A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

1986 ഏപ്രിൽ 26* *ചെർണോബിൽ ദുരന്തം*


ഒരു ആ‍ണവോർജ്ജ റിയാക്ടറിൽ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ അപകടമാണ് ചെർണോബിൽ ന്യൂക്ലിയർ ദുരന്തം. ഇതിന്റെ ഫലമായി ആ‍ണവ റിയാക്ടറിനു സാരമായ തകരാർ സംഭവിച്ചു. 1986 ഏപ്രിൽ 26-നു രാത്രി 01:23:40 മണിക്കു ആയിരുന്നു ദുരന്തം സംഭവിച്ചത്. മുൻ കാലത്ത് സോവിയറ്റ് യൂണിയൻറെ ഭാഗമായിരുന്നതും ഇപ്പോഴത്തെ യുക്രൈനിന്റെ ഭാഗമായി നിലനിൽക്കുന്നതുമായ പ്രിപ്യാറ്റ് എന്ന സ്ഥലത്തുള്ള ചെർണോബിൽ ആണവോർജ്ജ പ്ലാന്റിലെ നാലാം നമ്പർ റിയാക്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. റഷ്യൻ തനതു സാങ്കേതിക വിദ്യയിൽ വികസിപ്പിച്ച ലൈറ്റ് വാട്ടർ ഗ്രാഫൈറ്റ് മോഡറേറ്റഡ് റിയാക്റ്ററുകളുടെ വിഭാഗത്തിൽപ്പെടുന്ന റിയാക്ടറാണ് അപകടത്തിൽ പെട്ടത്.

*അപകടകാരണം*
റിയാക്ടറിന്റെ രൂപകൽപനയിലെ പഴുതുകളും ഓപ്പറേറ്റർമാരുടെ പഴുതുകളും കാരണമാണ് ദുരന്തം സംഭവിച്ചത്. ചെർണോബിൽ ആണവനിലയത്തിലെ നാലാം നമ്പർ റിയാകട്റിൽ സംഭവിച്ച സുരക്ഷാ പഴുതു പരിഹരിക്കുന്നതിനുള്ള പരീക്ഷണങ്ങൾക്കിടയിലാണ് അപകടം സംഭവിച്ചത്. റിയാക്റ്റർ എമർജൻസ് ഷട്ട്ഡൗൺ ചെയ്യുമ്പോൾ അതിന്റെ ഇന്ധനഅറയിലെ ചൂട് കുറക്കാനായി വെള്ളം പമ്പു ചെയ്യണം. ഇതിനായി വെള്ളം പമ്പ് ചെയ്യുന്ന എമർജൻസി പമ്പുകൾക്ക് പവർ നൽകുന്ന ജനറേറ്ററുകൾ അതിന്റെ മുഴുവൻ കപാസിറ്റിയിൽ എത്താൻ ഒന്നര മിനിട്ട് സമയം എടുക്കുന്നുവെന്നത് കണ്ടെത്തി അത് പരമാവധി മുപ്പത് സെക്കന്റിനകത്ത് സംഭവിപ്പിക്കാനുള്ള പരീക്ഷണങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്.
ഇതിനായി റിയാക്ടറിന്റെ പവർ 700 മെ​ഗാവാട്ടിലേക്ക് കുറച്ചുകൊണ്ടുവരികയും സേഫ്റ്റി അലാമുകളും ഓട്ടോമാറ്റിക് ഷട്ട് ഡൗണുമൊക്കെ ഡിസേബിൾ ചെയ്ത് മാന്വൽ കണ്ട്രോൾ സിസ്റ്റത്തിൽ റിയാക്ടർ പ്രവർത്തിപ്പിക്കുകയുമായിരുന്നു. പവർ 700 മെ​ഗാവാട്ടിലേക്ക് കുറച്ചു കൊണ്ടുവരുന്നതിനിടെ അപ്രതീക്ഷിതമായി റിയാക്ടർ പോയ്സണിങ് സംഭവിക്കുകയും റിയാക്ടർ പവർ മുപ്പതു മെ​ഗാവാട്ടായി കുറയുകയും ചെയ്തു. ലോ പവർ കട്ടോഫ് സർക്കീട്ടറി ഡിസേബിൾ വച്ചിരിക്കുന്നതിനാൽ അതു പ്രവർത്തിച്ചില്ല. റിയാക്ടർ പവർ 700 മെ​ഗാവാട്ടിൽ കുറഞ്ഞാൽ റിയാക്ടർ അസ്ഥിരാവസ്ഥയിലാകുമെന്നും കുറഞ്ഞ ഊർജനിലയിൽ പ്രവർത്തിപ്പിക്കുന്നത് അപകടമാണെന്നും അതിന്റെ സുരക്ഷാ മാന്വലിൽ പറഞ്ഞിരിക്കുന്നതിനാൽ പവർ 700 മൊ​ഗാവാട്ടിലേക്ക് ഉയർത്താനായി കൺട്രോൾ റോഡുകൾ മാന്വലായി ഉയർത്താൻ ശ്രമിച്ചു. ഇതിനെ തുടർന്ന് പവർ 200 മെ​ഗാവാട്ടായി ഉയർന്നു. പവർ കൂടുതലായി ഉയർത്താനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. പരീക്ഷണം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുന്നതിനു പകരം 700 മെ​ഗാവാട്ട് പവറിൽ നടത്താനിരുന്ന പരീക്ഷണം 200 മെ​ഗാവാട്ടിൽ തന്നെ തുടരാൻ മേലധികാരികൾ തീരുമാനിക്കുകയായിരുന്നു.
ഇതിനെ തുടർന്ന് ടർബൈനിലേക്കുള്ള നീരാവിയുടെ പ്രവാഹം നിർത്തി വച്ചു. നീരാവി നിർത്തിയാലും കുറച്ച് നേരം ടർബൈനുകൾ കറങ്ങും. ഇങ്ങനെ ടർബൈൻ കറങ്ങുമ്പോൾ ആ ഊർജ്ജം ഒരു മിനിട്ട് നേരത്തേക്ക് കൂളന്റ് പമ്പുകൾ പ്രവർത്തിപ്പിക്കാൻ മതിയാകുമോ എന്നു കണ്ടെത്തലായിരുന്നു പ്രധാന പരീക്ഷണ ലക്ഷ്യം. 200 മെ​ഗാവാട്ടിൽ, തികഞ്ഞ അസ്ഥിരാവസ്ഥയിലുള്ള റിയാക്റ്ററിന്റെ പവർ ലെവൽ കൂട്ടുന്നതിനിടയിൽ ടർബൈനുകളുടെ വേഗത കുറഞ്ഞതോടെ കൂളന്റ് പമ്പുകളുടെ പമ്പിംഗ് ശേഷി കുറഞ്ഞു. റിയാക്റ്ററിനകത്തേക്ക് പമ്പ് ചെയ്യപ്പെടുന്ന ജലത്തിന്റെ അളവ് കുറഞ്ഞു. ഇത് റിയാക്റ്ററിനകത്തെ ചൂട് വർദ്ധിപ്പിച്ചു. ചൂടു കൂടിയതോടെ റിയാക്റ്ററിനകത്തെ ജലം കൂടുതൽ നീരാവിയായി മാറാൻ തുടങ്ങി. റിയാക്ടറിനകത്തെ നീരാവിയുടെ അളവ് കൂടിയതോടെ റിയാക്ടറിന്റെ ന്യൂട്രോൺ ആഗിരണ ശേഷി കുറയുകയും കൂടുതൽ ന്യൂട്രോണുകൾ ഫിഷൻ പ്രവർത്തനത്തിന്റെ ഭാഗമാകാൻ തുടങ്ങുകയും ചെയ്തു. സെക്കന്റുകൾക്കകം ഈ ചാക്രിക പ്രതിഭാസം മൂലം കൂടുതൽ പവർ ഉല്പാദിപ്പിക്കപ്പെടുകയും പവർ ക്രമാനുഗതമായി ഉയരുകയും ചെയ്തു. ഇത് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. റിയാക്ടറിന്റെ ശരാശരി പ്രവർത്തന ശേഷിയായ 3000 മെ​ഗാവാട്ടും കഴിഞ്ഞ് പവർ ഉയർന്ന് മൂന്നു സെക്കൻഡിനകം അത് പതിനായിരം മെ​ഗാവാട്ടിലെത്തി. നീരാവിയുടെ സമ്മർദം താങ്ങാനാവാതെ ഉന്നത മർദത്തിൽ റിയാക്ടർ കോർ പൊട്ടിത്തെറിച്ചു. ഉന്നത ഊഷ്മാവിൽ രൂപപ്പെടുന്ന ഹൈഡ്രജന് തീപിടിച്ച് മൂന്നു സെക്കൻഡിനകം രണ്ടാമത്തെ പൊട്ടിത്തെറിയും സംഭവിച്ചു. റിയാക്ടറിന്റെ ഉരുക്കുകവചങ്ങൾ തകർന്ന് ടൺകണക്കിന് റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ അന്തരീക്ഷത്തിലെത്തി.
നൂറു ഹിരോഷിമകൾക്ക് തുല്യമായ സ്ഫോടനമാണെന്നറിയാതെ, എമർജൻസി ടാങ്കിൽ സംഭവിച്ച സ്ഫോടനമാണെന്ന് തെറ്റിദ്ധരിച്ച്, റിയാക്ടർ സുരക്ഷിതമാണന്ന് പ്രഖ്യാപിച്ച് അനുവദനീയമായതിലും അധിക റേഡിയേഷൻ ഏറ്റുകൊണ്ട് അവർ അഗ്നിശമനപ്രവർത്തനങ്ങൾ നടത്തി. പിന്നീട് ആണവസ്ഫോടനമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ റേഡിയോ ആക്റ്റീവ് വികിരണങ്ങളെ തടയുന്ന അയ്യായിരം ടണ്ണോളം ബോറോൺ, ഡോളോമൈറ്റ്, മണൽ, ലെഡ് സംയുക്തങ്ങൾ സൈനിക ഹെലിക്കോപ്റ്ററുകളുടെ സഹായത്താൽ റിയാക്റ്ററിനു മുകളിലേക്ക് ചൊരിഞ്ഞു. റിയാക്ടർ നിലനിന്നിരുന്ന പ്രിപ്യാറ്റ് ന​ഗരം റേഡിയോ ആക്ടീവ് പദാർത്ഥങ്ങളാൽ പൂർണമായി മലിനീകരിക്കപ്പെട്ടിരുന്നു. റേഡിയേഷൻ തോത് അതി ഭീകരമായ തോതിൽ വർദ്ധിച്ചതിനാൽ റിയാക്ടറിനു മുപ്പത് കിലോമീറ്റർ പരിധിയിലുള്ള എല്ലാവരേയും ഒഴിപ്പിച്ചു. ചെർണോബിൽ എക്‌സ്‌ക്ലൂഷൻ സോൺ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.
ആണവറിയാക്ടറിന്റെ പ്രവർത്തനങ്ങളിൽ ഉണ്ടായ പാകപ്പിഴയാണ്‌ ദുരന്തത്തിന് കാരണം. സോവിയറ്റ് യൂണിയ൯ ആകെ 31 മരണങ്ങളും ക്യാ൯സ൪ പോലെ മാരകമായ അസുഖങ്ങളും രേഖപ്പെടുത്തി.
കടപ്പാട് : വിജീഷ് കണ്ണൂർ