A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

എഴുപതുകളില്‍ നടന്നതായി പറയപ്പെടുന്ന ഒരു സംഭവമാണ്.



അക്കാലത്ത് ഷിക്കാഗോ യൂണിവേര്‍സിറ്റിയില്‍ മെഡിസിന് പഠിച്ചിരുന്ന ഒരു യുവാവാണ് ഇതിലെ നായകന്‍. തല്ക്കാലം നമുക്ക് അദ്ദേഹത്തെ മാര്‍ക്ക് എന്ന് വിളിക്കാം.
ക്ലാസ്സിന് ശേഷം, വീട്ടിലേക്ക് മടങ്ങുകയായിരുന്നു, അന്ന്, മാര്‍ക്ക്.
യൂണിവേര്‍സിറ്റിയില്‍ നിന്ന് വടക്ക് മാറി, ലിങ്കണ്‍ പാര്‍ക്ക് എന്ന സ്ഥലത്താണ് മാര്‍ക്ക് താമസിച്ചിരുന്നത്. സ്വന്തമായി കാറില്ലാത്തത് കൊണ്ട് ടാക്സി വിളിച്ചോ, ഏതെങ്കിലും വണ്ടിക്ക് കൈകാണിച്ചോ ആണ് സ്ഥിരമായി യാത്ര ചെയ്യുക.
അന്നും പതിവുപോലെ റോഡില്‍ നിന്ന് കൈകാണിച്ചപ്പോള്‍ അയാള്‍ക്കൊരു വണ്ടി കിട്ടി; മാര്‍ക്കിന് പോകേണ്ട വഴിക്ക് തന്നെ പോകുന്ന, രസികനായ ഒരു മനുഷ്യനായിരുന്നു ഡ്രൈവര്‍. പക്ഷെ ലേക്ക്-ഷോര്‍ ഡ്രൈവ് എന്ന സ്ഥലത്ത് എത്തിയപ്പോള്‍ അയാള്‍ക്ക് വഴി തെറ്റി, വടക്ക് ഭാഗത്തേക്ക് തിരിക്കുന്നതിന് പകരം തെക്കോട്ടാണ്, അയാള്‍, വണ്ടി തിരിച്ചത്.
"വഴി തെറ്റി, എനിക്ക് നോര്‍ത്തിലേക്കാണ് പോകേണ്ടത്."
മാര്‍ക്ക്‌ പറഞ്ഞു.
പക്ഷെ അയാളില്‍ നേരത്തെ കണ്ട സൌഹൃദമൊന്നും ഉണ്ടായിരുന്നില്ല.
വീണ്ടും മാര്‍ക്ക്, പറഞ്ഞത് തന്നെ ആവര്‍ത്തിച്ചപ്പോള്‍, അയാള്‍, പതുക്കെ തന്‍റെ കയ്യെത്തിച്ച്, മാര്‍ക്കിന്‍റെ കാല്‍മുട്ടില്‍ തടവിക്കൊണ്ട് പറഞ്ഞു.
"അല്ല മോനെ.... നീ എന്‍റെ കൂടെയാണ് വരുന്നത്!!!"
ആ പറഞ്ഞത് കേട്ട്, മാര്‍ക്ക് ആകെ മരവിച്ച് പോയി. മുഖത്ത് ഒരുതരം കൊല്ലുന്ന ചിരിയോടെയാണ്‌, അയാള്‍, ആ വാചകം പറഞ്ഞത്.
കുറച്ച് നേരത്തേക്ക് എന്തെങ്കിലും പറയാനോ, പ്രതികരിക്കാനോ മാര്‍ക്കിന് കഴിഞ്ഞില്ല. ഉള്ളില്‍ നിറഞ്ഞ് നിന്നിരുന്ന ഷോക്ക്, അകപ്പെട്ടിരിക്കുന്ന അപകടത്തെക്കുറിച്ചുള്ള ബോധം, കുതിക്കുന്ന ആ കാറില്‍ നിന്ന് രക്ഷപ്പെടാനുള്ള പഴുതുകളുടെ അഭാവം. ഇതെല്ലാം അയാളുടെ കാലുകളെ ഐസ് ആക്കി മാറ്റിയിരുന്നു.
അപ്പോഴേക്കും വണ്ടി സൌത്ത്-ഷോര്‍ എന്ന സ്ഥലത്ത് എത്തിയിരുന്നു.
മാര്‍ക്കിന്‍റെ ഭാഗ്യത്തിനാണ്, അവര്‍ സൌത്ത്-ഷോര്‍ വഴി വന്നത്. ആ ഭാഗത്തെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളില്‍ ഒന്നാണ് സൌത്ത്-ഷോര്‍. ഒരു കാറിനും അവിടത്തെ സിഗ്നലില്‍ നിര്‍ത്താതെ പോകാനാകില്ല. അവര്‍ വന്ന സമയത്താണെങ്കില്‍, അവിടെ ആവശ്യത്തിന് ട്രാഫിക്കും ഉണ്ടായിരുന്നു.
ഡ്രൈവര്‍, ബ്ലോക്ക് കണ്ട് വണ്ടി നിര്‍ത്തിയതും, മാര്‍ക്ക്, കാറില്‍ നിന്നിറങ്ങി, തിരിഞ്ഞു നോക്കാതെ ഓടി. പക്ഷെ കഥ അതോടെ അവസാനിച്ചിരുന്നില്ല.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ട്വിസ്റ്റ്.
ഒരു തണുത്ത ഡിസംബര്‍ മാസത്തില്‍, തന്‍റെ ഭാവി ഭാര്യയോടൊപ്പം, കോഫീ ഷോപ്പില്‍ ഇരിക്കുകയായിരുന്നു മാര്‍ക്ക്. പെട്ടെന്നാണ് ഷോപ്പിലെ ടീവിയില്‍, ആ വാര്‍ത്ത കണ്ട്, മാര്‍ക്ക് ആകെ തരിച്ചുപോയത്. നിരവധി കൊലപാതക കേസുകളില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്ത വാര്‍ത്തയായിരുന്നു അത്. രണ്ട് കൊല്ലം മുന്‍പ്, മാര്‍ക്കിനെ, കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച അതേ ആള്‍.
നാല്പതിനടുത്ത് ചെറുപ്പക്കാരെയും, ടീനേജ് പയ്യന്മാരെയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ, കില്ലര്‍ ക്ലൌണ്‍ എന്നറിയപ്പെടുന്ന കുപ്രസിദ്ധനായ സീരിയല്‍ കില്ലര്‍, ജോണ്‍ വെയിന്‍ ഗാസിയായിരുന്നു അത്.
വാര്‍ത്തയില്‍ പറഞ്ഞ മറ്റൊരു വിവരമാണ് അയാളെ ശരിക്കും ഞെട്ടിച്ചത്.
മാര്‍ക്ക് രക്ഷപ്പെട്ടതിന് ശേഷമുള്ള മുന്‍കരുതല്‍ എന്ന പോലെ, ഗാസിയുടെ കാറിന്‍റെ പാസഞ്ചര്‍ സൈഡിലെ വാതില്‍ അകത്ത് നിന്ന് തുറക്കാനുള്ള ഹാന്‍ഡില്‍ മുഴുവനായും അഴിച്ചു മാറ്റിയിരുന്നു. അതായത്, മാര്‍ക്കിന് ശേഷം ആരൊക്കെ അയാളുടെ വലയില്‍ വീണിട്ടുണ്ടോ, അവര്‍ക്കൊന്നും ആ കാറില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞിട്ടില്ല.
ഗാസിയെ അറസ്റ്റ് ചെയ്തിട്ട് 40 വര്‍ഷത്തോളമായെങ്കിലും, ഇന്നും അയാള്‍ കൊലപ്പെടുത്തിയവരില്‍, ആറോളം പേരെ തിരിച്ചറിയാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. 2011ല്‍ നടത്തിയ ഒരു DNA പരിശോധനയില്‍ രണ്ട് പേരെ കണ്ടത്തിയതാണ് കേസില്‍ അവസാനമായി നടന്ന ഏക പുരോഗതി. അതോടെ തിരിച്ചറിയാത്തവരുടെ എണ്ണം എട്ടില്‍ നിന്ന് ആറായി കുറഞ്ഞു.
by Ares Gautham
ഒരു Reddit പോസ്റ്റില്‍ വന്ന അനുഭവമാണ്, ആളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതിലെ ഏറെ രസകരമായ ഒരു കാര്യം എന്തെന്നാല്‍, ഈ അനുഭവത്തിന് കീഴില്‍, ഗാസിയുമായും, മറ്റു സീരിയല്‍ കില്ലര്‍മാരുമായും ബന്ധപ്പെട്ടിട്ടുള്ള ഒരുപാട് പേര്‍, അവരുടെ അനുഭവങ്ങളുമായി മുന്നോട്ട് വന്നിരുന്നു. ഗാസിയുടെ അയല്‍ക്കാരനും, അയാളുടെ വീടിന്‍റെ alterations വര്‍ക്കുകള്‍ക്ക് പ്ലാന്‍ വരച്ചയാളുടെ മകനും അടക്കം.