കേരളത്തിന്റെ സ്വന്തം കപ്പല്‍ 'കൈരളി' ദുരൂഹമായി കടലില്‍ മറഞ്ഞിട്ട് 41 വര്‍ഷം; കപ്പലില്‍ എത്ര പേര്‍? ആരൊക്കെ? രേഖകളില്ല
ജൂലൈ മൂന്ന്; നിഗൂഢതകളും ദുരൂഹതകളും ബാക്കി വച്ച് കേരളത്തിന്റെ 'കൈരളി' കടലില്‍ മറഞ്ഞിട്ട് ഇന്നേക്ക് 38 വര്‍ഷം തികയുന്നു. കപ്പല്‍ എവിടെപ്പോയി? കപ്പലിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് എന്ത് സംഭവിച്ചു? അവരിലാരെങ്കിലും എവിടെയെങ്കിലും ജീവിച്ചിരിക്കുന്നോ? ഉത്തരംകിട്ടാത്ത അനവധി ചോദ്യങ്ങള്‍ മാത്രമാണ് ഇന്നും അവശേഷിക്കുന്നത്.മര്‍മ്മഗോവയില്‍ നിന്ന് കിഴക്കന്‍ ജര്‍മനിയിലെ റോസ്‌റ്റോക്കിലേക്ക് ഇരുമ്പയിരുമായി പുറപ്പെട്ട കൈരളി കാണാതാവുമ്പോള്‍ അതില്‍ എത്ര ജീവനക്കാരുണ്ടായിരുന്നു? അവര്‍ ഏത് ദേശക്കാരായിരുന്നു? ഇതിനുള്ള ഉത്തരവും ആരുടെ പക്കലും ഇല്ല. ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കേണ്ടത് സര്‍ക്കാരും കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനുമാണ്. എന്നാല്‍ മറുപടി ഇതുമാത്രം: 'രേഖകളില്ല'.
കപ്പലില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെയും കപ്പലിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെയും രേഖകള്‍ കാണാനില്ലന്നാണ് അധികൃതരുടെ ഭാഷ്യം. ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി ഡി.ബി. ബിനു വിവരാവകാശ നിയമപ്രകാരം 2012-ല്‍ നല്‍കിയ ഹര്‍ജിക്ക് മറുപടിയായാണ് കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ഇങ്ങനെ മറുപടി നല്‍കിയത്.മര്‍മ്മഗോവ തുറമുഖത്ത് നിന്ന് യൂറോപ്പിലെ റോസ്‌റ്റേക്ക് തുറമുഖത്തേക്ക് ഇരുമ്പയിരുമായുള്ള യാത്രയില്‍ 1979 ജൂലൈ മൂന്ന് മുതലാണ് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. 49 ജീവനക്കാര്‍ ഉണ്ടായിരുന്നു, ആരും രക്ഷപെട്ടില്ല എന്നാണ് കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ പബ്ലിക് റിലേഷന്‍ ഓഫീസറായിരുന്ന വി.കെ.രാജു നല്‍കിയ മറുപടി.
ജീവനക്കാരുടെ പേരുകള്‍ ലഭ്യമാണെങ്കിലും അവരുടെ വിലാസം സംബന്ധിച്ച രേഖകള്‍ ലഭ്യമല്ല. 5.82 കോടി രൂപയാണ് കപ്പലിന്റെ വില. 6.4 കോടി രൂപ കമ്പനിയ്ക്ക് നഷ്ടപരിഹാരമായി ലഭിച്ചു. കപ്പല്‍ കാണാതായത് സംബന്ധിച്ച കുറ്റപത്രം, മഹസര്‍, എഫ്.ഐ.ആര്‍ എന്നിവയും കമ്പനിയുടെ പക്കല്‍ ലഭ്യമല്ലെന്നും അദ്ദേഹം വിവരാവകാശ കമ്മീഷനെ അറിയിച്ചിരുന്നു. നിരവധി ആളുകള്‍ യാത്ര ചെയ്ത കപ്പലിനെക്കുറിച്ച് ഒരു രേഖയും ലഭ്യമല്ലെന്ന് എതിര്‍കക്ഷികള്‍ അറിയിച്ചിരിക്കുന്നത് ഉത്തരവാദിത്തരാഹിത്യമാണെന്ന് കമ്മീഷന്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ രേഖകള്‍ ഉടന്‍ ലഭ്യമാക്കാന്‍ 2014-ല്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടെങ്കിലും ഇതേവരെ ഇതിന് മറുപടി ലഭിച്ചിട്ടില്ല. കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കൈരളി കപ്പല്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായത് സംബന്ധിച്ച രേഖകള്‍ 30 ദിവസത്തിനകം കണ്ടെത്തി അപേക്ഷകന് നല്‍കണമെന്നായിരുന്നു വിവരാവകാശ കമ്മീഷന്‍ ഉത്തരവ്.
ഇതേ സമയം കപ്പലിലുണ്ടായിരുന്ന ജീവനക്കാരുടെ മേല്‍വിലാസം പോലും അധികൃതരുടെ പക്കല്‍ ലഭ്യമല്ലാതിരുന്നതിനാല്‍ കപ്പലിലുണ്ടായിരുന്ന ഏഴ് ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും ഇതേവരെ ലഭ്യമാക്കിയിട്ടില്ല. കാണാതായ കപ്പലില്‍ ജീവനക്കാരായി എത്രപേര്‍ ഉണ്ടായിരുന്നു എന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. 49 ജീവനക്കാര്‍ കപ്പലിലുണ്ടായിരുന്നെന്നാണ് കോര്‍പ്പറേഷനില്‍ നിന്ന് ലഭ്യമാകുന്ന വിവരം. ജീവനക്കാരില്‍ 42 പേരുടെ മേല്‍വിലാസം മാത്രമാണ് കോര്‍പ്പറേഷന്റെ പക്കല്‍ ഉണ്ടായിരുന്നത്. ഇതേ സമയം ക്യാപ്റ്റന്‍ ഉള്‍പ്പെടെ 51 ജീവനക്കാര്‍ കപ്പലില്‍ ഉണ്ടായിരുന്നു എന്നാണ് കപ്പല്‍ തിരോധാനവുമായി ബന്ധപ്പെട്ട ചീഫ് ജുഡീഷ്യല്‍ മജിസട്രേറ്റിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.
'സര്‍ക്കാരിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കപ്പലാണ് എം.വി. കൈരളി. കപ്പലില്‍ ആളുകളെ ജോലിക്കെടുക്കുമ്പോള്‍ അവരുടെ മേല്‍വിലാസവും മറ്റ് വിവരങ്ങളും പോലും ശേഖരിച്ചിട്ടില്ല എന്നതാണ് ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. എത്രപേര്‍ ഈ കപ്പലിലുണ്ടായിരുന്നു എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നില്‍ക്കുന്നു. ഏഴ് പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതിന് മറുപടിയായി നല്‍കിയത് അവരുടെ മേല്‍വിലാസം അറിയില്ലെന്നാണ്. അവര്‍ മലയാളികളല്ലെന്നും പറയുന്നുണ്ട്. മേല്‍വിലാസം അറിയാതെ അവര്‍ മലയാളികളല്ലെന്ന് ഇവര്‍ എങ്ങനെ മനസ്സിലാക്കി? തട്ടുകടയില്‍ ജോലിക്ക് നില്‍ക്കുന്നവരുടെ വരെ പേരും വിവരവും ഉടമസ്ഥര്‍ ശേഖരിക്കാറുണ്ട്. കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കപ്പലില്‍ ജോലിക്കെടുത്തപ്പോള്‍, അവരെ അപകടം നിറഞ്ഞ കടല്‍ യാത്രയ്ക്കയച്ചപ്പോള്‍, ഒരു സര്‍ക്കാര്‍ സ്ഥാപനം ചെയ്യേണ്ട പ്രാഥമികമായ കാര്യങ്ങള്‍ പോലും ചെയ്തിട്ടില്ല എന്നതാണ് വെളിവാകുന്നത്. കപ്പലിന്റെ വിലയേക്കാള്‍ കൂടുതല്‍ നഷ്ടപരിഹാരമായി ലഭിച്ചു എന്നത് മാത്രമാണ് സര്‍ക്കാരിന്റെ നേട്ടമായി പറയുന്നത്. പക്ഷെ അതിലെ ജീവനക്കാര്‍ക്കോ അവരുടെ കുടുംബങ്ങള്‍ക്കോ നഷ്ടപ്പെട്ടത് തിരിച്ചുകൊടുക്കാന്‍ കഴിയില്ലല്ലോ? ജീവനക്കാര്‍ക്ക് എന്ത് സംഭവിച്ചു എന്ന കാര്യം പോലും ഇതേവരെ ആര്‍ക്കുമറിയില്ല. പലരുടേയും ബന്ധുക്കള്‍ ഇപ്പോഴും കാത്തിരിക്കുന്നു. കപ്പലില്‍ നിന്ന് സന്ദേശം ലഭിക്കാതായിട്ടും ആഴ്ചകള്‍ കഴിഞ്ഞാണ് അതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. ബന്ധുക്കളെപ്പോലും ഇക്കാര്യം അറിയിച്ചില്ല. സര്‍ക്കാര്‍ സംവിധാനം പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങള്‍ കൈരളിയുടെ കാര്യത്തില്‍ ചെയ്തിട്ടില്ല. നിരുത്തരവാദപരമായ നിലപാടാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത്.
' അഡ്വ.ഡി.ബി ബിനു പറയുന്നു.സാഗാസോഡ് കൈരളിയായതും, അന്ത്യവുംനോര്‍വെയില്‍ നിര്‍മ്മിച്ച സാഗാസോഡ് നീറ്റിലിറക്കിയത് 1967-ല്‍. 1975-ല്‍ സാഗാസോഡ് ഓസ്‌ലോയിലെ ഒലേ ഷ്രോഡര്‍ കമ്പനിക്ക് വിറ്റു. അതോടെ സാഗാസോഡ്, ഓസ്‌കോ സോഡ് ആയി. പിന്നീട് 1976-ലാണ് കേരള സ്റ്റേറ്റ് ഷിപ്പിങ് കോര്‍പ്പറേഷന്‍ ഈ കപ്പല്‍ വാങ്ങുന്നത്. 5.81 കോടി രൂപയ്ക്ക് വാങ്ങിയ കേരളത്തിന്റെ ആദ്യത്തെ സ്വന്തം കപ്പലിന് എം.വി. കൈരളിയെന്ന് പേരുമിട്ടു. മൂന്ന് വര്‍ഷക്കാലം ചരക്കുകളുമായി കൈരളി രാജ്യങ്ങള്‍ താണ്ടി.
1979 ജൂണ്‍ 30-നാണ് മര്‍മഗോവയില്‍ നിന്ന് ഇരുമ്പയിരുമായി കൈരളി അവസാനയാത്ര പുറപ്പെടുന്നത്. ക്യാപ്റ്റന്‍ മരിയദാസ് ജോസഫ്, ചീഫ് എഞ്ചിനീയര്‍ അബി മത്തായി അടക്കം 23 മലയാളികളുള്‍പ്പെടെ 51 ജീവനക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്.ജൂലൈ മൂന്നിന് രാത്രി എട്ടുമണി മുതല്‍ കപ്പലില്‍ നിന്നുള്ള സന്ദേശങ്ങള്‍ നിലച്ചു. മര്‍മഗോവയില്‍ നിന്ന് 500 മൈല്‍ മാത്രമകലെയായിരുന്നു അപ്പോള്‍ കപ്പല്‍. ജൂലൈ 11-ന് ആഫ്രിക്കന്‍ തീരത്തെ ഒരു ഷിപ്പിങ് ഏജന്റ് കപ്പല്‍ എത്തിയിട്ടില്ലെന്നറിയിച്ചതിന് ശേഷമാണ് ഇത് സംബന്ധിച്ച അന്വേഷണം ആരംഭിക്കുന്നത്. രണ്ട് സൂപ്പര്‍സോണിക് വിമാനങ്ങളും നാല് കപ്പലുകളും രണ്ട് ഇന്ത്യന്‍ യുദ്ധക്കപ്പലുകളും ദിവസങ്ങളോളം തിരഞ്ഞെങ്കിലും അവശിഷ്ടങ്ങള്‍ പോലും കണ്ടെത്താനായില്ല.കപ്പല്‍ അതിശക്തിയായ തിരമാലകളില്‍ പെട്ട് തകര്‍ന്നതാണെന്നും കടല്‍ക്കൊള്ളക്കാര്‍ പിടിച്ചുകൊണ്ട് പോയതാണെന്നുമൊക്കെയുള്ള ഊഹാപോഹങ്ങള്‍ ഇതിന് പിന്നാലെയെത്തി. പല തലത്തില്‍ നിരവധി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ഫലം ചെയ്തില്ല. കൈരളി അപ്രത്യക്ഷമായിട്ട് 38 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഊഹാപോഹങ്ങളും കെട്ടുകഥകളും മാത്രമാണ് ബാക്കി നില്‍ക്കുന്നത്..
വിക്കി പീഡിയ പറയുന്നത്
കേരളാ സർക്കാർ സ്ഥാപനമായ കേരളാ ഷിപ്പിംഗ് കോർപറേഷന്റെ കപ്പലായിരുന്നു കൈരളി. നോർവെയിൽ നിന്ന് പഴയ വിലയ്ക്കു വാങ്ങിയ ഓസ്കാർസോർഡ് എന്ന കപ്പലാണ് എം.വി.കൈരളി എന്ന പേര് സ്വീകരിച്ചത്. 1979 ജൂണിന് മർമ്മഗോവ തുറമുഖത്തുനിന്നും യൂറോപ്പിലെ റോസ്റ്റക്കിലേക്ക് യാത്രതിരിച്ച കൈരളി കപ്പൽ, നാല് ദിവസങ്ങൾക്ക് ശേഷം കാണാതായി. കപ്പൽകാണാതായതോടെ പ്രവർത്തനം നിലച്ച കോർപറേഷൻ കേരളാ ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനിൽ ലയിപ്പിച്ചു. കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റൻ മരിയദാസ് ജോസഫ് അടക്കം 51 ജീവനക്കാരെ കാണാതായി.
ഇന്ത്യയിൽ നിന്നും ജർമ്മനിയിലേക്കുള്ള 20538 ടൺ ഇരുമ്പയിരായിരുന്നു കൈരളിയിലുണ്ടായിരുന്നത്. 51 കപ്പൽ ജോലിക്കാരാണ് ഈ യാത്രയിലുണ്ടായിരുന്നത്. ആദ്യ മൂന്നു ദിവസങ്ങളിൽ കപ്പലിൽ നിന്നു സന്ദേശങ്ങളുണ്ടായിരുന്നെങ്കിലും പിന്നീട് കപ്പലിൽ നിന്നും സന്ദേശങ്ങളൊന്നും ലഭിച്ചില്ല. ഡിജിബൗട്ടിയിലെ കമ്പനിയുടെ ഏജന്റാണ് കപ്പൽ ലക്ഷ്യസ്ഥാനത്ത് എത്തിയില്ല എന്ന വിവരം പ്രധാന കാര്യാലയത്തിൽ വിളിച്ചറിയിച്ചത്. കടൽക്കൊള്ളക്കാരുടെ പിടിയിൽപ്പെട്ടതായി സംശയിച്ചിരുന്നെങ്കിലും തെളിവുകളില്ല. കപ്പൽ പുറപ്പെട്ട് രണ്ടാഴ്ചയ്ക്കു ശേഷം പത്ര മാധ്യമങ്ങളിൽ വാർത്ത വരികയും നാവിക സേനയും വിമാനവും തിരച്ചിലിനിറങ്ങിയെങ്കിലും വിവരങ്ങളൊന്നും ലഭ്യമായില്ല. റഡാർ സംവിധാനങ്ങളില്ലാതെയാണ് കപ്പൽ യാത്ര തിരിച്ചതെന്ന് പറയപ്പെടുന്നു. ക്യാപ്റ്റന്റെ അഭിപ്രായങ്ങൾക്കു വിരുദ്ധമായി മതിയായ സംവിധാനമില്ലായിരുന്നെങ്കിലും രാഷ്ട്രീയ സമ്മർദ്ദത്തത്തുടർന്നാണ് കപ്പലിനു പുറപ്പെടേണ്ടി വന്നത് എന്നും ആരോപണമുണ്ട്.
കേരളത്തിന് സ്വന്തമായി ഉണ്ടായിരുന്ന ഏക കപ്പലിലേക്ക്. അറുപത്തിമൂന്നടി ഉയരവും പത്തൊമ്പതിനായിരം ടണ്‍ ചരക്കുവാഹകശേഷിയുമുണ്ടായിരുന്ന എം വി കൈരളി. ഉടമസ്ഥര്‍ കേരള ഷിപ്പിങ് കോര്‍പറേഷന്‍. അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകവും കപ്പലുടമകളായപ്പോള്‍ മത്സരബുദ്ധിയോടെ കേരളം സ്വന്തമാക്കിയ അഭിമാനനൗക. വില 5.81 കോടി രൂപ. 1979 ജൂണ്‍ 30ന് മര്‍ഗോവയില്‍നിന്ന് ജര്‍മനിയിലെ റസ്‌തോക്കിലേക്ക് തിരിച്ചതാണ് നമ്മുടെ കപ്പല്‍. ഇന്നും അത് മടങ്ങിവന്നിട്ടില്ല. കപ്പലിനും അതിലെ മലയാളി കപ്പിത്താന്‍, കോട്ടയം സ്വദേശി മേരിദാസ് ജോസഫടക്കം 51 ജീവനക്കാര്‍ക്കും എന്ത് സംഭവിച്ചുവെന്ന് ഒരു വിവരവുമില്ല. കടലിന്റെ വന്യഭാവങ്ങള്‍ക്കടിപ്പെട്ട് തകര്‍ന്നതാണോ? കടല്‍കൊള്ളക്കാരുടെ കൈയില്‍പ്പെട്ടതാണോ? അറിയില്ല. അറിയാന്‍ ശ്രമിച്ചില്ലെന്ന ആക്ഷേപവുമുണ്ട്.
കപ്പലില്‍നിന്ന് എല്ലാ ദിവസവും സന്ദേശമെത്തേണ്ടതാണ്. ആദ്യ മൂന്നുദിവസങ്ങളില്‍ അത് കൃത്യമായി ലഭിക്കുകയുംചെയ്തു. അവസാന സന്ദേശമെത്തുന്നത് ജൂലൈ മൂന്ന് രാത്രി എട്ടിന്. ശേഷം ശൂന്യമായ കടല്‍. കൈരളി അപ്രത്യക്ഷമായി. പക്ഷേ, ഉടമസ്ഥരായ ഷിപ്പിങ് കോര്‍പറേഷന്‍ അത് അറിഞ്ഞതേയില്ല. ഒരാഴ്ചയ്ക്കുശേഷം ഡിബൗട്ടി തുറമുഖവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മിറ്റ്‌കോട്‌സ് ഷിപ്പിങ് ഏജന്റിന്റെ അന്വേഷണം വരുമ്പോഴാണ് അവര്‍ അക്കാര്യം അറിയുന്നതുതന്നെ. എട്ടാംതീയതി ഡിബൗട്ടിയില്‍ ഇന്ധനം നിറയ്‌ക്കേണ്ടിയിരുന്നതാണ്. അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു മിറ്റ്‌കോട്‌സ്. പക്ഷേ, നിശ്ചിതസമയത്തോ അതിനുശേഷമോ കപ്പല്‍ എത്തിയില്ല. ഇതേത്തുടര്‍ന്നായിരുന്നു അവരുടെ അന്വേഷണം.
കൈരളി ഒരു പഴയ കപ്പലായിരുന്നു. നോര്‍വേയില്‍നിന്ന് വാങ്ങിയത്. ആദ്യ പേര് ഓസ്‌കാര്‍ സോര്‍ഡ്. അവിടെനിന്ന് ഫ്രാന്‍സിലെത്തിച്ച് പിന്നീട് ഇന്ത്യന്‍ തീരത്തേക്കു കൊണ്ടുവന്നതും മേരിദാസ് ജോസഫുതന്നെ. ചില്ലറ അറ്റകുറ്റപ്പണികള്‍ക്കും മോടിപിടിപ്പിക്കലിനുംശേഷം പേരുമാറ്റി വീണ്ടും നീറ്റിലിറക്കി. വാഹകശേഷിയേക്കാള്‍ അയ്യായിരം ടണ്ണിലധികം ചരക്കുമായിട്ടായിരുന്നു കപ്പലിന്റെ അവസാന യാത്ര. 20538 ടണ്‍ ഇരുമ്പയിര്. മനസില്ലാമനസ്സോടെയുള്ള ഒരു യാത്രയായിരുന്നു ക്യാപ്റ്റന്‍ ജോസഫിന്റേത്. റഡാര്‍ സംവിധാനം തകരാറിലായിരുന്നതിനാല്‍ നിശ്ചിത സമയത്തിന് നാലുദിവസമെങ്കിലും കഴിയാതെ യാത്ര പുറപ്പെടാനാവില്ലെന്ന് ക്യാപ്റ്റന്‍ കോര്‍പറേഷനെ അറിയിച്ചത്രെ. യാത്രയ്ക്ക് തലേദിവസം നടന്ന വിരുന്നിലും ഇക്കാര്യമുന്നയിച്ച് ജോസഫ് പൊട്ടിത്തെറിക്കുകയും ഇറങ്ങിപ്പോവുകയും ചെയ്തതായി വിവരമുണ്ട്. എന്തൊക്കെ തടസ്സമുണ്ടായാലും നിശ്ചിത ദിവസം യാത്രപുറപ്പെടാന്‍ കോര്‍പറേഷനിലെ ഉന്നതന്‍ ക്യാപ്റ്റന് അന്ത്യശാസനം നല്‍കിയതായി കൈരളി തിരോധാനത്തിന്റെ പിന്നാമ്പുറങ്ങള്‍ തേടിയ ഡോ. ബാബു ജോസഫ് ചൂണ്ടിക്കാട്ടുന്നു.
കൈരളി വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് നിയോഗിക്കപ്പെട്ട ദ്വയാംഗസമിതിയില്‍ അംഗമായിരുന്നു അദ്ദേഹം. കപ്പിത്താനെ മറികടന്നൊരു യാത്ര. നിഗൂഢതകള്‍ അവിടെ തുടങ്ങുന്നു. ജൂലൈ 15ന്റെ മലയാള ദിനപത്രങ്ങളില്‍ കപ്പല്‍ കാണാതായെന്ന വാര്‍ത്തകള്‍ വന്നു. സംഭവം സംബന്ധിച്ച കോര്‍പറേഷന്റെ സ്ഥിരീകരണം വന്നതുപോലും അതിനുശേഷംമാത്രം. എന്നിട്ടും കാര്യമായ തെരച്ചിലുകളൊന്നും നടന്നതുമില്ല. കപ്പല്‍ കണ്ടെത്തുന്നതിനേക്കാള്‍ തിടുക്കം ആറുകോടിയുടെ ഇന്‍ഷുറന്‍സ് തുക നേടിയെടുക്കുന്നതിനായിരുന്നുവെന്നും ആരോപണമുണ്ട്.
എന്താണ് കൈരളിക്ക് സംഭവിച്ചത് എന്ന കാര്യത്തില്‍ വിദഗ്ധര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. കൊടുങ്കാറ്റിലോ പേമാരിയിലോപെട്ട് എണ്‍പതടിക്ക് മുകളിലേക്കെറിയപ്പെട്ട കപ്പലിലെ ചരക്ക് സ്ഥാനം മാറി, സാങ്കേതികവിദഗ്ധരുടെ ഭാഷയില്‍ കാര്‍ഗോ ഷിഫ്റ്റിങ്ങുണ്ടായി ഞൊടിയിടയില്‍ കപ്പല്‍ തകര്‍ന്നുപോയതാകാമെന്ന് ചിലര്‍. അങ്ങനെയെങ്കില്‍ അതിന്റെ അവശിഷ്ടങ്ങളെവിടെ എന്നാണ് മറുചോദ്യം. ഇരുമ്പയിര് മാത്രമല്ലല്ലോ പൊങ്ങിക്കിടക്കുന്ന എന്തെല്ലാം വസ്തുക്കളുണ്ട് കപ്പലില്‍. തിരക്കേറിയ ഒരു കപ്പല്‍ചാലില്‍ അതില്‍ ചിലതെങ്കിലും മറ്റ് കപ്പലുകാരുടെ ശ്രദ്ധയില്‍പ്പെടേണ്ടതല്ലേ എന്ന സംശയവും പ്രസക്തം. കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്തതാണെന്ന് വിചാരിച്ചാലോ. എങ്കില്‍ കപ്പല്‍ എവിടെയെങ്കിലും പൊളിക്കുകയോ രൂപം മാറ്റിയെടുക്കുകയോ ചെയ്യണ്ടേ? അത്തരം കേന്ദ്രങ്ങളിലേക്ക് അന്വേഷണം ശക്തമാക്കിയിരുന്നതായി രേഖകളില്ല. അതുകാരണം ആ വഴിക്കുള്ള വിവരങ്ങള്‍ കോര്‍പറേഷന് ലഭിച്ചില്ല.
ഇതിനിടെ ജൂലൈ 27ന് ജോര്‍ജ് ഡാനിയല്‍ എന്നൊരാളില്‍നിന്ന് ഷിപ്പിങ് കോര്‍പറേഷന് ഒരു സന്ദേശം ലഭിക്കുന്നു. പാന്‍ അറബ് ഷിപ്പിങ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടിങ് കോര്‍പറേഷന്റെ തലവനായ ജോര്‍ജിന്റെ വാഗ്ദാനം കപ്പല്‍ കണ്ടെത്തിക്കൊടുക്കാം എന്നതായിരുന്നു. പകരം 2.8 ലക്ഷം ഡോളര്‍ പ്രതിഫലം നല്‍കണം. തെരച്ചില്‍ ഫലപ്രദമായില്ലെങ്കില്‍ തുക നല്‍കുകയും വേണ്ട. പഴയ കപ്പലുകള്‍ പൊളിക്കുന്ന കമ്പനിയാണ് ജോര്‍ജിന്റെ പാന്‍ അറബ്. പക്ഷേ, തങ്ങള്‍ക്ക് ഒരു ബാധ്യതയുമില്ലാത്ത ആ ശ്രമത്തിനും കോര്‍പറേഷന്‍ തയ്യാറായില്ല എന്ന് ബാബു ജോസഫ് തന്റെ ബ്ലോഗ് ലേഖനത്തില്‍ വ്യക്തമാക്കുന്നു. നിഗൂഢതകള്‍ക്ക് കനം വയ്ക്കുന്നത് ഈ ഘട്ടത്തിലാണ്.
ജീവനക്കാരുടെ ബന്ധുക്കള്‍ ഇതോടെ ഒരു കൂട്ടായ്മ രൂപീകരിച്ചു. ബാബു ജോസഫും സെബാസ്റ്റ്യന്‍ പൈകടയും മുന്‍കൈയെടുത്ത് ചില പ്രതിഷേധങ്ങളും അന്വേഷണങ്ങളും നടത്തി. പക്ഷേ, ഒന്നും ഫലപ്രദമായില്ല. കപ്പല്‍ വീണ്ടെടുക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി ജീവനക്കാരുടെ ബന്ധുക്കള്‍ ഉള്‍പ്പെടുന്ന ഒരു സമിതി രൂപീകരിക്കാന്‍ കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്ന് കോര്‍പറേഷന്‍ തയ്യാറായി. പക്ഷേ, സൗദിഅറേബ്യയിലും കുവൈത്തിലും പോയി ചര്‍ച്ച നടത്താന്‍മാത്രമേ ഈ സമിതിക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. അതും പത്തുദിവസത്തേക്കുമാത്രം. ഡിബൗട്ടിപോലെ നിര്‍ണായകവിവരങ്ങള്‍ ലഭിക്കുമായിരുന്ന സ്ഥലങ്ങള്‍ ഒഴിവാക്കപ്പെട്ടതായി ബാബു ജോസഫ് പറഞ്ഞു.
ജീവനക്കാരുടെ ബന്ധുക്കളില്‍ പലരും മരിച്ചു. മറ്റുള്ളവര്‍ വൃദ്ധരായി. ക്യാപ്റ്റന്‍ ജോസഫിന്റെ ഭാര്യ മേരിക്കുട്ടി മരിക്കുവോളം ഭര്‍ത്താവിന്റെ മടങ്ങിവരവ് കാത്തിരുന്നു. ഫ്രാന്‍സില്‍നിന്ന് കൈരളി കൊണ്ടുവരുമ്പോള്‍ അവര്‍ ജോസഫിനൊപ്പമുണ്ടായിരുന്നു. അവസാനം മുംബൈയില്‍വച്ച് പിരിഞ്ഞു – മേരിക്കുട്ടി മക്കളുമായി കോട്ടയത്തേക്കും ജോസഫ് മര്‍ഗോവയിലേക്കും. ജൂണ്‍ 26നാണ് ജോസഫ് മേരിക്കുട്ടിക്ക് അവസാനമായി കത്തെഴുതുന്നത്. കപ്പലിലെ റഡാര്‍ സംവിധാനം തകരാറിലാണെന്നും നാലാംതീയതിയല്ലാതെ യാത്ര പുറപ്പെടാനാവില്ലെന്നും കത്തിലുണ്ട്.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തകര്‍ന്ന കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അഗാധതകളിലേക്ക് മുങ്ങിത്താണു പോയെന്നാണ് ജൂഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ എത്തിച്ചേര്‍ന്ന നിഗമനം. എന്നാല്‍ ഇതിന് ഉപോല്‍ബലകമായി ഹാജരാക്കാന്‍ കഴിയുന്ന തെളിവിന്റെ ഒരു തരിമ്പു പോലും ഇന്നേ വരെ ഒരു ഏജന്‍സിക്കും ലഭിച്ചിട്ടില്ല. ജൂലൈ 3ന് അവസാന സന്ദേശം ലഭിക്കുമ്പോള്‍ ഗോവയില്‍ നിന്ന് 600 നോട്ടിക്കല്‍ മൈല്‍ ദൂരത്തായിരിക്കണം കപ്പല്‍. ഇത് തിരക്കേറിയ കപ്പല്‍ ചാനലാണ്. ഇവിടെ വച്ച് ഒരു കപ്പല്‍ അപകടത്തില്‍ പെട്ടാല്‍ അത് മറ്റ് കപ്പലുകളുടെ ശ്രദ്ധയില്‍ പെടാതിരിക്കില്ല. അത്തരത്തിലുള്ള സംശയകരായ ഒരു സംഭവവും ഒരു രാജ്യത്തെയും കപ്പലുകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കടലില്‍ കപ്പലിന്റെ അവശിഷ്ടങ്ങളോ ഒഴുകിപ്പരന്ന എണ്ണയോ തിരച്ചില്‍ നടത്തിയ ഏജന്‍സികള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ ദിവസങ്ങളില്‍ കാലാവസ്ഥ അത്രക്ക് പ്രതികൂലമായിരുന്നുില്ല.
കപ്പല്‍ ഏതോ സംഘങ്ങള്‍ തട്ടിയെടുത്തുവെന്നാണ് ചില സമാന്തര അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. കപ്പല്‍ റാഞ്ചിയതാകാന്‍ ഇടയുണ്ടെന്ന വാദത്തിന് ബലം പകരുന്ന ചില സന്ദേശങ്ങള്‍ പിന്നീട് പുറത്തുവരികയുണ്ടായി. അമേരിക്കന്‍ കപ്പലാണെന്ന് സംശയിച്ച് കപ്പല്‍ അറബിക്കടലില്‍ വച്ചു പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ (പി.എല്‍.ഒ.) ഒരുവിഭാഗം `കൈരളി` പിടിച്ചെടുത്തുവെന്ന് മറ്റൊരു പ്പലിലെ ജീവനക്കാരന്‍ സുഹൃത്തിന് അയച്ച സന്ദേശം അക്കാലത്ത് പുറത്തുവന്നിരുന്നു. കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ തട്ടിയെടുക്കാനുള്ള സാധ്യതയും വിശദമായി പരിശോധിക്കപ്പെട്ടില്ല.
കൈരളിയുടേത് ഒരൊറ്റപ്പെട്ട കഥയല്ല. കാരണങ്ങള്‍ പലതാകാം. പക്ഷേ, കാണാതായ വിമാനങ്ങളെയും കപ്പലുകളെയും ചുറ്റിപ്പറ്റിയുള്ള നിഗൂഢതകള്‍ക്ക് ഓരേ മാനമാണുള്ളത്. 1948നുശേഷം 83 വിമാനങ്ങളെങ്കിലും യാത്രാമധ്യേ കാണാതായതായി ഏവിയേഷന്‍ സൊസൈറ്റി നെറ്റ്്‌വര്‍ക്കിന്റെ കണക്കുകള്‍ പറയുന്നു. 14 യാത്രക്കാരിലധികം ശേഷിയുള്ള വാഹനങ്ങളുടേതാണ് ഈ കണക്ക്. സെസ്‌നയും ഡക്കോട്ടയും ഡോണിയറുംപോലെ ചെറുകിളികളെപ്പോലെ പറന്നുപറന്നു മറയുന്നവ ഇതിലുമെത്രയോ അധികം. മാഞ്ഞുപോകുന്ന ആകാശനൗകകളും കടല്‍യാനങ്ങളും ചിലപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം കണ്ടെത്താറുണ്ട്.
വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞെങ്കിലും കപ്പലിനൊപ്പംചരിത്രത്തിന്റെ തിരശീലയ്ക്ക് പിന്നില്‍ മറഞ്ഞ പ്രിയപ്പെട്ടവര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് അവരുടെ കുടുംബാംഗങ്ങള്‍. കൈരളിയുടെ തിരോധാനത്തിന് 41 വയസ് പിന്നിടുമ്പോള്‍ അവര്‍ക്ക് കാത്തിരിപ്പിന്റെ…. വേദനയുടെ 41 വര്‍ഷങ്ങള്‍ കടന്നുപോയി.