റഷ്യയിലെ സൈബീരിയയിലുള്ള കൊടുംതണുപ്പ് എല്ലാവർക്കും അറിയാവുന്നതാണല്ലോ. മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള ചുരുങ്ങിയ കാലത്തേക്ക് മാത്രമാണ് ഇവിടെ അൽപ്പമെങ്കിലും സഹിക്കാവുന്ന കാലാവസ്ഥയുള്ളത്. ഈ സമയത്ത് ഇവിടെയുള്ള മനുഷ്യവാസമില്ലാത്ത കാടുകളിൽ ധാരാളം പര്യവേഷകർ എത്താറുണ്ട്. എണ്ണനിക്ഷേപം, ധാതു നിക്ഷേപം എന്നിവ കണ്ടെത്തുകയാണ് ഇവരുടെ ഉദ്ദേശ്യം.
1978ൽ ഹെലികോപ്റ്ററിൽ സൈബീരിയൻ കാടുകളുടെ മുകളിലൂടെ പറന്ന സോവിയറ്റ് പര്യവേഷകർ അത്ഭുതസ്തബ്ധരായി: കൊടുംകാടിനുള്ളീൽ മനുഷ്യവാസത്തിൻ്റെ ലക്ഷണങ്ങൾ! അവർ തിരികെയെത്തി ഒന്നുകൂടെ താഴ്ന്നു പറന്നു. തങ്ങളുടെ ഊഹം ശരിയാണ്. മരങ്ങൾക്കിടയിൽ വെട്ടിത്തെളിച്ച കൃഷിയിടംപോലെ തോന്നിക്കുന്ന സ്ഥലം. അതിനോട് ചേർന്ന് മരക്കുറ്റികളിൽ ഇലകൾ കൊണ്ട് മറച്ച ഒരു ഷെഡ്. ഒറ്റനോട്ടത്തിൽ അതൊരു പശുത്തൊഴുത്ത്പോലെ തോന്നിച്ചു. ഇതുവരെ പുറംലോകത്തിനുള്ള അറിവനുസരിച്ച് അതിന്റെ നൂറ്റമ്പത് കിലോമീറ്റർ പരിസരത്തെങ്ങും മനുഷ്യവാസമില്ല.
അവർ അവിടെ വീണ്ടുമെത്തി വിശദമായ പരിശോധനകൾ നടത്താൻ തിരുമാനിച്ചു. തങ്ങളുടെ ഇതുവരെ കാണാത്ത സുഹൃത്തുക്കൾക്ക് (ശത്രുക്കൾക്ക്?) നൽകാൻ അവർ ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, സോപ്പ്, ബ്രഡ്, ജാം തുടങ്ങി നിരവധി സാധനങ്ങൾ കരുതിയിരുന്നു. കൂടാതെ, ഒരു തോക്കും.
ഗാലീന പിമെൻസ്കയ (Galina Pismenskaya) എന്ന വനിതാ ജിയോളജിസ്റ്റ് ആയിരുന്നു, ആ നാലംഗ സംഘത്തെ നയിച്ചത്. പത്തുമൈൽ അകലെ ഒരിടത്ത് ഹെലികോപ്റ്ററിൽ നിന്നിറങ്ങി അവിടെ ഒരു ബെയ്സ് ക്യാമ്പ് സ്ഥാപിച്ച അവർ വളരെ കഷ്ടപ്പെട്ട് ലക്ഷ്യസ്ഥാനത്തെത്തി. തങ്ങൾ കണ്ട ഷെഡ് പോലെയുള്ള നിർമ്മിതി മനുഷ്യവാസമുള്ള ഒരു വീടാണെന്ന് അവർ ഉറപ്പിച്ചു. അതിന് ഗാലീനയുടെ ബാക്ക്പായ്ക്കിനോളം പോന്ന ഒരു കിളിവാതിൽ ഉണ്ടായിരുന്നു.
അകത്തു കടന്ന സംഘം കണ്ടത് ഒരു മാളത്തെ അനുസ്മരിപ്പിക്കുന്ന ഒറ്റ മുറിയായിരുന്നു. ഉരുളക്കിഴങ്ങിൻ്റെ തോലും മുഷിഞ്ഞ നാറ്റവും നിറഞ്ഞ, പട്ടിക്കൂടിനെക്കാൾ വൃത്തിഹീനമായ മുറി. രണ്ട് സ്ത്രീകൾ പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്നു. ''എൻ്റെ പിഴ, എൻ്റെ പിഴ'', അവർ ഉന്മാദികളെപ്പോലെ പിറുപിറുക്കുന്നു. ആഗതന്മാർ പതുക്കെ പുറത്തിറങ്ങി അടുത്തു കണ്ട ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു. അര മണിക്കൂറിന് ശേഷം, എഴുപതിനടുത്ത് പ്രായം വരുന്ന ഒരു വൃദ്ധൻ ആ വീട്ടിൽ നിന്ന് ഇറങ്ങി വന്നു. കോതിയൊതുക്കാത്ത തലമുടിയും മുഖം നിറഞ്ഞു നിൽക്കുന്ന താടിയും. അയാൾ സൗഹൃദത്തോടെ ചിരിച്ചു. പിന്നാലെ, നേരത്തെ കണ്ട സ്ത്രീകൾ പുറത്തിറങ്ങി. അവർ ആ വൃദ്ധന്റെ പെൺമക്കളായിരുന്നു. ശാന്തമായി അവർ സംഘാഗങ്ങളുടെയൊപ്പം നിലത്തിരുന്നു.
ഗാലീന വച്ചു നീട്ടിയ ബ്രെഡും മറ്റു ഭക്ഷണ സാധനങ്ങളും അവർ നിരസിച്ചു. അവ ഭക്ഷിക്കാൻ തങ്ങൾക്ക് അനുവാദമില്ലെന്ന് അവർ പറഞ്ഞു.
'നിങ്ങൾ എപ്പോഴെങ്കിലും ബ്രെഡ് കഴിച്ചിട്ടുണ്ടോ?' ഗാലീന ചോദിച്ചു. താൻ കഴിച്ചിട്ടുണ്ടെന്നും തൻ്റെ മക്കൾ കഴിച്ചിട്ടില്ലെന്നും വൃദ്ധൻ മറുപടി നൽകി. എങ്കിലും അയാൾ അവരുടെ കൈയിൽ നിന്ന് ഉപ്പ് വാങ്ങി. ഇത്രയും കാലം ഉപ്പില്ലാതെ തങ്ങൾ ജീവിച്ചത് 'പീഡനം പോലെ' ആയിരുന്നെന്ന് അയാൾ പറഞ്ഞു.
ബെയ്സ് ക്യാമ്പിലേക്ക് സംഘാംഗങ്ങൾ മടങ്ങി. തുടർന്നുള്ള ദിവസങ്ങളിലും അവർ എത്തി. ആ കുടുംബത്തിൻ്റെ വിശ്വാസം നേടി. അങ്ങനെ ആ കുടുംബത്തിൻ്റെ കഥ ചുരുളഴിഞ്ഞു.
കാർപ് ലൈക്കോവ് (Karp Lykov) എന്നായിരുന്നു ആ വൃദ്ധന്റെ പേര്. 'പഴയ വിശ്വാസികൾ' (Old Believer) എന്നറിയപ്പെടുന്ന കടുംപിടുത്തക്കാരായ ഓർത്തഡോക്സ് കൃസ്ത്യൻ വിഭാഗത്തിലെ അംഗങ്ങളായിരുന്നു അവർ. ഈ വിഭാഗത്തിൽപ്പെട്ടവർ താടി വടിക്കാറില്ല. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പീറ്റർ ചക്രവർത്തി റഷ്യയിലെ ജനങ്ങളെ നിർബന്ധിച്ച് താടി വടിപ്പിച്ചതോടെ ഇവർ ഭരണകൂടവുമായി ഉരസലിലായി. 1900ൽ ഒരു ചന്തയിൽ വച്ച് ഉരുളക്കിഴങ്ങിൻ്റെ വിലയെച്ചൊല്ലി ഉണ്ടായ കശപിശയിൽ ഈ വിഭാഗത്തിൽപ്പെട്ട ഒരു കർഷകനെ ചിലർ തല്ലിക്കൊന്നു. ഇതെല്ലാം ഇന്നലെ നടന്ന സംഭവങ്ങൾപോലെയാണ് കാർപ് വിവരിക്കുന്നത്. അയാളുടെ സംസാരം കേട്ടാൽ താൻ ഇതൊക്കെ നേരിട്ട് കണ്ടതോ അനുഭവിച്ചതോ ആണെന്ന് തോന്നും.
1917ലെ ബോൾഷെവിക് വിപ്ലവത്തോടെ ലൈക്കോവിൻ്റെ കൂട്ടർ ഭയപ്പാടിലായി. 1936ൽ പൊലീസുകാരുടെ വെടിയേറ്റ് ലൈക്കോവിൻ്റെ അനുജൻ കൊല്ലപ്പെട്ടു. അതോടെ അദ്ദേഹം ഭാര്യയെയും മകനെയും രണ്ടു വയസ്സുള്ള മകളെയും കൂട്ടി കാടുകയറി. ചില പാത്രങ്ങൾ, അത്യാവശ്യം വേണ്ട തുണികൾ, വിത്തുകൾ, മറ്റു സാധനങ്ങൾ എന്നിവ കരുതിയിരുന്നു. അതിനു ശേഷം അവർ നാട്ടിലേക്ക് തിരികെ വന്നിട്ടേയില്ല.
കാട്ടിൽ അവർ മാറി മാറി താമസിച്ചു. ഓരോ തവണയും കുടുതൽ ഉള്ളിലേക്ക് പോയിക്കൊണ്ടിരുന്നു. 'തങ്ങൾക്കുള്ളതെല്ലാം' പുതിയ താവളത്തിലേക്ക് മാറ്റാൻ അവർ പലതവണ പഴയ സ്ഥലത്ത് വന്നു പോകേണ്ടി വന്നിരിക്കാം എന്ന് ഗാലീനയുടെ സംഘം സാക്ഷ്യപ്പെടുത്തുന്നു. ഈ കാട്ടിലൂടെ പത്ത് മൈൽ താണ്ടാൻ തങ്ങൾ അനുഭവിച്ച പ്രയാസങ്ങൾവച്ചു നോക്കുമ്പോൾ നാൽപ്പത്തിരണ്ട് വർഷം ഈ കുടുംബം അനുഭവിച്ച കഠിനകൾ എത്ര വലുതായിരിക്കുമെന്ന് അവർ ഊഹിച്ചു.
ലൈക്കോവിൻ്റെ കുടുംബത്തിൻ്റെ അതിജീവനചരിത്രം ഇത്തരം കഥകളുടെ കൂട്ടത്തിലെ ഇതിഹാസമാണ്. കൊടുംതണുപ്പുള്ള കാട്ടിൽ വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങളില്ലാതെ ജീവിച്ച ഈ കുടുംബത്തിൻ്റെ കഥ നമ്മെ അത്ഭുപ്പെടുത്തുന്നു.
കാടുകയറുമ്പോൾ കാർപ് ലൈക്കോവ്, ഭാര്യ അകുലിന, മകൻ സാവിൻ (9 വയസ്സ്), മകൾ നതാലിയ (2) എന്നിവരാണ് ആ കുടുംബത്തിൽ ഉണ്ടായിരുന്നത്. കാട്ടിൽ വച്ച് ദിമിത്രി (1940), അഗാഫിയ (1943) എന്നീ കുട്ടികൾ ജനിച്ചു. ഇളയ കുട്ടികൾ 1978 വരെ തങ്ങളുടെ കുടുംബാംഗമല്ലാത്ത ഒരു മനുഷ്യ ജീവിയെ കണ്ടിട്ടുണ്ടായിരുന്നില്ല. അച്ഛനമ്മമാർ മനുഷ്യരെപ്പറ്റി പറഞ്ഞു കൊടുത്ത കാര്യങ്ങൾ മാത്രമേ അവർക്ക് അറിയാമായിരുന്നുള്ളൂ. അവരുടെ പ്രധാന വിനോദം, തലേ ദിവസം കണ്ട സ്വപ്നങ്ങൾ വിവരിക്കുക എന്നതായിരുന്നു.
അവരുടെ കൈയ്യിലുള്ള വിഭവങ്ങൾ ഓരോന്നായി തീർന്നു തുടങ്ങി. ഷുസുകൾ ഉപയോഗിക്കാൻ പറ്റാതായപ്പോൾ അവർ ബിർച്ചുമരത്തിൻ്റെ കട്ടിയുള്ള തോലുകൊണ്ട് ഷൂസ് ഉണ്ടാക്കി.
ലൈക്കോവ് കുടുംബത്തിൻ്റെ കൈയ്യിൽ ചർക്കപോലെ ഒരു ഉപകരണം ഉണ്ടായിരുന്നു. കാട്ടിൽ കിട്ടുന്ന തടികളും വള്ളികളും ഉപയോഗിച്ച് അവർ നെയ്ത്തുതറിപോലെ ഒരു സംവിധാനം ഉണ്ടാക്കി. ചുറ്റും കിട്ടുന്ന കാട്ടുചണത്തിൻ്റെ വള്ളി ഉപയോഗിച്ച് നഗ്നത മറയ്ക്കാൻ അത്യാവശ്യം വേണ്ട തുണികൾ നെയ്തു. ഈ തുണികൾ ആ കൊടുംതണുപ്പിൽ ഒട്ടും പര്യാപ്തമായിരുന്നില്ല.
എന്നാൽ, ലോഹങ്ങൾ നിർമ്മിച്ചെടുക്കാൻ അവർക്ക് കഴിഞ്ഞില്ല. കൈയ്യിൽ അത്യാവശ്യം കരുതിയിരുന്ന പാത്രങ്ങൾ കാലക്രമത്തിൽ ദ്രവിച്ചുപോയി. പ്രധാനമായും ഉരുളക്കിഴങ്ങും ചില കാട്ടുചെടികളുടെ കിഴങ്ങുകളും തീയിൽ ചുട്ടെടുത്ത് കഴിച്ചു. ഉപ്പില്ലാതെ ഇത് കഴിക്കാൻ ശീലിച്ചു. അവരുടെ മറ്റൊരു പ്രധാന കൃഷി കാരറ്റ് ആയിരുന്നു. ഇത് അവർ പച്ചയായി ഭക്ഷിച്ചു. പഴങ്ങൾ ലഭിച്ചിരുന്നു. കാട്ടരുവിയിലെ വെള്ളം കുടിച്ചു. എങ്കിലും ഇവർ മിക്കവാറും പട്ടിണിക്ക് സമാനമായ അവസ്ഥയിലായിരുന്നു. തണുപ്പ് കാരണം പുറത്തിറങ്ങി ആഹാരം കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു.
ഇളയവനായ ദിമിത്രി മുതിർന്നതോടെ അവർക്ക് മാംസഭക്ഷണം കഴിക്കാവുന്ന സാഹചര്യമായി. അവന് നല്ല ശാരീരിക ശേഷിയുണ്ടായിരുന്നു. മൃഗങ്ങളെ കല്ലെറിഞ്ഞു വീഴ്ത്തുക, കൂട്ടം ചേർന്ന് ഓടിച്ച് തളരുമ്പോൾ പിടികൂടുക, വള്ളികൾ കൊണ്ടുണ്ടാക്കിയ കുരുക്കിൽ പിടിക്കുക എന്നിവയായിരുന്നു 'വേട്ടയാടലിൻ്റെ' രീതികൾ. തടികഷണങ്ങൾകൊണ്ട് അടിച്ചാണ് മൃഗങ്ങളെ കൊന്നിരുന്നത്. ഇരയെ തീയിൽ ചുട്ട് ഭക്ഷിച്ചു.
കല്ലുകൾ തമ്മിൽ ഉരസി
തീയുണ്ടാക്കുന്നത് ഏറെ കഠിനമായ ജോലിയായിരുന്നു. മിക്കപ്പോഴും തീ കെട്ടുപോകാതെ സൂക്ഷിച്ചു.
ഏറ്റവും തണുപ്പുള്ളപ്പോഴും നഗ്നപാദനായി വളരെ ദൂരം സഞ്ചരിച്ച് ഇര തേടാൻ ദിമിത്രിക്ക് കഴിയുമായിരുന്നു. ചിലപ്പോൾ വീട്ടിൽ നിന്ന് പുറപ്പെട്ട് പത്തു ദിവസത്തോളം കഴിഞ്ഞാണ് അയാൾ മടങ്ങി വന്നിരുന്നത്. വെറും കൈയ്യായി അവൻ വരില്ലെന്ന് അറിയാവുന്ന കുടുംബാംഗങ്ങൾ ക്ഷമയോടെ കാത്തിരിക്കും.
1961ലെ കഠിനമായ ക്ഷാമം അവർ കൃത്യമായി ഓർത്തു പറഞ്ഞു. ആ വർഷം സെപ്റ്റംബറിൽ ആരംഭിക്കേണ്ട ശൈത്യം ജൂണിലേ ആരംഭിച്ചു. ആ വർഷം കായ്കനികളും കിഴങ്ങുകളും കുറവായിരുന്നു. അധികം പുറത്തിറങ്ങാൻ കഴിയുമായിരുന്നില്ല. കാട്ടു പുല്ലുകളും ഇലകളും തിന്ന് അവർ വിശപ്പടക്കി. എല്ലാ അമ്മമാരെയുംപോലെ അകുലിനയും സ്വന്തം വയറിനെ പട്ടിണിക്കിട്ട് ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഊട്ടി. അങ്ങനെ ആ ശൈത്യകാലം തീരുന്നതിനുമുമ്പേ സ്നേഹനിധിയായ ആ അമ്മ എന്നേക്കുമായി കണ്ണടച്ചു.
ലൈക്കോവ് കുടുംബത്തിൻ്റെ ബുദ്ധിശക്തി സന്ദർശകരെ അമ്പരപ്പിച്ചു. അദ്ദേഹത്തിന്റെ നാലു മക്കൾക്കും വായിക്കാൻ അറിയാമായിരുന്നു. കൈയ്യിൽ ആകെയുള്ള പ്രാർഥനാ പുസ്തകവും ബൈബിളും ഉപയോഗിച്ച് അച്ഛനമ്മമാരും മൂത്ത മകനും ഇളയകുട്ടികളെ പഠിപ്പിച്ചു. സോവിയറ്റ് യൂണിയൻ കൂടാതെ വേറെയും രാജ്യങ്ങളുണ്ടെന്ന് അവർക്ക് അറിയാമായിരുന്നു. എന്നാൽ അതിന്റെ അർഥം അവർക്ക് അറിയില്ലായിരുന്നു. ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത കുതിരയുടെ ഒരു ചിത്രം കാണിച്ചപ്പോൾ അവർ അത് തിരിച്ചറിഞ്ഞു. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിയത് ഇളയവളായ അഗാഫിയ ആയിരുന്നു. അവൾക്ക് കൃത്യമായി തീയതി കണക്കാക്കാനും നിഴൽ നോക്കി ഏകദേശ സമയം പറയാനും അറിയാമായിരുന്നു; അച്ഛൻ പഠിപ്പിച്ചത്. കാടിനുപുറത്ത് നഗരങ്ങളുണ്ടെന്നും അവിടെ വലിയ വീടുകളിൽ ആളുകൾ താമസിക്കുന്നുണ്ടെന്നും അവർ അറിഞ്ഞിരുന്നു.
ലൈക്കോവും മക്കളും ആഗതരോട് എപ്പോഴും മര്യാദയോടെ പെരുമാറി. ഒരിക്കലും ദേഷ്യപ്പെട്ടില്ല. ഗാലീനയുടെ ക്ഷണം സ്വീകരിച്ച് പത്ത് കിലോമീറ്റർ അകലെയുള്ള അവരുടെ ക്യാമ്പ് സന്ദർശിച്ചു. അവിടെ കണ്ട ഓരോ കാര്യങ്ങളും അവർക്ക് പുതുമയായിരുന്നു. എന്നാൽ ടെലിവിഷൻ മാത്രം അവർക്ക് ഇഷ്ടപ്പെട്ടില്ല. അത് പാപമാണെന്ന് അവർ കരുതി.
സ്റ്റാലിൻ മരിച്ചതോ, രണ്ടാം ലോക മഹായുദ്ധമോ ഒന്നും ലൈക്കോവ് അറിഞ്ഞിരുന്നില്ല. മനുഷ്യൻ കൃതൃമ ഉപഗ്രഹങ്ങൾ അയച്ച കാര്യം പറഞ്ഞപ്പോൾ അത് താൻ ഉഹിച്ചിട്ടുണ്ടെന്ന് അയാൾ പറഞ്ഞു. രാത്രിയിൽ ആകാശത്ത് മിന്നിമിന്നി പോകുന്ന വെളിച്ചം കണ്ടിട്ടുണ്ടത്രേ! (വിമാനമാകാം). എന്നാൽ മനുഷ്യൻ ചന്ദ്രനിൽ പോയ കാര്യം വിശ്വസിക്കാൻ അയാൾ കൂട്ടാക്കിയില്ല.
അനന്തരം
ലൈക്കോവ് കുടുംബത്തെ നാട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടു വരാൻ ഗാലീനയുടെ സംഘം ശ്രമം നടത്തി. എന്നാൽ അവർ വഴങ്ങിയില്ല. നാട്ടിൽ നിന്ന് ചെറിയ സംഘങ്ങൾ വീണ്ടും അവരെ സന്ദർശിച്ചു. വിഷം കലർത്തിയേക്കാമെന്ന ഭയം കൊണ്ടാവാം, അവർ ഭക്ഷണ സാധനങ്ങൾ മാത്രം നാട്ടുകാരിൽ നിന്ന് സ്വീകരിച്ചില്ല. കത്തികൾ, പണിയുപകരണങ്ങൾ, പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവ അവർ സന്തോഷത്തോടെ വാങ്ങി. നാട്ടുകാരായ സന്ദർശകർ അവരെ മെച്ചപ്പെട്ട കൃഷി രീതികൾ പഠിപ്പിക്കാൻ ശ്രമിച്ചു.
അടുത്ത വർഷം അവിടെയെത്തിയ സംഘത്തിലുണ്ടായിരുന്ന ഡോക്ടർ ഒരു കാര്യം കണ്ടെത്തി - ലൈക്കോവിൻ്റെ മൂത്ത രണ്ടു മക്കൾക്കും കിഡ്നി തകരാറാണ്. എന്നാൽ മരുന്ന് കഴിക്കാനോ ചികിത്സയ്ക്ക് വിധേയരാകാനോ അവർ വിസമ്മതിച്ചു. മരുന്നെന്ന പേരിൽ വിഷം തരുമെന്ന് അവർ ഭയന്നു. 1981 ആരംഭത്തിൽ മൂത്ത മകനും മകളും മരണമടഞ്ഞു.
ആ വർഷം വേനൽക്കാലത്ത് ദിമിത്രിക്ക് നിമോണിയ ബാധിച്ചു; നാട്ടിൽ നിന്ന് വന്ന 'അതിഥികളുടെ' സമ്മാനം. ഹെലികോപ്റ്ററിൽ നാട്ടിലെത്തിച്ച് ചികിത്സിക്കാമെന്ന വാഗ്ദാനം അയാൾ നിരസിച്ചു. ഒരാളുടെ ജീവിതകാലം ദൈവമാണ് നിശ്ചയിക്കുന്നതെന്നും അതുകൊണ്ട് പേടിയോ സങ്കടമൊ ഇല്ലെന്നായിരുന്നു അയാളുടെ ലൈൻ. അങ്ങനെ അയാളും മരണത്തിന് കീഴടങ്ങിയതോടെ ലൈക്കോവും ഇളയ മകൾ അഗാഫിയയും മാത്രമായി കുടുംബത്തിൽ.
1988ൽ ലൈക്കോവും മരിച്ചു. നാട്ടിൽ നിന്ന് വരുന്ന ആളുകൾ കൊടുക്കുന്ന സഹായങ്ങളിൽ അഗാഫിയ പൂർണമായും ആശ്രയിച്ചു തുടങ്ങി. നാട്ടിൽ നിന്ന് വന്ന ചിലർ അവരെ അബാക്കൻ എന്ന പട്ടണത്തിൽ കൊണ്ടുപോയി, ചില ബന്ധുക്കളെ കാണിച്ചു കൊടുത്തു. എന്നാൽ അഗാഫിയ കാട്ടിലേക്ക് തന്നെ മടങ്ങുകയാണ് ചെയ്തത്. തനിക്ക് പട്ടണത്തിലെ ജീവിതവുമായി പൈരുത്തപ്പെടാൻ കഴിയില്ലെന്ന് അവർ സ്വയം മനസ്സിലാക്കി.
2013ലാണ് ആ സ്ത്രീയെപ്പറ്റി പുറംലോകം ഏറ്റവും ഒടുവിൽ അറിയുന്നത്. ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇപ്പോൾ അവർക്ക് എഴുപത്താറ് വയസ്സ് ഉണ്ടാവും.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മനുഷ്യൻ അതിജീവിച്ച ധാരാളം കഥകൾ വെളിയിൽ വന്നിട്ടുണ്ട്. എന്നാൽ പൂജ്യത്തിന് താഴെ നാൽപ്പത് ഡിഗ്രി തണുപ്പിൽ ഒരു കുടുംബം ഒറ്റയ്ക്ക് ജീവിച്ച കഥ വേറിട്ടു തന്നെ നിൽക്കും.
ചിത്രം: അഗാഫിയയും (ഇടത്ത്) നതാലിയയും.