#മരച്ചീനി/കപ്പ
മരച്ചീനി – കപ്പ (Tapioca) കേരളത്തിൽ വന്നതെങ്ങിനെ?
ഭക്ഷ്യയോഗ്യമായ ഒരു കിഴങ്ങാണ് മരച്ചീനി. സസ്യത്തിന്റെ വേരാണ് കിഴങ്ങായി മാറുന്നത്. യൂഫോർബിയേസീ എന്ന സസ്യകുടുംബത്തിലെ അംഗമായ മരച്ചീനിയുടെ ശാസ്ത്രീയനാമം മാനിഹോട്ട് എസ്കുലാൻറാ (Manihot esculanta) എന്നാണ്. ഇവയെ തെക്കൻ കേരളത്തിൽ കപ്പ എന്നും വടക്കൻ കേരളത്തിൽ പൂള എന്നും മധ്യകേരളത്തിൽ പല പ്രദേശങ്ങളിലും കൊള്ളി എന്നുമാണ് അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ cassava എന്നു പറയുന്നു. എങ്കിലും കപ്പയുടെ പൊടിയ്ക്കു പറയുന്ന tapioca എന്ന പേരാണ് കേരളത്തിൽ പ്രചാരം നേടിയത്.
മരച്ചീനിയുടെ ജന്മദേശം ബ്രസീലാണ്. അവിടെയാണ് ഏറ്റവുമധികം ഇനം കപ്പകളും കാട്ടുകപ്പയും കാണപ്പെടുന്നത്. പോ ര്ത്തുഗീസ്കാരുടെ വരവോടെയാണ് ഏഷ്യ ഭൂഖണ്ഡത്തിൽ കപ്പകൃഷി തുടങ്ങിയത്. 1740 ൽ മൌറീഷ്യസിൽ മരച്ചീനി കൃഷി ചെയ്തിരുന്നതായി കാണുന്നു. പത്തൊൻപതാം നൂറ്റാണ്ടായപ്പോഴേക്കും ഇന്ത്യ, ശ്രീലങ്ക, ജാവാ, ചൈനാ, ഫിലിപ്പീൻസ്, മലേഷ്യ, തായ്‌വാൻ, താഇലൻസ് എന്നിവിടങ്ങളിൽ ഈ കൃഷി വ്യാപകമായികഴിഞ്ഞു.
അരിയാഹാരമാണല്ലോ കേരളീയരുടെ പ്രധാന ഭക്ഷണം. എന്നാൽ കേരളത്തിനാവ ശ്യമായ നെല്ലു വിളയുന്ന ഭൂമി അന്നും ഇന്നും കേരളത്തിൽ പരിമിതമാണ്. പുറമെനിന്നും അരി വന്നില്ലായെങ്കിൽ മലയാളിയുടെ വയർ നിറയുകയുമില്ല. ഒന്നും രണ്ടും ലോകമഹാ യുദ്ധങ്ങളുടെ കാലത്തും, വരൾച്ച, പ്രകൃതിക്ഷോഭം ആദിയായ അവസര ങ്ങളിലും കോടിക്കണക്കിനാളുകൾ ലോകത്തു പട്ടിണിമൂലം മരണമടഞ്ഞിട്ടുണ്ട്. ഇന്ത്യയിലും പട്ടിണിമരണം ഉണ്ടായിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് കേരള ത്തിലും അരിക്ഷാമം ഉണ്ടായപ്പോൾ ബജ്ര വരുത്തി വിതരണം ചെയ്താണ് പരിഹാരം കണ്ടെത്തിയത്. അതുപോലെ ഗോതമ്പ് ഉപയോഗിക്കാത്ത മലയാളികൾക്ക് ഇന്നത് പഥ്യമായികഴിഞ്ഞല്ലോ.
തിരുവിതാംകൂറുകാരുടെ ഇഷ്ടഭോജ്യങ്ങളി ലൊന്നായ മരച്ചീനി ഇവിടെ കൃഷിതുടങ്ങി യിട്ടു ഒന്നേകാൽ നൂറ്റാണ്ടു മാത്രമേയാകു ന്നുള്ളു. അത് പ്രചരിപ്പിച്ച ചരിത്രം കൗതുകകരമാണ്. തിരുവിതാംകൂറിൽ വിശാഖംതിരുനാൾ രാമവർമ്മ മഹാരാജാവ് (1837-1885) നാട് ഭരിച്ചിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിൻറ്റെ എട്ടാം ദശകത്തിൽ അതിരൂക്ഷമായ ഒരു ക്ഷാമം ഉണ്ടായി. അക്കാലത്തു തെക്കേ അമേരിക്കയിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും മരച്ചീനി ഒരു പ്രധാന ആഹാരസാധനമാണെന്ന് മനസ്സിലാക്കിയ നമ്മുടെ മഹാരാജാവ് അവിടെനിന്നു കപ്പൽ മാർഗം മരച്ചീനി കമ്പ് വരുത്തി തിരുവനന്തപുരത്തു നാലഞ്ചാറ് ഏക്കർ വരുന്ന സ്ഥലത്തു വേലികെട്ടിച്ചു കൃഷിയാരംഭിച്ചു. അതോടൊപ്പം അദ്ദേഹം ഇപ്രകാരം ഒരു വിളംബരം പുറപ്പെടുവിച്ചു.
"പുറംരാജ്യത്തുനിന്നും ഇറക്കുമതി ചെയ്ത കപ്പ എന്നൊരു കിഴങ്ങുവർഗം ശ്രീപാദം വക സ്ഥലത്തു കൃഷി ചെയ്തിട്ടുണ്ട്. അത് അത്യന്തം രുചികരമായ ഒരു ആഹാരപദാർത്ഥമാകയാൽ പലർക്കും അതിൽ നോട്ടമുള്ളതായി കാണുന്നു. കപ്പകമ്പു മോഷ്ടിക്കുന്നവർക്ക് കഠിനതടവും മറ്റു ദണ്ഡനങ്ങളും നൽകുമെന്ന് ഇതിനാൽ പ്രജകളെയെല്ലാം അറിയിച്ചുകൊള്ളുന്നു”.
വിളംബരം പുറപ്പെടുവിച്ചു ഏതാനും ദിവസങ്ങൾക്കകം ഒറ്റക്കമ്പുപോലും അവശേഷിപ്പിക്കാതെ നാട്ടുകാർ കൊണ്ടുപോയി. ലക്ഷ്യം സാധിച്ച രാജാവ് സംതൃപ്തനായി വേറൊരു വിളംബരം കൂടിയിറക്കി. "നമ്മുടെ രാജ്യത്തെ പ്രജകൾ രഹസ്യമായി കപ്പ നട്ടുവളർത്തുന്നതായി അറിവായിരിക്കുന്നു. എന്നാൽ ശരിയായി അത് വളർത്തുന്നതെങ്ങനെയെന്നു അവർക്കറിയില്ല. (കപ്പ വളർത്തുന്നതെങ്ങനെയെന്നു വിവരിച്ചശേഷം) കപ്പ സ്വാദുള്ള ഒരു കിഴങ്ങുവർഗ്ഗമാണ്. പക്ഷെ അതിൽ സൈനൈഡ് എന്ന വിഷാംശം അടങ്ങിയിട്ടുള്ളതുകൊണ്ട് കിഴങ്ങു തൊലികളഞ്ഞു വെള്ളത്തിൽ കഴുകി നല്ലതുപോലെ വേവിച്ചു രണ്ടുതവണ വെള്ളം ഊറ്റിക്കളഞ്ഞശേഷം മാത്രമേ കഴിക്കാൻ പാടുള്ളു. ചേന, കാച്ചിൽ, ചേമ്പ് എന്നിവപോലെ കപ്പയും പാചകം ചെയ്തു കഴിക്കാം..." നമ്മുടെ പഴയ മലബാർ പ്രദേശത്തു കപ്പക്ക് പ്രചാരമുണ്ടായിരുന്നില്ലെന്നു മാത്രമല്ല അതൊരു തരംതാണ ഭക്ഷണവിഭവമായിട്ടാണ് അവിടെ കരുതിവന്നിരുന്നത്. ഇരുപതാം നൂറ്റാണ്ടിൻറ്റെ മധ്യത്തോടെ തിരുവിതാംകൂറിൽനിന്നും കുടിയേറ്റം ഉണ്ടായതിനെത്തുടർന്നാണ് മലബാറിൽ കപ്പകൃഷിക്കു പ്രചാരം ലഭിച്ചത്.
മരച്ചീനികൃഷി ഇന്ത്യയിൽ തിരുത്തുക
ഇന്ത്യയിൽ മരച്ചീനി മൂന്നു നൂറ്റാണ്ടുകളായി കൃഷിചെയ്തുവരുന്നു. തങ്ങളുടെ കോളനിയായിരുന്ന ബ്രസീലിൽനിന്നും പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് ഇന്ത്യയിൽ മരച്ചീനി കൃഷി എത്തിച്ചത്[1]. കേരളത്തിൽ കൃഷി ചെയ്തുവരുന്ന കിഴങ്ങുവിളകളിൽ സ്ഥലവിസ്തൃതിയിലും ഉത്പാദനത്തിലും ഒന്നാം സ്ഥാനമാണ് കപ്പയ്ക്കുള്ളത്. ദേശീയ ഉത്പാദനത്തിൽ 54% ആണ് കേരളത്തിന്റെ സംഭാവന. മലബാറിലായിരുന്നു പോർച്ചുഗീസുകാരുടെ മേൽനോട്ടത്തിൽ മരച്ചീനികൃഷി പ്രചരിച്ചിരുന്നത്. ഭക്ഷ്യവിഭവമെന്ന നിലയിൽ മരച്ചീനിയുടെ സാധ്യത മനസ്സിലാക്കിയ വിശാഖം തിരുനാൾ മഹാരാജാവാണ് തിരുവിതാംകൂർ പ്രദേശത്ത് ഇതു ജനകീയമാക്കാൻ മുഖ്യകാരണക്കാരൻ.[2][൧] മലയ തുടങ്ങിയ ദേശങ്ങളിൽ നിന്നും പുതിയ ഇനം മരച്ചീനികൾ മഹാരാജാവ് കേരളീയർക്കു പരിചയപ്പെടുത്തി. രണ്ടാം ലോകമഹായുദ്ധനാളുകളിലെ ക്ഷാമകാലത്ത് (1939-45) ബർമ്മയിൽ നിന്നും അരി ഇറക്കുമതി നിലച്ചപ്പോൾ തിരുവിതാംകൂറിൽ പ്രധാനഭക്ഷ്യവിഭവം മരച്ചീനിയായിരുന്നു.