A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

അമേരിക്കയിലെ അതിരാത്രം.. മഴമനുഷ്യൻ..

അമേരിക്കയിലെ അതിരാത്രം..
മഴമനുഷ്യൻ..



അതായിരുന്നു അയാളെ ജനങ്ങൾ വിളിച്ചിരുന്നത്.
1875-ൽ അമേരിക്കയിലെ കൻസാസ് പ്രവിശ്യയിൽ ജനിച്ച ചാൾസ് ഹാറ്റ്‌ഫീൽഡ് ഒരു സാധാരണ തയ്യൽ മെഷിന്റെ സെയിൽസ് എക്സിക്യൂട്ടിവ് ആയിരുന്നു.നല്ലൊരു അരവട്ടൻ കൂടിയായിരുന്ന ചാൾസിന് ചില വിചിത്ര സ്വഭാവങ്ങളും ഉണ്ടായിരുന്നു.മണിക്കൂറുകളോളം ഒറ്റയ്ക്കിരുന്നു വായിക്കുക,ആലോചിക്കുക, ദിവസങ്ങളോളം അടച്ച് പൂട്ടിയ മുറിയിൽ കഴിയുക തുടങ്ങിയവ പലതും.
1902-ൽ വലിയ ടാങ്കുകളിൽ 23 രഹസ്യ രാസസംയുക്തങ്ങളുടെ മിശ്രിതം തയ്യാറാക്കിയ ചാൾസ് അഭിമാനത്തോടെ പറഞ്ഞു. "മഴയെ ആകർഷിച്ചു പെയ്യിക്കാനുള്ള രഹസ്യം ഞാനിതാ കണ്ടെത്തി"
അല്ലറചില്ലറ പരീക്ഷണങ്ങളുമായി നടന്ന
ചാൾസ് 1904 ആയപ്പൊളേക്കും അത്യാവശ്യം പേരെടുത്തു. ഫ്രെഡ് ബിന്നിയെന്ന ഒരു PRO യെ സ്വന്തമായി വച്ച് ചാൾസ് തന്റെ കഴിവ് വിൽക്കാൻ തുടങ്ങി. 50 ഡോളർ പന്തയത്തിന്മേൽ ചാൾസ്
ലോസാഞ്ചൽസിൽ മഴപെയ്യിക്കാമെന്ന് ഏറ്റു.
ലാ ക്രസന്റയിൽ ഒരു താൽക്കാലിക ടവർ നിർമ്മിച്ച ചാൾസും സഹോദരൻ പോളും തന്റെ രഹസ്യമിശ്രിതം ആകാശത്തേക്ക് പറത്തിവിട്ടു...
മഴ പെയ്യുക തന്നെ ചെയ്തു!
ചാൾസിന് 50നു പകരം 100 ഡോളർ മൊത്തത്തിൽ പിരിഞ്ഞു കിട്ടി.ആ മഴ എന്തായാലും പെയ്യാനിരുന്നതാണെന്ന് കാലാവസ്ഥ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടുവെങ്കിലും അതൊന്നും ചാൾസിന്റെ പ്രശസ്തിയെ ഏശിയില്ല.
1915-ൽ സാന്റിയാഗോ പട്ടണം കൊടും വരൾച്ചയുടെ പിടിയിൽ അമർന്നു. ജനങളുടെ പ്രതിഷേധത്തിൽ നട്ടം തിരിഞ്ഞ സാന്റിയാഗോ സിറ്റി കൗൺസിൽ ചാൾസിന്റെ സേവനം അഭ്യർത്ഥിച്ചു. മഴ പെയ്യിക്കണം എന്നും ലേക്ക് മൊറേന ഡാമിലെ ജലനിരപ്പ് ഉയർത്തണം എന്നുമായിരുന്നുആവശ്യങ്ങൾ.വൻതുകയും അവർ ഓഫർ ചെയ്തു.
ചാൾസ് സംഭവം ഏറ്റെടുത്തു.
ജനങ്ങൾക്ക് വേണ്ടി മഴ താൻ സൗജന്യമായി പെയ്യിക്കാമെന്നും ജലനിരപ്പ് ഉയർത്തുന്നത് ഒരിഞ്ചിന് ആയിരം ഡോളർ വച്ച് തന്നാൽ മതിയെന്നും ചാൾസ് സമ്മതിച്ചു.
വരൾച്ചക്കെടുതിയിൽ അല്ലെങ്കിലേ ഇതിന്റെ പത്തിരട്ടി ചിലവഴിച്ചു മടുത്ത ഗവണ്മെന്റിനു ഒന്നുമാലോചിക്കാൻ ഇല്ലായിരുന്നു.
അങ്ങനെ, എഴുതപ്പെടാത്ത വാക്കാൽ ഉള്ള ഉടമ്പടിയിൽ ചാൾസ് പണി തുടങ്ങി.
നാല്പത് -അമ്പത് ഇഞ്ച് മഴയായിരുന്നു ചാൾസ് വാഗ്ദാനം ചെയ്തത്.അതിനു മാത്രം ചാർജ്ജ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.അതായത് നാല്പത് വരെയും സൗജന്യം,അമ്പത് കഴിഞ്ഞാലും
സൗജന്യം.കരാറിൽ ഒന്നും ഒപ്പിടാതെ വാക്കാൽ ഉടമ്പടി.
ചാൾസും മറ്റൊരു സഹോദരൻ ജോയലും കൂടി ലേക്ക് മൊറേനയ്ക്ക് അടുത്തായി വലിയൊരു ടവർ പണിതു.
ജനുവരി 5.. ചാൾസ് തന്റെ പരീക്ഷണം തുടങ്ങി അഞ്ച് ദിവസം..
ആകാംക്ഷയോടെ നോക്കി നിൽക്കുന്ന ജനങ്ങൾ..
കാർമേഘങ്ങൾ ഉരുണ്ടു കൂടി..
സ്വിച്ചിട്ട പോലെ മഴ പെയ്തു.
തുള്ളിക്കൊരു കുടം പോലെ കനത്ത മഴ... !!
തകർത്തു പെയ്യുന്ന മഴ അനുദിനം ശക്തി പ്രാപിച്ചു.ജനുവരി 14-നും 18നും ഇടയിൽ
നദികൾ കരകവിഞ്ഞൊഴുകി.
മഴ കൊടും പേമാരിയായി മാറി.
സാന്റിയാഗോ നഗരം ഏതാണ്ട് വെള്ളത്തിനടിയിൽ പോയി.
കാടും നാടും സർവത്ര മുങ്ങി.!
സ്വീറ്റ്വാട്ടർ, ഒട്ടായ് ഡാമുകൾ നിറഞ്ഞു.
ജനുവരി 20 ഓടെ മഴ നിന്നു..
22ഓടെ വീണ്ടും പേമാരി തുടങ്ങി.
27-ന് ലോവർ ഒട്ടായ് ഡാം തകർന്നു. ജലം പ്രളയത്തെ പോലെ ആർത്തിരമ്പി കുതിച്ചു. എല്ലാ മുൻകരുതലുകളും എടുത്തിട്ടും ഇരുപതിലധികം പേർ മരിച്ചു.
ജനുവരി അവസാനം മഴ നിന്നു.
മൂന്നര മില്യൺ ഡോളറിന്റെ നഷ്ടം!
സാന്റിയാഗോ പപ്പട പരുവമായി.
കലിപൂണ്ട അധികൃതർ ചാൾസിന് പത്ത് പൈസ കൊടുത്തില്ല.മാത്രമല്ല, കഷ്ടനഷ്ടങ്ങൾക്ക് വൻതുക ചാൾസ് നഷ്ടപരിഹാരം നൽകണമെന്നായിരുന്നു അവർ ആവശ്യപ്പെട്ടത്
നിയമസഹായം തേടിയ ചാൾസ് കേസ് ഫയൽ ചെയ്തു.താൻ പറഞ്ഞ അളവ് പെയ്യുമെന്ന വാക്ക് പാലിക്കപ്പെട്ടുവെന്നും പ്രതീക്ഷിച്ചിരുന്ന പേമാരിയിൽ വേണ്ട മുൻകരുതലുകൾ എടുക്കാഞ്ഞ ഗവണ്മെന്റ് അലംഭാവം കൊണ്ടുണ്ടായ നാശനഷ്ടങ്ങൾക്ക് താനുത്തരവാദി അല്ലെന്നും ചാൾസ് വാദിച്ചു.
ആദ്യമുണ്ടായ കോടതി വിധിയിൽ തൃപ്തനാവാതെ ചാൾസ് 1938 വരെ കേസ് നടത്തി.ചുരുങ്ങിയത് 4000 ഡോളർ എങ്കിലും കിട്ടണമെന്ന് ചാൾസ് വാദിച്ചുനിന്നു.
1938-ൽ "മഴ ദൈവനിശ്ചയം ആണെന്നും ചാൾസിന് അതിൽ യാതൊരു പങ്കില്ല എന്നും അതിനാൽ, ചാൾസിന് പണം കൊടുക്കേണ്ട, ചാൾസ് ഗവണ്മെന്റിനു നഷ്ടപരിഹാരവും കൊടുക്കേണ്ട" എന്ന് കോടതി വിധിച്ചു.
ചാൾസിന്റെ പ്രശസ്തി പക്ഷേ,വർധിച്ചതേ ഉള്ളൂ..
പല വൻശക്തികളിൽ നിന്നും സ്വപ്നം കാണാൻ പറ്റാത്ത തുക ആ ഫോർമുലയ്ക്ക് വേണ്ടി ഓഫർ പരസ്യമായും രഹസ്യമായും വന്നെങ്കിലും ആ നോഹൗ ചാൾസ് വിൽക്കാൻ തയ്യറായില്ല."ദുഷ്ടശക്തികൾക്ക് അത് ലഭിച്ചാൽ ഏത് നാടും നിഷ്പ്രയാസം തർക്കാനാവും" എന്നാണ് അദ്ദേഹം പറഞ്ഞത്.
1958-ൽ ചാൾസ് ഹാറ്റ്‌ഫീൽഡ് മരിച്ചു. കാലിഫോർണിയയിൽ,ഫോറസ്റ്റ് ലോൺ മെമ്മോറിയൽ പാർക്ക്‌ സെമിത്തേരിയിൽ ചാൾസെന്ന അരക്കിറുക്കനൊപ്പം ആ ഫോർമുലയും എന്നെന്നേക്കുമായി ഉറങ്ങുന്നു.
മീൻതല : തള്ളുവണ്ടി എക്സ്പ്ലൊറേഴ്സിന്റെയും വിശുദ്ധ :എൻസൈക്ളോപീഡിയ വിശ്വാസികളുടെയും ശ്രദ്ധയ്ക്ക്,
രണ്ടും നാലും ആറുമല്ല, അഞ്ഞൂറിലധികം ക്ലെയിമുകളാണ് വിജയകരമായി ചാൾസ് നടത്തിക്കാണിച്ചിട്ടുള്ളത്!
വീണ്ടും വരാം..
ദാസ് !