A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഹരി സിങ് നാൾവ (Hari Singh Nalwa )- സമാനതകളില്ലാത്ത യുദ്ധതന്ത്രജ്ഞൻ : പഞ്ചാബിലെ ബാഖ്‌ മാർ ( Tiger Killer )



ഇന്ത്യയുടെ സമര വീര്യം ചരിത്രം തുടങ്ങിയത് മുതൽ വിശ്രുതമായിരുന്നു . തമ്മിൽ തല്ലി വൈദേശിക നുകത്തിനു കീഴിൽ ആകുനന്തു വരെ നാം ലോകത്തെ ഒരു പ്രമുഖ സൈനിക ശക്തിയുമായിരുന്നു . ആദ്യകാല സൈനിക നേതാക്കൾ അവ്യക്തതയുടെ പുകച്ചുരുളുകൾക്കുള്ളിൽ മറഞ്ഞിരിക്കുകയാണ് .എന്നാലും ബി സി ഇ അഞ്ചാം ശതകത്തിൽ തന്നെ വിപുലമായ സൈനിക ശക്തി നിലനിർത്തിയിരുന്ന മഗധയിലെ ബിംബിസാരൻ മുതൽ നമുക്ക് സുവ്യക്തമായി രേഖപ്പെടുത്തപ്പെട്ട സൈനിക ചരിത്രം ഉണ്ട് . സെലൂക്കസിനെ നിലം പരിശാക്കി അതിവിസ്തൃതമായ ഭൂപ്രദേശം അടിയറ വയ്പ്പിച്ച ചക്രവർത്തി ചന്ദ്രഗുപ്ത മൗര്യൻ തന്നെയാണ് പുരാതന കാലത്ത് ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ സേനാനായകൻ . ആ ചരിത്രം ബംഗ്ളാദേശ് വിമോചനയുദ്ധത്തിൽ പാകിസ്ഥാനെ നിലം പരിശാക്കി തൊണ്ണൂറായിരം പാകി സൈനികരെ തടവുകാരായി പിടിച്ച ജനറൽ ജെ എസ് അറോറയിലും , മാർഷൽ സാം മനേക്ഷായിലും എത്തിനിൽക്കുന്നു . ആ ഉജ്വലമായ പാരമ്പര്യത്തിലെ ഏറ്റവും പ്രഭയുള്ള സേനാനായകരിലൊരാളാണ് പതിനെട്ടാം നൂറ്റാണ്ടിലെ പഞ്ചാബ് രാജാവായിരുന്ന രഞ്ജിത്ത് സിംഗിന്റെ സേനാനായകനായിരുന്ന ഹരി സിംഗ് നാൾവ .
.
ഇപ്പോഴത്തെ പാകിസ്ഥാനിലെ ഗുർജൻവാലയിൽ ( Gujranwala ) 1791 ൽ ആയിരുന്നു ഹരി സിംഗ് നാൾവയുടെ ജനനം .അച്ഛന്റെ പേര് ഗുർദായാൽ സിങ് . അമ്മയുടെ പേര് ധരം കൗർ .പിതാവ് ചെറുപ്പത്തിലേ മരണപ്പെട്ടതിനാൽ വളരെ ചെറുപ്പം മുതലേ കുടുംബത്തിന്റെ ചുമതലകൾ ഹരി സിംഗിന്റെ ചുമലിലായി .
--
അക്കാലത്തെ ഇന്ത്യൻ രാഷ് ഷ്ട്രീയ സാഹചര്യം
--
മുഗൾ നുകത്തിൽ നിന്നും ഇന്ത്യ ഏതാണ്ട് പൂർണമായുംമോചനം നേടിയിരുന്നു അക്കാലത്തു . പകരം മുഗളന്മാരുടെ കാലത്ത് കച്ചവട അധികാരങ്ങൾ സ്വന്തമാക്കിയ ഈസ്റ് ഇന്ത്യ കമ്പനി ഇന്ത്യയുടെ പല ഭാഗങ്ങളിലും ആധിപത്യം ഉറപ്പിക്കുകയായിരുന്നു . പശ്ചിമ ഇന്ത്യയിലെ മറാത്താ സാമ്രാജ്യമായിരുന്നു ഇന്ത്യയിലെ അക്കാലത്തെ ഏറ്റവും വലിയ ശക്തി . അതുകഴിഞ്ഞാൽ മഹാരാജാ രഞ്ജിത്ത് സിംഗിന്റെ നേതിര്ത്വത്തിലുള്ള സിക്ക് സാമ്രാജ്യം ആയിരുന്നു പ്രബല ശക്തി . രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളും തികഞ്ഞ അരാജകത്വത്തിലായിരുന്നു . ബ്രിടീഷ് ,മുഗൾ അധിനിവേശത്തെ ഒരു പോലെ ചെറുത് തോൽപ്പിച്ച മഹാനായ ഭരണാധികാരിയായിരുന്നു രഞ്ജിത്ത് സിങ് . രഞ്ജിത്ത് സിംഗിനാൽ അമർച്ച ചെയ്യപ്പെട്ട മുഗൾ ,അഫ്ഘാൻ , പേർഷ്യൻ അധിനി വേശങ്ങളുടെ വികൃതവും ,നിഷ്ടൂരവുമായ ശേഷിപ്പുകൾ രഞ്ജിത്ത് സിംഗിന്റെ രാജ്യത്തിനെതിരെ പടയൊരുക്കവും ഒളിപ്പോരും നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ഹരി സിങ് നാൾവ മഹാരാജ രഞ്ജിത്ത് സിംഗിന്റെ സൈന്യത്തിൽ ചേരുന്നത് . ആൻ അദ്ദേഹത്തിന് പതിനാലു വയസ്സുമാത്രമായിരുന്നു പ്രായം .
--
ഹരി സിങ് നൽവയുടെ പടയോട്ടങ്ങൾ
--
ഗംഭീരമായിരുന്നു ഹരി സിംഗിന്റെ തുടക്കം . ഒരു വേട്ടയുടെ ഇടയിൽ ഒരു ഭീമാകാരനായ കടുവയെ ഒറ്റക്ക് വധിച്ച ഹരി സിംഗിന്റെ പ്രശസ്തി വളരെ പെട്ടന്ന് വ്യാപിച്ചു . വളരെ പെട്ടന്ന് തന്നെ ആയിരത്തിനടുത്തു പ ടയാളികളെ നയിക്കുന്ന ഒരു സർദാർ ആയി അദ്ദേഹം ഉയർന്നു . ബാഖ്‌ മാർ ( കടുവയെ ഒറ്റക്ക് വധിച്ചയാൾ ) എന്ന അപരനാമവും അദ്ദേഹത്തിന് വന്നു ചേർന്നു.
ഹരി സിംഗ് നാൾവ മഹാരാജ രഞ്ജിത് സിംഗിന്റെ സൈന്യത്തിലെ സർദാർ ആയി സ്ഥാനമേറ്റെടുക്കുമ്പോൾ രഞ്ജിത് സിംഗിന്റെ സിക്ക് രാജ്ജ്യം നാലുഭാഗത്തുനിന്നും വെല്ലുവിളികളെ നേരിടുകയായിരുന്നു . ഇപ്പോഴത്തെ പാകിസ്ഥാൻ അഫ്‍ഗാനിസ്ഥാൻ പ്രദേശങ്ങളിലെ മതാന്ധരായ ഗോത്ര വര്ഗങ്ങള് അക്കാലത്തും സമീപരാജ്യങ്ങൾക്കും പ്രദേശങ്ങൾക്കും ഭീഷണിയായിരുന്നു . യുദ്ധമര്യാദകളോ മാനവിക മൂല്യങ്ങളിലോ വിശ്വാസമില്ലാത്ത യുദ്ധപ്രഭുക്കൾ കൂട്ടക്കൊലകൾ നടത്തി ജനത്തെ കൊള്ളയടിച്ചാണ് സമ്പത്തുണ്ടാക്കിയിരുന്നത് . ഈ ഭീകരരെ ആധുനിക കാലത്ത് നിലക്ക് നിർത്തിയത് ഹരി സിങ് നാൾവയുടെ പടയോട്ടങ്ങളാണ് .കസൗറിലെ യുദ്ധമാണ് (Battle of Kasur ) ഹാരിസിങ് നാൾവ ആദ്യമായി പങ്കെടുത്ത പ്രമുഖ യുദ്ധം . ഈ യുദ്ധത്തിൽ അസാമാന്യമായ യുദ്ധപാടവം പുറത്തെടുത്ത നാൾവയെ മഹാരാജ രഞ്ജിത് സിംഗ് നേരിട്ട് സ്ഥാനക്കയറ്റം നൽകി ആദരിച്ചു . അറ്റോക്കിലെ യുദ്ധമായിരുന്നു (Battle of Attock ) നാൾവയുടെ കൈയൊപ്പ് പതിഞ്ഞ മറ്റൊരു യുദ്ധം . സിക്ക് സൈന്യത്തേക്കാൾ വളരെ വലിയ ഒരു അഫ്ഘാൻ /പത്താൻ സൈന്യത്തെയാണ് നാൾവയുടെ നേതിര്ത്തത്തിലുള്ള സിക്ക് സൈന്യം പൂർണമായും പരാജയപ്പെടുത്തിയത് .അറ്റോക്കിലെ യുദ്ധംമാണ് മഹാരാജ രഞ്ജിത്ത് സിഗിന്റെ മേഖലയിലെ ചോദ്യം ചെയ്യപ്പെടാത്ത ഭരണാധികാരിയാക്കി മാറ്റിയത് . തോൽപ്പിക്കപ്പെട്ട അഫ്ഘാൻ /പത്താൻ സൈനികരോട് വളരെ മാന്യമായാണ് ഹരി സിങ് നാല്വയും മറ്റു സേനാനായകരും പെരുമാറിയത് . യുദ്ധമര്യാദകളില്ലാത്തവരോടുപോലും യുദ്ധമര്യാദകാണിച്ച നാൾവയുടെ നടപടി അക്കാലത്തെ ബ്രിടീഷ് ഈസ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥർ വരെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
.
1810 നും 1837 നും ഇടയ്ക്കു ഇരുപതിലധികം തവണ ഹരി സിങ് നാൾവയുടെ നേതിര്ത്വത്തിൽ സിക്ക് സൈന്യം അഫ്ഘാൻ /പത്താൻ സൈന്യങ്ങളോട് ഏറ്റുമുട്ടി . എല്ലായുദ്ധത്തിലും വിജയം നാൾവക്കായിരുന്നു . കാൽ നൂറ്റാണ്ടു കാലത്തിനുള്ളിൽ തോൽപ്പിക്കാനാവാത്ത പടയോട്ടങ്ങളുടെ ചരിത്രം ആധുനിക കാലത് ഒരപൂർവതയായിരുന്നു . ഇക്കാരണത്താൽ തന്നെ ഹരി സിങ് നാൾവയെ ഇന്നേവരെയുള്ള പ്രഗത്ഭരായ സേനാനായകരുടെ പട്ടികയിൽ അഗ്രഗണ്യ സ്ഥാനത്തു പ്രതിഷ്ഠിക്കുന്നവരുണ്ട് . കാർത്തേജിയൻ സേനാനായകൻ ഹാനിബാളിനു കിടനിൽക്കുന്ന യുദ്ധ വൈഭവമാണ് പല യുദ്ധങ്ങളിലും നാൾവ പ്രകടിപ്പിച്ചത് . നിരന്തരമായ വിജയങ്ങളിലൂടെ നാൾവയുടെ സൈന്യം പ്രദേശത്തെ പേടിസ്വപ്നമായി അഫ്ഘാൻ /പത്താൻ കൊള്ളക്കൂട്ടങ്ങളെ അടിച്ചമർത്തി . അക്കാലത്തു നാൾവയുടെ പേരുതന്നെ പത്താനികളുടെ ഇടയിൽ ഭീതി വിതച്ചിരുന്നു .മഹാരാജ രഞ്ജിത് സിംഗ് ഹരി സിംഗിനെ കാശ്മീരിലെയും ,ഹസാരയിലെയും ,പെഷവാറിലെയും ഗവർണർ ആയി നിയമിക്കുകയും ഉന്നത സൈനിക ബഹുമതികളാൽ അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്തു
.
നിരന്തരമായ യുദ്ധങ്ങളായിരുന്നു ഹരി സിങ് നാൾവ അഫ്ഘാൻ /പഠാൻ സൈന്യങ്ങളുടെ നടത്തിയത് . ഇതിനിടയിൽ പഠാണികളും ഈസ്റ് ഇന്ത്യ കമ്പനിയും തമ്മിൽ രഹസ്യ ധാരണകളും നിലവിൽ വന്നിരുന്നു . 1837 ലെ ജമ്‌റൂഡിലെ യുദ്ധത്തിൽ (Battle of Jamrud ) അഫ്ഘാൻ തലവനായ ദോസ്ത് മുഹമ്മദ് ഖാന്റെ സൈന്യത്തെ സിക്ക് സൈന്യം പരാജയപ്പെടുത്തി . പക്ഷെ ആ യുദ്ധത്തിലേറ്റ മുറിവുകളാൽ ഹരി സിങ് നാൾവ വീരചരമം പ്രാപിച്ചു . മുറിവേറ്റപ്പോൾ പോലും താൻ മുറിവേറ്റ കാര്യം പരസ്യമാക്കാതിരിക്കാൻ നാൾവ തന്റെ സേനാനായകരോട് പ്രത്യേകം നിർദേശിച്ചിരുന്നു . സിക്ക് സൈന്യം വിജയിച്ചതിനു ശേഷമാണ് നാൾവയുടെ വീരചരമം പുറം ലോകം അരിഞ്ഞത് . മരണത്തിലും ശത്രുവിനെ പരാജയപ്പെടുത്തിയ മഹാനായ സേനാനായകനായിരുന്നു ഹരി സിങ് നാൾവ .
.
അനന്തരം
----
നാൾവയുടെ മരണം മഹാരാജ രഞ്ജിത്ത് സിങ്ങിനെയും തളർത്തി രണ്ടു വര്ഷം കഴിഞ് 1839 ൯ ൽ രഞ്ജിത്ത് സിങ്ങും ദിവംഗത്താനായി. രഞ്ജിത്ത് സിംഗിന്റെ പിൻഗാമികൾ അദ്ദേഹത്തെപ്പോലെ കാര്യപ്രാപ്തിയുള്ളവരായിരുന്നില്ല . ഹരി സിങ് നാല്വയെപ്പോലെയുള്ള ഒരു സേനാനായകനും പിന്നീട് രംഗപ്രവേശം ചെയ്തില്ല . ഒരു ദശാബ്ദത്തിനുശേഷം പഞ്ചാബ് മുഴുവൻ പത്താൻ / അഫ്ഘാൻ സഹായത്തോടെ ഈസ്റ് ഇന്ത്യ കമ്പനി സ്വന്തമാക്കി .
വളരെ പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് വളരെ ചെറിയ കാലയളവിനുള്ളതിൽ വളരെയധികം യുദ്ധങ്ങളിൽ വിജയിച്ചു എന്നതാണ് യുദ്ധ ചരിത്രത്തിൽ ഹരി സിംഗ് നാൾവയുടെ ഔന്നത്യത്തിനു കാരണം . ഇത്രയധികം പ്രഗത്ഭനായ സേനാനായകൻ ആയിരുന്നിട്ടുകൂടെ നമ്മുടെ ചരിത്രപുസ്തകങ്ങളിൽ ഹരി സിങ് നാൾവയെപ്പറ്റിയുള്ള പരാമർശങ്ങൾ പോലും വിരളമാണ് എന്നത് ഒരു ദുഃഖസത്യമായി അവശേഷിക്കുന്നു .
--
ചിത്രങ്ങൾ : ഹരി സിംഗ് നാൾവ, സിക്ക് സാമ്രാജ്യം : ചിത്രങ്ങൾ കടപ്പാട വിക്കിമീഡിയ കോമൺസ്
--
ref
1.http://www.harisinghnalwa.com/legends.html
2.https://www.indiatimes.com/…/meet-hari-singh-nalwa-the-sikh…
--
This is an original work based on references. No part of it is copied from elsewhere-Rishidas