സന്തോഷ് ശിവൻ സംവിധാനം ചെയ്ത പ്രിത്വിരാജ് നായകനായ അനന്തഭദ്രം എന്ന സിനിമയിലൂടെ ആയിരിക്കും പലരും 'പരകായപ്രവേശം' ത്തെ പറ്റി അറിയുന്നത്. ദുര്മന്ത്രവാദിയായ ദിഗംബരൻ അനന്തന്റെ ശരീരത്തിൽ പരകായപ്രവേശം ചെയ്യുകയും, തന്റെ ഇഷ്ടാനിഷ്ടങ്ങൾ നടപ്പാക്കുകയും ചെയുന്നു. സിനിമയിൽ ആയതുകൊണ്ട് ക്ളീഷേ എന്ന് തോന്നാമെങ്കിലും ഇനി പറയാൻ പോകുന്നതാണ് കാര്യം.
പരകായപ്രവേശം, യോഗ സിദ്ധികളിൽ ഒന്ന്. പാരാമെഡിക്കൽ സയൻസിൽ ഇത് extra sensory perception (ESP) ന്റെ ഭാഗമാണ്. ഒരു അതീന്ദ്രിയ ജ്ഞാന വിദ്യ. ഭാരതീയ യോഗിവര്യന്മാരാൽ പ്രാപ്തമായിരുന്ന ഒന്ന്. ശരീരത്തിൽനിന്നും ആത്മാവിനെ വേർപെടുത്തി മറ്റൊരു ശരീരവുമായി ചേർക്കുന്ന വിദ്യ. സ്വന്തം ശരീരം വിട്ട് പുറത്തേക്കു സഞ്ചരിക്കുന്ന സൂക്ഷ്മശരീരം (Astral body) ശരീരത്തിന്റെയും, ബുദ്ധിയുടെയും, മനസ്സിന്റെയും, ആത്മാവിന്റെയും ഭാവങ്ങൾ ഉൾകൊള്ളുന്ന ഒരു രൂപമായിട്ടാണ് കരുതപ്പെടുന്നത്. ലോകത്തുള്ള പല പ്രാചീന ശാസ്ത്രങ്ങളിലും, സംസ്കാരങ്ങളിലും ഇതിനെപറ്റി പ്രതിപാദിക്കുന്നുണ്ട്. യഹൂദ കബാല, ചൈനീസ് ജാപ്പനീസ് താന്ത്രിക വിദ്യകൾ, തെക്കേ അമേരിക്ക ഗോത്രവർഗ്ഗക്കാരുടെ ശാസ്ത്രങ്ങൾ, പ്രാചീന ഈജിപ്ഷൻ മന്ത്രവിദ്യ തുടങ്ങിയവയിലെല്ലാം പരകായപ്രവേശത്തിന്റെ വകഭേദങ്ങൾ പരാമര്ശിക്കപ്പെട്ടിട്ടുണ്ട്.
പരകായപ്രവേശത്തെ (Transmigration) സൂക്ഷ്മശരീര പ്രക്ഷേപണം (Astral projection) എന്നപേരിൽ തെറ്റിദ്ധരിക്കുന്നവർ ഉണ്ട്. പ്രത്യേക്ഷത്തിൽ ആസ്ട്രൽ പ്രോജെക്ഷൻ എന്ന് തോന്നിയേക്കാമെങ്കിലും പരകായപ്രവേശത്തിന്റെ രീതികൾ വ്യത്യസ്തമാണ്. ആസ്ട്രൽ പ്രോജെക്ഷൻ എന്നാൽ ആത്മാവിനെ ശരീരവുമായി വേർപെടുത്തി ഒരു പ്രത്യേക പരിധിക്കുള്ളിൽ സഞ്ചരിപ്പിക്കുന്ന രീതിയാണ്. എന്നാൽ പരകായപ്രവേശം (Transmigration) ആത്മാവിനെ ശരീരവുമായി വേർപെടുത്തുകയും, വേർപെടുത്തിയ ആത്മാവിനെ ആത്മാവ് (ജീവൻ) ഇല്ലാത്ത മറ്റൊരു ശരീരത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്ന രീതിയാണ്. പ്രാചീന ഭാരതീയ ഗ്രന്ഥങ്ങളിലാണ് ശരിയായ പരകായപ്രവേശത്തെപ്പറ്റി പ്രതിപാദിക്കുന്നത്.
തീവ്രമായ ധ്യാനത്തിലൂടെ മാത്രം സാധ്യമാകുന്ന ഒന്നാണ് ശരീരത്തിലെ സപ്തചക്രങ്ങളിൽ ഏഴാം ചക്രമായ സഹസ്രാര ഉത്തേജിതമാകുക എന്നുള്ളത്. സഹസ്രാര ഉത്തേജിതമാകുമ്പോൾ മനുഷ്യന് സൂക്ഷ് മശരീര പ്രക്ഷേപണം, സൂക്ഷ് മശരീര സഞ്ചാരം (Astral travel), പരകായപ്രവേശം എന്നിവ സാധ്യമാകുന്നു. മനസ്സ് എന്നത് നമ്മുടെ ശരീരത്തിന്റെയും മസ്തിഷ്കത്തിലെയും ചില രാസപ്രവർത്തനങ്ങളുടെയും (Neural firings), ഉത്തേജനങ്ങളുടെയും (Stimulations) ആകെ തുകയാണ്. അതുകൊണ്ട്‌തന്നെ ഈ രാസപ്രവർത്തനങ്ങളെ നിയന്ത്രിച്ച് ഒരു മനുഷ്യന് അവന്റെ ശാരീരിക മാനസിക തലങ്ങളെ പലരീതിയിൽ കൈകാര്യം ചെയുവാൻ സാധിക്കും. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയും, ചെയ്യുന്ന ജീവിതചര്യകൾ, യോഗ, ധ്യാനം എന്നിവക്കെല്ലാം ഇത്തരത്തിലുള്ള രാസപ്രവർത്തനങ്ങളെ നിയന്ത്രിക്കുവാൻ സാധിക്കുമെങ്കിലും അതിൽ യോഗ, ധ്യാനം പോലുള്ള മെഡിറ്റേഷനുകൾക്ക് വളരെ ഫലപ്രദമായി നമ്മുടെ മാനസിക ശാരീരിക തലങ്ങളെ പലമടങ്ങ് ഉയർത്തുവാനും ഉത്തേജിപ്പിക്കുവാനും കഴിയും. ശരീരത്തിലെ അന്നമയം, പ്രാണമയം, എന്നിവ കഴിഞ്ഞിട്ടുള്ള കാമമയ കോശത്തെയാണ് സൂക്ഷ്മശരീരം (astral body) എന്ന് പറയുന്നത്. ഉണർന്നിരിക്കുമ്പോൾ സൂക്ഷ്മശരീരം ഭൗതികശരീരവുമായി വളരെ ഒട്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് നാമെല്ലാവരും ശരീര ബോധമുള്ളവരായി ഇരിക്കുന്നത്. എന്നാൽ അഗാധ ധ്യാനത്തിൽ ഏർപ്പെടുമ്പോൾ സൂഷ്മശരീരത്തെ ഭൗതികശരീരത്തിന്റെ പുറത്തേക്ക് സഞ്ചരിപ്പിക്കുവാനും ബോധപൂർവം കാണുവാനും, കേൾക്കുവാനും, മനസിലാക്കുവാനും, ഇച്ഛാനുസരണം സ്വശരീരത്തിലേക് തിരിച്ചുവരുവാനും സാധിക്കുന്നു.
ജഗത്ഗുരു ആദിശങ്കരാചാര്യർ ദ്വിഗ് വിജയത്തിനായി ഭാരതപര്യടനം നടത്തവേ, മീമാംസ പണ്ഡിതനായ മണ്ഡനമിശ്രനുമായി നടത്തിയ തർക്കം വളരെ പ്രസിദ്ധമാണ്. പതിനെട്ടു ദിവസത്തോളം നീണ്ടുനിന്ന ആ തർക്കത്തിനൊടുവിൽ മണ്ഡനമിശ്രൻ തോൽവി സമ്മതിക്കുവാൻ ഒരുങ്ങവെ, പണ്ഡിതകൂടിയായ മിശ്രന്റെ പത്നി ഉഭയഭാരതി ശങ്കരാചാര്യരുടെ വിജയം ഉറപ്പിക്കുവാൻ തന്നെക്കൂടി തർക്കത്തിൽ തോല്പിക്കണമെന്ന് ആവശ്യപ്പെട്ടു. ആവശ്യം സ്വീകരിച്ച ശങ്കരാചാര്യരോട് കാമശാസ്ത്രവുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ഭാരതി ഏർപ്പെട്ടത്. എന്നാൽ ബാല്യത്തിലെ സന്യാസം സ്വീകരിച്ച് ബ്ര്ഹമചാരിയായ ശങ്കരന് കാമശാസ്ത്രത്തിൽ പാണ്ഡിത്യം ഇല്ലായിരുന്നു. ആയതിനാൽ കാമശാസ്ത്രത്തിൽ അറിവ് സമ്പാദിക്കുവാനായി തനിക്ക് മുപ്പതുദിവസത്തെ സമയം തരണമെന്ന് ആവശ്യപ്പെട്ടു. സന്യാസിയും ബ്രഹ്മചാരിയും ആയ ശങ്കരാചാര്യർക്ക് കാമശാസ്ത്രത്തിൽ പാണ്ഡിത്യം ലഭിക്കുക എന്നത് അപ്രാപ്പ്യമാണെന്നു മനസിലാക്കി തന്നെയായിരുന്നു ഭാരതി തത് വിഷയം തർക്കത്തിനായി സ്വീകരിച്ചതും, ആവശ്യപ്പെട്ട സമയം ശങ്കരന് കൊടുക്കുകയും ചെയ്തു. എന്നിരുന്നാലും ഉഭയഭാരതിയും മറ്റ് പണ്ഡിതശ്രേഷ്ഠരും തർക്കശാസ്ത്രത്തിൽ തോൽവി അറിയാത്ത ശങ്കരാചാര്യർക്കുമേൽ വിജയം ഉറപ്പിക്കുകയായിരുന്നു. ദ്വിഗ്‌വിജയത്തിനായി പര്യടനം നടത്തിയിരുന്ന ശങ്കരാചാര്യർക്ക് തോൽവിയെപ്പറ്റി ചിന്തിക്കാനേ കഴിഞ്ഞിരുന്നില്ല. പക്ഷെ ബ്രഹ്മചാരിയായ താൻ എങ്ങിനെ കാമശാസ്ത്രത്തിൽ പ്രാവീണ്യം നേടും എന്ന ചിന്തയുമായി ഒരു വനത്തിലൂടെ നടക്കവേ നായാട്ടിനിറങ്ങിയ അമരുകൻ എന്ന രാജാവിന്റെ മൃതശരീരം കാണുവാനിടയായി. അമരുകന്റെ ആത്മാവ് അപ്പോഴേക്കും വിഷ്ണുലോകം പൂകിയിരുന്നു. കാമശാസ്ത്രത്തിൽ അതിനിപുണൻ ആയിരുന്ന അമരുകനിൽ പ്രവേശിച്ച് തന്റെ ബ്രഹ്മചര്യത്തിനെ ബാധിക്കാത്ത വിധത്തിൽ ഈ വിഷയത്തെപ്പറ്റി അറിവ് നേടുവാൻ അദ്ദേഹം തീരുമാനിച്ചു. തന്റെ യോഗസിദ്ധിയിലൂടെ പരകായപ്രവേശം നടത്തി ശങ്കരന്റെ ആത്മാവിനെ അമരുകന്റെ ശരീരത്തിൽ പ്രവേശിപ്പിച്ച് പുനർജീവിപ്പിച്ചു. ശേഷം ശങ്കരന്റെ ഭൗതികശരീരം ഒരു ഗുഹക്കുള്ളിൽ ഭദ്രമായി സൂക്ഷിച്ചു. മൂന്നുദിനങ്ങൾ ശങ്കരൻ അമരുകനായി ജീവിച്ച് കാമശാസ്ത്രത്തിൽ അറിവ് സംബാധിച്ചു. പിന്നീട് ആത്മാവിനെ അമരുകനില്നിന്ന് മോചിപ്പിച്ച് ശങ്കരന്റെ ഭൗതികശരീരവുമായി ചേർത്ത് പൂർണനായിമാറി. തിരികെ എത്തിയ ശങ്കരാചാര്യർ വീണ്ടും തർക്കത്തിൽ ഏർപ്പെടുകയും തർക്കത്തിൽ മണ്ഡനമിശ്രനെയും പത്നി ഉഭയഭാരതിയെയും പരാജയപെടുത്തി. ശങ്കരാചാര്യരുടെ മാഹാത്മ്യം തിരിച്ചറിഞ്ഞ മണ്ഡനമിശ്രൻ സുരേശ്വരാചാര്യ എന്ന നാമം സ്വീകരിച്ച് ശങ്കരാചാര്യരുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.
ശങ്കരാചാര്യർ അദ്ദേഹത്തിന്റെ സൗന്ദര്യലഹരി എന്ന കൃതിയിൽ പരകായപ്രവേശസിദ്ധി സ്വായക്തമാകുന്നതിനുള്ള മന്ത്രത്തെപ്പറ്റിയും സാധനകളെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്. ശങ്കരാചാര്യർക്ക് മുൻപേ യോഗാചാര്യൻ പതഞ്ജലി മഹർഷി യോഗസംഹിതയിൽ പരകായപ്രവേശത്തെപ്പറ്റി വിശദമാകുന്നുണ്ട്. ഉപനിഷത്തുകളിലും, അഥർവവേദത്തിലും പരാമർശങ്ങൾ ഉണ്ട്. ശരീരത്തിലെ നാഡികളെയും നാഡീകേന്ദ്രങ്ങളായ ചക്രങ്ങളെയും ഉദ്ധീപിപ്പിച്ചാൽ മറഞ്ഞിരിക്കുന്ന ഊർജമായ കുണ്ഡലിനി സ്വാതന്ത്രമാകും. അതുവഴി ശരീരത്തിന് പ്രകൃത്യാതീത ശക്തി കൈവരിക്കാം.
പരകായപ്രവേശം എന്നത് ഒരു മഹാസിദ്ധിയാണെങ്കിൽകൂടിയും ഒരു കടുത്ത ആഭിചാര പ്രയോഗമായിട്ടാണ് ഭാരതത്തിൽ ഇത് കണ്ടുപോന്നിരുന്നത്. മനസ്സും ശരീരവും ഏകാഗ്രമാക്കി കടുത്ത ധ്യാനത്തിലൂടെയും, യോഗാചര്യകളിലൂടെയും യോഗിവര്യന്മാർ സ്വായക്തമാക്കിയ ഈ കഴിവിനെ നിലവിൽ സ്വായക്തമാക്കിയ ആരുംതന്നെ ഇല്ല. എന്നിരുന്നാലും, ഡിസ്‌കവറി, നാഷണൽ ജോഗ്രഫി എന്നീ ചാനലുകൾ നടത്തിയ ഡോക്യൂമെന്ററികളിൽ ഹിമാചൽ, വാരണാസി എന്നിവടങ്ങളിലുള്ള ചില ആഘോരികൾക്ക് ഈ കഴിവുള്ളതായി പറയപ്പെടുന്നു.