മിറ്റ്സുബിഷിയിലെ ഡ്രാഫ്റ്റ്‌സ്മനായിരുന്ന യാമാഗുച്ചി, മൂന്ന് മാസത്തോളം നീണ്ട ട്രിപ്പിന് ശേഷം, തിരികെ പോരാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ്, തന്‍റെ സീലെടുക്കാന്‍ മറന്ന കാര്യം ഓര്‍മ്മ വരുന്നത്. ഉടനെ സഹപ്രവര്‍ത്തകരെ അവിടെ നിര്‍ത്തി, അദ്ദേഹം തിരികെ തന്‍റെ ജോലിസ്ഥലത്തേക്ക് നടന്നു.
നടക്കുന്നതിനിടെയാണ് പെട്ടെന്ന് air raid അലര്‍ട്ട് അവിടെങ്ങും മുഴങ്ങുന്നത്. ഒരു ശത്രുവിമാനം നഗരത്തിന്‍റെ മുകളിലൂടെ പറക്കുന്നുണ്ട്.
മുകളിലേക്ക് നോക്കിയ യാമാഗുച്ചി, അങ്ങ് ദൂരെ ഒരു ബോംബര്‍ വിമാനം പറക്കുന്നതും, അതില്‍ നിന്ന് പാരച്യൂട്ട് പോലെ എന്തോ താഴേക്ക് പതിക്കുന്നതും കണ്ടു. ഒപ്പം മിന്നല് പോലെയൊരു വലിയ പ്രകാശവും, കാതടപ്പിക്കുന്ന ശബ്ദവും. അക്ഷരാര്‍ത്ഥത്തില്‍ യാമാഗുച്ചിയുടെ കണ്ണുകളും, കാതും അപ്പോള്‍ അടഞ്ഞ് കഴിഞ്ഞിരുന്നു. ബോംബ് മൂന്ന് കിലോമീറ്റര്‍ അപ്പുറം വീണിട്ടും, അതിന്‍റെ ശക്തിയില്‍ യാമാഗുച്ചി പിന്നിലേക്ക് തെറിച്ചു പോയി.
എനോള-ഗേ എന്ന അമേരിക്കന്‍ ബോംബര്‍ കൊണ്ടിട്ട ലിറ്റില്‍ ബോയ് എന്ന അണുബോംബായിരുന്നു അത്. ഒരേസമയം ലോകത്തിലെ ആദ്യത്തെ അണുബോംബ് ആക്രമണത്തിന്‍റെ ഇരയും, ദൃക്സാക്ഷിയും ആവുകയായിരുന്നു യാമാഗുച്ചി അപ്പോള്‍.
ബോധം വന്നപ്പോള്‍ അരയ്ക്ക് മേല്‍പ്പോട്ട് സാരമായ പൊള്ളലുകളുണ്ട്, ചെവിക്കല്ല് രണ്ടിനും പരിക്കേറ്റ് ചോരയൊലിക്കുന്നു. കാഴ്ചയാകട്ടെ, വളരെ നേരത്തിന് ശേഷമാണു തിരികെ കിട്ടിയത്.
ഒരുവിധത്തില്‍ യാമാഗുച്ചി, അവിടന്ന് നിരങ്ങി ഒരു ബോംബ് ഷെല്‍ട്ടറില്‍ ചെന്ന് പറ്റി. അന്ന് സുഹൃത്തുക്കളോടൊപ്പം അവിടെ തങ്ങി, പിറ്റേന്ന് മാത്രമാണ് അവര്‍ക്ക് നാട്ടിലേക്ക് തിരിക്കാനായത്. ഹിരോഷിമയിലെ സ്ഥിതി അപ്പോള്‍ ഭയാനകമായതിനാല്‍, അവിടന്ന് കാര്യമായ വൈദ്യസഹായമൊന്നും കിട്ടിയിരുന്നില്ല.
രണ്ട് ദിവസങ്ങള്‍ക്ക് ശേഷം തന്നെ, യാമാഗുച്ചി, തന്‍റെ പരിക്കുകള്‍ വകവയ്ക്കാതെ ജോലിക്ക് ഹാജരായി.
ഓഫീസിലെ സൂപ്പര്‍വൈസര്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും മുന്നില്‍, അണുബോംബിന്‍റെ അവിശ്വസനീയ ശക്തിയെക്കുറിച്ചും, അത് വിതച്ച നാശത്തെകുറിച്ചും അയാള്‍ ഉറക്കെ വര്‍ണ്ണിച്ചെങ്കിലും, അവരില്‍ ഭൂരിഭാഗവും അത് ചിരിച്ച് തള്ളി.
അങ്ങോട്ട് വിവരങ്ങള്‍ എത്താന്‍ വൈകിച്ച വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ പോരായ്മയും, അണുബോംബിനെ കുറിച്ചുള്ള അജ്ഞതയും മാത്രമായിരുന്നില്ല. Industrialization തുടങ്ങി അപ്പോഴേക്കും സ്വയംപര്യാപ്തരായി മാറിയിരുന്ന ജപ്പാനിലെ ഒരു ശരാശരി നഗരവാസിക്ക്, തന്‍റെ ശത്രുരാജ്യം, നഗരങ്ങളെ കണ്ണടച്ച് തുറക്കും മുന്‍പേ നശിപ്പിക്കാനുതകുന്ന ബോംബ് ഉണ്ടാക്കിയെന്ന് വിശ്വസിക്കാനാകുന്നില്ലായിരുന്നു. അല്ലെങ്കിലും ഇമ്പീരിയല്‍ ജപ്പാനിലെ ഓരോ പൌരനും, അവരാണ് ലോകത്തിലെ ഏറ്റവും കേമാന്മാരെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു.
അങ്ങിനെ ഭ്രാന്തനെന്ന് വിളിച്ച് അയാളെ കളിയാക്കിയിരുന്ന ആ സമയത്ത് തന്നെയാണ്, അവരുടെ ഓഫീസ് നിന്നിരുന്ന നാഗസാക്കി നഗരത്തിലെ air raid സൈറണ്‍ മുഴങ്ങാന്‍ തുടങ്ങിയത്.
നിമിഷങ്ങള്‍ക്കുള്ളില്‍ അവിടന്ന്, ഏതാണ്ട് മൂന്ന് കിലോമീറ്ററോളം അകലെ, അമേരിക്കന്‍ ബോംബറായ ബോക്ക്സ്കാര്‍, ഫാറ്റ്മാന്‍ എന്ന രണ്ടാമത്തെ ആറ്റംബോംബും ഇട്ടു.
പക്ഷെ ഇത്തവണയും യാമാഗുച്ചി രക്ഷപ്പെട്ടു.
സഹപ്രവര്‍ത്തകരുടെ സംശയം മാറിയെങ്കിലും, പലര്‍ക്കും നന്നായിത്തന്നെ പരിക്കേറ്റിരുന്നു. ഒരാഴ്ചയോളം യാമാഗുച്ചിയും ഇന്‍ഫെക്ഷന്‍ ബാധിച്ച് കിടന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം, ജാപ്പനീസ് സര്‍ക്കാര്‍ ആക്രമണത്തില്‍ ബാധിക്കപെട്ടവരെ സ്മരിക്കുന്ന ചടങ്ങില്‍, യാമാഗുച്ചിയെ 'നാഗസാക്കി ആക്രമണത്തില്‍ രക്ഷപെട്ടയാള്‍' എന്ന് മാത്രമാണ് പരാമര്‍ശിച്ചത്. ഹിരോഷിമയില്‍ അദ്ദേഹമുണ്ടായിരുന്ന കാര്യം അവര്‍ അറിയാഞ്ഞതാണോ, അതോ യാമാഗുച്ചി ഔദ്യോഗികമായി അത് അറിയിക്കാഞ്ഞതാണോ എന്നറിയില്ല.
പതിറ്റാണ്ടുകള്‍ക്ക് ശേഷം 2009ല്‍ മാത്രമാണ്, യാമാഗുച്ചിയെ രണ്ട് ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെട്ട ഏക മനുഷ്യനായി സര്‍ക്കാര്‍ അംഗീകരിച്ചത്. 2010. ജനുവരി 23ന്, തൊണ്ണൂറ്റി മൂന്നാമത്തെ വയസ്സില്‍ അദ്ദേഹം ഈ ലോകത്തോട് വിടപറയുകയും ചെയ്തു.
by Ares Gautham