'ഇല്ല, കൃത്യമായി വായിക്കാനാവുന്നില്ല.' ഹാന്‍ഡ് ലെന്‍സ് ഉപയോഗിച്ച് പലതവണ ശ്രമിച്ചു നോക്കി. ആ ഫോറന്‍സിക് സര്‍ജന് അത് വായിക്കാന്‍ സാധിച്ചില്ല. ഇടതുകാലിലെ റ്റിബിയ അസ്ഥിയില്‍ കയറിയിരിക്കുന്ന 65 മില്ലിമീറ്റര്‍ നീളമുള്ള സ്‌ക്രൂ മുറുക്കാനുള്ള വെട്ടിന്റെ ചുറ്റിലുമായി എന്തോ എഴുതിയിട്ടുണ്ട്. പോലീസ് ഫോട്ടോഗ്രാഫറെ വീണ്ടും വിളിച്ചു. ഹൈ റസല്യൂഷന്‍ ക്യാമറയില്‍ രേഖപ്പെടുത്തിയ ചിത്രം സൂം ചെയ്തു നോക്കി.
'PITKAR' എന്ന് കമാനാകൃതിയില്‍ എഴുതിയിരിക്കുന്നു. അതിനുള്ളിലായി ഒരു ഏഴക്ക നമ്പറും.
സ്‌ക്രൂ കയറ്റിയ ആ അസ്ഥി കൂടി ചേര്‍ന്നിട്ടുണ്ടായിരുന്നില്ല. അതുകൂടാതെ പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ നിരവധി അസ്ഥികള്‍ കിടപ്പുണ്ടായിരുന്നു. ചിലതിലൊക്കെ സിമന്റ് പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പോലീസ് ജീപ്പില്‍ അദ്ദേഹം കായലിനടുത്തെത്തിയത്, കൃത്യമായി പറഞ്ഞാല്‍ 2018 ജനുവരി എട്ടാം തീയതി.
ആ നീല വീപ്പയ്ക്ക് ചുറ്റും പോലീസ് നില്‍പ്പുണ്ടായിരുന്നു. ഭാരമുള്ള ചുറ്റിക ഉപയോഗിച്ച് മൂന്നു പേര്‍ അത് തല്ലിപ്പൊട്ടിക്കുകയാണ്. ശക്തമായ ഒരു പ്രഹരത്തില്‍ സിമന്റ് പൊട്ടുന്നതിനോടൊപ്പം ഒരു എല്ലിന്റെ ഭാഗത്തും ക്ഷതമേല്‍ക്കുന്നു. മുഖത്തെ എല്ലിലാണ് പൊട്ടല്‍ വീണത്.
ഈ പൊട്ടിക്കല്‍ പരിപാടിക്ക് ഡോക്ടര്‍ തടസ്സമായി. ഡോക്ടറും ഇന്‍സ്‌പെക്ടറും കൂടി ചേര്‍ന്ന് സാവകാശം വീപ്പ പൊട്ടിച്ചു തുടങ്ങി. വീപ്പയുടെ രണ്ടുവശത്തും വൃത്തിയായി കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നു. അടിവശത്ത് ഏകദേശം 10 സെന്റീമീറ്റര്‍ കനം. മുകള്‍വശത്ത് ചെറിയ ഇഷ്ടിക ചേര്‍ത്ത് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നു. നിവര്‍ത്തിയിട്ടാല്‍ ഒരു മേശ പോലെ ഉപയോഗിക്കാം.
പൊട്ടിച്ചു വരുമ്പോള്‍ കാണുന്നത് ഒരു അസ്ഥികൂടമാണ്. ശരീരം തലകീഴായി നിറച്ചാണ് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നത്. കൈകാലുകള്‍ മടക്കി ഇടുപ്പിനോട് ചേര്‍ത്ത് കെട്ടിയതിന്റെ കയര്‍ കാണാനുണ്ട്. തോളെല്ലിന്റെ ഭാഗത്തും വയറിലും ഇടുപ്പെല്ലും കാല്‍മുട്ടിലും മാത്രം അല്പം മാംസപേശികള്‍ കാണാം. ബാക്കി ജീര്‍ണിച്ച് അസ്ഥികൂടമായി രൂപാന്തരപ്പെട്ടു കഴിഞ്ഞു.
തലയോട്ടിയോട് ചേര്‍ന്ന് കനത്തില്‍ മുടിയുണ്ട്, ഒരുകെട്ട് പോലെ. 50 സെന്റീ മീറ്റര്‍ ശരാശരി നീളം. ഇതുവെച്ച് പുരുഷനോ സ്ത്രീയോ എന്ന് ഉറപ്പിക്കുക വയ്യ. മങ്ങിയ വരകളുള്ള മങ്ങിയ ബ്രൗണ്‍ നിറത്തിലുള്ള 14 തുണിക്കഷണങ്ങള്‍. അതില്‍ ഒരെണ്ണം മാത്രം വളരെ നീളമുള്ളത്. 130 ലധികം സെന്റീമീറ്റര്‍ നീളമുണ്ട്. നൈറ്റിയുടെ ഒരു വശം പോലെ ഇരിക്കും, അല്ലെങ്കില്‍ നീളമുള്ള ഒരു ഗൗണ്‍. പക്ഷേ തയ്യല്‍ പ്രൊഫഷണല്‍ അല്ല. കയറിയും ഇറങ്ങിയും ഉള്ള തുന്നലുകള്‍. കുറെയൊക്കെ ദ്രവിച്ചു തുടങ്ങിയെങ്കിലും ഒരു സ്ത്രീയുടെ വസ്ത്രമാകാന്‍ സാധ്യത കൂടുതല്‍. പക്ഷേ ഉറപ്പിക്കാന്‍ പറ്റുന്നില്ല. തുണിക്കഷണങ്ങളില്‍ കുറച്ച് സിമന്റില്‍ ഉറച്ച് പോയിരിക്കുന്നു.
തലയോട്ടിയും ഇടുപ്പെല്ലും ലഭിച്ചു. രണ്ടും താരതമ്യേന സ്മൂത്ത്. ചെറിയ ത്രികോണാകൃതിയിലുള്ള ഓബ്റ്റുറേറ്റര്‍ ഫൊറാമെന്‍. വലിയ, വീതി കൂടിയ, ആഴം കുറഞ്ഞ ഗ്രേറ്റര്‍ സയാറ്റിക്ക് നോച്ച്. തിരിച്ചറിയാന്‍ സാധിക്കുന്ന പ്രീ ഓറിക്കുലര്‍ സള്‍ക്കസ്. ഇതായിരുന്നു ഇടുപ്പെല്ലിന്റെ വിവരണം. താടിയെല്ലും പരിശോധിച്ചു. സ്ത്രീയുടേത് എന്നുറപ്പിച്ചു.
4 നോട്ടുകള്‍ കൂടി കിട്ടി. 3 അഞ്ഞൂറിന്റെയും ഒരു നൂറിന്റെയും.
ഇടുപ്പെല്ലിന് ചുറ്റുമായി 80 സെന്റീമീറ്റര്‍ നീളമുള്ള ഒരു അരഞ്ഞാണം ഉണ്ടായിരുന്നു. കുറച്ച് പോളിത്തീന്‍ കവറുകളും ലഭിച്ചു. 15 സെന്റീമീറ്റര്‍ നീളമുള്ള ഒരു ബ്രൗണ്‍ പ്ലാസ്റ്റര്‍ ടേപ്പും.
എല്ലുകളെല്ലാം വേര്‍തിരിച്ചെടുത്തു. മിക്കതിലും സിമന്റ് കട്ട പിടിച്ച് ഇരിപ്പുണ്ടായിരുന്നു. എല്ലാം ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റി.
2016 ഡിസംബര്‍ മാസത്തിലാണ് നീലനിറമുള്ള വീപ്പ അവിടെ നിക്ഷേപിക്കപ്പെടുന്നത്. അരൂര്‍-കുമ്പളം ഭാഗത്തുള്ള കായല്‍ക്കരയില്‍ ഉള്ള ആ സ്വകാര്യ സ്ഥലം വൃത്തിയാക്കുമ്പോള്‍ ജെസിബിയില്‍ കുടുങ്ങിയതാണ് ഇത്. കായലില്‍ നിന്നും സിമന്റ് നിറച്ച ഇത്തരമൊരു വീപ്പ ലഭിച്ചപ്പോള്‍ ജെസിബി ഓപ്പറേറ്റര്‍ക്ക് കൗതുകം തോന്നിയിരുന്നു. ജെസിബി ഉപയോഗിച്ച് ഒന്ന് പൊട്ടിക്കാന്‍ ശ്രമിച്ചു നോക്കി. പക്ഷേ ആള്‍ക്ക് അതില്‍ വിജയിക്കാന്‍ സാധിച്ചില്ല. 2016 ഡിസംബര്‍ മുതല്‍ അത് ആ പറമ്പിന്റെ അരികില്‍ കിടന്നു. ചെരിഞ്ഞായിരുന്നു കിടന്നത്.
2017 ഡിസംബര്‍ മാസത്തില്‍ വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയവരാണ് അത് കാണുന്നത്. ആ ഭാഗത്ത് കായല്‍ പരപ്പില്‍ എണ്ണ പടര്‍ന്നു കിടക്കുന്നത് പോലെ കാണുന്നു. രണ്ടാഴ്ചയ്ക്കുശേഷം 2018 ജനുവരിയിലാണ് ആ ഗന്ധം അവിടെ നിന്നും വരുന്നത്, ജീര്‍ണ്ണിച്ച ശരീരത്തിന്റെ ഗന്ധം. അവരാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. അങ്ങനെയാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. അതിനുവേണ്ടിയാണ് സി ഐ സിബി ടോമിനൊപ്പം ആ ഫൊറന്‍സിക് സര്‍ജന്‍ അവിടെ എത്തുന്നത്.
എല്ലുകളില്‍ നിന്നും സിമന്റിന്റെ ഭാഗങ്ങള്‍ വേര്‍തിരിച്ചു. അവശേഷിച്ചിരുന്ന മാംസഭാഗവും കൂടെ ലഭിച്ച വസ്തുക്കളും രാസപരിശോധനയ്ക്ക് ശേഖരിച്ച് അയച്ചു. എല്ലുകളും പല്ലുകളും ഒരുഭാഗം ശേഖരിച്ച് ഡിഎന്‍എ പരിശോധനയ്ക്കും.
ഓരോ എല്ലും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. വീണ്ടും വീണ്ടും ഉള്ള പരിശോധനയ്ക്കിടയിലാണ് അത് കണ്ടുപിടിച്ചത്. ഇടതുകാലിലെ റ്റിബിയയുടെ മീഡിയല്‍ മാലിയോലസില്‍ ഒരു സ്‌ക്രൂ കയറ്റിയിട്ടുണ്ട്. ആ സ്‌ക്രൂവിന്റെ ഹെഡില്‍ എന്തോ രേഖപ്പെടുത്തിയിട്ടുണ്ട്. അത് വായിക്കാന്‍ സാധിക്കാത്തതിനാലാണ് ഡോക്ടര്‍ പോലീസ് ഫോട്ടോഗ്രാഫറെ വിളിച്ചുവരുത്തിയത്.
ചിത്രത്തില്‍ നിന്നും ഒരു 7 അക്ക നമ്പരും, PITKAR എന്നപേരും ലഭിച്ചു. എറണാകുളത്തെ സര്‍ജിക്കല്‍ ഷോപ്പുകളില്‍ അന്വേഷിച്ചു. പൂനെ ആസ്ഥാനമാക്കി ശസ്ത്രക്രിയ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു കമ്പനിയാണ് പിറ്റ്കാര്‍ എന്നറിഞ്ഞു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കമ്പനിയുമായി ബന്ധപ്പെട്ടു. ആ ഏഴക്ക നമ്പര്‍ ഒരു ബാച്ച് നമ്പരാണ്. സീരിയല്‍ നമ്പര്‍ ആയിരിക്കും എന്ന് കരുതിയ ഡോക്ടര്‍ നിരാശനായി. ആ ബാച്ചില്‍ അത്തരത്തിലുള്ള 306 സ്‌ക്രൂകള്‍ നിര്‍മിച്ചിട്ടുണ്ട്. അതില്‍ പന്ത്രണ്ടെണ്ണം കേരളത്തിലേക്ക് കയറ്റി അയച്ചതാണ്. ഇതില്‍ ആറെണ്ണം എറണാകുളത്തും.
കുറച്ചു കാര്യങ്ങള്‍ കൂടി ഡോക്ടര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഉണ്ടായിരുന്നു.
ശസ്ത്രക്രിയ ചെയ്ത സമയം; സ്‌ക്രൂ പിടിപ്പിച്ചിട്ടുണ്ടായിരുന്നെങ്കിലും പൊട്ടല്‍ കൂടി ചേര്‍ന്നിട്ടുണ്ടായിരുന്നില്ല. അതായത് ശസ്ത്രക്രിയ നടന്നതിന്റെ ആറാഴ്ചയ്ക്കുള്ളില്‍ ആണ് മരണം സംഭവിച്ചിരിക്കുന്നത്. ഒരു കാര്യംകൂടി ചൂണ്ടിക്കാട്ടാന്‍ പോലീസിനായി. മരണം സംഭവിച്ചിരിക്കുന്നത് ഡീമോണിട്ടൈസേഷന് മുന്‍പാണ്. അതായത് 2016 നവംബര്‍ എട്ടിന് മുന്‍പ്. കയ്യിലുണ്ടായിരുന്ന മൂന്ന് 500 രൂപ നോട്ടുകളാണ് ഈ നിഗമനത്തിലേക്ക് നയിച്ചത്.
തലയോട്ടിയും ഇടുപ്പെല്ലും പരിശോധിച്ചതില്‍ നിന്നും 50 വയസ്സിന് അടുത്തായിരിക്കും ഏകദേശ പ്രായം എന്ന് പറഞ്ഞു കൊടുക്കാനും ഡോക്ടര്‍ക്ക് സാധിച്ചു. വിവിധ സൂത്രവാക്യങ്ങള്‍ ഉപയോഗിച്ച് ഏകദേശം ഉയരവും കണ്ടുപിടിച്ചിരുന്നു. 150 സെന്റിമീറ്റര്‍ അടുത്തായിരിക്കും ഏകദേശം ഉയരം എന്നായിരുന്നു നിഗമനം. എല്ലുകളുടെ നീളം അടിസ്ഥാനമാക്കി ഉയരം കണക്കാക്കാന്‍ വിവിധ ഫോര്‍മുലകളുണ്ട്. അരഞ്ഞാണത്തിന്റെ നീളം 80 സെന്റീമീറ്റര്‍ മാത്രമായിരുന്നതിനാല്‍ വണ്ണം അധികമില്ലാത്ത സ്ത്രീയാണ് എന്നും കണക്കാക്കി. ഒരു പടികൂടിക്കടന്ന്, മരിച്ച സ്ത്രീക്കോ അടുത്ത ബന്ധുക്കള്‍ക്കോ തയ്യല്‍ അറിയാമെന്നും അനുമാനിച്ചു. ധരിച്ച വസ്ത്രത്തിന്റെ തയ്യല്‍ പരിശോധിച്ചതില്‍ നിന്നും ഉള്ള അനുമാനം ആണിത്.
മാലിയോലാര്‍ സ്‌ക്രൂ ശസ്ത്രക്രിയ നടത്തിയ ആശുപത്രിയുടെ വിവരങ്ങള്‍ ശേഖരിച്ചു. ആ ആറ് മാലിയോലാര്‍ ശസ്ത്രക്രിയകളും ചെയ്തിരിക്കുന്നത് എറണാകുളം വികെഎന്‍ ആശുപത്രിയിലാണ്.
VKN ആശുപത്രിയുമായി ബന്ധപ്പെട്ടു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ രോഗിയേയും ട്രേസ് ചെയ്തു. അഞ്ചു പേരുടെ വിവരങ്ങള്‍ വ്യക്തമായി ലഭിച്ചു. ഒരാള്‍ മാത്രം ശസ്ത്രക്രിയയ്ക്കുശേഷം ഫോളോ അപ്പ് ചെയ്യാന്‍ വന്നിട്ടില്ലായിരുന്നു.
സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്ക് പറ്റിയതിനെത്തുടര്‍ന്ന് 2016 സെപ്റ്റംബര്‍ മാസത്തില്‍ ശസ്ത്രക്രിയ ചെയ്ത തൃപ്പൂണിത്തുറ സ്വദേശിയായിരുന്നു ആള്‍. മറ്റുവിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ നിഗമനങ്ങളുമായി എല്ലാം യോജിച്ചു പോകുന്നു.
ഒരു കാര്യം കൂടി, ഡിഎന്‍എ അനാലിസിസിന്റെ ഫലവും ഈ കണ്ടെത്തലുകളെ 100% ഉറപ്പിച്ചു.
ഒരാളെ കാണാതായിട്ട് ഇന്നേവരെ എന്തുകൊണ്ട് പരാതിയൊന്നും ഉണ്ടായില്ല എന്നതായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനെ ബുദ്ധിമുട്ടിപ്പിച്ച മറ്റൊരു ചോദ്യം. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് മകനോടും മകളോടും ഒപ്പം ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു മരിച്ച സ്ത്രീ. കുറച്ചുനാളുകള്‍ക്ക് മുമ്പ് മകന്‍ ആത്മഹത്യ ചെയ്തിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് മകള്‍ മറ്റൊരാളോടൊത്ത് ജീവിക്കാനാരംഭിച്ചു. ഈ വ്യക്തിക്ക് മറ്റൊരു ഭാര്യയും കുട്ടികളും ഉണ്ട് എന്ന് മനസ്സിലാക്കിയ അമ്മ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു.
വീപ്പയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തിയ വാര്‍ത്ത വന്നതിന്റെ പിറ്റേന്ന് മകളുടെ ബന്ധക്കാരന്‍ മരണമടഞ്ഞു. കാരണങ്ങളിലേക്ക് പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു.
മുകളിലെഴുതിയത് ഷെര്‍ലക്‌ഹോംസ് നോവലിലെ കഥയല്ല. പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് സിഡ്‌നി സ്മിത്തും അല്ല
കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന ഒരു ഫോറന്‍സിക് മെഡിസിന്‍ വിഭാഗം ഡോക്ടര്‍ ആണ് ഈ പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തിയത്. സത്യം പറഞ്ഞതിന്റെ പേരില്‍ സൗമ്യ കേസില്‍ സമൂഹം പ്രതിസ്ഥാനത്തു നിര്‍ത്തിയ ആ ഡോക്ടര്‍ തന്നെ. ഈ പോസ്റ്റ് മോര്‍ട്ടം പരിശോധനയുടെ കണ്ടെത്തലുകള്‍ ജനങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.
http://www.mathrubhumi.com/…/dead-body-in-blue-barrel-findi…