ഹിന്ദു പുരാണങ്ങളിൽ കലിയുഗത്തെ കുറിച്ചു പറയുന്നത് അന്ധകാരത്തിന്റെയും അജ്ഞതയുടെയും കാലഘട്ടമായാണ്. മനുഷ്യർ പാപികളും , അധർമ്മികളും, കള്ളന്മാരും , വഞ്ചകരും ആയിത്തീരും. ഭക്ഷണത്തിനും വെള്ളത്തിനും ദൗർലഭ്യം നേരിടും. അന്തരീക്ഷം മലീമസമായിത്തീരും. കുടുംബബന്ധത്തിനു പ്രാധാന്യം ഇല്ലാതായിത്തീരും . ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇനി സംഭവിക്കാനുള്ളതും ആയ കാര്യങ്ങൾ , ത്രികാല ജ്ഞാനികളായ മഹാത്മാക്കൾ എപ്പോഴേ കുറിച്ചുവച്ചിരിക്കുന്നു .
ശ്രീമദ് ഭഗവത് ഗീഥയിൽ ഭഗവാൻ കൃഷ്ണൻ പറയുന്നുണ്ട് , എപ്പോഴൊക്കെ ധർമത്തിന് ഗ്ലാനി സംഭവിക്കുന്നുവോ അപ്പോഴൊക്കെ ധർമ സംസ്ഥാപനാർത്ഥം താൻ അവതരിക്കുമെന്ന് . കലിയുഗത്തിൽ ഭഗവാൻ കല്ക്കിയായി അവതരിക്കും എന്നാണ് ലിഖിതമായിരിക്കുന്നതു .കൽക്കി അവതരിക്കുന്നത് കലിയുഗം അവസാനിക്കാറാവുമ്പോൾ ആണെന്നും , ദുഷ്ട നിഗ്രഹത്തോടെ കലിയുഗം അവസാനിക്കുമെന്നും വീണ്ടും സത്യയുഗം പുനഃസ്ഥാപിക്കപെടും എന്നും പറയപ്പെടുന്നു .
ശ്രീമദ് ഭാഗവതത്തിൽ കലിയുഗം എന്നത് 1200 ബ്രഹ്‌മ വർഷമാണ് . ബ്രഹ്‌മാവിന്റെ ഒരു വർഷം എന്നത് 360 മനുഷ്യ വർഷമാണ് . അതായത് കലിയുഗം എന്നു പറയുന്നത് 1200 × 360= 432,000 വർഷങ്ങൾ .ജൂലിയൻ കലണ്ടർ അനുസരിച്ചു് കലിയുഗം ആരംഭിച്ചത് 3102 ബി സി ഇ യിൽ ആണ് . അതായത് കുരുക്ഷേത്ര യുദ്ധം കഴിഞ്ഞു ഭഗവാൻ ശ്രീകൃഷ്ണൻ ദ്വാരകവാസം വെടിഞ്ഞു മഹാവിഷ്ണുവിൽ വിലയം പ്രാപിച്ചതിനു ശേഷം ( ദ്വാപര യുഗം അവിടെ അവസാനിച്ചു ).
വിഷ്ണു പുരാണത്തിൽ കൽക്കിയുടെ ജന്മസ്‌ഥലമായി വർണിച്ചിരിക്കുന്നതു ശംഭല എന്ന നഗരമാണ് .ശംഭല എന്നാൽ ശാന്തിയുടെയും സമാധാനത്തിന്റെയും തുരുത്തു എന്നർത്ഥം . പുണ്യജന്മങ്ങൾക്കു മാത്രമായുള്ള നഗരം . ആധികളോ വ്യാധികളോ ഇല്ല .ചിരംജീവികളാണത്രെ അവിടെയുള്ളവർ . സ്വർഗ്ഗം .
അങ്ങിനെ ഒരു നഗരം മിഥ്യയോ അതോ സത്യമോ . സത്യമാണെങ്കിൽ എവിടെയാണാ നഗരം .
മിഥ്യയായി കരുതിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു . എന്നാൽ മാർക്കോ പോളോ എന്ന സഞ്ചാരി (1254-1324) , തന്റെ യൂറോപിൽനിന്നും ഏഷ്യയിലേക്കുള്ള സഞ്ചാരത്തിനിടക്ക് (1271-1295) അങ്ങിനെ ഒരു നഗരം കണ്ടെത്തിയതായും അതിന്റെ മാപ്പ് സൂക്ഷിച്ചിരുന്നതായും പറയപ്പെടുന്നു. ഈ നഗരം ഹിമാലയപർവ്വതത്തിന്റെ ഉന്നതങ്ങളിൽ ടിബറ്റൻ മേഖലയിൽ സ്ഥിതി ചെയ്യുന്നു എന്നും , ശംഭല എന്നും ശാന്ഗ്രി - ലാ എന്നും അറിയപ്പെടുന്നു എന്നുള്ളതുമാണ് കണ്ടെത്തൽ. ഈ നഗരത്തിന്റെ ത്രിമാനത്തിലുള്ള കല്ലുകൊണ്ടുണ്ടാക്കിയ ഒരു മേപ്പ് ടിബറ്റിലെ ഒരു വിഹാരത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുന്നതായും പറഞ്ഞിരിക്കുന്നു . ഈ നഗരം ഹിമാലയ സാനുവിലാണെങ്കിലും അവിടുത്തെ കാലാവസ്ഥ കൊടും തണുപ്പല്ലത്രെ . സുഖകരമായ കാലാവസ്ഥ ആയതുകൊണ്ടത്രെ സ്വർഗ്ഗത്തോടുപമിച്ചിരിക്കുന്നതു .
വിശിഷ്ടമായ ചിന്താമണി രത്നം സൂക്ഷിച്ചിരിക്കുന്നതും ഇവിടെയാണെന്ന് പറയപ്പെടുന്നു .ശംഭലയിലേക്കുള്ള വഴി തുടങ്ങുന്നത് ടിബറ്റിലെ ജനവാസമില്ലാത്ത ഒറ്റപ്പെട്ടു കിടക്കുന്ന ഒരു സ്ഥലത്തെ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വിഹാരങ്ങളിൽ ഏതോ ഒന്നിൽനിന്നും ആണ് . അവിടെ ശംഭല രക്ഷാധികാരി എന്നറിയപ്പെടുന്ന ഒരു വിചിത്ര ജീവി കാവൽ നിൽപ്പുണ്ടത്രെ . ഈ വഴി മഞ്ഞു കൊണ്ടുള്ള ഒരു ഗുഹയാണ് .1600 കളിൽ രത്നത്രെ കുറിച്ച് കേട്ടറിഞ്ഞു കുറെ ആളുകൾ ഈ നഗരം അന്വേഷിച്ചു പോയെന്നും ആരും തിരിച്ചു വന്നില്ലെന്നും കാവൽ കാരനാൽ കൊല്ലപ്പെട്ടെന്നും പറയപ്പെടുന്നു .
എഡ്വിൻ ബെർണബോം എന്ന ഒരു പ്രൊഫസർ ( അദ്ദേഹം ഒരു പർവ്വതാരോഹകനും എഴുത്തുകാരനും കൂടിയാണ് ) ശംഭല എന്നത് വൃത്താകൃതിയിലുള്ളതും അതേസമയം 8 ദളങ്ങളോടുകൂടിയ ഒരു താമര പോലെ കിടക്കുന്നതുമായ നഗരമാണ് എന്നു തന്റെ 'ദി വേ ടു ശംഭല ' എന്ന പുസ്തകത്തിൽ വർണിച്ചിരിക്കുന്നു .നിക്കോളാസ് റോയിരിക്ക (1874-1947) എന്ന പ്രശസ്‌തനായ റഷ്യൻ ഗവേഷകനും മംഗോളിയയിൽ നിന്നും ചൈനയിലേക്ക് ടിബറ്റൻ അതിർത്തിയിലൂടെയുള്ള തന്റെ യാത്രയിൽ ശംഭല യെകുറിച്ചു വിവരിച്ചിട്ടുണ്ട് .
പറക്കും തളികകളെ കുറിച്ച് ഏറ്റവും കൂടുതൽ കണ്ടെന്നവകാശപെടുന്നവർ ടിബറ്റ് കാരത്രെ.
✍✍✍വിദ്യ