പീലിക്കെട്ടിൽ നിറയെ കണ്ണുകളുമായി അഴകാർന്ന ഒരു പക്ഷി...
അതേ, നിങ്ങളുടെ ഊഹം ശരിയാണ്. മയിലിനെ കുറിച്ച്, കൃത്യമായി പറഞ്ഞാൽ ആൺമയിലിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ആൺമയിലിന്‍റെ നീണ്ട പീലിക്കെട്ട് ലോകപ്രസിദ്ധമാണല്ലോ. എന്നാൽ ഇത്ര ആഡംബരപൂർണവും സമൃദ്ധവുമായ ഒരു തൂവൽജാലംകൊണ്ട് എന്ത് ഉദ്ദേശ്യമാണ് സാധിക്കുന്നതെന്നും അഴകിനു പുറമേ മറ്റെന്തെങ്കിലും സവിശേഷത ഈ പക്ഷിക്ക് ഉണ്ടോയെന്നും നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..
മയിൽ, വാൻകോഴി കുലത്തിലെ ഒരു അംഗമാണ്. മൂന്നു തരം മയിലുകൾ ഉണ്ട്. ഇവിടെ നാം ചർച്ചചെയ്യാൻ പോകുന്നത് ഇന്ത്യൻ, അതായത് സാധാരണ, ആൺമയിലിനെ കുറിച്ചാണ്. അതിന്‍റെ പ്രധാന നിറങ്ങൾ നീലയും പച്ചയുമാണ്. അതിന് 200 മുതൽ 235 വരെ സെന്‍റിമീറ്റർ നീളം കണ്ടേക്കാം. പീലിക്കെട്ടിന്‍റെ മാത്രം നീളം 150 സെന്‍റിമീറ്റർ ആണ്. പച്ചനിറവും സ്വർണ്ണനിറവും കലർന്ന പീലികളാണ് അതിലുള്ളത്. അവയിൽ കണ്ണിന്‍റെ ആകൃതിയിൽ നീലനിറത്തിലും പിച്ചളനിറത്തിലും ഉള്ള അടയാളങ്ങൾ ഉണ്ടാകും. ശരീരത്തിലെ തൂവലുകൾക്ക് പ്രധാനമായും തിളക്കമാർന്ന പച്ച കലർന്ന നീല നിറമാണ്.
ഇന്ത്യയുടെ ദേശീയപക്ഷി എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടിട്ടുള്ള മയിലിന് തീർച്ചയായും രാജകീയ പ്രൗഢിതന്നെയുണ്ട്. അതുകൊണ്ടായിരിക്കാം ഒരുപക്ഷേ അഹങ്കാരികളായ മനുഷ്യരെ വർണിക്കാൻ “മയിലിനെപ്പോലെ അഹങ്കാരി” എന്ന പ്രയോഗം ചില ഭാഷകളിൽ ഉപയോഗിച്ചുവരുന്നത്. എങ്കിലും, കാണുന്നതുപോലെ അത്ര ഇണക്കമില്ലാത്ത ഒരു പക്ഷിയല്ല ഇത്. മറിച്ച് അതു വളരെ എളുപ്പത്തിൽ ഇണങ്ങും എന്നതാണു വാസ്‌തവം. ചിലർ മയിലിനെ വിശുദ്ധ പക്ഷിയായി കരുതുന്നു. അതുകൊണ്ടാണ് മയിലുകൾ തങ്ങളുടെ ധാന്യവയലുകൾ ആക്രമിച്ചാലും ഇന്ത്യയിലെ ഗ്രാമീണ കർഷകർ ചിലപ്പോൾ പരാതിയൊന്നും കൂടാതെ അതു സഹിക്കുന്നത്.
അവയുടെ ഗംഭീര പ്രകടനം..
മയിലുകളെ കുറിച്ചു കേൾക്കുമ്പോൾ ഏറ്റവും ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് നീണ്ട പീലിക്കെട്ട് അതിമനോഹരമായ ഒരു വിശറിപോലെ പിടിച്ച് ആൺമയിലുകൾ കാഴ്‌ചവെക്കുന്ന ഗംഭീര പ്രകടനമാണ്. ഈ ഉജ്ജ്വല പ്രദർശനത്തിന്‍റെ ഉദ്ദേശ്യം എന്താണ്? സാധ്യതയനുസരിച്ച്, പിടയെ ആകർഷിക്കുന്നതിനു വേണ്ടിയാണ് ഇതെല്ലാം.
പിടയ്‌ക്ക് എല്ലാ പൂവന്മാരെയൊന്നും അങ്ങനെ ഇഷ്ടമാകില്ല. എങ്കിലും ഗംഭീര പ്രകടനം കാഴ്‌ചവെച്ച് ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുന്നവരുടെ മുമ്പിൽ അവൾ അറിയാതെ വീണുപോകാറുണ്ട്. വർണശബളമായ മയിൽപ്പീലിക്കണ്ണുകൾ നിറഞ്ഞ, വിശറിപോലെ വിടർത്തിപ്പിടിച്ചിരിക്കുന്ന പീലിക്കെട്ട് പിടയുടെ ശ്രദ്ധ അപ്പാടെ പിടിച്ചെടുക്കുന്നു. ഏറ്റവും ഗംഭീരമായ പ്രദർശനം കാഴ്‌ച വെക്കുന്ന ആൺമയിലിനെ ആയിരിക്കും അവൾ ഇണയായി തിരഞ്ഞെടുക്കുക.
എന്നാൽ പീലിക്കെട്ട് പ്രദർശിപ്പിക്കുന്നത് പ്രകടനത്തിന്‍റെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ. ആൺമയിൽ ആദ്യം അവന്‍റെ നീണ്ട പീലിക്കെട്ട് വിശറിപോലെ വിടർത്തിയിട്ട് അതു മുന്നോട്ടു കൊണ്ടുവരും. തുടർന്ന് അവന്‍റെ ഗംഭീര നൃത്തം ആരംഭിക്കുകയായി. ഈ സമയത്ത് അവൻ തവിട്ടുനിറത്തിലുള്ള ചിറകുകൾ വശങ്ങളിൽ തൂക്കിയിട്ട് ശരീരം വിറപ്പിക്കുന്നു. അപ്പോൾ നിവർന്നുനിൽക്കുന്ന പീലികൾ മർമരശബ്ദം ഉണ്ടാക്കുന്നു. പീലിവിരിച്ച് ആടുന്നതോടൊപ്പം അവൻ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കുകയും ചെയ്യുന്നു. അത് ശ്രുതിമധുരമാണെന്നൊന്നും പറയാൻ പറ്റില്ല. എങ്കിലും അതുകൊണ്ട് ഒരു പ്രയോജനം ഉണ്ട്. അവൻ പിടയിൽ തത്‌പരനാണെന്ന് അവളെ അറിയിക്കാനാകുന്നു.
ചിലപ്പോൾ പിട, പൂവന്‍റെ ചേഷ്ടകൾ ചെറിയ തോതിൽ അനുകരിക്കാൻ ശ്രമിച്ചെന്നിരിക്കും. എന്നാൽ ഒട്ടുമിക്കപ്പോഴും, അവൾ പൂവന്‍റെ പ്രകടനത്തിൽ തത്‌പരയല്ലാത്തതായി കാണപ്പെടുന്നു. എന്നിരുന്നാലും, ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെക്കുന്നവൻ പിടയുടെ മനസ്സു കീഴടക്കുകതന്നെ ചെയ്യും. അഞ്ചു പിടകളെ വരെ ‘വേൾക്കുന്ന’ പൂവൻ ഒരു വർഷം 25 മയിൽക്കുഞ്ഞുങ്ങൾക്കു വരെ ജന്മം നൽകിയേക്കാം.
മയിലിന്‍റെ കുടുംബജീവിതം
പ്രജനനകാലം കഴിയുന്നതോടെ പൂവൻ പീലികൾ പൊഴിക്കുകയായി. ഒരു മുതിർന്ന ആൺമയിലിന്‍റെ പീലിക്കെട്ടിൽ ശരാശരി 200-ലധികം പീലികൾ ഉണ്ടാകും. പാശ്ചാത്യ നാടുകളിലേക്ക് കയറ്റി അയയ്‌ക്കുന്നതിനു വേണ്ടി ഇന്ത്യയിലെ ഗ്രാമവാസികൾ അവ ശേഖരിക്കാറുണ്ടായിരുന്നു. എന്നാൽ മയിലുകളുടെ സംരക്ഷണത്തിനായി ഇപ്പോൾ അത്തരം കയറ്റുമതി നിരോധിച്ചിരിക്കുകയാണ്. എന്നിരുന്നാലും തദ്ദേശീയർ ഇപ്പോഴും പീലികൾ ശേഖരിച്ച് വിശറികളും ആകർഷകമായ മറ്റു വസ്‌തുക്കളും ഉണ്ടാക്കാറുണ്ട്.
സന്ധ്യയാകുന്നതോടെ മയിലുകൾ ചേക്കേറുന്നതിനു പറ്റിയ സ്ഥാനം അന്വേഷിച്ച് മെല്ലെ പൊക്കമുള്ള മരങ്ങളിൽ കയറിപ്പറ്റുന്നു. രാവിലെ അവ മരങ്ങളുടെ മുകളിൽനിന്നു പതുക്കെ താഴേക്ക് ഇറങ്ങിവരുന്നു. ഈ ജീവികളുടെ സൗന്ദര്യം നിങ്ങളുടെ കണ്ണുകൾക്കു വിരുന്നൊരുക്കിയേക്കാം, എന്നാൽ അവയുടെ പാട്ടിന് അതേ നിലവാരം നിങ്ങൾ പ്രതീക്ഷിക്കരുത്. മയിലുകളുടെ വിഷാദാത്മകമായ കരച്ചിൽ സായാഹ്നത്തിന്‍റെ പ്രശാന്തതയെ ഭഞ്‌ജിക്കുന്നു. അവ തീറ്റ തേടാൻ തുടങ്ങിയാലേ അന്തരീക്ഷം ഒന്നു പ്രശാന്തമാകൂ.
മയിലുകൾ സർവാഹാരികളാണ്, അതായത് പലതരം വിത്തുകൾ, ധാന്യങ്ങൾ, പയറുകൾ, വിളകളുടെ മാർദവമുള്ള വേരുകൾ, ഷഡ്‌പദങ്ങൾ, പല്ലികൾ, ചെറിയ പാമ്പുകൾ എന്നു വേണ്ട എന്തും അവ തിന്നും.
മട്ടും ഭാവവും ഒക്കെ കണ്ടാൽ തന്‍റെ സൗന്ദര്യത്തിൽ അഹങ്കരിക്കുന്നവനാണെന്നു തോന്നിയേക്കാമെങ്കിലും മറ്റു മയിലുകളുടെ സുരക്ഷയുടെ കാര്യത്തിൽ പൂവൻ ശ്രദ്ധാലുവാണ്. അപകടം ‘മണത്തറിയാനുള്ള’ ഒരു പ്രത്യേക കഴിവ് ആൺമയിലിനുണ്ട്. ഉദാഹരണത്തിന്, ഒരു പൂച്ചയോ മറ്റോ ഇരതേടി പരിസരത്തുകൂടെ പാത്തും പതുങ്ങിയും നടപ്പുണ്ടെങ്കിൽ ആൺമയിൽ അത് ഉടനടി മനസ്സിലാക്കുകയും അപകടത്തെ കുറിച്ചു മുന്നറിയിപ്പു നൽകാനായി ഉച്ചത്തിൽ കരഞ്ഞുകൊണ്ട് കാട്ടിലൂടെ ഓടുകയും ചെയ്യുന്നു. മറ്റ് ആൺമയിലുകളും കൂട്ടത്തിൽ കൂടും. ഒന്നിനു പുറകേ ഒന്നായി അമ്പരപ്പിക്കുന്ന വേഗത്തിലാണ് അവയുടെ ഓട്ടം. എന്നാൽ എത്ര വലിയ അപകടമാണെന്നു പറഞ്ഞാലും പിട കുഞ്ഞുങ്ങളെ വിട്ട് എങ്ങോട്ടും പോകാൻ തയ്യാറാകില്ല.
നീണ്ട പീലിക്കെട്ട് ആൺമയിലിന് വേഗത്തിൽ ഓടുന്നതിനും മറ്റും ഒരു തടസ്സമായിരിക്കുന്നതായി കാണുന്നില്ല. പറന്നുയരാൻ തുടങ്ങുമ്പോൾ മാത്രം അത് ഒരൽപ്പം അസൗകര്യം സൃഷ്ടിക്കുന്നതായി തോന്നിയേക്കാം. എങ്കിലും നിലത്തുനിന്നു പൊങ്ങിക്കഴിഞ്ഞാൽപ്പിന്നെ ചിറകുകൾ ദ്രുതഗതിയിൽ അടിച്ച് അവ വളരെ വേഗത്തിൽ പറന്നുകൊള്ളും.
എട്ടു മാസം പ്രായമാകുന്നതോടെ കുഞ്ഞുങ്ങൾ കൂടു വിട്ടുപോയി ‘സ്വന്തം കാലിൽ നിൽക്കാൻ’ തുടങ്ങുന്നു. അതോടെ തള്ളപ്പക്ഷി വീണ്ടും കുഞ്ഞുങ്ങൾക്കു ജന്മം നൽകി അവയെ പോറ്റിപ്പുലർത്താനുള്ള തയ്യാറെടുപ്പ് തുടങ്ങുകയായി. ഏതാണ്ട് എട്ടുമാസം പ്രായമാകുന്നതോടെ ആൺമയിൽക്കുഞ്ഞുങ്ങളിൽ പീലിക്കെട്ട് വളർന്നുതുടങ്ങുന്നു. എന്നാൽ മുഴുവൻ തൂവലുകളും ഉണ്ടാകണമെങ്കിൽ അവയ്‌ക്ക് നാലു വയസ്സാകണം. അപ്പോഴേക്കും സ്വന്തം കുടുംബം തുടങ്ങാൻ അവർ സജ്ജരായിരിക്കും...