പുരാതന യവന സങ്കല്പങ്ങൾ പ്രകാരം സ്യൂസ് ആണ് ദേവാധിദേവൻ . ഇടിമിന്നലുകളുടെ ദേവൻ . സ്വ സഹോദരങ്ങളെ പിതാവായ ക്രോണസിന്റെതടവറയിൽ നിന്ന് മോചിപ്പിച്ച സൂത്രശാലി. സ്യൂസിന്റെ പിതാവ് ക്രോണസ് ടൈറ്റൻമാർ എന്നറിയപ്പെട്ട പ്രാചീന ദേവന്മാരുടെ നേതാവായിരുന്നു . ഒരു മഹായുദ്ധത്തിലൂടെ ടൈറ്റൻമാരെ സ്ഥാന ഭ്രഷ്ടരാക്കിയാണ് സ്യൂസും സഹോദരങ്ങളും ദേവലോകം പിടിച്ചടക്കയത് . കീഴ്പ്പെടുത്തിയ ടൈറ്റൻമാരിൽ പലരെയും സ്യൂസ് നരകത്തിന്റെ അധോലോകമായ ടാർടാറാസിൽ തടവിലാക്കുകയും ചെയ്തു . ടൈറ്റൻമാരുടെ സഹോദരസ്ഥാനീയരായിരുന്ന സെയ്ക്ളോപ്പ്സും (Cyclopes ), നൂറുകൈയന്മാരുമാണ് (Hundred Handers-Hecatoncheires ) ടൈറ്റൻമാർക്കെതിരായ യുദ്ധത്തിൽ സ്യൂസിനും സഹോദരങ്ങൾക്കും ഒപ്പം പൊരുതിയത്. സെയ്ക്ളോ പ്സ് സ്യൂസിന് അതിശക്തമായ ഇടിമിന്നലിന്റെ വജ്രായുധം നിർമിച്ചു നൽകി .നൂറുകൈയന്മാർ ആകട്ടെ കൂറ്റൻ മലകൾ എടുത്തെറിഞ് ടൈറ്റൻമാരെ പരവശരാക്കി . തങ്ങളെ ക്രോണസിന്റെ തടവറയിൽ നിന്ന് മോചിപ്പിച്ച സ്യൂസിനോടുള്ള പ്രത്യുപകാരമാണ് നൂറുകൈയന്മാർ ചെയ്തത് .
.
ടൈറ്റൻമാരെ നിഷ്കാസനം ചെയ്ത സ്യൂസും സഹോദരന്മാരും അങ്കലാപ്പിലായി . സ്യൂസ് നേതാവാണെങ്കിലും ഒളിംപ്യൻമാരിൽ ( അങ്ങിനെയാണ് ക്രോണസിന്റെ സന്താനങ്ങൾ അറിയപ്പെടുന്നത് ) ഏറ്റവും ഇളയവനായിരുന്നു . മുറപ്രകാരം മൂപ്പനായ ഒളിമ്പ്യൻ ഹേഡീസ്( Hedes) ആണ് ദേവാധിദേവനാകേണ്ടത് . സ്യൂസ് ഒരു നറുക്കെടുപ്പ് നിർദേശിച്ചു മറ്റുള്ളവർക്കും അത് സമ്മതമായി . നറുക്കെടുപ്പിലും സ്യൂസ് തന്നെ വിജയിച്ചു . സ്യൂസ് സ്വർഗ്ഗത്തിന്റെ അധിപനായി . മൂപ്പനായ ഹേഡീസ് പാതാളലോകങ്ങളുടെ അധിപനായി . പോസെഡോൺ ( Poseidon) സമുദ്രത്തിന്റെ അധിപനായി . ഹേര (Hera ) സ്യൂസിന്റെ പത്നിയും ദേവകളുടെ രാജ്ഞിയുമായി. മറ്റുള്ളവരും സ്ഥാനമാനങ്ങൾ പങ്കിട്ടെടുത്തു .
.
കാലം കുറെ കഴിഞ്ഞപ്പോൾ പലർക്കും സ്യൂസിനെ പുറത്താക്കണം എന്ന തോന്നൽ വന്നു . പലർക്കും പലതായിരുന്നു കാരണം . എന്നാൽ അടിസ്ഥാനപരമായി സ്യൂസ് ഇളയ ഒളിമ്പ്യൻ ആണെന്നതായിരുന്നു കാരണം . ഗൂഡാലോചനക്ക് നേതൃത്വം നൽകിയത് പത്നിയായ ഹേര തന്നെയായിരുന്നു . സമുദ്രദേവനായ പോസെഡോൺ, സൂര്യ ദേവനായ അപ്പോളോ എന്നിവരായിരുന്നു മറ്റു പ്രമുഖ അട്ടിമറി ഗൂഡാലോചനക്കാർ . ഉറങ്ങുന്ന സ്യൂസിനെ അവർ സൂത്രത്തിൽ ഇരുമ്പു ചങ്ങലകൾ കൊണ്ട് കെട്ടിയിട്ടു . സ്യൂസ് ഉണർന്നപ്പോൾ തന്റെ സ്ഥാനം പത്നി ഹേര കൈയടക്കിയതായി മനസ്സിലായി . ദേഷ്യം കൊണ്ട് സ്യൂസ് ഉച്ചത്തിൽ നിലവിളിച്ചു . ചങ്ങലയിൽകിടന്ന നിലവിളിക്കുന്ന സ്യൂസിനെ ഹെരായും പോസെഡോ ണും കണക്കിന് പരിഹസിച്ചു .
.
സ്യൂസിന്റെ ഭാഗ്യത്തിന് നിലവിളി നരകത്തിൽ വസിക്കുന്ന നൂറു കൈയ്യന്മാർ കേട്ടു . തങ്ങളുടെ സുഹൃത് അപകടത്തിലാണെന്ന് മനസ്സിലാക്കിയ അവർ സ്വർഗത്തിൽ പാഞ്ഞെത്തി . അവരെ നേരിടാനുള്ള പ്രാപ്തി അട്ടിമറിക്കാർക്കുണ്ടായില്ല
.
കുറച്ചു കഴിഞ്ഞപ്പോൾ ദയാലുവായ സ്യൂസ് ഹേരയെ മോചിപ്പിച്ചു വീണ്ടും ദേവലോകത്തിലെ രാജ്ഞിയാക്കി .പോസിഡോണിന് സമുദ്രത്തിന്റെ ഭരണവും അപ്പോളോക്ക് സൂര്യന്റെ നിയന്ത്രണവും മടക്കി നൽകി . പിന്നീട് സ്യൂസിനെ അട്ടിമറിക്കാൻ ആരും ശ്രമിച്ചില്ല . എല്ലാം നന്നായി പര്യവസാനിച്ചു .
--
ചിത്രം : സ്യൂസിന്റെ പ്രതിമ : കടപ്പാട് : https://