ഹോളിവുഡിന്‍റെ ആദ്യകാലത്ത് തന്നെ ഹിറ്റായി, അന്നത്തെ യുവാക്കളുടെ ഹരമായിരുന്ന ഈ താരസുന്ദരിയെ ചുറ്റിപ്പറ്റിയായിരുന്നു ആദ്യത്തെ ഹോളിവൂഡ് സ്കാന്‍ഡലുകളുടെ തുടക്കം.
പതിനഞ്ചാം വയസ്സില്‍ പട്ടിണി കാരണം സ്കൂള്‍ പഠനം ഉപേക്ഷിച്ച പെണ്‍കുട്ടിയാണ് ഒലീവ്, ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചതിനാല്‍ ഒരു ഫാക്ടറിയില്‍ ജോലി ചെയ്താണ്, അമ്മ, കുടുംബം നോക്കിയിരുന്നത്. പക്ഷെ അമ്മയുടെ ശമ്പളം ഒന്നിനും തികയില്ലെന്ന് മനസ്സിലാക്കിയ അവള്‍, അടുത്തുള്ള ഒരു കടയില്‍ സെയില്‍സ് ഗേള്‍ ആയി ജോലിക്ക് കയറി. തനിക്ക് കീഴെയുള്ള രണ്ട് അനുജന്മാരെ നോക്കാന്‍ വേണ്ടിയായിരുന്നു അത്.
പതിനാറാം വയസ്സിലായിരുന്നു ആദ്യ വിവാഹം. പക്ഷെ മൂന്ന് വര്‍ഷം മാത്രമായിരുന്നു അത് നീണ്ടു നിന്നത്.
ഒരു ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറില്‍ ക്ലര്‍ക്ക് ആയിരുന്ന ഒലീവ്, തന്‍റെ ജോലിയും, ഭര്‍ത്താവിനെയും ഉപേക്ഷിച്ച്, 1913ല്‍, ന്യൂ യോര്‍ക്കിലേക്ക് വണ്ടി കയറി. ഗാര്‍ഹിക പീഡനമാണ് divorce നല്‍കാനുള്ള കാരണമായി കൊടുത്ത ആപ്ലിക്കേഷനില്‍ പറയുന്നത്. അത് പ്രകാരമാണ് divorce ലഭിച്ചതും. പക്ഷെ ഭര്‍ത്താവ് പറയുന്ന കഥ വേറെയാണ്.
ആഡംബരമോഹിയും, പ്രശസ്തിക്ക് വേണ്ടി എന്തും ചെയ്യുന്നവളും ആയിരുന്നു ഒലിവ് എന്ന്, ഒരിക്കല്‍ ഒരു പത്രത്തിന് നല്‍കിയ ഇന്‍റര്‍വ്യൂവില്‍ അയാള്‍ പറഞ്ഞിരുന്നു. ഇത് പക്ഷെ ഒലിവ് താരമായതിന് ശേഷം വന്ന ഇന്‍റര്‍വ്യൂ ആയതുകൊണ്ട് ഒട്ടും വിശ്വാസയോഗ്യമല്ല.
ഹോവാര്‍ഡ് ചാന്‍ഡ്ലര്‍ ക്രിസ്റ്റി എന്ന ആര്‍ട്ടിസ്റ്റ് നടത്തിയ ഒരു മത്സരത്തില്‍ വിജയിയായി, most beauitful girl in New York എന്ന പട്ടം കിട്ടിയതോടെയാണ് ഒലീവിന്‍റെ രാശി തെളിയുന്നത്. തുടക്കകാലത്ത്, വളരെയധികം ആര്‍ട്ടിസ്റ്റുകളുടെ മോഡലായും, ആ പ്രശസ്തി കൊണ്ട് സിഗ്ഫീല്‍ഡ് ഫോളീസ് എന്ന പ്രമുഖ ബ്രോഡ്-വേ നാടക ഗ്രൂപ്പിലേക്കും, അതുവഴി സിനിമയിലേക്കും ഒലിവ് വളരെ വേഗം എത്തിപ്പെട്ടു.
ഇതിനിടെ തന്‍റെ സഹോദരന്മാരെയും സിനിമയിലേക്ക് കൊണ്ടെത്തിക്കാന്‍ ഒലിവ് മറന്നില്ല.
സിനിമയില്‍ നിന്ന് തന്നെയായിരുന്നു രണ്ടാമത്തെ വിവാഹവും.
അക്കാലത്തെ ഹിറ്റ് നായികയായിരുന്ന മേരി പിക്ക്ഫോര്‍ഡിന്‍റെ സഹോദരനും, നടനുമായ ജാക്ക് പിക്ക്ഫോര്‍ഡ് ആയിരുന്നു വരന്‍. രണ്ടുപേരും ഒരുപോലെ ചിന്തിക്കുന്ന, ഒരുപോലെ ജീവിതത്തെ ആസ്വദിച്ച്, അടിച്ചുപൊളിച്ചു നടക്കുന്നവരായിരുന്നു.
പിക്ക്ഫോര്‍ഡിന്‍റെ കുടുംബത്തിന് താല്പര്യമില്ലാഞ്ഞത് കൊണ്ടാവണം, 1916ല്‍, രണ്ടാളും ഒളിച്ചോടിയാണ് വിവാഹം കഴിച്ചത്.
ജീവിതം വളരെ സന്തോഷകരം ആയിരുന്നെങ്കിലും, കാലക്രമേണെ പതുക്കെ പ്രശ്നങ്ങള്‍ തലപൊക്കുന്നുണ്ടായിരുന്നു. അങ്ങിനെ, 1920ല്‍, ബന്ധം ഒന്നുകൂടെ ദൃഡമാക്കാനായി, അവര്‍, പാരിസിലേക്ക് ഒരു രണ്ടാം ഹണിമൂണ്‍ ട്രിപ്പിനായി പുറപ്പെട്ടു.
ഈ ട്രിപ്പിനിടെ ഒരു രാത്രിയിലാണ് അവരുടെ ജീവിതം കീഴ്മേല്‍ മറിയുന്നത്.
ഒരു പാര്‍ട്ടിക്ക് ശേഷം അത്യാവശ്യം കുടിച്ചിട്ടാണ് രണ്ടാളും ഹോട്ടലിലേക്ക് എത്തിയത്. വന്നപാടെ ജാക്ക് കിടക്കയിലേക്ക് മറിഞ്ഞ് ഉറക്കം തുടങ്ങി. ഒലിവ്, അവളുടെ അമ്മയ്ക്ക് കത്തെഴുതാനും. അല്‍പനേരം കഴിഞ്ഞ് ഒലിവിന്‍റെ കരച്ചില്‍ കേട്ട് ജാക്ക് കണ്ണ് തുറക്കുമ്പോള്‍, അവള്‍, നിന്ന നില്‍പ്പില്‍, മറിഞ്ഞ് വീഴാന്‍ തുടങ്ങുകയായിരുന്നു.
ജാക്ക് വേഗം ചെന്ന് അവളെ കോരിയെടുത്തപ്പോള്‍, അവള്‍, അടുത്ത് കിടന്നിരുന്ന ബോട്ടിലിലേക്ക് കൈചൂണ്ടി അതെന്താണെന്ന് ചോദിച്ചു. ബോട്ടിലില്‍, ഫ്രഞ്ച് ഭാഷയില്‍ 'വിഷം' എന്നാണ് എഴുതിയിരുന്നത്. ജാക്ക് തന്‍റെ സിഫിലിസ് ഭേദമാക്കാനായി വാങ്ങിയ മരുന്നായിരുന്നു അത്, mercury bichloride. അറിയാതെ വെള്ളമോ, ഉറങ്ങാനുള്ള മരുന്നോ ആണെന്ന് കരുതിയാണ് ഒലിവ് അതെടുത്ത് കുടിച്ചതെന്ന് പറയപ്പെടുന്നു.
അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം, ആശുപത്രിയില്‍ വച്ച് ഒലിവ് മരണപ്പെട്ടു. മരണപ്പെടുമ്പോള്‍ വെറും 25 വയസ്സായിരുന്നു അവളുടെ പ്രായം.
ഒലിവിന്‍റെ മരണകാരണം അബദ്ധത്തില്‍ സംഭവിച്ച അപകടമാണെന്ന് ഡോക്ടര്‍മാര്‍ക്കോ, ബന്ധുക്കള്‍ക്കോ സംശയമില്ല. ആ സമയം ആശുപത്രിയില്‍ ഉണ്ടായിരുന്ന സുഹൃത്തും, മേരി പിക്ക്ഫോര്‍ഡിന്‍റെ മുന്‍ഭര്‍ത്താവും, നടനുമായ ഓവന്‍ മൂറും അത് സ്ഥിരീകരിക്കുന്നുണ്ട്. പക്ഷെ അന്നത്തെ മീഡിയ, ഈ അപകടത്തെ, അക്ഷരാര്‍ഥത്തില്‍ ഒരാഘോഷമാക്കി മാറ്റി.
ഒലിവിനെ, ജാക്ക് വധിക്കാന്‍ ശ്രമിച്ചതാണെന്ന് ഭൂരിഭാഗം പത്രങ്ങളും വിധിയെഴുതി. കുറേപ്പേര്‍ പറഞ്ഞു ആത്മഹത്യയാണെന്ന്, ജാക്കിന്‍റെ പരസ്ത്രീ ബന്ധങ്ങളുടെ പേരില്‍. വേറെ ചിലര്‍ പറഞ്ഞു, ജാക്കിന് ബാധിച്ച സിഫിലിസ് (ലൈംഗിക രോഗം) തനിക്കും ബാധിച്ചതറിഞ്ഞതിന്‍റെ നിരാശയാണെന്ന്. പിന്നെ പറഞ്ഞു മയക്കുമരുന്നിന് അടിപ്പെട്ട് ബോധമില്ലാതെ എടുത്ത് കുടിച്ചതാണെന്ന്. പക്ഷെ റിപ്പോര്‍ട്ടുകളില്‍ എല്ലാറ്റിലും ജാക്കിന് നല്ല വില്ലന്‍ പരിവേഷം കൊടുക്കാന്‍ ആരും മറന്നില്ല.
ജാക്കിനെ അറിയുന്നവര്‍ക്ക് ഈ കാര്യത്തില്‍ ഒരു സംശയവും ഇല്ലായിരുന്നു. ഒലിവിനെ അത്രമാത്രം ജീവനായിരുന്നു ജാക്കിന്. മൃതദേഹവുമായി അമേരിക്കയിലേക്ക് വരുന്നതിനിടെ പലതവണയാണ് അയാള്‍ ആത്മത്യയ്ക്ക് മുതിര്‍ന്നത്. തനിക്കായി ലഭിച്ച ഒലിവിന്‍റെ സ്വത്തിന്‍റെ പങ്കും, ജാക്ക്, അവളുടെ അമ്മയ്ക്ക് തന്നെ തിരികെ കൊടുത്തു.
പിന്നീട് മദ്യത്തിനും, മയക്കുമരുന്നിനും അടിമയായി മാറിയ ജാക്കിനെയാണ് ലോകം കണ്ടത്. ഒലിവിന് ശേഷം രണ്ട് തവണ അയാള്‍ വിവാഹിതനായെങ്കിലും, പിന്നീടൊരിക്കലും, ആ ജീവിതം പഴയപോലെ ആയിരുന്നില്ല. രണ്ടാമത്തെ വിവാഹത്തിന്‍റെ ആയുസ്സ് ആകട്ടെ വെറും ആഴ്ചകള്‍ മാത്രവും.
1933ല്‍ മരണമടയുമ്പോള്‍ ജാക്കിന്‍റെ പ്രായം 36 വയസ്സായിരുന്നു.
by Ares Gautham