കഴിഞ്ഞ നൂറ്റാണ്ടിലെ മഹാഗ്രന്ഥങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച ഒരു കോമിക് ബുക്കാണ് , ആസ്റ്ററിക്സ് എന്ന പുരാതന ഗാളിലെ ഒരു ബുദ്ധിശാലിയുടെ കഥ പറയുന്ന ആസ്റ്ററിക്സ് സീരീസിലുള്ള കാർട്ടൂൺ പുസ്തകങ്ങൾ . മറ്റൊരു കാർട്ടൂൺ പുസ്തകത്തിനും നേടാനാവാത്ത ബഹുമതിയാണിത് .
.
ഫ്രഞ്ചുകാരായ റെനേ ഗോസിനിയും (René Goscinny ) ആൽബെർട് ഉദെർസോ (Alberto Aleandro Uderzo ) യും ചേർന്നാണ് ഈ കാർട്ടൂൺ ക്ലാസ്സിക് രചിച്ചത് .റോമൻ അധിനിവേശത്തെ ചെറുക്കുന്ന പുരാതന ഗാൾ (ഇന്നത്തെ ഫ്രാൻസ് )പ്രവിശ്യയിലെ ഒരു സാങ്കല്പികമായ ചെറു ഗ്രാമത്തിന്റെ കഥയാണ് ഈ കാർട്ടൂണുകൾ പറയുന്നത് .
.
ജൂലിയസ് സീസർ തന്നെയാണ് ഗാൾ ആക്രമിക്കുന്ന സേനാനായകൻ ജൂലിയസ് സീസറും അദ്ദേഹത്തിന്റെ റോമൻ സൈന്യവും ചിത്രകഥകളിലെ പ്രമുഖ സാന്നിധ്യമാണ് . റോമൻ സൈനിക നേതാക്കന്മാരും , സൈനികരും ,ചാരന്മാരും പല കഥകളിലും പ്രമുഖ കഥാപാത്രങ്ങളാണ് .
.
ഗാളിലെ അർമൊരിക്ക എന്ന പ്രദേശത്താണ് ആസ്റ്റെറിക്‌സിന്റെ ഗ്രാമം . ആസ്റ്ററിക്സ് തന്നെയാണ് ഗ്രാമത്തിലെ ഏറ്റവും സൂത്രശാലി. . ആസ്റ്റെറിക്‌സിന്റെ സുഹൃത്തും ഗ്രാമത്തിലെ ഏറ്റവും ശക്തനുമാണ് ഒബിലിക്സ് ( Obelix). ഗ്രാമമുഖ്യൻ വൈറ്റൽസ്റ്റാറ്റിസ്റ്റിക്സ് (Vitalstatistix. ). ഗ്രാമവാസികളുടെ ശക്തി വർധിപ്പിക്കുന്ന പാനീയം നിർമിക്കുന്ന ഗ്രാമ വൈദ്യൻ ഗെറ്റാഫിക്സ് (Getafix. ), ഗ്രാമത്തിലെ കൊല്ലപ്പണിക്കാരനും ഒരു ചെറുകിട റൗഡിയുമാണ് ഫുള്ളി ആട്ടോമാറ്റിക്സ് (Fully automatix), മൽസ്യവില്പന അൺ ഹൈജിനിക്സിനാണ് (Unhyginix ) . വളരെ വിപുലമാണ് കഥാ പാത്രങ്ങളുടെ വിന്യാസം .
.
കാർട്ടൂണുകൾ എന്നതിലുപരി ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും മാനവിക വിഷയങ്ങളുടെയും രസകരമായ അവതരണവും ഈ കോമിക്സുകളിൽ കാണാം . കോമിക്സുകളിൽ ഒന്നിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഫിനീഷ്യൻ കച്ചവടക്കാരന്റെ പേര് എക്കൊണോമിക് ക്രൈസിസ് (Economikkrisis ) എന്നാണ് . ഓരോ ചിത്രകഥയും ഭൂഗോളത്തിന്റെ ഓരോ മേഖലയിൽ വച്ച് നടക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത് .
.
ആസ്റ്ററിക്സ് ചിത്രകഥകളിൽ ഇന്ത്യയിൽ വച്ചുനടക്കുന്ന ഒരു കഥയും ഉണ്ട് . ആസ്റ്റെറിക് ആൻഡ് ദി മാജിക് കാർപെറ്റ് (Asterix and the Magic Carpet ) എന്നാണ് ആ കഥയുടെ പേര് .ഇന്ത്യയിലെ ഒരു രാജ്യത്തിൽകൊടും വരൾച്ച വന്നപ്പോൾ ,പാട്ടു പാടി മഴ പെയ്യിക്കാനാവുന്ന ഗാളിലെ പാട്ടുകാരൻ കൊക്കോ ഫോണിക്‌സിനെ (Cacofonix, ) തേടി ഇന്ത്യയിൽനിന്നും ഒരു പറക്കും പരവതാനിയിൽ കയറി ഒരു സന്യാസി ഗാളിൽ എത്തുന്നതും , അവിടെനിന്നും കോക്കോഫോണിക്‌സും , ആസ്റ്റെറിക്‌സും , ഒബിലിക്സ്ഉം ഗെറ്റാഫിക്സ്ഉം അടങ്ങുന്ന ഒരു സംഘം ഇന്ത്യയിൽ എത്തുന്നതാണ് ആ കഥയുടെ ഇതിവൃത്തം .
.
1977 ൽ റെനേ ഗോസിനി ദിവംഗതനായി. പിന്നീട് കഥകളുടെ എണ്ണത്തിൽ കുറവുവന്നു . 2011 ൽ ഉഡർസൊ കാർട്ടൂൺ രംഗത്തുനിന്നും വിരമിച്ചു . ഇപ്പോൾ ആസ്റ്ററിക്സ് കാർട്ടൂണുകൾ ഒരുക്കുന്നത് ജീൻ യുവേസ് ഫെറി (Jean-Yves Ferri ) എന്ന ഫ്രഞ്ചുകാരനാണ് . ഇന്നേ വരെ ആസ്റ്ററിക്സ് സീരീസിൽ 37 കാർട്ടൂൺ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്
.
കാർട്ടൂൺ കഥകളുടെ കൂട്ടത്തിൽ തികച്ചും വ്യത്യസ്തതപുലർത്തുന്നവയാണ് ആസ്റ്റെറിക്‌സിന്റെ കഥകൾ . അര നൂറ്റാണ്ടിനുശേഷവും ആസ്റ്ററിക്സ് കാർട്ടൂണുകളുടെ ജനപ്രീതിയിൽ വലിയ കുറവ് വന്നിട്ടില്ല .
---
ചിത്രം : ആസ്റ്ററിക്സ് , ആസ്റ്ററിക്സ് ആൻഡ് ദി മാജിക് കാർപെറ്റ് (Asterix and the Magic Carpet ) എന്ന കാർട്ടൂൺ പുസ്തകത്തിന്റെ മുഖചിത്രം : ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്
--
ref
1.https://en.wikipedia.org/…/Le_Monde%27s_100_Books_of_the_Ce…
rishidas
2.https://en.wikipedia.org/wiki/Asterix_(character)
==
This is an original work . No part of it is copied from elsewhere-Rishidas. S