A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ചതുർകീട യജ്ഞം അഥവാ കുരുവി നിർമ്മാർജ്ജന മഹായജ്ഞം (ഒരു ചൈനീസ് വിഡ്ഢിത്തരം)


മാവോ സേതൂങിന്റെ ''മഹാ കുതിപ്പ്''( Great Leap Forward) പദ്ധതിയുടെ ഭാഗമായ ഒരു ശുചിത്വ യജ്ഞമായിരുന്നു ചതുർകീട യജ്ഞം four pests campaign എന്ന് നാമകരണം ചെയ്ത ഒരു ദുരന്ത പ്രോജക്ട്.
1958-1962 കാലഘട്ടത്തിൽ നടന്ന മഹാ കുതിപ്പ് പദ്ധതിയിലെ ആദ്യ യജ്ഞമായിരുന്നു കുരുവി നിർമ്മാർജ്ജനം.നിർമ്മാർജ്ജനം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ട നാല് കീടങ്ങൾ ഈച്ച, എലി,കൊതുക്,കുരുവി എന്നിവയായിരുന്നു. കുരുവികളിൽ പ്രധാനമായും ലക്ഷ്യമിട്ടത് യുറേഷ്യൻ മരക്കുരുവികളേയാണ്. (Eurasian tree sparrows).മനുഷ്യർ അധ്വാനിച്ചുണ്ടാക്കിയ ധാന്യവിളകൾ തിന്നു തീർക്കുന്നു എന്നത് കൊണ്ടാണ് കുരുവികളെ നിർമ്മാർജ്ജനം ചെയ്യാൻ അഹ്വാനം നൽകിയത്
പാത്രങ്ങൾ മുട്ടി ഒച്ചയുണ്ടാക്കി കുരുവികളെ പേടിപ്പിക്കലായിരുന്നു ഏറ്റവും പ്രചാരത്തിലുണ്ടായിരുന്ന കുരുവി ഉന്മൂലന തന്ത്രം. ഈ ഒച്ച കാരണം എങ്ങും പറന്നിറങ്ങാൻ സാധിക്കാതെ വന്ന കുരുവികൾ പറക്കലിനിടയിൽ ക്ഷീണിച്ച് ആകാശത്ത് നിന്നും ചത്ത് വീഴുകയോ. വീണു ചാവുകയോ ആയിരുന്നു. കുരുവി കൂടുകൾ നശിപ്പിക്കുക മുട്ടകൾ പൊട്ടിച്ച് കളയുക, കുരുവി കുഞ്ഞുങ്ങളെ വകവരുത്തുക, കുരുവികളേയും മറ്റ് പറവകളേയും ആകാശത്ത് നിന്നും വെടിവെച്ചിടുക തുടങ്ങിയ മുറകള്‍ ജനങ്ങള്‍ നടപ്പാക്കിലാക്കി തുടങ്ങി.സ്ക്കൂള്‍ വിദ്യാര്‍ത്ഥികളെ പോലും കുരുവിവേട്ടയില്‍ ഉള്‍പ്പെടുത്തി ഹിംസയുടെ പാഠങ്ങള്‍ പഠിപ്പിച്ചു.ധാരാളം പക്ഷികൾ വംശനാശത്തിന്റെ വക്കില്ലെത്തി.
ഉന്മൂലം ചെയ്യുന്ന കീടങ്ങളുടെ തോതനുസരിച്ച് സ്കൂളുകൾക്കും മറ്റ് സംഘടനകൾക്കും, സർക്കാർ അംഗീകാരങ്ങളും പാരിതോഷികങ്ങളും നൽകപ്പെട്ടു.ഭ്രാന്തിളകിയ ജനങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ക്കൂളുകളിലും അടക്കം സര്‍വ്വ ഇടങ്ങളിലും കടന്നു കയറി കുരുവിവേട്ട തുടങ്ങി.കണ്ണില്‍ കണ്ട പക്ഷികളെയെല്ലാം കൊന്നൊടുക്കി തുടങ്ങി.
വിദേശ രാജ്യങ്ങളുടെ എംബസികളില്‍ പോലും കടന്നു കയറാന്‍ ജനങ്ങള്‍ കൂട്ടത്തോടെ ഇളകിയെത്തുവാന്‍ തുടങ്ങി.
നയതന്ത്രകാര്യലായങ്ങളിലും ഭവനങ്ങളിലും ധാരാളം കുരുവികൾ ചേക്കേറി.അവയെ ആട്ടിപ്പായിക്കാൻ എംബസി പരിസരത്തേക്ക് കടക്കാൻ അതാത് രാജ്യങ്ങള്‍ അനുവദിക്കാതിരുന്നത് സംഘർഷങ്ങൾക്ക് ഇടനൽകി. പോളിഷ് എംബസി ഇത്തരത്തിൽ അനുമതി നിഷേധിച്ചപ്പോൾ ജനങ്ങൾ ചെണ്ടകളുമായി എംബസി പരിസരം വളഞ്ഞു മുട്ടു തുടങ്ങി. പേടിച്ച് വിരണ്ട കിളികൾ പറക്കാൻ കൂട്ടാക്കാതെ രണ്ട് ദിവസത്തിനുള്ളിൽ കെട്ടിടത്തിൽ തന്നെ ചത്തൊടുങ്ങി. ചത്ത കിളികളെ നീക്കം ചെയ്യാൻ പോളിഷ് അധികൃതർ ഏറെ അധ്വാനിക്കേണ്ടി വന്നു.
1958ൽ തുടങ്ങിയ കുരുവിക്കൊല രണ്ട് വർഷത്തിനുള്ളിൽ തന്നെ ഭീകരമായ ദുരന്തങ്ങൾ സൃഷ്ടിച്ചു.കുരുവികൾ ധാന്യവിളകൾ മാത്രമല്ല ഭക്ഷിക്കുന്നത് എന്നും ധാന്യവിളകളുടെ സ്വാഭാവിക പരാദങ്ങളായ(parasites) അനവധി പ്രാണികളേയും അവ നശിപ്പിക്കുമായിരുന്നെന്നും വളരെ വൈകിയാണ് ചൈനീസ് ഭരണകൂടം തിരിച്ചറിഞ്ഞത്.കുരുവികളുടെ ഉന്മൂലനം വെട്ടുക്കിളികളടക്കമുള്ള പ്രാണികളുടെ അഭൂതപൂർവ്വമായ ആക്രമത്തിനു വഴിവെച്ചു. വ്യവസായവൽക്കരണത്തിനു വേണ്ടി നടത്തിയ വനനശീകരണം, പുതിയ ഇനം വളങ്ങൾ എന്നീ പുത്തൻ പരിഷ്കാരങ്ങളും കുരുവിഹത്യയും വെട്ടുക്കിളി ആക്രമവും എല്ലാം കൂടി ചേർന്നപ്പോൾ കൊടിയ ക്ഷാമം സംജാതമായി.ചൈനീസ് വൻക്ഷാമം (Great Chinese Famine) എന്ന് വിളിക്കപ്പെട്ട മനുഷ്യനിർമ്മിത ദുരന്തത്തിൽ മരണപ്പെട്ടത് നാലരകോടി (45 മില്യൺ )ആളുകളാണ് എന്ന് ചില കണക്കുകൾ പറയുന്നു.ചൈനീസ് അധികൃതരുടെ കണക്കുകൾ പ്രകാരം 15മില്യൺ അധിക മരണങ്ങള്‍..
1960ൽ കുരുവിയെ ചതുർകീട പട്ടികയിൽ നിന്നും മാറ്റി പകരം മൂട്ട,ചെള്ള് ഇത്യാദികളെ പട്ടികയില്‍ ഉള്‍പ്പെടുത്തി. പക്ഷേ അപ്പോഴേക്കും ക്ഷാമവും പട്ടിണി മരണങ്ങളും ആരംഭിച്ചിരുന്നു..
1998ലും സമാനമായ ഒരു കാമ്പയിനിന് പ്രഖ്യാപനങ്ങള്‍ ഉണ്ടായി.അത്തവണ പാറ്റകളെയായിരുന്നു ശത്രുക്കളായി പ്രഖ്യാപിച്ചത്.പക്ഷെ അതിന് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രചാരമോ സ്വാധീനമോ ഉണ്ടാക്കാനായില്ല.
------------------------------------------------------------------------------------------------------------------------------
വാല്‍ക്കഷ്ണം -:
സോ കാള്‍ഡ് ''മഹത്തായ ചൈന''യിലെ ഇരുമ്പുമറയ്ക്കുള്ളില്‍ നിന്നും പുറത്തു വന്ന മരണ കണക്കുകള്‍ തുലോം തുച്ഛമാകും എന്നതില്‍ സംശയിക്കേണ്ടതില്ല.
സമ്പാദനം -: Murali Krishnan M
റെഫറന്‍സ്/കടപ്പാട് -: