A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഒരു വിരൂപ റാണിയുടെ അവിശ്വസനീയ ജീവിത യാഥാര്‍ത്ഥ്യം


🌷🌷പാതിവഴിയില്‍ നിലച്ചു പോയ പരിണാമ പ്രക്രിയയുടെ പാപഭാരവുമായി, വൈരൂപ്യത്തിന്റെ ബ്രാന്‍ഡ് അംബസഡറായി ഈ ലോകത്ത് പിറന്നവള്‍ ജൂലിയ പാസ്ട്രാന. നിലക്കണ്ണാടിയില്‍ സ്വന്തം രൂപം കണ്ടാല്‍ പോലും ഭയന്നു പോകുമായിരുന്നു ജൂലിയ. ലോകത്തിനു മുന്നില്‍ ഒരു പരിഹാസ കഥാപാത്രമായി ജീവിക്കേണ്ടിവന്ന ഈ വിരൂപറാണിക്ക് ഒടുവില്‍ രക്ഷകനുണ്ടായി. ആടിയും പാടിയും തന്റെ വൈകൃതം മാര്‍ക്കറ്റ് ചെയ്ത് അവളും അവനും ലോക സഞ്ചാരം നടത്തി, പണം സമ്പാദിച്ചു. ഒടുവില്‍ പാസ്ട്രാനയുടെ ഇരുപത്തിയാറാം വയസില്‍ അതു സംഭവിച്ചു... ലോകത്തെ ഏറ്റവും വിരൂപിയായ ഈ വനിത മരിച്ചിട്ട് 157 വര്‍ഷം കഴിഞ്ഞു. പക്ഷേ, എണ്ണിയാലൊടുങ്ങാത്ത പ്രദര്‍ശന വിവാദങ്ങളുണ്ടാക്കിയ ജൂലിയയുടെ മൃതദേഹം സംസ്‌കരിച്ചത് അഞ്ച് വര്‍ഷം മുമ്പ് ... അതായത് 2013 ഫെബ്രുവരി 13-ാം തീയതി. അവളുടെ ദുരന്ത ജീവിതത്തിന്റെ 'റിയാലിറ്റി ഷോ' അവിശ്വസനീയമാണ്...അസാധാരണമാണ്...
മെക്‌സിക്കോയിലെ സിനലൊവ സ്റ്റേറ്റിലെ സിയേറയില്‍ 1834 മാര്‍ച്ച് 25നായിരുന്നു ആ വിചിത്ര ശിശു പിറന്നത്. മുഖവും ശരീരമാസകലവും കറുത്ത് ഇടതൂര്‍ന്ന രോമങ്ങള്‍. ചെവികളും മൂക്കും അസാമാന്യ വലുപ്പമുള്ളതായിരുന്നു. ക്രമം തെറ്റിയ രണ്ടു വരി പല്ലുകള്‍. തടിച്ചു വീര്‍ത്ത ചുണ്ടും മോണയും. വൈദ്യശാസ്ത്രം 'ഹൈപ്പര്‍ ട്രിക്കോസിസ് ടെര്‍മിനാലിസ്' എന്നും 'ജിന്‍ജിവല്‍ ഹൈപ്പര്‍ പ്ലാസിയ' എന്നും പേരിട്ടു വിളിച്ച അത്യപൂര്‍വ രോഗമായിരുന്നു ഈ വൈകൃതത്തിനു കാരണം. അവളാണ് ജൂലിയ പാസ്ട്രാന. പക്ഷേ സമൂഹം ജൂലിയയെ കളിയാക്കി വിളിച്ചത് 'കുരങ്ങത്തി'യെന്നും 'കരടിപ്പെണ്ണെ'ന്നുമൊക്കെയാണ്. അലക്‌സാണ്ടര്‍ ബി മോട്ട് എന്ന ഡോക്ടര്‍, 'മനുഷ്യനും ഒറാങ് ഉട്ടാനും (ചിംപൻസി വർഗ്ഗത്തിൽ പ്പെട്ട ഒരു കുരങ്ങ്) തമ്മിലുള്ള വേഴ്ചയിലൂടെ പിറന്നവള്‍...' എന്ന ജനന സര്‍ട്ടിഫിക്കറ്റാണ് പാസ്ട്രാനയ്ക്ക് ചാര്‍ത്തിക്കൊടുത്തത്. ക്ലീവ്‌ലാന്‍ഡിലെ ഡോ. എസ്. ബ്രെയ്‌നിഡ് പറഞ്ഞത് ഇത് വേറിട്ടൊരു വര്‍ഗമാണെന്നാണ്. അങ്ങനെ വൈദ്യശാസ്ത്രം പല പല വിശേഷണങ്ങള്‍ ജൂലിയയ്ക്ക് നിര്‍ദയം നല്‍കി.
വൈരൂപ്യത്തിന്റെ കണ്ണീരുമായി വളര്‍ന്ന ജൂലിയയുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടായത് 1954ല്‍ അവരുടെ ഇരുപതാമത്തെ വയസിലാണ്. സംഗീത പരിപാടികളും പ്രദര്‍ശനങ്ങളഉം നടത്തുന്ന തിയോഡര്‍ ലെന്റ് അഥവാ ലൂയിസ് ബി ലെന്റ് എന്ന അമേരിക്കക്കാരന്‍ ജൂലിയയെ കാണാനിടയായി. ലെന്റ് ജൂലിയയെ, അവളുടെ അമ്മയെന്ന് കരുതപ്പെട്ടിരുന്ന സ്ത്രീയില്‍ നിന്ന് വാങ്ങി. ലെന്റ് ജൂലിയയെ നൃത്തവും സംഗീതവും പഠിപ്പിച്ചു. തുടര്‍ന്ന് 'താടിയും മീശയും ശരീരം രോമാവൃതവുമായ സ്ത്രീ' എന്ന ട്രേഡ് നെയ്മില്‍ ജൂലിയയുമായി ലെന്റ് അമേരിക്കയിലും യൂറോപ്പിലാകമാനവും സഞ്ചരിച്ചു. ഇതിനിടെ മൂന്നു ഭാഷകളില്‍ എഴുതാനും വായിക്കാനും ജൂലിയ പഠിച്ചു. ഷോകളില്‍ പാസ്ട്രാനയെ കാണാന്‍ ആയിരങ്ങള്‍ ആവേശത്തോടെ തടിച്ചു കൂടി.
താമസിയാതെ ലെന്റ് ജൂലിയയെ വിവാഹം കഴിച്ചു. അവള്‍ ഗര്‍ഭിണിയായി. 1860ല്‍ മോസ്‌കോയില്‍ ഒരു പ്രദര്‍ശന പര്യടനത്തിനിടെ ജൂലിയ ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി. ആ കുഞ്ഞ് അമ്മയുടെ തല്‍സ്വരൂപമായിരുന്നു. പക്ഷേ മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കുഞ്ഞ് മരിച്ചു. വിധി ജൂലിയയെയും ജീവിക്കാനനുവദിച്ചില്ല. പ്രസവത്തിന്റെ അഞ്ചാം നാള്‍ വിരൂപദേഹത്തു നിന്നും ജൂലിയയുടെ ജീവന്‍ പറന്നകന്നു പോയി. പക്ഷേ, മകന്റെയും ഭാര്യയുടെയും മൃതദേഹം ലെന്റ് സംസ്‌കരിച്ചില്ല. അയാള്‍ ഈ ജഡങ്ങളുടെ കച്ചവടമൂല്യം മനസിലാക്കി. ലെന്റ് മോസ്‌കോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ സൂകോലോവിനെ സമീപിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം മൃത ദേഹങ്ങള്‍ എംബാം ചെയ്ത് ചില്ലു പെട്ടിയിലാക്കി വിവിധ രാജ്യങ്ങളില്‍ പ്രദര്‍ശനത്തിന് കൊണ്ടു പോയി.
ഈ യാത്രകള്‍ക്കിടെ ലെന്റ് മാരി ബാര്‍ടെല്‍ എന്ന വനിതയെ കണ്ടുമുട്ടി. ജൂലിയയുടെ അതേ രൂപമായിരുന്നു മാരിക്കും. ഇവള്‍ ജൂലിയയുടെ ഇളയ സഹോദരിയാണെന്ന് പറഞ്ഞാണ് ലെന്റ്, ഷോകള്‍ നടത്തിയത്. സെനോര പാസ്ട്രാന എന്ന പേരും ഇട്ടു. പ്രദര്‍ശനങ്ങളില്‍ നിന്ന് വളരെയധികം പണം അവര്‍ നേടി. ഏറെ കഴിയും മുമ്പ് അതായത് 1884ല്‍ ലെന്റ് ഒരു റഷ്യന്‍ മാനസികാരോഗ്യ കേന്ദ്രത്തിലെത്തി. അവിടെ വച്ച് മരണമടയുകയും ചെയ്തു. ലെന്റിന്റെ മരണ ശേഷം മാരി ബാര്‍ടെല്‍ ഇരു ജഡങ്ങളും വിറ്റു. 1921ല്‍ നോര്‍വെയിലെ ഏറ്റവും വലിയ 'ഫണ്‍ ഫെയറി'ന്റെ മാനേജരായ ഹാക്കണ്‍ ലണ്‍ഡ് മൃതശരീരങ്ങള്‍ സ്വന്തമാക്കി. 1970 വരെ പ്രദര്‍ശനം തുടര്‍ന്നു. 1973ല്‍ നോര്‍വെയില്‍ നിശ്ചയിച്ചിരുന്ന പ്രദര്‍ശനത്തിനു മുമ്പ് ഒരു അമേരിക്കന്‍ ടൂര്‍ ഉണ്ടായിരുന്നു. ഇതിനിടെ മൃതശരീരപ്രദര്‍ശനത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്ന് അമേരിക്കയിലെ പ്രദര്‍ശനം റദ്ദാക്കി. പിന്നെ സ്വീഡനിലെ മേളയ്ക്കായി ജഡങ്ങള്‍ വാടകയ്ക്ക് നല്‍കി. എന്നാല്‍ സ്വീഡനിലെ അധികാരികള്‍ പ്രദര്‍ശനം നിരോധിച്ചു. 1976ല്‍ പ്രതിഷേധക്കാര്‍ കുട്ടിയുടെ മൃതദേഹത്തിന് അംഗഭംഗം വരുത്തി. നശിപ്പിക്കപ്പെട്ട മൃതശരീരം ഉപേക്ഷിച്ചു. 1979ല്‍ മോഷ്ടിക്കപ്പെട്ട ജൂലിയയുടെ ജഡമാവട്ടെ പിന്നീട് വീണ്ടെടുത്ത് ഓസ്‌ലോ ഫൊറെന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൂക്ഷിച്ചു. പക്ഷേ, 1990 വരെ ഇതാരുടേതെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.
ജൂലിയയുടെ ജഡം ഓസ്‌ലോ സര്‍വകലാശാലയിലുണ്ടെന്ന വാര്‍ത്ത പരന്നതോടെ ഇത് പൊതുജനശ്രദ്ധയാകര്‍ഷിച്ചു. പക്ഷേ ഡി.എന്‍.എ. പരിശോധനയ്ക്ക് ശേഷം ജഡം മാന്യമായി സംസ്‌കരിക്കണമെന്നു അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ഇതിനായി ഒരു കമ്മറ്റിയും രൂപീകരിച്ചു. മെക്‌സിക്കന്‍ കലാകാരിയായ ലോറ ആന്‍ഡേഴ്‌സണ്‍ ബാര്‍ബറ്റയാണ് 2005ല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രചരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്. ഒടുവിലത് ഒരു നാടിന്റെ മുഴുവന്‍ മുറവിളിയായി മാറി. മെക്‌സിക്കോയിലെ സിനലോവ ഗവര്‍ണര്‍ മരിയോ ലോപ്പസ് വാര്‍ഡെസ് നടത്തിയ ശ്രമങ്ങളുടെ ഫലമായി ഓസ്‌ലോ സര്‍വകലാശാലയില്‍ നിന്ന് മൃതദേഹം വിട്ടു കിട്ടുകയായിരുന്നു. ജന്മഗ്രാമത്തില്‍ നടന്ന സംസ്‌കാര ചടങ്ങില്‍, വൈരൂപ്യത്തിന്റെ പാരമ്യം ലോകം ദര്‍ശിച്ച ജൂലിയ പാസ്ട്രാന എന്ന നാടിന്റെ ദുരന്തനായികയ്ക്ക് ആയിരങ്ങള്‍ 2013 ഫെബ്രുവരി 13-ാം തീയതി യാത്രാമൊഴി നല്‍കി.
ജൂലിയയുടെ മൃതദേഹം മെക്‌സിക്കോയിലേയ്ക്ക് കൊണ്ടും പോകും മുമ്പ് 2013 ഫെബ്രുവരി ഏഴാം തീയതി മെക്‌സിക്കന്‍ അംബാസിഡര്‍ മാര്‍ത്ത ബാഴ്‌സീന കോക്വി പേടകം ഓസ്‌ലോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ അധികൃതരില്‍ നിന്ന് ഔദ്യോഗികമായി ഏറ്റുവാങ്ങുകയുണ്ടായി. പ്രസ്തുത ചടങ്ങില്‍ അവര്‍ പറഞ്ഞു. ''നിങ്ങള്‍ക്കറിയുമോ, ഞാന്‍ സമ്മിശ്ര വികാരത്തിലാണിപ്പോള്‍. ഒരര്‍ഥത്തില്‍ ജൂലിയയുടേത് രസകരമായ ഒരു ജീവിതമായിരുന്നു. യാത്ര ചെയ്യുന്നതിലും പുതിയ പുതിയ സ്ഥലങ്ങള്‍ കാണുന്നതിലുമവള്‍ സന്തോഷം കണ്ടെത്തിയിരുന്നു. അതേ സമയം ഒരു കച്ചവടച്ചരക്കായി...ഒരു പ്രദര്‍ശനവസ്തുവായി ഇങ്ങനെ സഞ്ചരിക്കുന്നത് സങ്കടകരവുമാണ്. ആ ദുഖമാകട്ടെ വിശദീകരിക്കാനാവാത്തതും...'' ജീവിച്ചിരുന്നപ്പോഴും ജഡമായിട്ടു പോലും മനുഷ്യവര്‍ഗത്തിന്റെ കാഴ്ചാ വിഭ്രാന്തികള്‍ക്കും ക്രൂര വിനോദത്തിനും ലാഭക്കൊതിക്കും ഇരയായ ജൂലിയ ഒട്ടേറെ സാഹിത്യ സൃഷ്ടിയില്‍ കഥാപാത്രമായി വേഷപ്പകര്‍ച്ച നേടിയിട്ടുണ്ട്. നാടോടിക്കഥകളിലും പാട്ടുകളിലുമെല്ലാം അവള്‍ പുനര്‍ജനിക്കപ്പെട്ടു. ഒടുവില്‍ പ്രിയ പുത്രന് ജന്മം നല്‍കി ജീവിന്‍ വെടിഞ്ഞ ജൂലിയ ജനിച്ചമണ്ണില്‍ തന്നെ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു... മരണമില്ലാത്ത ഓര്‍മകള്‍ അവശേഷിപ്പിച്ചുകൊണ്ട്....
**************'*''*************''**************