മനുഷ്യമാംസം ഭക്ഷിക്കുന്നവരെന്നു കരുതപ്പെടുന്ന മനുഷ്യവിഭാഗത്തെയാണ് നരഭോജികൾ എന്നു പറയുന്നത്. എന്നും ഭയത്തോടെ മാത്രമെ നരഭോജി എന്ന വാക്ക് മനുഷ്യന്‍ ഉച്ചരിച്ചിട്ടുള്ളൂ. ആ വാക്കിന്റെ ഉത്ഭവം തിരയുന്നവര്‍ എത്തിച്ചേരുക സ്പാനിഷ് കൊളോണിയല്‍ മോഹങ്ങളുമായി ഇറങ്ങിത്തിരിച്ച ക്രിസ്റ്റഫര്‍ കൊളംബസ് എന്ന നാവികന്റെ കപ്പലിലാകും.
ഇന്ത്യ തേടിയിറങ്ങിയ കൊളംബസ് പക്ഷെ 1493 ല്‍ എത്തിച്ചേര്‍ന്നത് കരീബിയന്‍ ദ്വീപുകളിലായിരുന്നു. അധിനിവേശത്തിന്റെ മികച്ച സാധ്യത കണ്ട കൊളംബസ് കുറേ കെട്ടുകഥകളുമായാണ് യൂറോപ്പിലേക്ക് മടങ്ങിയത്. ആ കഥകളില്‍ കരീബിയന്‍ ജനത മനുഷ്യരെ കൊന്നുതിന്നുന്ന നരഭോജികളായി. പിന്നീട് കരീബിയന്‍ ദ്വീപുകളിലെത്തിയ ഓരോ യൂറോപ്യന്‍ സഞ്ചാരിയും കൊളംബസിന്റെ കഥകള്‍ക്ക് നിറം പകര്‍ന്നു. ചിലര്‍ മനുഷ്യരെ കൊന്നുതിന്നുന്ന നരഭോജികളെക്കുറിച്ച് പുസ്തകങ്ങള്‍ വരെ എഴുതി. ആ പുസ്തകങ്ങളില്‍ മനുഷ്യന്റെ കൈയും കാലും കനലില്‍ ചുട്ടെടുക്കുന്നതിന്റെ ചിത്രങ്ങളുണ്ടായിരുന്നു. മനുഷ്യ മാംസം ആസ്വദിച്ച് കഴിക്കുന്ന നഗ്നകളായ സ്ത്രീകളും അവരുടെ കുട്ടികളുമെല്ലാം അതിൽ രൂപങ്ങളായി തെളിഞ്ഞു.
അങ്ങനെ ഒരു വലിയ ഗോത്രജനത മുഴുവന്‍ നരഭോജികളായ പ്രാകൃതരായി യൂറോപ്യന്മാരുടെ മനസ്സിൽ നിലകൊണ്ടു. കഥകളിൽ ഭക്ഷണത്തിന് വേണ്ടി സ്വന്തം ജീവജാതിയെ കൊന്നു തിന്നുന്ന പ്രാകൃതമനുഷ്യര്‍ കരീബിയന്‍ ദ്വീപുകളില്‍ പിറന്നപ്പോള്‍ അധികാരത്തിന് വേണ്ടി മനുഷ്യനെ കൊല്ലുന്ന യൂറോപ്യന്‍ ജനത പരിഷ്കൃതരായി ചിത്രീകരിക്കപ്പെട്ടു. പ്രാകൃതനായ കരീബീയന്‍ മനുഷ്യനെ ഉദ്ധരിക്കാന്‍ വെള്ളക്കാരന്‍ ഇറങ്ങിത്തിരിച്ചു. പക്ഷെ സമാധാനത്തിന്റെ വചനങ്ങളുമായിട്ടായിരുന്നില്ല വെള്ളക്കാർ കരീബിയന്‍ ദ്വീപിലേക്ക് കടന്നുചെന്നത്. ആയുധങ്ങളുമായി അവര്‍ തങ്ങളുടെ അധിനിവേശ മോഹങ്ങള്‍ നടപ്പാക്കിയപ്പോള്‍ കരീബീയന്‍ കാടുകള്‍ മനുഷ്യരക്തം വീണ് ചുമന്നു. അങ്ങനെ കൊളംബസിന്റെ നരഭോജി കെട്ടുകഥ ഒരു വലിയ ജനതയുടെ ജീവനും സംസ്കാരവുമെല്ലാം കവര്‍ന്നെടുത്തു.
കീഴടക്കേണ്ടുന്ന പ്രത്യേകവിഭാഗം ജനതയെ മാനവികതയിൽ നിന്ന് ഒറ്റപ്പെടുത്താൻ ബോധപൂർവ്വം നടത്തിയ പ്രചരണ ഫലമായാണ് നരഭോജികൾ എന്ന സങ്കല്പനം രൂപപ്പെട്ടതെന്നാണ് പരക്കെ നിലനിൽക്കുന്ന വാദം. കൊളോണിയൽ അധിനിവേശകാലത്താണ് ലോകവ്യാപകമായി ഇത്തരം കഥകൾ ഏറെ പ്രചരിക്കപ്പെട്ടത്. ഒരുപക്ഷെ ക്ഷാമകാലത്ത് നരഭോജനം നടന്നിരിക്കാമെന്നും അപ്പോൾ അവിടെയെത്തിയ യൂറോപ്യർ യാദൃച്ഛികതയെ രേഖീയ യുക്തിയും ഭാവനയും സന്നിവേശിപ്പിച്ച് നിറം കലർത്തി അവതരിപ്പിച്ചതുമാവാമെന്നാണ് അമേരിക്കൻ നരവംശ ശാസ്ത്രജ്ഞനായ മാർവിൻ ഹാരിസ് പറയുന്നത്.
പുരാതനകാലത്ത് ഒരുപക്ഷേ നരഭോജനം നടന്നിരിക്കാം. എന്നാൽ ലഭ്യമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി അത്തരമൊരു നിഗമനത്തിലെത്താൻ പ്രയാസവുമാണ്. മുൻവിധികളാൽ നിർണിതമായിരുന്നു മിക്ക ആഖ്യാനങ്ങളുമെന്നാണ് സാമൂഹിക ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. "വില്യം അറെൻസ്" തന്റെ "മാൻ ഈറ്റിങ് മിത്ത്" (Man Eating Myth) എന്ന പുസ്തകത്തിൽ നരഭോജനത്തെക്കുറിച്ചുള്ള കഥകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുണ്ട്. മിഷനറിമാരുടെയും, സഞ്ചാരികളുടെയും ഒട്ടേറെ നരവംശ ശാസ്ത്രജ്ഞരുടെയും റിപ്പോർട്ടുകൾ വംശീയമായ മുൻവിധികളും കേട്ടുകേൾവികളും കെട്ടുകഥകളും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. അതിൽ ഒന്നുപോലും നേർസാക്ഷ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ലെന്നും മറിച്ച് സാംസ്കാരിക ആധിപത്യത്തിനുള്ള പ്രത്യയശാസ്ത്ര ഉപാധി എന്ന നിലയ്ക്ക് പ്രചരിപ്പിച്ചിട്ടുള്ളവയാണെന്നും ഇദ്ദേഹം വാദിക്കുന്നു. സാംസ്കാരമുള്ള യൂറോപ്യർ സംസ്കാര ശൂന്യനായ അന്യ (other) നെ കണ്ടെത്തുകയായിരുന്നു ഈ കെട്ടുകഥകളിലൂടെ.
പക്ഷെ ഇങ്ങനെയൊക്കെയാണെങ്കിലും ക്ഷാമകാലങ്ങളിൽ നരഭോജനം പ്രത്യക്ഷപ്പെട്ടിരുന്നതായി ചില റിപ്പോർട്ടുകളും ഉണ്ടായിട്ടുണ്ട്. 1930 കളിൽ ഉക്രെയിനിലും രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് യൂണിയന്റെ പട്ടാളക്കാരിലും, നാസി ക്യാമ്പുകളിലും, ജപ്പാൻ ട്രൂപ്പുകളിലും, ചൈനീസ് ആഭ്യന്തരയുദ്ധകാലത്തും ഇങ്ങനെ സംഭവിച്ചിട്ടുള്ളതായി ചില അഭ്യൂഹങ്ങളുണ്ട്. ഇന്ത്യയിലെ പ്രത്യേകവിഭാഗം അഘോരികളെക്കുറിച്ചും ഇത്തരം വിശ്വാസങ്ങളുണ്ട്.
കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ അനുഷ്ഠാനത്തിന്റെ ഭാഗമായി മനുഷ്യമാംസം ഭക്ഷിക്കുന്ന ആന്ത്രപോഫാഗികൾ യൂറോപ്പിലും മറ്റും ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്.
നെതർലൻഡ്, യൂറോപ്പ്, ആഫ്രിക്ക, സൗത്ത് അമേരിക്ക, ഇന്ത്യ, ചൈന, ന്യൂസിലൻഡ്, നോർത്ത് അമേരിക്ക, ആസ്ട്രേലിയ, സോളമൺ ദ്വീപുകൾ, ന്യൂകാലിഡോണിയ, ന്യുഗിനിയ, സുമാത്ര, ഫിജി തുടങ്ങിയ സ്ഥലങ്ങളിൽ ഗോത്രയുദ്ധങ്ങളുമായി ബന്ധപ്പെട്ട് ഈ അനുഷ്ഠാനം നിലനിന്നിരുന്നതായി കരുതപ്പെടുന്നു. രണ്ട് തരത്തിലുള്ള നരഭോജനം ഉള്ളതായി കരുതപ്പെടുന്നുണ്ട്, സ്വഗോത്ര നരഭോജനവും വിഗോത്ര നരഭോജനവും.
നെതർലൻഡ്, യൂറോപ്പ്, ആഫ്രിക്ക, സൗത്ത് അമേരിക്ക, ഇന്ത്യ, ചൈന, ന്യൂസിലൻഡ്, നോർത്ത് അമേരിക്ക, ആസ്ട്രേലിയ, സോളമൺ ദ്വീപുകൾ, ന്യൂകാലിഡോണിയ, ന്യുഗിനിയ, സുമാത്ര, ഫിജി തുടങ്ങിയ സ്ഥലങ്ങളിൽ ഗോത്രയുദ്ധങ്ങളുമായി ബന്ധപ്പെട്ട് ഈ അനുഷ്ഠാനം നിലനിന്നിരുന്നതായി കരുതപ്പെടുന്നു. രണ്ട് തരത്തിലുള്ള നരഭോജനം ഉള്ളതായി കരുതപ്പെടുന്നുണ്ട്, സ്വഗോത്ര നരഭോജനവും വിഗോത്ര നരഭോജനവും.
സാഹസികനും പത്രപ്രവര്‍ത്തകനുമായ "വില്ല്യം ബ്യൂലെര്‍ സീബ്രുക്ക്" (William Buehler Seabrook) എന്ന അമേരിക്കക്കാരന്‍ 1931-ല്‍ എഴുതിയ "ജങ്കിള്‍ വേയ്സ്" (jungle ways) എന്ന പുസ്തകത്തിലാണ് മനുഷ്യമാംസത്തിന്റെ രുചിയെക്കുറിച്ച് ഏറ്റവും വിശദമായി എഴുതപ്പെട്ടിട്ടുള്ളതെന്ന് പറയപ്പെടുന്നു. പച്ചയായ മനുഷ്യമാംസം കാഴ്ചയില്‍ ബീഫ് പോലെയാണെന്ന് അദ്ദേഹം പറയുന്നു. ഇത് ചുട്ടെടുക്കുമ്പോള്‍ ഇളം ആട്ടിറച്ചി പോലെ ചാര നിറമായി മാറുകയും, വെന്ത ബീഫിന്റെ മണം പുറപ്പെടുവിക്കുകയും ചെയ്യുന്നു. രുചിയുടെ കാര്യമാണെങ്കില്‍, സീബ്രുക്ക് എഴുതുന്നത് ഇങ്ങനെ, "നന്നായി പാകം വന്ന കിടാവിന്റെ മാംസവുമായി വളരെ അധികം അടുത്ത് നിൽക്കുന്നു മനുഷ്യമാംസം. എനിക്ക് തോന്നുന്നത് ഭക്ഷണത്തില്‍ സാധാരണ അഭിരുചിയും താല്പര്യവുമുള്ള ആര്‍ക്കും ഒരു വ്യത്യാസവും തോന്നുകയില്ല എന്നാണ്"
പക്ഷെ സീബ്രുക്കിന്റെ അനുഭവസാക്ഷ്യങ്ങളെ ചിലർ സംശയിക്കുന്നുമുണ്ട് അതിന് ചില തക്കതായ കാരണങ്ങളുണ്ട്. അദ്ദേഹം ഗ്യുയെറോ എന്ന ഗോത്രത്തിന്റെ നരഭോജ്യ ശീലങ്ങളെ കുറിച്ച് അടുത്തറിയാനാണ് പടിഞ്ഞാറൻ ആഫ്രിക്കയിലേക്ക് സഞ്ചരിച്ചത്, എന്നാല്‍ അദ്ദേഹത്തെ വിശ്വാസമില്ലാത്ത ഗോത്രക്കാര്‍ അവരുടെ ചടങ്ങുകളില്‍ ഒന്നിലും തന്നെ പങ്കെടുപ്പിച്ചില്ലെന്ന് അദ്ദേഹം പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. സീബ്രുക്ക് അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഫ്രാന്‍സിലെ ഒരു ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞ ഒരു രോഗിയുടെ ശരീരം കൈക്കലാക്കി താന്‍ ചുട്ടു തിന്നതായി അവകാശപ്പെടുന്നുണ്ട്. ജങ്കിള്‍ വേയ്സ് എന്ന പുസ്തകത്തില്‍ താന്‍ വിവരിക്കുന്ന നരഭോജന രീതികള്‍ വെസ്റ്റ് ആഫ്രിക്കയിൽ വച്ചുള്ള അനുഭവമല്ലെന്നും അത് പാരീസില്‍ വച്ചുള്ളതാണെന്നും അദ്ദേഹം ഏറ്റുപറഞ്ഞു.
വിശ്വാസയോഗ്യത ഇല്ലാതിരുന്നിട്ടു കൂടി, സീബ്രുക്കിന്റെ വിശദീകരണങ്ങള്‍ ഇന്നും ഏറ്റവും ഉപയോഗപ്രദമായി തുടരുന്നുണ്ട്. മനുഷ്യ മാംസത്തിന്റെ രുചിയെ കുറിച്ചുള്ള ഒട്ടുമിക്ക അഭിപ്രായങ്ങളും വരുന്നത് മാനസികരോഗികളില്‍ നിന്നാണ് ഉദാഹരണത്തിന് സീരിയല്‍ കൊലയാളി കാള്‍ ഡെങ്കെ, അല്ലെങ്കില്‍ ജര്‍മന്‍ കൊലയാളി ആര്‍മിന്‍ മേയ്വേസ്. ഈ കാരണം കൊണ്ട് അവരൊന്നും വിശ്വാസയോഗ്യരും അല്ല. ബാക്കിയുള്ള പലതും വളരെ അവ്യക്തവും പരസ്പരവിരുദ്ധവുമാണ്. അധികം മാറ്റമില്ലാത്ത അഭിപ്രായം ചെറിയ കുട്ടികളുടെ മാംസം മുതിർന്നവരുടേതിനേക്കാളും സ്വാദുള്ളതാണ് എന്നായിരുന്നു. പക്ഷെ ഇതൊരു അമ്പരപ്പിക്കുന്ന കാര്യമല്ല; കാരണം പ്രായം കൂടുന്നതിനനുസരിച്ച് മനുഷ്യശരീരത്തില്‍ കൊളാജെനിന്റെ അളവും വര്‍ധിക്കുന്നുണ്ട്. ഇത് മാംസത്തിന്റെ ഉറപ്പും വര്‍ദ്ധിപ്പിക്കും. ചിലര്‍ അഭിപ്രായപ്പെട്ടത് കുട്ടികളുടെ മാംസം വളരെധികം ഇളയതായത് കാരണം അത് മത്സ്യമാംസം പോലെ തോന്നിച്ചു എന്നാണ്. ഇത് കൂടാതെ നരഭോജികള്‍ നരവംശശാസ്ത്രജ്ഞരോട് മനുഷ്യമാംസം മധുരമുള്ളത്, കയ്പ്പുള്ളത്, ഇളയത്, ഉറപ്പുള്ളത്, കൊഴുപ്പേറിയത് എന്നിങ്ങനെയും വര്‍ണ്ണിച്ചിട്ടുണ്ട്. ഈ വ്യത്യാസങ്ങള്‍ ഒരു പക്ഷെ അവരുടെ പാചകരീതിയനുസരിച്ച് മാറുന്നതായിരിക്കാം.
പല ഗോത്രങ്ങളും മരിച്ചവരുടെ മാംസം അത് ചെറുതായി അഴുകിയതിനു ശേഷമേ ഭക്ഷിക്കാറുള്ളത്രേ. ചുടുന്നതും കറിവെക്കുന്നതുമാണു സാധാരണായി കണ്ടുവരുന്ന പാചകരീതികൾ. ചില ഗോത്രവര്‍ഗക്കാര്‍ മുളകും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ക്കുന്നുണ്ട്. മദ്ധ്യ ആഫ്രിക്കയിലെ അസാന്‍ഡേ ഗോത്രക്കാര്‍ മനുഷ്യമാംസ കറിയുടെ മുകളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ശേഖരിച്ച് പിന്നീട് കറികളില്‍ ചേര്‍ക്കുന്നതിനോ വിളക്കെണ്ണയായോ ഉപയോഗിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. സൗത്ത് പസിഫിക്കിലെ ചില നരഭോജി വംശജര്‍ മനുഷ്യമാംസത്തിന്റെ തുണ്ടുകള്‍ ഇലയില്‍ പൊതിഞ്ഞു തീയില്‍ ചുട്ടെടുക്കാറുണ്ട്. സുമാത്രയിലെ (sumatra) നരഭോജികൾ കുറ്റവാളികളെ നാരങ്ങയും ഉപ്പും ചേര്‍ത്ത് പാകം ചെയ്തു വിളമ്പിയതായും രേഖപ്പെടുത്തിയിട്ടുണ്ട്.
ഈയടുത്ത കാലത്ത് നരഭോജന കുറ്റത്തിനു പിടിക്കപെട്ടവരുടെ ഇടയില്‍ ഒരോരുത്തരും ചില പ്രത്യേക ശരീരഭാഗങ്ങളില്‍ മാത്രം താല്പര്യം കാണിക്കുന്നതായി കാണാം. ഫ്ലോറിഡയിലെ റൂഡി യൂജീന്‍ എന്ന ഒരു അക്രമകാരി അയാളുടെ ഇരയുടെ മുഖം മാത്രമാണ് ഭക്ഷിച്ചത്. സ്വീഡനിലെ ഒരു നരഭോജി ചുണ്ടുകള്‍ മാത്രമാണ് ഭക്ഷിച്ചത്. ടോക്യോയില്‍ ഒരു വ്യക്തിയാവട്ടെ ഏറ്റവും ഉയര്‍ന്ന ലേലം വിളിക്കുന്നവര്‍ക്ക് തന്റെ ജനനേന്ദ്രിയം പാകം ചെയ്തു വിളമ്പിയെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നരഭോജി വംശജരും സമാനമായ ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. സീബ്രുക്ക് വെസ്റ്റ് ആഫ്രിക്കയിലെ നരഭോജികള്‍ ഇടുപ്പ്, പ്രുഷ്ടഭാഗം, വാരിയെല്ല്, കൈപ്പത്തി എന്നീ ഭാഗങ്ങള്‍ മാര്‍ദ്ദവമേറിയ ഭാഗങ്ങളായി കണക്കാക്കുകയും ഇഷ്ടപ്പെടുകയും ചെയ്തതായി പറയുന്നു. അവര്‍ മറ്റു അവയവങ്ങളും ഭക്ഷിച്ചിരുന്നു, പക്ഷെ മറ്റുള്ളതിന് മൃഗങ്ങളുടെ രുചിയില്‍ നിന്നു വ്യത്യാസം അനുഭവപെട്ടിരുന്നില്ല. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഫിജിയിലെ നരഭോജികള്‍ ഹൃദയം, തുടകള്‍, മേല്‍ക്കൈ എന്നീ ഭാഗങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നതായി രേഖപെടുത്തിയിട്ടുണ്ട്. ആചാരപ്രമാണക്കാരായ നരഭോജികള്‍ ചിലപ്പോള്‍ രുചിയെക്കാളും പ്രാധാന്യം നൽകിയിരിക്കുക ആ ഭാഗത്തിന്റെ പ്രതീകാത്മകതയിലായിരിക്കാം. പിഞ്ചു കൂട്ടികളുടെ മാംസം ഭക്ഷിക്കുക മൂലം യുവത്വം നിലനിർത്താമെന്നും ഒരു വീര യോദ്ധാവിന്റെ ഹൃദയമോ ശക്തനായ പോരാളിയുടെ പേശികളോ ഭക്ഷിക്കുന്നതിലൂടെ മരിച്ച വ്യക്തിയുടെ അഭിലഷണീയമായ ഗുണങ്ങള്‍ ഭക്ഷിക്കുന്നവന് ലഭിക്കുമെന്നുള്ള മൂഢവിശ്വാസങ്ങൾ ചിലര്‍ക്കെങ്കിലും ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
നര ഭോജികൾ ഉണ്ടായിരുന്നു. വേട്ടയാടി ഭക്ഷണം കഴിക്കുന്ന നായാടിയുടെയും, ഗുഹാ മനുഷ്യൻറ്റേയും മൂല്യങ്ങൾ ഇന്നത്തെ സമൂഹത്തിന് ഉൾക്കൊള്ളാനാവില്ല എന്ന് മാത്രം. നരഭോജികളെ കുറിച്ച് അറിയാൻ വിൽ ഡ്യുറാൻറ്റിൻറ്റെ 'Our Oriental Heritage' എന്ന പുസ്തകത്തിലെ 'From Hunting to Industry' എന്ന അധ്യായം വായിക്കുക. നര ഭോജികളെ കുറിച്ചുള്ള അനേകം ആധികാരികമായ തെളിവുകൾ വിൽ ഡ്യുറാൻറ്റ് നിരത്തുന്നുണ്ട്