ഒരു മഹാപ്രളയത്തിന്റെ വർണന മിക്കവാറും എല്ലാ ജന സമൂഹങ്ങളുടെയും പൊതു സ്മരണകളിൽ അഭേദ്യമായി അലിഞ്ഞു ചേർന്നിട്ടുണ്ട് .മിക്കവാറും മനുഷ്യന്റെ സ്മരണകളും ,ഇതിഹാസങ്ങളും ആദികാവ്യങ്ങളുമൊക്കെ ഏതെങ്കിലും മൂല വസ്തുതകളെ ആശ്രയിച്ചിട്ടുള്ളതാണ് .ഭാവനാസമ്പന്നരായ കവികൾ അവയിൽ വർണനകളുടെ തൊങ്ങലുകൾ ചാർത്തുമ്പോഴാണ് അവ തീർത്തും കാല്പനികം ആണെന്നുള്ള തോന്നൽ ഉണ്ടാകുന്നത് .
.
വലിയ പ്രളയങ്ങൾ എല്ലാ നദീതടങ്ങളിലും ഉണ്ടാകാറുണ്ട് .ഓസ്ട്രേലിയയിലെ വൻ മരുഭൂമിയിൽ പോലും ദശാബ്ദത്തിൽ ഒന്നെന്ന തോതിൽ പ്രളയങ്ങൾ ഉണ്ടാകാറുണ്ട് .എന്നാലും ഇതിഹാസ പ്രോക്തമായ മഹാപ്രളയം എവിടെയാണ് ഉണ്ടായത് എന്ന കാര്യത്തിൽ ഏകാഭിപ്രായം ഇല്ല .എന്നാലും ഇന്നേക്ക് ഏകദേശം പതിനായിരം കൊല്ലം മുൻപ് കരിംകടൽ പ്രദേശത് ഐതിഹാസിക വലിപ്പമുള്ള ഒരു പ്രളയം നടന്നിരിക്കാനുള്ള സാധ്യത പല പഠനങ്ങളും മുന്നോട്ടുവക്കുന്നുണ്ട് .ശാസ്ത്രീയമായും നൂറു ശതമാനം അംഗീകരിക്കപ്പെട്ടില്ലെങ്കിലും കരിങ്കടൽ പ്രളയ സിദ്ധാന്തം (Black Sea deluge Hypothesis ) ഇന്ന് വളരെ സംഭവ്യമായ ഒരു പുരാതന സംഭവമായാണ് കരുതപ്പെടുന്നത്
.
ഇന്നേക്ക് ഇരുപതിനായിരം വര്ഷം മുൻപ് ഭൂമി ഹിമയുഗത്തിന്റെ പിടിയിലായിരുന്നു .ഭൂമിയിലെ ശുദ്ധജലത്തിന്റെ നല്ലൊരു പങ്ക് ധ്രുവപ്രദേശങ്ങളിലെ മഞ്ഞുകട്ടകളായി ഉറഞ്ഞിരിക്കുകയായിരുന്നു .സമുദ്ര നിരപ്പ് ഇന്നത്തേതിലും നൂറ്റി അമ്പതു മീറ്റർ താഴെ .ഭൂമി ഇന്ന് കാണുന്ന തരത്തിലെ അല്ല ശ്രീലങ്ക ഇന്ത്യയുടെ ഭാഗം ഏഷ്യയും ഉത്തര അമേരിക്കയും കരയാൻ ബന്ധിക്കപ്പെട്ടിരുന്നു .കേരളത്തിന്റെ തീരം ഇന്നത്തേതിലും ഇരുപതിലധികം കിലോമീറ്ററുകൾ കടലിന് ഉള്ളിലേക്കായിരുന്നു . ഇന്ന് മെഡിറ്ററേനിയൻ കടലുമായി ബോസ്ഫെറസ് കടലിടുക്കുവഴി ബന്ധിപ്പിച്ചിരുന്ന കരിങ്കടൽ അന്ന് ഒരു വിശാലമായ ഒരു ശുദ്ധജല തടാകം . കരിങ്കടൽ തീരം ഇന്നത്തേതിലും കിലോമീറ്ററുകൾ ഉള്ളിലേക്കായിരുന്നു.
.
ശുദ്ധജലം ആവോളം ലഭിക്കും എന്നതിനാൽ മനുഷ്യർ വലിയ തോതിൽ കരിങ്കടൽ തീരത്ത് തമ്പടിച്ചു .കൃഷിയിലൂടെ സ്ഥിരവാസമുറപ്പിക്കാനുള്ള പ്രാപ്തി നേടി .കാർഷിക മിച്ചം ചെറു സമൂഹങ്ങളെ സമ്പന്നമാക്കി .കരിങ്കടൽ തീരം സരസ്വതി -സിന്ധു തടം പോലെ നാഗരികതയുടെ കളിത്തൊട്ടിലായി .
.
ഇന്നേക്കും ഏകദേശം പതിനയ്യായിരം കൊല്ലം മുൻപാണ് ഭൂമി ഹിമയുഗത്തിൽ നിന്നും പുറത്തു വരാൻ തുടങ്ങിയത് .വർധിച്ച താപനില ധ്രുവങ്ങളിലെ ഹിമാനികളെ ഉരുക്കാൻ തുടങ്ങി .വൻതോതിൽ ജലം സമുദ്രത്തിലേക്ക് പാഞ്ഞെത്താൻ തുടങ്ങി .അതോടെ സമുദ്ര നിരപ്പും ക്രമേണ ഉയരാൻ തുടങ്ങി .ഉയർച്ച ഏതാണ്ട് നൂറ്റാണ്ടിന് ഒരു മീറ്റർ എന്ന തോതിലായിരുന്നതിനാൽ തീരത്തു വസിച്ചിരുന്ന ജനസമൂഹങ്ങൾ പതിയെ പുതിയ തീരത്തിനനുരൂപമായി വാസസ്ഥലം മാറ്റി .പക്ഷെ കരിങ്കടൽ തീരം ഒരു ദുരന്തത്തിന് തയ്യാറെടുക്കുകയായിരുന്നു .കരിങ്കടലും മധ്യ ധരണ്യാഴിയും താരതമ്യേന ഇടുങ്ങിയ ഒരു മണ്തിട്ടകൊണ്ടാണ് വേർതിരിക്കപ്പെട്ടിരിക്കുന്നത് .ഏതാനും കിലോമീറ്റര് വീതിയുള്ള ദുർബലമായ മൺതിട്ട .ഇന്നേക്കും ഏതാണ്ട് പതിനായിരം -ഒമ്പതിനായിരം കൊല്ലം മുൻപ് മധ്യ ധരണ്യാഴിയുടെയും കരിങ്കടലിനിറ്റും നിരപ്പുകൾ തമ്മിൽ ഏതാണ്ട് നൂറു മീറ്റർ വ്യത്യാസം ഉണ്ടായിരുന്നു ..മധ്യ ധരണ്യാഴിയിലെ ജലഭിത്തി കരിംകടലിലേക്ക് പാഞ്ഞൊഴുകാൻ ഒരു പഴുത് കാത്തിരിക്കുകയായിരുന്നു .എങ്ങിനെയാണ് ആ പഴുതുണ്ടായതെന്ന് നിസ്സംശയമായി തെളിയിക്കപ്പെട്ടിട്ടില്ല .പക്ഷെ ദിവസങ്ങൾ നീണ്ടുനിന്ന ഒരു പേമാരി സ്വതവേ ദുർബലമായ ആ മൺഭിത്തിയുടെ കരുത്ത് ചോർത്തിക്കളഞ്ഞിരിക്കാം .ദുർബലമായ മൺഭിത്തിയിൽ വീണ ഒരു പഴുതിലൂടെ മധ്യ ധരണ്യാഴിയിലെ ജലം കരിങ്കടലിലേക്ക് പാഞ്ഞൊഴുകാൻ തുടങ്ങി .
.
ഗംഗാനദിയുടെ പെരുമഴക്കാലത്തു പരന്നൊഴുകുന്നത്തിന് സമാനമായ തോതിലാണ് ജലം മധ്യധരണ്യാഴിയിൽനിന്നും കരിങ്കടലിലേക്ക് പാഞ്ഞൊഴുകിയത് ദിവസങ്ങൾക്കുള്ളിൽ കേരളത്തിന്റെ അഞ്ചിരട്ടി വരുന്ന പ്രദേശം വെള്ളത്തിനടിയിലായി .കരിങ്കടലിനു സമീപത്തു ജീവിച്ചിരുന്ന ജനതയിൽ മഹാഭൂരിപക്ഷവും ഈ പ്രളയത്തെ അതിജീവിച്ചിരിക്കില്ല .രക്ഷപ്പെട്ട ചിലർ നിലനിൽപ്പിനായി മറ്റു സംസ്കാരങ്ങളിലേക്ക് പലായനം ചെയ്തിരിക്കാം .അവരിലൂടെ മഹാപ്രളയത്തിന്റെ കഥ നാവില്നിന്നും നാവിലൂടെ ജനപദങ്ങളും സംസ്കാരങ്ങളും കടന്ന് മനുഷ്യന്റെ പൊതു സ്മരണയുടെ ഭാഗമായി മാറിയതിന്റെ ഓര്മപ്പെടുത്തലുകളാവാം സംസ്കാരങ്ങൾക്കതീതമായി നിലനിൽക്കുന്ന പ്രളയ കഥയുടെ സൂക്ഷ്മ രൂപം
.
ചിത്രo :കരിങ്കടല്ത്തീരം പ്രളയത്തിനുമുന്പും അതിനുശേഷവും . : ചിത്രo കടപ്പാട് വിക്കിമീഡിയ കോമൺസ്
--
This post is an original work,based on the given references .It not a shared post or a copied post: Rishidas S
--
Ref:
1. http://www.globalsecurity.org/…/w…/iraq/history-deluge-4.htm
2. https://en.wikipedia.org/wiki/Black_Sea_deluge_hypothesis