എല്ലായിടത്തും ഇപ്പോള്‍ പ്രളയക്കെടുതിയാണല്ലോ ചര്‍ച്ച.
കാരണം ആധുനിക കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ പ്രളയമാണ് ഇപ്പോള്‍ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.
നമ്മളില്‍ പലര്‍ക്കും 'പ്രളയം' എന്ന് പറഞ്ഞാല്‍, ഇതുവരെ വെറും 'വെള്ളപ്പൊക്കം' മാത്രമായിരുന്നു.
മുട്ടോളം, അല്ലെങ്കില്‍ അരയോളം വെള്ളം പൊങ്ങുന്ന ഒരു സാധാരണ കാര്യം. പക്ഷെ ഇത്തവണ അതിന്‍റെ രൂക്ഷത നമ്മള്‍ ശരിക്കും തിരിച്ചറിഞ്ഞു. പ്രളയം എന്നത് വെറും വെള്ളപ്പൊക്കമല്ല എന്ന തിരിച്ചറിവിനേക്കാളുപുരി, ഇനി ഇങ്ങനൊരു പ്രശ്നമുണ്ടായാല്‍ എങ്ങിനെ നമ്മള്‍ നേരിടും എന്നതിനൊരു പാഠം കൂടിയായിരുന്നു ഈ അനുഭവങ്ങള്‍. സന്ദര്‍ഭത്തിനൊത്ത് ഉണര്‍ന്ന് പ്രവര്‍ത്തിച്ച സര്‍ക്കാരിനും, രക്ഷാപ്രവര്‍ത്തനത്തില്‍ കയ്യും മെയ്യും മറന്ന് സ്വയം അര്‍പ്പിച്ച നാവിക, വ്യോമ, സൈനിക വിഭാഗങ്ങള്‍ക്കും, ജനങ്ങള്‍ക്കുമാണ് എല്ലാ ക്രെഡിറ്റും.
ഇനി നമുക്ക് മറ്റൊരു പ്രളയത്തിന്‍റെ ചരിത്രം നോക്കാം, ആധുനിക ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ മഹാ പ്രളയത്തിന്‍റെ കഥ.
വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൃത്യമായിപ്പറഞ്ഞാല്‍ 1928 മുതല്‍ മുപ്പത് വരെ ചൈനയെ ബാധിച്ച ഒരു വരള്‍ച്ചയുണ്ടായിരുന്നു.
വലുപ്പത്തിന്‍റെ കാര്യത്തില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമായ ചൈനയെ, ഏതാണ്ട് മുഴുവനായി ബാധിച്ചൊരു വരള്‍ച്ചയായിരുന്നു അതെന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലാകും, അതിന്‍റെ ഭീകരത.
1930ല്‍ വരള്‍ച്ച ഒന്നടങ്ങിയപ്പോള്‍ പ്രശ്നം കഴിഞ്ഞു എന്നാണ് നാട്ടുകാരും, സര്‍ക്കാരും കരുതിയത്. പക്ഷെ പിന്നീട് വന്ന മഞ്ഞുകാലം, അതും ചൈനയെ വല്ലാതെ നട്ടംതിരിച്ചു. കടുത്ത വരള്‍ച്ചയ്ക്ക് ശേഷം മഴയ്ക്ക് പകരം മഞ്ഞാണ് വന്നതെങ്കിലും, അടുത്തത് മഴയായിരിക്കും എന്ന പ്രത്യാശയിലായിരുന്നു ജനങ്ങള്‍. വിചാരിച്ച പോലെ അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിയതുമില്ല.
1931ല്‍ മഞ്ഞുകാലം മാറി, മഴ തുടങ്ങി.
മഴ തുടങ്ങിയതോടെ പര്‍വ്വതങ്ങള്‍ക്ക് മേലെയും, ഉയര്‍ന്ന പ്രദേശങ്ങളിലുമായി കനത്തില്‍ കിടന്നിരുന്ന മഞ്ഞുപാളികള്‍, എല്ലാം ഉരുകി നദികളിലേക്ക് ധാരാളമായി വെള്ളം എത്തിത്തുടങ്ങി. ഒപ്പം, നീളത്തിന്‍റെ കാര്യത്തില്‍ ലോകത്തില്‍ മൂന്നാമതും, ഏഷ്യയില്‍ ഒന്നാമതും നില്‍ക്കുന്ന യാങ്ങ്‌സി നദിയുടെ ഉത്ഭവപ്രദേശങ്ങളില്‍, മഴ, അല്പംപോലും കുറയാതെ തുടര്‍ന്നുകൊണ്ടേയിരുന്നു.
ജൂണ്‍ മാസമായതോടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെയും, നദിയുടെ ഇരുവശങ്ങളില്‍ താമസിക്കുന്നവരെയും, ഉയര്‍ന്ന ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു. അപ്പോഴും മഴ ഇടയ്ക്ക് കുറഞ്ഞും, കൂടിയും നിര്‍ത്താതെ പെയ്യുകയായിരുന്നു.
ജൂലൈ മാസത്തിലാണ് പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമായത്.
വര്‍ഷത്തില്‍ പരമാവധി രണ്ട് തവണ മാത്രം വന്ന് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ചുഴലിക്കാറ്റ്, ഇത്തവണ ആറു തവണയോളമാണ് വന്ന് താണ്ഡവമാടിയത്. അതിന്‍റെ ഫലമായി പെയ്ത മഴയുടെ അളവ് ഇരുപത്തിനാല് ഇഞ്ചായിരുന്നു, അതായത് 600 മില്ലീമീറ്റര്‍.
ഇനി ചെറിയൊരു താരതമ്യ പഠനം.
നമ്മുടെ വയനാടിനെ വെള്ളത്തിലാക്കിയ മഴയുടെ അളവ് 170 മില്ലീമീറ്റര്‍ ആയിരുന്നു. ഇടുക്കിയില്‍ പെയ്തത് 167 മില്ലീമീറ്റര്‍. ഇതെല്ലാം സാധാരണ പെയ്യുന്നതിന്‍റെ എട്ട് ഇരട്ടിയായിരുന്നു എന്നതാണ് ഏറെ ഞെട്ടിക്കുന്ന ഒരു വസ്തുത. കേരളത്തില്‍ ഇന്നുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും വലിയ മഴ നിലമ്പൂരാണ്, 398 മില്ലീമീറ്റര്‍. അതും ഇക്കഴിഞ്ഞ ബുധനാഴ്ച മുതല്‍ പെയ്തത്.
ഇനി ചൈനയിലേക്ക് തിരിച്ച്.
നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ഒഴുക്കാണ്, അന്ന് യാങ്ങ്‌സി നദിയില്‍ കണ്ടത്.
യാങ്ങ്‌സി മാത്രമല്ല, ചൈനയിലെ പല നദികളും വെള്ളത്തിന്‍റെ ആധിക്യം കാരണം മാസങ്ങളോളം ഗതിമാറി ഒഴുകിയിരുന്നു. രണ്ട് ലക്ഷത്തോളം ചതുശ്രകിലോമീറ്ററാണ് അന്ന് വെള്ളത്തിനടിയിലായത്. ഏതാണ്ട് രണ്ട് ശരാശരി യൂറോപ്യന്‍ രാജ്യങ്ങള്‍ ചേര്‍ന്ന വലുപ്പം.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം രണ്ടര ലക്ഷം ജനങ്ങളാണ് പ്രളയത്താല്‍ നേരിട്ട് ബാധിക്കപ്പെട്ടത്. മരിച്ചത് ഒന്നര ലക്ഷത്തോളം പേരും.
അനൗദ്യോഗിക കണക്കുകളും, വിദേശമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളും പ്രകാരം അന്‍പത് ലക്ഷത്തിന് മേല്‍ ആളുകള്‍ക്ക് ബാധിക്കപ്പെട്ടിട്ടുണ്ട്. വെള്ളത്തില്‍ പെട്ടും, പ്രളയത്തിന് ശേഷം പകര്‍ന്ന രോഗങ്ങള്‍ ബാധിച്ചും മരിച്ചവരുടെ എണ്ണം ഏതാണ്ട് നാല്പത് ലക്ഷത്തോളവും വരും.
അതിന്‍റെ കൂടെ കൃഷിനാശവും ചേരുമ്പോഴുള്ള കാര്യം പിന്നെ പറയണ്ടല്ലോ. രൂക്ഷമായ ഭക്ഷ്യക്ഷാമവും, തീ പോലെ ഉയര്‍ന്ന സാധനങ്ങളുടെ വിലയും ചൈനയെ വീണ്ടും വീണ്ടും തളര്‍ത്തിക്കൊണ്ടിരുന്നു. ഒപ്പം പടര്‍ന്നു പിടിച്ച കോളറയും, മലേറിയയും അതിനെക്കൊണ്ടാകുന്ന നാശങ്ങളും വിതയ്ക്കുന്നുണ്ടായിരുന്നു.
പണമുള്ളവര്‍ ആവശ്യത്തിന് ഭക്ഷണം കിട്ടാതെ ഉള്ളത് കൊണ്ട് തൃപ്തിപ്പെടുമ്പോള്‍, പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട പാവങ്ങള്‍, മരവും, മരത്തിന്‍റെ തോലും, ചെടികളും, ചിലപ്പോള്‍ മണ്ണും വരെ ഭക്ഷിച്ചാണ് കഴിഞ്ഞിരുന്നത്. അതിനും സാധിക്കാത്ത ചിലര്‍, ചത്ത മൃഗങ്ങളുടെ മുതല്‍ മനുഷ്യന്‍റെ ഇറച്ചി വരെ ഭക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതും പലയിടങ്ങളില്‍ നിന്നും.
പ്രളയം സാരമായി ബാധിക്കാത്ത ചില നഗരങ്ങളിലും പക്ഷെ പ്രശ്നങ്ങള്‍ക്ക് കുറവൊന്നും ഉണ്ടായിരുന്നില്ല.
അഭയാര്‍ഥികളായി വന്നവര്‍ കൊണ്ടുവന്ന അസുഖങ്ങളായിരുന്നു ആദ്യത്തെ പ്രശ്നം. നഗരത്തില്‍ സ്റ്റോക്ക് ചെയ്തിരുന്ന വിഭവങ്ങള്‍, അവരുമായും പങ്കുവയ്ക്കേണ്ടി വന്നതുകൊണ്ട് ബാധിച്ച ക്ഷാമങ്ങള്‍ വേറെ.
ഇതിനിടെ ജീവിക്കാനായി പലരും, സ്വയം അടിമകളായി മാറി. വേറെ ചിലര്‍ സ്വന്തം കുഞ്ഞുങ്ങളെ അടിമകളാക്കി വിറ്റു. അങ്ങിനെ വന്ന അഭയാര്‍ഥികളെ മുതലെടുത്ത് സമ്പന്നരാകാന്‍ ശ്രമിച്ച ക്രൂരന്മാരും നിറയെയുണ്ട്.
ഇനി ചൈന നടത്തിയ disaster management കൂടെ പറയാം.
അന്ന് ചൈന ഭരിച്ചിരുന്ന കുമിങ്ങ്താങ്ങ് സര്‍ക്കാര്‍, വേഗം തന്നെ National Flood Relief Commission രൂപീകരിച്ച് വേണ്ട നടപടികള്‍ തുടങ്ങിയിരുന്നു.
അതിനായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരുടെ സഹായവും അവര്‍ക്കുണ്ടായിരുന്നു. ആദ്യമായി തനിച്ച് അറ്റ്‌ലാന്‍റിക്കിന് കുറുകെ പറന്ന് ഇതിഹാസമായ പൈലറ്റ്, ചാര്‍ല്സ് ലിന്‍ഡ്ബര്‍ഗും, ഭാര്യയും കൂടെയാണ്, അന്ന് സര്‍ക്കാരിന് വേണ്ടി ഏരിയല്‍ സര്‍വ്വേ നടത്തിയത്. ഒട്ടും മടികൂടാതെ സര്‍ക്കാര്‍, United Nationsന്‍റെ ആദ്യരൂപമായ ലീഗ് ഓഫ് നേഷന്‍സിന്‍റെ സഹായം അഭ്യര്‍ഥിച്ചതിനാല്‍, ലോകത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നായി സംഭാവനകള്‍ ചൈനയിലേക്ക് ഒഴുകിയെത്തി.
പക്ഷെ കിട്ടിയ അവസരം മുതലാക്കി മഞ്ചൂരിയ വഴി ആക്രമിക്കാന്‍ തുടങ്ങിയ ജപ്പാന്‍, ദുരിതത്തില്‍ നിന്ന് കരകയറാനുള്ള ചൈനയുടെ ശ്രമങ്ങളെ പാടെ തകര്‍ത്തുകളഞ്ഞു. ഒപ്പം സംഭവിച്ച സ്റ്റോക്ക് മാര്‍ക്കെറ്റ് തകര്‍ച്ചയും, രാജ്യത്തിന്‍റെ സാംബത്തിക ഭദ്രത പാടെ ഇല്ലാതാക്കി. എന്നിട്ടും അമേരിക്കയുടെ സഹായത്തോടെ രാജ്യം ഒന്ന് നിവര്‍ന്ന് നില്ക്കാന്‍ തുടങ്ങിയതാണ്, അപ്പോഴേക്കും അടുത്ത ദുരിതം എത്തി, ആഭ്യന്തര യുദ്ധങ്ങളുടെ രൂപത്തില്‍.
ഇനിയൊരു പ്രളയം ഒഴിവാക്കാനായി പ്ലാന്‍ ചെയ്ത പദ്ധതികളില്‍ പലതും തുടക്കത്തിലേ തന്നെ നിര്‍ത്തിക്കൊണ്ട്, അങ്ങിനെ കുമിങ്ങ്താങ്ങ് സര്‍ക്കാര്‍ ചൈനയില്‍ നിന്ന് പടിയിറങ്ങി. പിന്നീട് മാവോ സേതുങ്ങിന്‍റെ നേതൃത്വത്തില്‍ അധികാരത്തില്‍ കയറിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ്, യാങ്ങ്‌സി നദിയിലെ പ്രളയ പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള പ്രവര്‍ത്തങ്ങള്‍ക്ക് വീണ്ടും തുടക്കമിട്ടത്.
പക്ഷെ വീണ്ടും അനവധി വര്‍ഷങ്ങള്‍ എടുത്തു, പദ്ധതിയില്‍ പറഞ്ഞത്ര ഡാമുകള്‍ പണിഞ്ഞ് പ്രളയമെന്ന ഭീഷണിക്കെതിരെ അല്പമെങ്കിലും മുന്‍കരുതലുകള്‍ എടുക്കാന്‍.
എന്നിട്ടും പ്രളയങ്ങള്‍ ചൈനയെ വെറുതെ വിട്ടോ?
ഇല്ലെന്നാണ് ഉത്തരം.
ഒന്നിലധികം മഹാപ്രളയങ്ങളാണ് പതിറ്റാണ്ടുകള്‍ക്കിടയില്‍ ചൈന വീണ്ടും വീണ്ടും നേരിട്ടുകൊണ്ടിരുന്നത്.
ചിലപ്പോള്‍ ഭൂമിയുടെ ഘടന കൊണ്ട് സംഭവിക്കുന്നതാകാം, കാലാവസ്ഥാ വ്യതിയാനങ്ങള്‍ ആകാം, പ്ലാനിങ്ങിലെ അപാകതകള്‍ ആകാം, അല്ലെങ്കില്‍ മനുഷ്യന്‍ പ്രകൃതിക്ക് ഏല്‍പ്പിച്ച് കൊണ്ടിരിക്കുന്ന ആഘാദങ്ങള്‍ക്കുള്ള മറുപടികള്‍ ആകാം.
എന്തൊക്കെയായാലും തടയാന്‍ ചെയ്ത് വച്ചിരിക്കുന്ന എല്ലാറ്റിനെയും തരിപ്പണമാക്കിക്കൊണ്ട്, പ്രകൃതി ഇനിയും തന്‍റെ ക്രോധഭാവം പുറത്തെടുക്കുക തന്നെ ചെയ്യും. അതിനൊപ്പം മനുഷ്യനും, തന്‍റെ സഹജീവികളെ രക്ഷിക്കാനും, ദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കാനും ഒക്കെയുള്ള പഠനങ്ങളും, പരീക്ഷണങ്ങളും, പരിശീലണങ്ങളും തുടരും. അങ്ങിനെ മാത്രമല്ലേ നമുക്ക് ഇനിയും വരാനിരിക്കുന്ന ദുരന്തങ്ങളുടെ വ്യാപ്തി അല്പമെങ്കിലും കുറയ്ക്കാന്‍ ഒക്കൂ...
മേല്പറഞ്ഞത് സത്യത്തില്‍ ചരിത്രം മാത്രമല്ല, ഒരു വലിയ പാഠം കൂടിയാണ്.