A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സ്‌കൂളിലെ പ്രിയപ്പെട്ട കൂട്ടുകാരെ തീവ്രവാദികളിൽനിന്നു രക്ഷിക്കാൻ ഒരു അഗ്നിഗോളമായി എരിഞ്ഞമർന്ന അയ്റ്റ്‌സസ് ഹസനെക്കുറിച്ചു കേട്ടിട്ടുണ്ടോ??



നമ്മുടെ അയൽ രാജ്യമായ പാക്കിസ്താനിലാണ് ചരിത്രം എന്നും നിറകണ്ണുകളോടെ ഓർത്തുവയ്ക്കുന്ന ഈ ബാലന്റെ കഥ നടന്നത്.2014 ജനുവരി ആറിന് വടക്കുകിഴക്കൻ പാക്കിസ്താനിലെ ഗോത്രമേഖലയായ ഹാങ്ങുവിലെ ഇബ്രാഹിം സായി എന്ന സ്‌കൂളിലായിരുന്നു ലോകത്തെ നടുക്കിയ ആ സംഭവം.രണ്ടായിരത്തോളം കുട്ടികൾപഠിക്കുന്ന സ്‌കൂളിലെ മിടുക്കരായ വിദ്യാർഥികളിൽ മുന്നിലായിരുന്നു ഹസൻ.
സംഭവം നടക്കുന്ന ദിവസം രാവിലെ സ്‌കൂളിനു മുന്നിൽ കൂട്ടുകാർക്കൊപ്പം വർത്തമാനം പറഞ്ഞുനിൽക്കുകയായിരുന്നു അവൻ. ആ സമയത്ത് സ്‌കൂളിൽ അഡ്മിഷനുവേണ്ടിയാണെന്ന പേരിൽ ഒരു അപരിചിതൻ അവിടേക്കു കടന്നുവന്നു. അയാളുടെ പെരുമാറ്റത്തിൽ അസ്വാഭിവകത തോന്നിയതിനാൽ ഹസനും കൂട്ടുകാരും അയാളെ കൂടുതൽ ചോദ്യം ചെയ്തു. അതിനിടയിൽ ആ ഞെട്ടിക്കുന്ന സത്യം കുട്ടികൾ തിരിച്ചറിഞ്ഞു.വന്നിരിക്കുന്നത് ഒരു ചാവേർ തീവ്രവാദിയാണ്.അതാ അയാളുടെ അരയിൽ വൻ സ്‌ഫോടക ശേഷിയുള്ള ഡിറ്റനേറ്റർ ഘടിപ്പിച്ചിരിക്കുന്നു.

ഒന്നുമറിയാത്ത സ്‌കൂളിലെ കുട്ടികൾക്കിടയിലേക്ക് പാഞ്ഞുകയറി സ്വയം പൊട്ടിത്തെറിച്ച് അവരെ കൊല്ലുകയാണ് അയാളുടെ പദ്ധതി. അയാളുടെ അരയിൽ ബോംബ് കണ്ടതോടെ ഹസന്റെ ഒപ്പമുണ്ടായവർ സ്‌കൂളിനകത്തേക്ക് ഓടി. എന്നാൽ ഹസൻ എന്ന കൊച്ചുധീരൻ പതറിയില്ല.അവൻ ആ തീവ്രവാദിയെ വട്ടംപിടിച്ചു.സ്‌കൂളിന്റെ മതിൽക്കെട്ടിൽനിന്നു പുറത്തേക്കു തള്ളാൻ തുടങ്ങി. ഹസന്റെ ചെറുത്തുനിൽപിൽ തോറ്റുപോയ ആ തീവ്രവാദി അവിടെവച്ച് പൊട്ടിച്ചിതറി, ഒപ്പം ഹസനും ആ സ്‌ഫോടനത്തിൽ ചിന്നഭിന്നമായി.നൂറുകണക്കിനു കൂട്ടുകാരുടെ ജീവൻ രക്ഷിച്ച്ഹസൻ അഗ്നിസ്ഫുലിംഗങ്ങളിൽ നക്ഷത്രമായി ആകാശത്തേക്കുയർന്നു.ലോകം മുഴുവൻ ആ നക്ഷത്രത്തെ നോക്കി കണ്ണീരണിഞ്ഞു.

ധീരതയുടെ ധ്രുവനക്ഷത്രമെന്ന പാക്കിസ്താനിലെ പരമോന്നത ബഹുമതി ഹസനെ തേടിയെത്തി.നൂറുകണക്കിന് അമ്മമാർ കരയാതിരിക്കാൻ എന്റെ മകൻ കാരണക്കാരനായല്ലോ എന്നായിരുന്നു ഹസന്റെ പിതാവിന്റെ പ്രതികരണം. പാക്കിസ്താനിലെ തീവ്രവാദത്തോട് സന്ധിയില്ലാ സമരം ചെയ്ത മലാല എന്ന പെൺകുട്ടിക്കു നൊബേൽ സമ്മാനം കിട്ടിയ അതേ വർഷം തന്നെയായിരുന്നു ഹസന്റെ രക്തസാക്ഷിത്വവും.മലാല വൻതുക ഹസന്റെ കുടുംബത്തിന് സഹായമായി നൽകി. ഇന്നു ഹസൻ പഠിച്ച സ്‌കൂൾ അവന്റെ പേരിലാണ് അറിയപ്പെടുന്നത്. ഹസന്റെ ധീര ജീവിതം ആധാരമാക്കി 2016ൽ സല്യൂട്ട് എന്ന സിനിമയും ഇറങ്ങി.
കടപ്പാട്-ശ്രീ പ്രസാദ്, മനോരമ പഠിപ്പുര