ ശാന്തരാക്കിയ ശേഷം മരപ്പൊത്തില്‍നിന്നും മറ്റുമുള്ള ഈച്ചകളോടുകൂടിയ അടകള്‍ മുറിച്ചെടുത്ത് പുതിയ കൂടിലെ ചട്ടങ്ങളില്‍ വച്ചുകെട്ടി കൂടിനുള്ളില്‍ സ്ഥാപിക്കുന്നു. തേനും പൂമ്പൊടിയും അടങ്ങിയ അടകളെയും ഇപ്രകാരം മാറ്റി സ്ഥാപിക്കാറുണ്ട്. റാണി ഈച്ചയെ പുതിയ കൂടിനുള്ളില്‍ സ്ഥാപിക്കേണ്ടത് കൂടിന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. ഇതിനായി റാണിയെ കണ്ടെത്തി തീപ്പെട്ടിക്കൂടിലോ കമ്പികൊണ്ട് പ്രത്യേകം രൂപകല്പന ചെയ്ത ചെറിയ പെട്ടികളിലോ (Queen cage) ആക്കി കൂടിനുള്ളില്‍ വച്ചുകൊടുക്കാവുന്നതാണ്. ഒന്നുരണ്ടു ദിവസത്തിനുശേഷം റാണി ഈച്ചയെ കൂടിനുളളില്‍ സ്വതന്ത്രമാക്കണം.
തേനീച്ചക്കൂടിന്റെ ഉള്‍ഭാഗം
കൃത്രിമമായി തേനീച്ചകളെ കൂടുകളില്‍ വളര്‍ത്തുമ്പോള്‍ ഇവയുടെ വളര്‍ച്ചാകാലത്ത് (ഒക്ടോബര്‍-നവംബര്‍) ഈച്ചകളുടെ എണ്ണം വര്‍ധിക്കുമ്പോഴേക്കും, പുതിയ റാണിയെ വിരിയിച്ച് കൂടുപിരിയാന്‍ ഈച്ചകള്‍ തയ്യാറെടുക്കുന്നു. ഈ അവസരത്തില്‍, പുതിയ റാണി വിരിഞ്ഞ് പുറത്തുവരുന്നതിനു മുമ്പായി പഴയ റാണിയെ മൂന്നോ നാലോ അടകള്‍ക്കും കുറെ വേലക്കാരി ഈച്ചകള്‍ക്കുമൊപ്പം പുതിയ പെട്ടിയിലേക്കു മാറ്റി കൂടു വിഭജനം നടത്തി പുതിയ തേനീച്ചക്കോളനികള്‍ ഉണ്ടാക്കിയെടുക്കുന്നു. പഴയ പെട്ടിയില്‍ പുതുതായി വിരിയുന്ന റാണി സ്ഥാനം ഏറ്റെടുക്കുന്നതിനാല്‍ കോളനി നശിച്ചുപോകുന്നില്ല. തേനും പൂമ്പൊടിയും ലഭ്യമാകുന്നതിനുള്ള സപുഷ്പിസസ്യങ്ങളും ശുദ്ധജലസ്രോതസ്സുമുള്ള തണല്‍ പ്രദേശങ്ങളാണ് തേനീച്ച വളര്‍ത്തലിന് അനുയോജ്യം. 50 മുതല്‍ 100 വരെ തേനീച്ചപ്പെട്ടികള്‍ 3-6 മീ. അകലത്തിലുള്ള വരികളിലായി തേനീച്ച വളര്‍ത്തല്‍ സ്ഥലത്ത് സ്ഥാപിക്കാവുന്നതാണ്. ഒരേ വരികളിലുള്ള പെട്ടികള്‍ 2-3 മീ. അകലത്തില്‍ കിഴക്കു ദര്‍ശനമായി വയ്ക്കുന്നതാണ് അഭികാമ്യം. കൂടുകളില്‍ രണ്ടാഴ്ചയിലൊരിക്കല്‍ പരിശോധന നടത്തുന്നത് തേനീച്ചക്കോളനികളുടെ സംരക്ഷണത്തിന് ഉത്തമമായിരിക്കും. തെളിഞ്ഞ കാലാവസ്ഥയുള്ള ദിവസങ്ങളില്‍ കൂടുകളിലേക്ക് നേരിയ തോതില്‍ പുകയേല്പിച്ച് ഈച്ചകളെ ശാന്തരാക്കിയാണ് കൂടു പരിശോധന നടത്തുന്നത്. ചകിരി വച്ചു തീകൊളുത്തി പുകയുണ്ടാക്കുന്ന പുകയ്ക്കല്‍ യന്ത്രം (smoker) ഇതിനായി ഉപയോഗിക്കുന്നു. ഉളി ഉപയോഗിച്ച് ചട്ടങ്ങള്‍ ഇളക്കിയെടുക്കുന്നത് പരിശോധന സുഗമമാക്കുന്നു. ഇപ്രകാരം കൂടു പരിപാലനം നടത്തുമ്പോള്‍ കുത്തേല്ക്കാതിരിക്കുന്നതിനായി തൊപ്പിയും മുഖംമൂടിയും ഉപയോഗിക്കാറുണ്ട്. ഈച്ചകളുടെ എണ്ണം, പുഴുക്കളുടെ വളര്‍ച്ച, കൂടിനുള്ളിലെ തേന്‍, പൂമ്പൊടി, രോഗകീടബാധ തുടങ്ങിയവ കൂടുപരിശോധനാസമയത്ത് നിരീക്ഷണവിധേയമാക്കേണ്ടതാണ്.
ഡിസംബര്‍ മുതല്‍ മേയ് വരെയുള്ള കാലമാണ് കേരളത്തിലെ മധുപ്രവാഹകാലം (honey flow season). ഈ കാലയളവില്‍ തേനുത്പാദനം വര്‍ധിപ്പിക്കുന്നതിന് തേനീച്ചക്കൂടുകളെ സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വളര്‍ച്ചാകാലഘട്ടത്തിന്റെ (brood ceasing season) തുടക്കമായ ഒക്ടോബര്‍ മാസം മുതല്‍ ആരംഭിക്കേണ്ടതാണ്. കൃത്രിമ അട(comb foundation sheet)നല്കി പുഴുക്കളുടെ വളര്‍ച്ച ത്വരിതപ്പെടുത്തല്‍, ബലഹീനമായ കോളനികളുടെ സംയോജനം, പുതിയ റാണി ഈച്ചയെ വളര്‍ത്തിയെടുക്കല്‍ തുടങ്ങിയവയാണ് ഈ അവസരത്തില്‍ നടത്തേണ്ട പരിപാലനമുറകള്‍. തേനീച്ചക്കൂടുകളിലെ ആണ്‍ ഈച്ചകളുടെ ക്രമാതീതമായ വര്‍ധനവ് റാണി ഈച്ചയുടെ പ്രത്യുത്പാദനശേഷി കുറയുന്നതിന്റെ സൂചനയായി കരുതാം. ഇത്തരത്തിലുള്ള കൂടുകളില്‍ പുതിയ റാണി ഈച്ചയെ വളര്‍ത്തിയെടുക്കേണ്ടത് കൂടിന്റെ നിലനില്പിന് അനിവാര്യമാണ്. വളര്‍ച്ചാകാലഘട്ടത്തില്‍ ആരോഗ്യമുള്ള റാണി ഈച്ചകളോടുകൂടിയ കൂടുകളില്‍ പുതുതായി രൂപപ്പെടുന്ന റാണി ഈച്ച വളര്‍ത്തല്‍ അറകള്‍ നശിപ്പിച്ച് കൂട്ടം പിരിയല്‍ ഒഴിവാക്കുന്നതിലൂടെ കൂടുകളില്‍ ഈച്ചകളുടെ എണ്ണം കുറയുന്നതിനെ നിയന്ത്രിക്കുന്നു.
മധുപ്രവാഹകാലത്ത് വാണിജ്യാടിസ്ഥാനത്തില്‍ തേനുത്പാദിപ്പിക്കുന്നതിന് തേനീച്ചക്കൂടുകള്‍ തേന്‍ സ്രോതസ്സുകളായ സസ്യങ്ങള്‍ വളരുന്ന സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്ന ദേശാടന തേനീച്ചക്കൃഷി സമ്പ്രദായം (migratory bee keeping) അവലംബിക്കാവുന്നതാണ്. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ പുഷ്പിക്കുന്ന കശുമാവും ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ പൂവണിയുന്ന റബ്ബര്‍ തോട്ടങ്ങളും മാര്‍ച്ച്-ജൂലായ് മാസങ്ങളില്‍ പുഷ്പിക്കുന്ന പുളിയും കേരളത്തിലെ പ്രധാന തേന്‍ സ്രോതസ്സുകളാണ്. മരുത്, മാവ്, പ്ളാവ്, ഏലം തുടങ്ങി നിരവധി സസ്യങ്ങളില്‍നിന്ന് തേനീച്ചകള്‍ തേനും പൂമ്പൊടിയും ശേഖരിക്കാറുണ്ട്. തളിരണിയുമ്പോള്‍ ഇലത്തണ്ടിലെ ഗ്രന്ഥികളില്‍ തേന്‍ ഉത്പാദിപ്പിക്കുന്ന റബ്ബറാണ് കേരളത്തിലെ ദേശാടന തേനീച്ചക്കൃഷിയുടെ അടിസ്ഥാനം.
തേനുത്പാദനകാലത്ത് തേനീച്ചപ്പെട്ടിയിലെ തട്ടുകള്‍ക്കിടയില്‍ 'റാണി ബഹിഷ്കരണി' സ്ഥാപിക്കുന്നത് മേല്‍ത്തട്ടില്‍ റാണി ഈച്ച പ്രവേശിച്ച് മുട്ടയിടുന്നതിനെ തടയുന്നു. നിരവധി ചെറിയ ദ്വാരങ്ങളുള്ള നാകത്തകിടാണ് റാണി ബഹിഷ്കരണി. ഇവയിലെ ദ്വാരങ്ങളുടെ വലുപ്പം വേലക്കാരി ഈച്ചകളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നു. എന്നാല്‍ ഉദരത്തിന് വലുപ്പക്കൂടുതലുള്ള റാണി ഈച്ചയ്ക്ക് ഈ ദ്വാരങ്ങളിലൂടെ കടന്നുപോകാന്‍ കഴിയില്ല. റാണി ബഹിഷ്കരണി സ്ഥാപിക്കുന്നതുമൂലം ഈച്ചകള്‍ പെട്ടിയുടെ മുകള്‍ഭാഗം തേനും പൂമ്പൊടിയും മാത്രം ശേഖരിക്കുന്നതിന് ഉപയോഗപ്പെടുത്തുന്നു. ഇത് മേല്‍ത്തട്ടില്‍ നിന്നുള്ള തേന്‍ശേഖരണം അനായാസമാക്കുന്നു. തേനീച്ചകള്‍ കീഴ്ത്തട്ടിലെ അടകളുടെ മുകള്‍ഭാഗം തേന്‍ശേഖരണത്തിനായും കീഴ്ഭാഗം പുഴു വളര്‍ത്തലിനായുമാണ് ഉപയോഗിക്കുന്നത്. തേനറകളില്‍ തേന്‍ ശേഖരിച്ചശേഷം വേലക്കാരി ഈച്ചകള്‍ മെഴുക് ഉപയോഗിച്ച് തേനറകള്‍ അടയ്ക്കുന്നു. 70-75 ശതമാനം അറകള്‍ അടച്ചു കഴിഞ്ഞ അടകളില്‍ നിന്ന് തേന്‍ ശേഖരിക്കാം.
തേനടകള്‍ പിഴിഞ്ഞെടുത്തോ തേന്‍ ശേഖരണയന്ത്രം (Honey extractor) ഉപയോഗിച്ചോ തേനീച്ചക്കൂടുകളില്‍നിന്ന് തേന്‍ ശേഖരിക്കാം. തേനടകള്‍ ചട്ടങ്ങള്‍ സഹിതം കൂടിനു പുറത്തെടുത്ത് തേന്‍കമ്പിയുപയോഗിച്ച് മൂടി ചെത്തി മാറ്റി തേന്‍ശേഖരണയന്ത്രത്തില്‍ സ്ഥാപിച്ച് കറക്കി തേനെടുക്കുന്നത് അടകള്‍ നശിക്കാതെ വീണ്ടും ഉപയോഗിക്കുന്നതിനു സഹായിക്കുന്നു. മധുപ്രവാഹകാലത്ത് തേനുത്പാദനം കൂടുതലുള്ള കൂടുകളില്‍നിന്ന് 5-6 ദിവസത്തിലൊരിക്കല്‍ തേന്‍ ശേഖരിക്കാനാകും.
തേനുത്പാദനകാലത്തെത്തുടര്‍ന്നുള്ള മഴക്കാലത്ത് തേനും പൂമ്പൊടിയും ദുര്‍ലഭമായതിനാല്‍ തേനീച്ചകളെ സംബന്ധിച്ചിടത്തോളം ക്ഷാമകാലമാണ്. ഈ കാലയളവിലെ ഭക്ഷണത്തിനും പുഴുവളര്‍ത്തലിനുമായാണ് തേനീച്ചകള്‍ തേനും പൂമ്പൊടിയും കൂടുകളില്‍ സൂക്ഷിക്കുന്നത്. ആയതിനാല്‍ തേനുത്പാദന കാലയളവിന്റെ അവസാന ഘട്ടത്തില്‍ ക്ഷാമകാലത്തേക്കാവശ്യമായ തേന്‍ പെട്ടിയില്‍ അവശേഷിപ്പിക്കേണ്ടത് കോളനികളെ നിലനിര്‍ത്തുന്നതിനാവശ്യമാണ്. ആഹാര ദൗര്‍ലഭ്യംമൂലം ക്ഷാമകാലത്ത് ഈച്ചകള്‍ വളരെക്കുറച്ച് പുഴുക്കളെ മാത്രമേ വളര്‍ത്താറുള്ളൂ. ഇത് പെട്ടികളില്‍ ഈച്ചകളുടെ എണ്ണം കുറയാനിടയാക്കുന്നു. ഈ കാലയളവില്‍ അംഗസംഖ്യയ്ക്കനുസരിച്ച് അടകളുടെ എണ്ണം ക്രമപ്പെടുത്തി വിഭജന പലക ഉപയോഗിച്ച് കൂടിന്റെ ഉള്‍വിസ്തൃതി കുറച്ച് തേനീച്ചകളെ സംരക്ഷിക്കേണ്ടതാണ്. മാത്രമല്ല, അധികംവരുന്ന അടകള്‍ കൂടിനു പുറത്തെടുത്ത് വായു കടക്കാതെ തട്ടുകള്‍ക്കുള്ളിലാക്കി പാരാ ഡൈക്ലോറോ ബെന്‍സീന്‍ (PDB) എന്ന രാസവസ്തു ഉപയോഗിച്ച് സൂക്ഷിച്ചുവച്ച് അടുത്ത തേനുത്പാദനകാലത്തേക്ക് ഉപയോഗിക്കാം. മഴക്കാലത്ത് ആഹാര ദൗര്‍ലഭ്യം രൂക്ഷമാണെങ്കില്‍ തേനീച്ചകള്‍ക്ക് കൃത്രിമ ആഹാരം നല്കേണ്ടതാണ്. പഞ്ചസാരയും വെള്ളവും തുല്യ അളവില്‍ ചേര്‍ത്ത് ചൂടാക്കിയുണ്ടാക്കുന്ന പഞ്ചസാര പാവ് ആണ് പ്രധാന കൃത്രിമ ആഹാരം. ഈ ലായനി തണുപ്പിച്ച് പരന്ന പാത്രങ്ങളിലാക്കി, മേല്‍മൂടി മാറ്റി ചട്ടങ്ങള്‍ക്കു മുകളില്‍ വച്ച് കൊടുക്കാവുന്നതാണ്. തേനീച്ചകള്‍ ലായനിയില്‍ മുങ്ങിപ്പോകാതിരിക്കാനായി പാത്രങ്ങളില്‍ ചെറിയ മരക്കഷണങ്ങള്‍ ഇട്ടുകൊടുക്കുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം തെങ്ങ് ഒരു പ്രധാന പൂമ്പൊടി സ്രോതസ്സായതിനാല്‍ പൂമ്പൊടി ദൗര്‍ലഭ്യം അനുഭവപ്പെടാറില്ല. പൂമ്പൊടി ദൗര്‍ലഭ്യം അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ തേനീച്ചകള്‍ക്ക് പാല്‍ പ്പൊടി, പഞ്ചസാര, തേന്‍ എന്നിവ ചേര്‍ത്ത് യീസ്റ്റ് ഉപയോഗിച്ച് തയ്യാറാക്കുന്ന കൃത്രിമ പൂമ്പൊടിയും നല്കാറുണ്ട്.
തേനീച്ചകളിലെ രോഗകീടബാധ.
തേനീച്ചകളെ ബാധിക്കുന്ന രോഗകീടബാധകള്‍ തേനീച്ച വളര്‍ത്തലിനെ പ്രതികൂലമായി ബാധിക്കുന്നു. ചിലന്തിവര്‍ഗത്തില്‍ പ്പെടുന്ന മണ്ഡരികള്‍ (mites) ആണ് തേനീച്ചകളെ ബാധിക്കുന്ന ഏറ്റവും പ്രധാന കീടം. ആന്തരപരാദ മണ്ഡരികള്‍ തേനീച്ചകളുടെ ശ്വസന നാളികളെ ബാധിക്കുന്നു. ബാഹ്യപരാദ മണ്ഡരികളായ വറോവ, ട്രൊപ്പീലിയിലാപ്സ്എന്നിവ വളര്‍ച്ചയെത്തിയ ഈച്ചകളെ കൂടാതെ പുഴുക്കളെയും സമാധികളെയും ആക്രമിക്കുന്നു. മണ്ഡരികള്‍ ഈച്ചകളുടെ ശരീരത്തില്‍നിന്ന് നീരൂറ്റിക്കുടിച്ച് ഈച്ചകളെ നശിപ്പിച്ച് കോളനികളെ ദുര്‍ബലപ്പെടുത്തും. അംഗവൈകല്യം ബാധിച്ച് പറക്കാനാകാത്ത തേനീച്ചകളുടെയും ചത്ത പുഴുക്കളുടെയും സാന്നിധ്യം മണ്ഡരിബാധയെ സൂചിപ്പിക്കുന്നു. കൂടുകള്‍ക്കുള്ളില്‍ ഗന്ധകപ്പൊടി വിതറിയും ഫോര്‍മിക് ആസിഡ് ബാഷ്പം പ്രയോഗിച്ചും ഇവയെ നിയന്ത്രിക്കാം.
രോഗം ബാധിച്ച ഒരു പുഴു
മെഴുക് ഉപയോഗിച്ചുള്ള അടകള്‍ തിന്നു നശിപ്പിക്കുന്ന മെഴുകു പുഴുക്കള്‍ (wax moth) ആണ് തേനീച്ചക്കൃഷിയെ ബാധിക്കുന്ന മറ്റൊരു കീടം. മെഴുകു പുഴുക്കളുടെ ശലഭങ്ങള്‍ കൂടിന്റെ വിടവുകളിലും മറ്റും മുട്ടയിടുന്നു. മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കള്‍ അടകള്‍ക്കുള്ളില്‍ വലകെട്ടി മെഴുകു തിന്ന് അടകള്‍ നശിപ്പിക്കുന്നതിന്റെ ഫലമായി ഈച്ചകള്‍ കൂട് ഉപേക്ഷിക്കുന്നു. ഈച്ചകളുടെ എണ്ണം കുറവായ കൂടുകളുടെ ഉള്‍വിസ്തൃതി കുറയ്ക്കുന്നതും കൂടുകള്‍ വിടവില്ലാതെ സൂക്ഷിക്കുന്നതും ഇവയുടെ ആക്രമണം ഒഴിവാക്കാന്‍ സഹായിക്കും. ഇറ്റാലിയന്‍ തേനീച്ചകള്‍ മരക്കറകളും മെഴുകും ചേര്‍ത്തുണ്ടാക്കുന്ന പ്രൊപ്പോളിസ് എന്ന പദാര്‍ഥം ഉപയോഗിച്ച് അടകള്‍ ബലപ്പെടുത്തുന്നതിനാലും വിടവുകള്‍ നികത്തുന്നതിനാലും മെഴുകു പുഴുക്കളുടെ ആക്രമണത്തെ ചെറുക്കുവാന്‍ കഴിയുന്നു. തേനീച്ചകളെ ഭക്ഷിക്കുന്ന ഈച്ചവിഴുങ്ങിപ്പക്ഷികളും (Bee eater birds) കടന്നലുകളുമാണ് തേനീച്ചക്കൃഷിയുടെ മറ്റു ശത്രുക്കള്‍.
സഞ്ചിരോഗം (Thaisac brood disease) എന്ന വൈറസ് ബാധയാണ് ഇന്ത്യന്‍ തേനീച്ചകളെ ബാധിക്കുന്ന പ്രധാന രോഗം. രോഗം ബാധിച്ച പുഴുക്കള്‍ ചത്ത് വീര്‍ത്ത് അടകള്‍ക്കുള്ളില്‍ കാണപ്പെടുന്നു. 1992-നുശേഷമാണ് കേരളത്തിലെ തേനീച്ചകളെയും ഈ രോഗം ബാധിക്കുന്നതായി കണ്ടെത്തിയത്. ഈ രോഗം ധാരാളം തേനീച്ചക്കോളനികളെ ബാധിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഫലപ്രദമായ ചികിത്സാവിധികള്‍ ലഭ്യമല്ലാത്തതിനാല്‍ രോഗം ബാധിച്ച കോളനികളെ നശിപ്പിച്ച് രോഗം പടരാതെ സൂക്ഷിക്കേണ്ടത് തേനീച്ച വളര്‍ത്തലിന് അത്യന്താപേക്ഷിതമാണ്. ഇറ്റാലിയന്‍ തേനീച്ചകളെ ഈ രോഗം ബാധിക്കുന്നില്ല.
ബാക്റ്റീരിയബാധമൂലം ഉണ്ടാകുന്ന ഫൗള്‍ബ്രൂഡ് രോഗങ്ങള്‍ പ്രധാനമായും ഇറ്റാലിയന്‍ തേനീച്ചകളെയാണ് ബാധിക്കുന്നത്. രോഗബാധയേറ്റ പുഴുക്കള്‍ അറകള്‍ക്കുള്ളില്‍ ചത്തിരിക്കുന്നതായി കാണപ്പെടുന്നു. ആന്റിബയോട്ടിക് (ഉദാ. ടെറാമൈസിന്‍) പഞ്ചസാരലായനിയില്‍ ചേര്‍ത്ത് ഈച്ചകള്‍ക്കു നല്കി ഈ രോഗത്തെ നിയന്ത്രിക്കാവുന്നതാണ്.
തേനീച്ച ഉത്പന്നങ്ങള്‍.
തേന്‍ കൂടാതെ മെഴുക്, പൂമ്പൊടി, റോയല്‍ ജെല്ലി, പ്രൊപ്പോളിസ്, തേനീച്ചവിഷം തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ തേനീച്ചകള്‍ ഉത്പാദിപ്പിക്കുന്നു.
തേന്‍മെഴുക് .
തേനീച്ചകള്‍ അട നിര്‍മിക്കുന്നതിനായി ഉത്പാദിപ്പിക്കുന്ന സങ്കീര്‍ണമായ വസ്തുവാണ് തേന്‍മെഴുക് (bee wax). ആള്‍ക്കഹോള്‍ എസ്റ്ററുകളും ഫാറ്റി അമ്ളങ്ങളും ചേര്‍ന്ന മെഴുക് വേലക്കാരി തേനീച്ചകളുടെ ഉദരത്തിന്റെ അടിഭാഗത്ത് കാണപ്പെടുന്ന ഗ്രന്ഥികളിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. തേനീച്ചകളുടെ ഉദരഭാഗത്ത് പാളികളായി പ്രത്യക്ഷപ്പെടുന്ന മെഴുക് ഇവ വദനഭാഗം ഉപയോഗിച്ച് ചുരണ്ടിയെടുത്ത് രൂപാന്തരപ്പെടുത്തി അട നിര്‍മാണത്തിന് ഉപയോഗിക്കുന്നു. 14-18 ദിവസം പ്രായമായ വേലക്കാരി ഈച്ചകളാണ് മെഴുക് ഉത്പാദിപ്പിക്കുന്നത്.
തേനീച്ചക്കൂടുകളില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന മെഴുകിന് നിരവധി ഉപയോഗങ്ങളുണ്ട്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന തേന്‍മെഴുകിന്റെ ഏറിയ പങ്കും കയറ്റുമതി ചെയ്യുന്നു. മെഴുകുതിരി ഉണ്ടാക്കുന്നതിനും തേനീച്ചക്കൂട്ടില്‍ത്തന്നെ ഉപയോഗിക്കുന്നതിനുള