മനുഷ്യന് സൃഷ്ടിക്കാവുന്ന ഏറ്റവും വലിയ സ്‌ഫോടനങ്ങൾ സൃഷ്ടിക്കുന്നത് ഹൈഡ്രജൻ ബോംബുകൾ എന്നറിയപ്പെടുന്ന തെർമോ നുകളെയർ ബോംബുകളാണ് . ഒരു താത്വിക ഹൈഡ്രജൻ ബോംബിന് സൃഷ്ടിക്കാവുന്ന സ്ഫോടന ശക്തിക്കു പരിധിയില്ല . എങ്കിലും സാങ്കേതികവും പ്രായോഗികവുമായ ബുദ്ധിമുട്ടുകൾ കാരണം വളരെ വലിയ ഹൈഡ്രജൻ ബോംബുകൾ നിര്മിക്കാനാവില്ല .ഇന്ന് വരെ നിർമിക്കപ്പെട്ട ഏറ്റവും വലിയ ഹൈഡ്രെജൻ ബോംബ് അറുപതുകളിൽ സോവ്യറ്റ് യൂണിയനിൽ നിർമിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്ത ത്സാർ ബോംബ ( Tsar Bomba) ആയിരുന്നു . അറുപതു മെഗാറ്റൺ(MEGA TON ) ആയിരുന്നു ത്സാർ ബോംബ യുടെ വിസ്ഫോടന ശക്തി . മനുഷ്യനിർമിതമായ ഏറ്റവും വലിയ സ്ഫോടനം ഇപ്പോഴും ത്സാർ ബോംബ യുണ്ടാക്കിയ സ്ഫോടനം തന്നെ . റഷ്യയുടെ വിദൂര ആർട്ടിക് ദ്വീപായ നോവായ സിമ്ലിയ യിലാണ് ത്സാർ ബോംബ് പരീക്ഷിക്കപ്പെട്ടത് .
.
ഏറ്റവും വലിയ ആണവ സ്‌ഫോടനത്തിന്റെ കാര്യത്തിൽ തർക്കം ഇല്ലെങ്കിലും മനുഷ്യ നിർമിതമായ ഏറ്റവും വലിയ ആണവേതര സ്ഫോടനം ഏതെന്ന കാര്യത്തിൽ തർക്കമുണ്ട് . ഒരു കിലോടണ്ണിലധികം സ്ഫോടന ശക്തിയുള്ള പല ആണവേതര സ്ഫോടനങ്ങളും നടന്നിട്ടുണ്ട് . അവയിൽ പലതും ഇന്ധന സ്റ്റോറേജ് സംവിധാനങ്ങളുടെയോ , ആയുധ സംഭരണ സംവിധാനങ്ങളുടെയോ ആകസ്മികമായ പൊട്ടിത്തെറി ആയതിനാൽ അവയുടെ ശക്തി കൃത്യമായി കണക്കാക്കാനുമായിട്ടില്ല . കണക്കുകൂട്ടലുകളെല്ലാം ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്‌ഫോടനത്തിനു ശേഷം നടത്തുന്ന ഊഹ കണക്കുകൂട്ടലുകളാണ് .എന്നാലും മനുഷ്യന്റെ ഇടപെടൽ മൂലം ഉണ്ടായ ആണവേതര സ്ഫോടനങ്ങളുടെ പട്ടികയിൽ ഇപ്പോഴും മുൻനിരയിൽ വരുന്നതാണ് അറുപതുകളുടെ അവസാനം സോവ്യറ്റ് യൂണിയനിൽ സംഭവിച്ച N1 വിക്ഷേപണവാഹനത്തിന്റെ പൊട്ടിത്തെറി . ഈ സ്‌ഫോടനത്തിന്റെ ശക്തി ഒരു കിലൊട്ടെണ് മുതൽ ഏഴു കിലൊട്ടെണ് വരെയെന്നാണ് പല രീതികളിൽ കണക്കുകൂട്ടപ്പെട്ടിട്ടുള്ളത് .ഏതുനിലക്കും ഒരണവായുധ സ്‌ഫോടനത്തിനു സമാനമായിരുന്നു N1 വിക്ഷേപണവാഹനത്തിന്റെ പൊട്ടിത്തെറി
--
സോവ്യറ്റ് ചാന്ദ്ര ദൗത്യ ഉദ്യമത്തിനായാണ് N1 വിക്ഷേപണവാഹനം നിർമ്മിക്കപ്പെട്ടത് . പ്രതിഭാശാലിയായ റോക്കറ്റ് എൻജിനീയർ സെർജി കോറിലെവ് ആയിരുന്നു N1 വിക്ഷേപണവാഹ ത്തിന്റെ ഉപജ്ഞാതാവ് . അക്കാലത്തു സോവ്യറ്റ് യൂണിയനിൽ ചാന്ദ്ര ദൗത്യ വിക്ഷേപണ വാഹനത്തിൽ ഉപയോഗിക്കാൻ പര്യാപ്തമായ വലിയ റോക്കറ്റ് എഞ്ചിനുകൾ ലഭ്യമായിരുന്നില്ല . അതിനാൽ വിമാന എഞ്ചിൻ നിർമാതാവായ നിക്കോളായ് കുസ്‌നെസ്റ്റോവ് നിർമിച്ച മുപ്പത് N K -15 റോക്കറ്റ് എഞ്ചനുകളായിരുന്നു N1 വിക്ഷേപണവാഹ ത്തിന്റെ ആദ്യ ഘട്ടത്തിൽ ഉപയോഗിച്ചിരുന്നത് .N K -15 റോക്കറ്റ് എഞ്ചനുകൾ അതുവരെ നിര്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും ദക്ഷതയുള്ള നോൺ ക്രയോജനിക് റോക്കറ്റ് എഞ്ചിനുകളായിരുന്നു വെങ്കിലും , അത്രയും എണ്ണം എഞ്ചിനുകൾ ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്ന ബലങ്ങളെ സന്തുലമാക്കുന്നത് അകക്കളത് ലഭ്യമായ നിയന്ത്രണ സംവിധാനങ്ങൾ ഉപയോഗിച്ച് തികച്ചും ശ്രമകരമായതോ അസംഭാവ്യമോ ആയിരുന്നു . കൂടുതൽ റോക്കെറ്റ് എഞ്ചിനുകൾ ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്ന പോഗോ ഓസിസിലേഷനുകൾ എന്നറിയപ്പെട്ടിരുന്ന പ്രകമ്പനങ്ങളെ നിയന്ത്രിക്കാനുള്ള പ്രായോഗിക സംവിധാനങ്ങൾ അക്കാലത്തു നിലവിൽ വന്നിട്ടില്ലായിരുന്നു . N1 വിക്ഷേപണവാഹ ത്തിന്റെ നിർമാണം പൂർത്തിയാകുന്നതിനു മുൻപ് സെർജി കോറിലെവ് ദിവംഗതനായി. അദ്ദേഹത്തിന്റെ പിൻഗാമിയായ വസിലി മിഷ്യൻ കോറിലെവിനു തുല്യനായ ഒരു പ്രതിഭാശാലി ആയിരുന്നില്ല .
.
അതിഭീമാകാരമായിരുന്നു N1 വിക്ഷേപണവാഹനം . ഏതാണ്ട് മൂവായിരും ടൺ ഭാരമുണ്ടായിരുന്നു, ആ ഭീമൻ റോക്കറ്റിന് . പൂർണമായും മണ്ണെണ്ണ ഇന്ധന മായും . ദ്രവീകരിച്ച ഓക്സിജെൻ ഓക്സി കാരിയായും ഉപയോഗിക്കുന്ന റോക്കറ്റ് ഘട്ടങ്ങളാണ് N1 വിക്ഷേപണവാഹ നത്തിൽ ഉണ്ടായിരുന്നത് . യു എസ് ഇന്റെ ചാന്ദ്ര ദൗത്യ ഉദ്യമത്തിന് മുൻപ് 1969 ഫെബ്രുവരിയിൽ ആയിരുന്നു N1 വിക്ഷേപണവാഹ ത്തിന്റെ ആദ്യ പരീകഷണം . ആദ്യ പരീക്ഷണത്തിൽ തുടക്കകത്തിൽ വിക്ഷേപണ വാഹനം ശരിയായി പ്രവർത്തിച്ചു . പക്ഷെ വിക്ഷേപണ വാഹനം മുപ്പതു കിലോമീറ്ററിന് മുകളിൽ എത്തിയപ്പോൾ നിയന്ത്രണാതീതമായ പോഗോ ഓസിലേഷനുകൾ രൂപപ്പെട്ട് വിക്ഷേപണ വാഹനം തകർന്നു . അപ്പോഴേക്കും ആദ്യ ഘട്ടത്തിലെ ഇന്ധനം ഏറെക്കുറെ തീർന്നിരുന്നു അതിനാൽ തന്നെ ഉണ്ടായ സ്ഫോടനം അത്ര ശക്തമായിരുന്നില്ല . ഭൗമോപരിതലത്തിനു മുപ്പതിലേറെ കിലോമീറ്റർ മുകളിൽ വച്ചു സ്ഫോടനം നടന്നതിനാൽ അതിന്റെ പ്രഭാവം ഭൂമിയിൽ വലിയതോതിൽ അനുഭവപ്പെടുകയും ചെയ്തില്ല.
.
രണ്ടാമത്തെ N-1 വിക്ഷേപണപൊട്ടിത്തെറിയാണ് മനുഷ്യ നിർമിതമായ ഏറ്റവും വലിയ ആണവേതര സ്ഫോടനങ്ങളിലൊന്നായി തീർന്നത് . 1969 ജൂലൈ മൂന്നിന് യൂ എസ് ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്നതിനും ആഴ്ചകൾക്ക് മുൻപാണ് രണ്ടാമത്തെ N-1 വിക്ഷേപണം നടന്നത് . . ചന്ദ്രനിൽ മനുഷ്യനെ വഹിക്കാത്ത ഒരു ലൂണാർ മൊഡ്യൂൾ ഇറക്കുകയും അതിനെ തിരികെ എത്തിക്കുകയുമായിരുന്നു രണ്ടാമത്തെ N-1 വിക്ഷേപണ ത്തിന്റെ ലക്‌ഷ്യം . N-1 പ്രൊജക്റ്റ് അതീവ രഹസ്യമായതിനാൽ സോവ്യറ്റ് ഉന്നതർക്ക് മാത്രമേ ആ പദ്ധതിയെപ്പറ്റി അറിവുണ്ടായിരുന്നുളൂ . യു എസ് നു മുമ്പ് മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജീവൻ വച്ചുള്ള ഒരു പന്തയത്തിനുപോലും ചില സോവ്യറ്റ് കോസ്മോനാട്ടുകൾ സന്നദ്ധനായിരുന്നു . പക്ഷെ വിക്ഷേപണ വാഹനത്തിന്റെ കുറവുകൾ മനസ്സിലാക്കി അത്തരം ഒരു ശ്രമം അവസാന നിമിഷം ഒഴിവാക്കുകയാണുണ്ടായത് .
.
1969 ജൂലൈ മൂന്നിന് കസാക്കിസ്ഥാനിലെ ബെയ്‍കനോറിൽ നിന്നും കുതിച്ചുയർന്ന N-1 വിക്ഷേപണ പാഡ് കടക്കുന്നതിനു മുപ് പൊട്ടിത്തെറിക്കുകയായിരുന്നു . ആ സമയത് രണ്ടായിരം ടണ്ണിലേറെ ഇന്ധനവും ദ്രവ ഓക്സി ജിനും വിക്ഷേപണ വാഹനത്തിലുണ്ടായിരുന്നു. ഈ ഇന്ധനവും ദ്രവ ഓക്സി ജിനും ചേർന്നാണ് അതിഭീകരമായ സ്ഫോടനം സൃഷ്ടിച്ചത് . വിക്ഷേപണ സംവിധാനങ്ങൾ എല്ലാം തന്നെ തകർന്നു . കിലോമീറ്ററുകൾ അകലെയുള്ള കെട്ടിടങ്ങൾ വരെ സ്‌ഫോടനത്തിൽ തകർന്നു . ഭൂഗർഭ ബങ്കറുകളിൽ നിലയുറപ്പിച്ച ശാസ്ത്രജ്ഞർക്കും ഉദ്യോഗസ്ഥർക്കും അര മണിക്കൂർ കഴിഞ്ഞാണ് പുറത്തുവരാൻ കഴിഞ്ഞത് . മുഴുവൻ ഇന്ധനവും പൊട്ടിത്തെറിച്ചെങ്കിൽ 7 കിലോ ടൺ ആണ് സ്‌ഫോടനത്തിന്റെ രൂക്ഷതയായി കണക്കാക്കപ്പെട്ടത് . അങ്ങിനെയെങ്കിൽ ഹിരോഷിമ സ്‌ഫോടനത്തിനു പകുതിയായിരുന്നു N-1 സ്‌ഫോടനത്തിന്റെ തീവ്രത . പിന്നീടുള്ള പല കണക്കുകൂട്ടലുകളും മുഴുവൻ ഇന്ധനവും പൊട്ടിത്തെറിക്കാനുള്ള സാധ്യത തള്ളിക്കളയുകയാണുണ്ടായത് . ഏറ്റവും കുറഞ്ഞ നിലക്ക് 1 കിലോ ടൺ ആണ് സ്‌ഫോടനത്തിന്റെ രൂക്ഷതയായി കണക്കുകൂട്ടപ്പെട്ടത് . ആ നിലക്കുപോലും N-1 സ്‌ഫോടനം മനുഷ്യ നിർമിതമായ ഏറ്റവും വലിയ ആണവേതര സ്ഫോടനങ്ങ ളിൽ ഒന്നായി നിലനിൽക്കുന്നു .
.
N-1 സ്‌ഫോടനത്തെ പറ്റി സോവ്യറ്റ് അധികൃതർ പല തലങ്ങളിലും അന്വേഷണം നടത്തി . സാങ്കേതിക അന്വേഷണങ്ങൾ എത്തിച്ചേർന്നത് ഏതാനും ഗ്രാം ഭാരമുള്ള ഒരു ഒരു ബോൾട്ട് എങ്ങിനെയോ ഇന്ധന സംവിധാനത്തിൽ കടന്നു കൂടിയെന്നും ആ ബോൾട്ട് റോക്കറ്റ് എഞ്ചിനുകളിൽ എത്തിയപ്പഴാണ് സ്‌ഫോടനത്തിനു തുടക്കമിട്ടത് എന്നുമാണ് .
.
--
ചിത്രങ്ങൾ :N-1 സ്ഫോടനം , പൊട്ടിത്തെറിക്കാൻ തുടങ്ങുന്ന N 1 , നിർമാണത്തിലിരിക്കുന്ന N 1, വിക്ഷേപണത്തറയിലിരിക്കുന്ന N 1 : ചിത്രങ്ങൾ കടപ്പാട് :(http://www.russianspaceweb.com/n1_5l.html )
--
ref
1.http://www.russianspaceweb.com/n1_5l.html
2.https://www.youtube.com/watch?v=m79UO4HOQmc
3.
https://www.historyandheadlines.com/july-3-1969-largest-ro…/
4.http://www.astronautix.com/n/n1.html
--
This is an original work based on the references given .No part of it is shared or copied from any other post or article. –Rishidas.S