ഭാഗം -2
അന്യഗ്രഹ ജീവികളുടെ കമ്പ്യൂട്ടർ ചിപ്പ്
യുഎഫ്ഒ ഭൂമിയിൽ വന്നിറങ്ങിയെന്നും ഏതോ അജ്ഞാത ശക്തിയാൽ തങ്ങളെ പേടകത്തിലേയ്ക്ക് ആവാഹിച്ചെടുത്തെന്നും ഹിപ്‌നോട്ടിക്‌സ് പോലുള്ള അവസ്ഥയിലാക്കിയ ശേഷം പരീക്ഷണങ്ങൾ നടത്തിയെന്നും അവകാശപ്പെടുന്ന ധാരാളം ആളുകളുണ്ട്. അവരിൽ രണ്ടു വ്യക്തികളാണ് അമേരിയ പാറ്റ് പരിനലോയും ജാനറ്റ് എന്ന സ്ത്രീയും. പരിനലോ പറയുന്നത് തന്റെ ശരീരത്തിനുള്ളിൽ എവിടെയോ ഈ അന്യഗ്രഹജീവികൾ എന്തോ ഘടിപ്പിച്ചുവച്ചിട്ടുണ്ടെന്നാണ്. ജനാറ്റാകട്ടെ തന്റെ ഇടതുകാലിൽ ഈ ജീവികൾ എന്തോ ഇംപ്ലിമെന്റ് ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്.
രണ്ടും വ്യത്യസ്തങ്ങളായ സംഭവങ്ങൾ ആയിരുന്നു. എക്‌സ്‌റേ പരിശോധനയിൽ ഇത് സത്യമാണെന്നു തെളിഞ്ഞു. ശാസ്ത്രത്തിന്റെ എല്ലാ രംഗങ്ങളിലുമുള്ള വിദഗ്ദർ പരീക്ഷണങ്ങൾ നടത്തി. ഡോക്ടർ റോഗർ ലീനിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ നടത്തി ഇതുപുറത്തെടുത്തു. യുഎഫോളജിസ്റ്റുകൾ, അസ്‌ട്രോഫിസ്റ്റുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘം ഇവിടെ സന്നിഹിതമായിരുന്നു.
പരിനീലിയയുടെ കൈയിൽ നിന്നും പുറത്തെടുത്ത വസ്തു കാന്തശക്തിയുള്ളതായിരുന്നു. 1 മില്ലിമീറ്റർ നീളവും 2 മില്ലി മീറ്റർ വീതിയും ഉള്ള കറുത്ത വസ്തു ഹിമോഗ്ലോബി ആവരണം ചെയ്യപ്പെട്ടിരുന്നു. ഡോക്ടർ ലീയർ പറഞ്ഞത് തന്റെ ജീവിതത്തിൽ ഇതുപോലൊരു വസ്തു കണ്ടിട്ടില്ലെന്നാണ്. ഇത് മൂർച്ചയുള്ള കത്തികൊണ്ട് പോലും മുറിക്കാൻ സാധിക്കുന്നതല്ല. മാത്രമല്ല ശരീരത്തിലെ നേർവുകളിലേക്ക് യോജിപ്പിച്ചിരുന്നു എന്നതായിരുന്നു അതിലും രസകരമായ വസ്തുത.ത്രികോണാകൃതിയിലുള്ള ഒന്നര മില്ലിമീറ്റർ ചുറ്റളവുള്ള ത്രികോണാകൃതിയിലുള്ള ഒരു വസ്തുവായിരുന്നു കൈയിൽ നിന്നും പുറത്തെടുത്തത്.
ഈ വസ്തുക്കൾ പിന്നിട്ട് ഫ്യൂസ്റ്റൺ യൂണിവേഴ്‌സ്‌സിറ്റിയിൽ പരീക്ഷണം നടത്തി. കറുത്ത തിളങ്ങുന്ന ഈ വസ്തുവിൽ ബോറൺ എന്ന വസ്തുവിന്റെ സാന്നിദ്ധ്യം കണ്ടു. അൾട്രാവയലറ്റ് ലൈറ്റിൽ ഇത് പച്ച നിറത്തിൽ കാണപ്പെട്ടു. മാത്രമല്ല 13 വ്യത്യസ്ത ലോഹങ്ങളുടെ ഒരു സങ്കരമാണ് ഈ ചെറിയ വസ്തു എന്നും കണ്ടെത്തി. ഇത് അഭൗമികമായ വസ്തുക്കളാണെന്നും ശാസത്രജ്ഞന്മാർ അഭിപ്രായപ്പെട്ടു. ആ വർഷം തന്നെ ഏതാണ്ട് 12 ഓളം ആളുകളിൽ നിന്നും ഇത് പോലുള്ള വസ്തുക്കൾ പുറത്തെടുത്തു.
ഡോൾഫിന്റെയും പക്ഷികളുടെയും ശരീരത്തിൽ ഒരു നെന്മണിയുടെ വലിപ്പമുള്ള കമ്പ്യൂട്ടർ ചിപ്പുകൾ ഇപ്പോൾ ഘടിപ്പിച്ചു വിടാറുണ്ട്. ശത്രുക്കളുടെ കപ്പലുകൾ സൈനിക നീക്കങ്ങൾ ഇവയെപ്പറ്റി ഒക്കെ മനസ്സിലാക്കുവാനാണ് ഇത് ചെയ്യുന്നത്. അത് പോലെ അന്യഗ്രഹ ജീവികൾ ഭൂമിയിൽ പരീക്ഷണം നടത്തുവാനാണിത് ചെയ്യുന്നതെന്ന് ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെട്ടു.
സൈബീരിയായിലെ മഹാ സ്‌ഫോടനം
1908 ൽ സൈബിരിയായിലുണ്ടായ മഹാ സ്‌ഫോടനം പറക്കും തളിക പൊട്ടിത്തെറിച്ചുണ്ടായതാണെന്നാണ് ശാസ്ത്രം. അതിന് തൊട്ടു മുൻപ് തെക്കൻ റഷ്യയിലും ചൈനയിലുമുള്ള ധാരാളം ആളുകൾ മിന്നിത്തിളങ്ങുന്ന ഭീകരമായ ഒരു തളിക ആകാശത്ത് കൂടി തെന്നി നീങ്ങുന്നത് കണ്ടിരുന്നു. പുലർച്ചെ 7. 17 ന് മഹാ സ്‌ഫോടനം ഉണ്ടായി. 250 മൈലുകൾ അകലെ വരെ മിന്നലുകളും ഇടിമുഴക്കവും അനുഭവപ്പെട്ടു. വലിയ ഒരു ഭൂകമ്പവും തുടർന്ന് ചുഴലിക്കാറ്റും ഉണ്ടായി. 350 മൈൽ ചുറ്റളവിൽ ഇത് അനുഭവപ്പെട്ടു. 1500 റെയിൻ ഡിയറുകൾ കൊല്ലപ്പെട്ടു. പൈൻ മരങ്ങളും മറ്റും പിഴുതെറിയപ്പെട്ടു. മണ്ണ് ഉഴുതുമാറിയത് പോലെ തകിടം മറിഞ്ഞു.
പിന്നീട് റഷ്യൻ അമേരിക്കൻ ശാസ്ത്രജ്ഞർ പരീക്ഷണ നിരീക്ഷണങ്ങളാരംഭിച്ചു. തിരയടിക്കുന്ന കടല് പോലെ ഭൂമി കാണപ്പെട്ടു. ഷോക് വേവ് രണ്ട് പ്രാവശ്യം ഭൂഗോളത്തെ ചുറ്റിയതായി കണ്ടെത്തി. മണ്ണിൽ ചില പ്രത്യേക ലോഹത്തരികൾ കാണപ്പെട്ടു. 37 വർഷങ്ങൾക്ക് ശേഷം ഹിരോഷിമായിൽ ആറ്റംബോംബ് പതിച്ചപ്പോഴുണ്ടായ അവസ്ഥയാണിവിടെ സംജാതമായതെന്നും കണ്ടെത്തി. ഹിരോഷിമ സ്‌ഫോടനത്തേക്കാൾ 1500 ഇരട്ടി ശക്തിയുള്ള സ്‌ഫോടനമാണിവിടെ സംഭവിച്ചതെന്ന് ശാസത്രജ്ഞന്മാർ മനസ്സിലാക്കി.
അന്യഗ്രഹ ജീവികൾ തങ്ങളുടെ വാഹനം തകരാറായപ്പോൾ സൈബീരിയ പോലുള്ള വിജന പ്രദേശത്തേക്ക് മാറ്റി അവിടെ വച്ചും സ്‌ഫോടനം നടത്തി എന്നുമാണ് ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നത്.
അമേരിക്കൻ ഗവൺമെന്റ് ഗോപ്യമാക്കി വച്ചിരിക്കുന്ന മുപ്പതിനായിരത്തോളം യുഎഫ്ഒ ഫയലുകൾ വിവരാവകാശ നിയമമനുസരിച്ച് വെളിച്ചത്തുകൊണ്ടു വരികയുണ്ടായി. അവയിൽ ചിലതാണ് താഴെ പരാമർശിക്കുന്നത്.
(റെഫറൻസ് യുഎഫ്ഒ ദി റെസ്‌പെക്റ്റ് ഗവൺമെന്റ് ഫയൽസ് (പീറ്റർ ബ്രൂക് സ്മിത്ത്)
1942 ഫെബ്രുവരി 25 പുലർച്ചെ മൂന്ന് മണി ലോസ് ഏഞ്ചൽസിനു മുകളിലൂടെ ഏതാണ്ട് 15 ഓളം അജ്ഞാത വാഹനങ്ങൾ തെന്നി നീങ്ങുന്നു. ആയിരക്കണക്കിന് ആളുകൾ ഈ രംഗം നേരിൽ കണ്ടു. റഡാർ സ്‌ക്രീനിലും ഇവ തെളിഞ്ഞു കാണപ്പെട്ടു. വിവിധ വർണ്ണങ്ങളിലുള്ള പ്രകാശ രശ്മികൾ പുറപ്പെടുവിച്ചു കൊണ്ട് ഏതാണ്ട് പതിനേരായിരം അടി മുകളിലൂടെ അവ സഞ്ചരിച്ചു കൊണ്ടിരുന്നു. ജപ്പാനീസ് വിമാനങ്ങൾ ആയിരിക്കാമെന്നു കരുതി. രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയമായതിനാൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഈ സമയം ആകാശ ഭ്രമണ സൈറൺ മുഴങ്ങി കൊണ്ടിരുന്നു. 37 ാം ആർമി ബ്രിഗേഡ് 1430 റൗണ്ട് വെടി വച്ചു കൊണ്ടിരുന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല. അസാധാരണമായ രീതിയിൽ അവ ഉയരുകയും താഴുകയും ചെയ്തു കൊണ്ടിരുന്നു. അവസാനം സാന്തിമരിയാ തീരത്ത് കൂടി സിങ് സാങ്ങ് രീതിയിൽ സഞ്ചരിച്ചു കൊണ്ട് അവ അപ്രത്യക്ഷമായി.
രണ്ടാം ലോക മഹാ യുദ്ധ കാലത്ത് തങ്ങളുടെ വിമാനത്തെ അനുഗമിക്കുന്ന തളിക രൂപത്തിലുള്ള വസ്തുക്കളെപ്പറ്റി ധാരാളം പൈലറ്റ്മാർ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇരു പക്ഷവും അത് ശത്രുക്കളുടെ വാഹനമായിരിക്കുമെന്നാണ് കരുതിയത്.
2004 ലെ അനുഭവം
പറക്കുംതളിക അനുഭവത്തെക്കുറിച്ച് തുറന്നുപറയാന്‍ ഒടുവില്‍ അമേരിക്കന്‍ നാവികസേനാംഗങ്ങള്‍ തയാറായി. നാവികസേനയുടെ പരിശീലനത്തിനിടെ 2004ല്‍ നടുക്കടലില്‍ വച്ചുണ്ടായ വിചിത്ര അനുഭവങ്ങളാണ് ഇവര്‍ പങ്കുവെച്ചത്. ഇത് ആദ്യമായാണ് അമേരിക്കന്‍ നാവികര്‍ 15 വര്‍ഷങ്ങള്‍ക്കു മുൻപുണ്ടായ അനുഭവത്തെക്കുറിച്ച് പരസ്യപ്രതികരണത്തിന് തയാറായത്.
യുഎസ്എസ് പ്രിന്‍സ്റ്റണ്‍ എന്ന അമേരിക്കന്‍ നാവിക സേനയുടെ കപ്പലിലെ അംഗങ്ങള്‍ക്കാണ് പറക്കുംതളിക അനുഭവുണ്ടായത്. 2004 നവംബറില്‍ പരിശീലനത്തിന്റെ ഭാഗമായി ദക്ഷിണ കാലിഫോര്‍ണിയയില്‍ നിന്നും 165 കിലോമീറ്റര്‍ ഉള്‍ക്കടലിലായിരുന്നു നാവികസേനയുടെ പടക്കപ്പല്‍. കപ്പലിലെ പുത്തന്‍ റഡാര്‍ സംവിധാനം പൊടുന്നനെ അസ്വാഭാവിക വസ്തുക്കളുടെ സാന്നിധ്യം കാണിച്ചു തുടങ്ങി.
ആദ്യം റഡാര്‍ സംവിധാനത്തിന്റെ തകരാറാണെന്നാണ് നാവികര്‍ കരുതിയത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ സൂക്ഷ്മ പരിശോധനയില്‍ റഡാറിലെ അസ്വാഭാവിക സാന്നിധ്യങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ വന്നു. 80000- 60000 അടി വരെ ഉയരത്തിലായിരുന്നു അവയില്‍ പലതും. 100 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ ആകാശത്തുകൂടിയാണ് അവ സഞ്ചരിച്ചിരുന്നത്. പലപ്പോഴും 30,000 അടി വരെ താഴേക്ക് ഇവയെത്തിയെന്ന് റഡാര്‍ രേഖകള്‍ കാണിച്ചു.
തുടര്‍ന്നുള്ള ദിവസങ്ങളിലും ഇത് തുടര്‍ന്നതോടെ നാവിക സംഘം കൂടുതല്‍ ജാഗരൂഗരായി. ആകാശത്ത് കാണപ്പെടുന്നത് ഒരു വസ്തുവല്ലെന്ന് ഇവര്‍ക്ക് വൈകാതെ മനസിലായി. അഞ്ച് മുതല്‍ 10 എണ്ണം വരെയുള്ള കൂട്ടമായാണ് ഇവ കാണപ്പെട്ടത്. പരസ്പരം കൃത്യമായ അകലത്തില്‍ അച്ചടക്കത്തോടെ എന്നാല്‍ അതിവേഗത്തിലാണ് അവ പറന്നതെന്ന് സീനിയര്‍ ചീഫ് ഓപറേഷന്‍സ് സ്‌പെഷലിസ്റ്റ് കെവിന്‍ ഡേ 'ദ നിമിറ്റ്‌സ് എന്‍കൗണ്ടേഴ്‌സ്' എന്ന ഡോക്യുമെന്ററിയില്‍ പറയുന്നു.
ഒരാഴ്ച നീണ്ട ഒളിച്ചുകളിക്കുശേഷം കെവിന്‍ ഡേ മേലുദ്യോഗസ്ഥരില്‍ നിന്നും മേഖലയില്‍ F/A-18s പോര്‍വിമാനങ്ങള്‍ നിരീക്ഷണത്തിന് പോകാനുള്ള അനുമതി നേടി. ഇതോടെയാണ് കൂടുതല്‍ വ്യക്തമായ ദൃശ്യങ്ങള്‍ ലഭിച്ചത്. ഒരു മൈല്‍ അകലത്തില്‍ ഈ പറക്കുന്ന വസ്തുക്കളുടെ ദൃശ്യങ്ങള്‍ ലഭിച്ചു. മുട്ട നീട്ടിവലിച്ചതു പോലെ വെളുത്ത് മിനുസമുള്ള രൂപമെന്നായിരുന്നു ദൃശ്യങ്ങളില്‍ നിന്നും അവയെ മനസിലാക്കിയത്. എന്നാല്‍ പോര്‍ വിമാനങ്ങള്‍ക്ക് പോലും പിടിതരാതെ അപ്രത്യക്ഷമാകാന്‍ ഇവക്ക് എളുപ്പം സാധിച്ചതും ദുരൂഹത വര്‍ധിപ്പിച്ചു.
2017ല്‍ അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ എടുത്ത ഈ 'പറക്കുംതളിക'യുടെ വിഡിയോ പുറത്തായതോടെയാണ് വീണ്ടും വിഷയം ചര്‍ച്ചയാകുന്നത്. അകലെ കാണുന്ന വസ്തുക്കളെ മനസിലാക്കാന്‍ പോര്‍വിമാനത്തിലെ പൈലറ്റുമാര്‍ ശ്രമിക്കുന്നതും പരാജയപ്പെടുന്നതും വ്യക്തമാണ്. അന്നത്തെ പ്രിന്‍സ്റ്റണ്‍ പടക്കപ്പലിലുണ്ടായിരുന്നവര്‍ക്ക് ഇന്നും ആ പറക്കും തളികകളെക്കുറിച്ച് വ്യക്തതയില്ല.
പറക്കും തളികയെ കണ്ട സംഭവത്തിന് പിന്നാലെ രണ്ട് സൈനികര്‍ പടക്കപ്പലിലെത്തുകയും ഇതുമായി ബന്ധപ്പെട്ട എല്ലാ വിഡിയോ, റഡാര്‍ രേഖകളും കൊണ്ടുപോവുകയും ചെയ്തു. വൈകാതെ ഒരു ഹെലിക്കോപ്റ്ററില്‍ പ്രത്യേക സംഘം തന്നെയെത്തി കപ്പലിലെ അതീവരഹസ്യരേഖകള്‍ അടക്കം കൊണ്ടുപോവുകയും ചെയ്തുവെന്നും പേരുവെളിപ്പെടുത്താത്ത അന്നത്തെ പടകപ്പലിലെ ഒരു അംഗം പോപുലര്‍ മെക്കാനിക്‌സ് എന്ന ശാസ്ത്ര സാങ്കേതിക മാസികയോട് വെളിപ്പെടുത്തി.
അന്നത്തെ F/A-18 പോര്‍ വിമാനം പറത്തിയിരുന്ന പൈലറ്റുമാരില്‍ ഒരാളായ കമാന്റര്‍ ഡേവിഡ് ഫ്രേവറും സുപ്രധാന വെളിപ്പെടുത്തല്‍ നടത്തി. അന്ന് കണ്ട കാഴ്ചകളുടെ വളരെ വലിയ ഭാഗം പിന്നീട് നഷ്ടമായെന്നാണ് ഫ്രേവര്‍ പറഞ്ഞത്. സെക്കന്റുകള്‍ മാത്രം നീളമുള്ള ഈ ചെറു വിഡിയോയല്ല അന്ന് പകർത്തിയത്. ആകാശത്തെ ആ പറക്കും വസ്തുക്കളെ മണിക്കൂറുകള്‍ കണ്ടുവെന്നാണ് പ്രിന്‍സ്റ്റണിലുണ്ടായിരുന്ന ജാസണ്‍ ടര്‍ണറും പറയുന്നത്.