A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

എത്ര വിചിത്രമീ പ്രപഞ്ചം!


1, 00, 00, 00, 00, 00, 00, 00, 00, 00, 000! ഈ സംഖ്യ എത്രയെന്നു വായിക്കാൻ പോലും ഇന്നും നമുക്കറിയില്ല. എന്നാൽ, ആധുനികശാസ്ത്രം പറയുന്നത് നാം ജീവിക്കുന്ന പ്രപഞ്ചത്തിൽ ഏറ്റവും ചുരുങ്ങിയത് ഇത്രയും നക്ഷത്രങ്ങളുണ്ട് എന്നാണ്. എല്ലാം അറിയാമെന്ന് അഹങ്കരിക്കുന്ന മനുഷ്യന് അതിൽ ആകെകൂടി ഏതാണ്ട് അറിയാവുന്നത് സൂര്യൻ എന്ന നക്ഷത്രത്തേക്കുറിച്ച് മാത്രം! പ്രപഞ്ചത്തിലെ കോടാനുകോടി നക്ഷത്രങ്ങളിൽ കേവലം ഒരു ശരാശരി നക്ഷത്രം മാത്രമാണ് സൂര്യൻ. ഭൂമിയടക്കം എട്ടു ഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും ഉൽക്കകളുമൊക്കെയടങ്ങുന്ന സൗരയൂഥം എന്ന തറവാടിന്റെ കേന്ദ്രം. ക്ഷീരപഥം എന്ന വലിയൊരു ഗാലക്സിയുടെ(നക്ഷത്ര സമൂഹം) തീരെച്ചെറിയൊരു ഭാഗമാണ് നമ്മുടെ സൗരയൂഥം. ഈ ഗാലക്സിയിൽ മാത്രം പതിനായിരക്കണക്കിന് കോടി നക്ഷത്രങ്ങളും അതിലേറെ ഗ്രഹങ്ങളുമുണ്ട്. അങ്ങനെയുള്ള എണ്ണമറ്റ നക്ഷത്ര സമൂഹങ്ങൾ നിറഞ്ഞതാണ് പ്രപഞ്ചം.
പ്രപഞ്ചത്തെക്കുറിച്ചുള്ള അതിശയകരമായ ചില കാര്യങ്ങൾ നോക്കാം..
::: നമ്മുടെ പ്രപഞ്ചത്തിന്റെ തുടക്കം വലിയൊരു പൊട്ടിത്തെറിയിൽ നിന്നായിരുന്നത്രെ! Big bang എന്നറിയപ്പെടുന്ന ഈ പൊട്ടിത്തെറിയിൽ നിന്ന് ഇന്ന് കാണുന്ന പ്രപഞ്ചം ഉണ്ടാകാൻ ഏകദേശം 1380കോടി വർഷമെടുത്തു! അതായത് പ്രപഞ്ചത്തിന്റെ പ്രായം ഏകദേശം 1380കോടി വർഷം
::: ഒരു മൊട്ടുസൂചിയുടെ മുകൾഭാഗത്തേക്കാൾ എത്രയോ ചെറിയ കുമിളയോളം വലുപ്പം! ഇന്ന് നാം കാണുന്ന പ്രപഞ്ചം മഹാവിസ്ഫോടനത്തിനു മുമ്പ് അത്രയേ ഉണ്ടായിരുന്നുള്ളു എന്ന് ശാസ്ത്രജ്ഞർ പറയുന്നു. അതിഭയങ്കരമായ ചൂടും സാന്ദ്രതയും ഉണ്ടായിരുന്ന അത് പൊട്ടിത്തെറിച്ചാണത്രെ പ്രപഞ്ചം ഉണ്ടായത്.
::: പ്രപഞ്ചത്തിന്റെ വളർച്ച ഇപ്പോഴും അവസാനിച്ചിട്ടില്ല, കേട്ടോ. ഇപ്പോഴും അത് വികസിച്ചുകൊണ്ടിരിക്കുകയാണ്. എഡ്വിൻ ഹബ്ബിൾ എന്ന ശാസ്ത്രജ്ഞനാണ് ഇക്കാര്യം കണ്ടെത്തിയത്.
:::നമ്മുടെ ഗാലക്സിയായ ക്ഷീരപഥത്തിൽ(Milkway) മാത്രം ശതകോടിക്കണക്കിനു സൗരയൂഥങ്ങളുണ്ട്
:::ഒരു നക്ഷത്രവും അതിനെ ചുറ്റുന്ന ഗ്രഹങ്ങളും ഉപഗ്രഹങ്ങളും കുള്ളൻഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും ഉൽക്കകളുമൊക്കെ ചേർന്നതാണ് നമ്മുടെ സൗരയൂഥം(Solar System) എന്നറിയാമല്ലോ. എല്ലാ സൗരയൂഥങ്ങളിലും നമ്മളെപ്പോലെ ഒരു നക്ഷത്രമേ ഉണ്ടാകൂ എന്ന് കരുതല്ലേ. രണ്ടും അതിലേറെ നക്ഷത്രങ്ങളുമുള്ള സൗരയൂഥങ്ങളുണ്ട്!
:::ക്ഷീരപഥത്തിനു കുറുകെ ഒരു തവണ യാത്രചെയ്യാൻ പ്രകാശ വേഗതയിൽ (സെക്കൻഡിൽ ഏകദേശം മൂന്നു ലക്ഷം കിലോമീറ്റർ ) സഞ്ചരിച്ചാൽ പോലും ഒരു ലക്ഷം വർഷം വേണ്ടിവരും.
:::ഭൂമിയിൽനിന്ന് പുറപ്പെടുന്ന ഒരു ബഹിരാകാശവാഹനത്തിന് സൗരയൂഥത്തിന് പുറത്തുകടക്കാൻ ഏകദേശം 1700കോടി കിലോമിറ്റർ സഞ്ചരിക്കണം. അതായത് ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരത്തിന്റെ 118 മടങ്ങ് ദൂരം!
:::നമ്മുടെ സൗരയൂഥം, അതുൾപ്പെടുന്ന ഗാലക്‌സിയായ ക്ഷീരപഥത്തിന്റെ കേന്ദ്രത്തെ ചുറ്റുന്നുണ്ട്; മണിക്കൂറിൽ ഏകദേശം 828000 കിലോമീറ്റർ വേഗത്തിൽ!. അതായത്, ഓരോമണിക്കൂറിലും നമ്മൾ പോലുമറിയാതെ നമ്മൾ ലക്ഷക്കണക്കിന് ദൂരം സഞ്ചരിക്കുന്നുണ്ട്!
:::ഭൂമിയും ഭൂമിയിലുള്ള വസ്തുക്കളും ഉൾപ്പെടെ നമ്മൾ ഇന്നോളം കണ്ടെത്തിയിട്ടുള്ള പ്രപഞ്ചത്തിന്റെ എല്ലാം ചേർത്തുവെച്ചാലും ആകെ പ്രപഞ്ചത്തിന്റെ അഞ്ചു ശതമാനത്തിലും താഴെയേ വരൂ!
:::ഹബ്ബിൾ സ്പേസ് ടെലിസ്കോപ്പ് ബഹിരാകാശത്തിന്റെ ചെറിയൊരു ഭാഗം 12 ദിവസം നിരീക്ഷിച്ചപ്പോൾ പല നിറത്തിലും വലിപ്പത്തിലും ആകൃതിയിലുമുള്ള 10000 ഗാലക്സികൾ കണ്ടെത്തിയിരുന്നു.
:::ഭൂമിയിലുള്ള എല്ലാ കടൽത്തീരങ്ങളിലെയും ആകെ മണൽത്തരികളേക്കാൾ അധികം നക്ഷത്രങ്ങൾ പ്രപഞ്ചത്തിലുണ്ട്!
:::സൗരയൂഥത്തിലെ അറിയപ്പെടുന്ന ഛിന്നഗ്രങ്ങളെയെല്ലാം( Asteroids) വാരിക്കൂട്ടിയെടുത്ത് തൂക്കിനോക്കിയാൽ നമ്മുടെ ചന്ദ്രന്റെ ആകെ ഭാരത്തിന്റെ പത്തു ശതമാനം പോലും വരില്ല!
:::ഗാലക്സികൾ തമ്മിൽ കൂട്ടിയിടിക്കാറുണ്ട്. നമ്മുടെ ഗാലക്സിയായ ക്ഷീരപഥവും നമ്മുടെ ഏറ്റവും അടുത്തുള്ള ഗാലക്സിയായ ആൻഡ്രോമീഡയും(Andromeda) തമ്മിൽ ഒരിക്കൽ കൂട്ടിയിടിച്ചേക്കാം. പക്ഷെ അത് ഉടനെയൊന്നും സംഭവിക്കില്ല. ഇനി അങ്ങനെ സംഭവിച്ചാൽ പോലും നമ്മളെ അത് ബാധിക്കാനും സാധ്യതയില്ല. കാരണം, അത്രക്ക് വലുതും അത്രയും വിശാലമായി വ്യാപിച്ചുകിടക്കുന്നവയുമാണല്ലോ ഗാലക്സികൾ!
:::എവറസ്റ്റിനേക്കാൾ ഏതാണ്ട് മൂന്നിരട്ടി വലുപ്പമുള്ള പർവതം. വെസ്റ്റ (Vesta) എന്ന ചിന്നഗ്രഹത്തിലാണ് ഏകദേശം 22 km ഉയരമുള്ള ഈ പർവതം. എന്നാൽ സൗരയൂഥത്തിലെ ഏറ്റവും ഉയരമുള്ള പർവതം ചൊവ്വയിലെ ഒളിമ്പസ്സ് മോൺസ് ആണ് (25 km)
:::പ്രപഞ്ചത്തിലെ നക്ഷത്രങ്ങളിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ ലക്ഷക്കണക്കിന് വർഷങ്ങളെടുക്കും. അവ ഭൂമിയിൽ നിന്ന് അത്രയേറെ അകലെയായതാണ് കാരണം! യഥാർത്ഥത്തിൽ നക്ഷത്രങ്ങളുടെ വളരെ പഴയരൂപമാണ് നമ്മൾ ഇന്ന് ആകാശത്ത് കാണുന്നത്! മാത്രമല്ല അവയിൽ ചിലത് ഇപ്പോൾ പരിണാമത്തിന്റെ അവസാന ഘട്ടമായ തമോഗർത്തങ്ങളായിട്ടുണ്ടാകും (Black Holes).
::: നൂറുകണക്കിന് ഗാലക്സികളുടെ കൂട്ടത്തിന് ഒരു പേരുണ്ട്; ഗാലക്‌സി ക്ലസ്റ്റർ (Galaxy cluster)! ഇവയിൽ കോടിക്കണക്കിനു നക്ഷത്രങ്ങളുണ്ടായിരിക്കും. രണ്ടോ അതിലധികമോ ഗാലക്സികൾ ചേർന്നാൽ സൂപ്പർ ക്ലസ്റ്റർ ആയി. നമ്മുടെ ഗാലക്സിയായ ആകാശഗംഗ ലാനിയാകിയ(Laniakea Super cluster) എന്ന സൂപ്പർ ക്ലസ്റ്ററിന്റെ ഭാഗമാണ്. 2017-ൽ ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തിയ സൂപ്പർ ക്ലസ്റ്ററാണ് 'സരസ്വതി '...
:::വായു പോലെ എന്തെങ്കിലും മാധ്യമം ഉണ്ടെങ്കിലേ ശബ്ദത്തിനു സഞ്ചരിക്കാനാവൂ. അന്തരീക്ഷമില്ലാത്ത ബഹിരാകാശത്ത് അതിനാൽ പരിപൂർണ്ണ നിശബ്ദതയാണ്.
:::പ്രകാശം ഒരു വർഷം സഞ്ചരിക്കാനെടുക്കുന്ന ദൂരമാണ് പ്രകാശവർഷം (1 light year=9.4607×10^12km)
:::ബഹിരാകാശത്തുവച്ച് ഒരേ ലോഹത്തിന്റെ രണ്ടു കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ അവ കൂടിച്ചേർന്ന് ഒരു ലോഹക്കഷണമായി മാറും. ഈ പ്രതിഭാസം കോൾഡ് വെൽഡിങ് (Cold welding) എന്നറിയപ്പെടുന്നു. അവയിലെ ആറ്റങ്ങൾക്ക് തങ്ങൾ രണ്ട് വ്യത്യസ്ത ലോഹക്കഷണങ്ങളാണെന്ന് മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഭൂമിയിലാണെങ്കിൽ വായുവും ജലവുമെല്ലാം അവയെ വേർതിരിച്ചു നിർത്തുന്നതുകൊണ്ട് ഇത് സംഭവിക്കില്ല. ബഹിരാകാശത്ത് അന്തരീക്ഷമില്ലല്ലോ.
:::കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നമ്മുടെ സൗരയൂഥത്തിന്റെ പിറവിക്കുശേഷം ബാക്കിവന്ന പൊടിയും ഐസും വാതകങ്ങളും ചേർന്നാണ് വാൽ നക്ഷത്രങ്ങൾ(comet) ഉണ്ടായത്. ഭ്രമണത്തിനിടക്ക് സൂര്യന്റെ അടുത്തെത്തുമ്പോൾ കൈവശമുള്ള പൊടിയും ഐസുമെല്ലാം ബാഷ്പീകരിക്കപ്പെട്ട് ഇവയ്ക്ക് വാൽ ഉണ്ടാകുന്നു. ഒരു ലക്ഷം മുതൽ 10കോടി വരെ നീളം അവയുടെ വാലിനുണ്ടാകുമത്രേ!
:::സൂര്യഗ്രഹണം (Solar Eclipse) കണ്ട് പേടിച്ച് മരിച്ചുപോയ ഒരു ചക്രവർത്തിയുണ്ട്. ബവേറിയ ഭരിച്ചിരുന്ന ലൂയിസ് ചക്രവർത്തി. AD 840-ൽ ആയിരുന്നു ഇത്. ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ വരുന്നതാണ് സൂര്യഗ്രഹണം.
:::10ലക്ഷം ഭൂമികളുടെയത്ര വലുതാണ് സൗരയൂഥത്തിലെ കേന്ദ്രമായ സൂര്യൻ. പക്ഷെ പ്രപഞ്ചത്തിലെ മറ്റു നക്ഷത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ശരാശരി നക്ഷത്രം മാത്രമാണ് കക്ഷി.
:::വാർധക്യം ബാധിച്ച് മരിക്കാറാകുന്ന സമയത്ത് സൂര്യൻ ഒരു ചുവന്ന ഭീമനായി(Red Giant) മാറും. ഭൂമിയെയടക്കം വിഴുങ്ങുകയും ചെയ്യും. എന്നാൽ 500 കോടി വർഷങ്ങൾ കഴിഞ്ഞാലേ ഇത് സംഭവിക്കൂ.
:::നിങ്ങൾ കാറിൽ കയറി 100km സ്പീഡിൽ സൂര്യനെ ഒരു തവണ ചുറ്റുകയാണെന്ന് കരുതുക. എങ്കിൽ 5 വർഷം വേണ്ടിവരും ആ യാത്ര പൂർത്തിയാക്കാൻ. അതും നിർത്താതെ കാർ ഓടിച്ചാൽ മാത്രം.
:::സ്വന്തം അച്ചുതണ്ടിലുള്ള കറക്കത്തിന് വേഗം കുറവായതുകൊണ്ടും അതിവേഗം സൂര്യനെ ചുറ്റുന്നകൊണ്ടും ബുധനിൽ സൂര്യൻ ഉദിക്കാനും അസ്തമിക്കാനും ഒരുപാട് സമയമെടുക്കും. ഭൂമിയിലെ 180 ദിവസത്തിൽ ഒരിക്കലേ ഇവിടെ സൂര്യോദയം ഉണ്ടാകാറുള്ളൂ.
:::ഭൂമിയിൽ 100kg ഭാരമുള്ള ഒരാൾക്ക് ബുധനിൽ 38 kg ഭാരമേ ഉണ്ടാകൂ.
:::ബുധനിലെ സൂര്യപ്രകാശത്തിന് ഭൂമിയിലേതിനേക്കാൾ 11 മടങ്ങ് തെളിച്ചമുണ്ട്.
:::ഈയം ഉരുക്കാനുള്ള ചൂടുണ്ട് ശുക്രന്റെ ഉപരിതലത്തിന്. ശരാശരി 480ഡിഗ്രി സെൽഷ്യസ്. കാർബൺ ഡയോക്‌സൈഡ് നിറഞ്ഞ കട്ടിയേറിയ അന്തരീക്ഷം ചൂടിനെ പുറത്തുവിടാതെ തടയുന്നതാണ് ഇതിനു കാരണം.
:::ആകാശ ഗോളത്തിൽ ചന്ദ്രൻ കഴിഞ്ഞാൽ ഏറ്റവും തിളക്കമുള്ളത് ശുക്രനാണ്.
:::പ്രപഞ്ചത്തിലെ ഏറ്റവും വലിയ നക്ഷത്രം ഒരു മുറിയിലെ വാതിലിനോളം വലിപ്പമുള്ള ഒരു പന്താണെന്നിരിക്കട്ടെ. എങ്കിൽ ഭൂമിക്ക് ഒരു മുടിയിഴയുടെ കനമേ ഉണ്ടാകൂ.
::: ഭൂമിയിലെ സൂര്യാസ്തമയ സമയത്ത് ആകാശം ചുവക്കുന്നത് കാണാറില്ലേ..? എന്നാൽ ചൊവ്വയിലെ സൂര്യാസ്തമയം നീല നിറത്തിലാണ്.
:::ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിന്റെ ഏകദേശം മൂന്നിൽ ഒന്നു മാത്രമേ ചൊവ്വയ്ക്കുള്ളു. അതായത് ഭൂമിയിൽ 90kg ഭാരമുള്ള ഒരാൾക്ക് ചൊവ്വയിൽ 30kg ഭാരമേ കാണൂ.
:::വ്യാഴത്തിൽ വലിയൊരു ചുവന്ന പൊട്ട്(GreatRed Spot)കാണാം. യഥാർത്ഥത്തിൽ അതെന്താണെന്നോ, ഭൂമിയുടെ ഏതാണ്ട് രണ്ടിരട്ടി വലിപ്പമുള്ള വമ്പൻ കൊടുങ്കാറ്റ് വീശുന്നതാണ്.
:::ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ വ്യാഴമാണ്‌ മുന്നിൽ. 2018ജൂലൈ വരെയുള്ള കണക്കനുസരിച്ച് 79ഉപഗ്രഹങ്ങൾ വ്യാഴത്തിനുണ്ട്. ഇതിൽ തന്നെയുള്ള ഗാനിമീഡ് (Ganymede) ഉപഗ്രഹത്തിന് ബുധനേക്കാൾ വലിപ്പമുണ്ട്.
:::സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളും ചേരുന്നതിന്റെ ഇരട്ടിയിലധികം വലുതാണ് വ്യാഴം.
:::വെള്ളത്തേക്കാൾ സാന്ദ്രത കുറഞ്ഞ ഒരേയൊരു ഗ്രഹമാണ് ശനി(Saturn). വെള്ളത്തിലിട്ടാലും പൊങ്ങിക്കിടക്കും എന്നർഥം.
:::നെപ്ട്യൂണിൽ വീശുന്ന കാറ്റിന് 2575km/hr വേഗമുണ്ട്. ഭൂമിയിൽ ഏറ്റവും വേഗമുള്ള കാറ്റിന് 400km വേഗമുള്ളു. നെപ്ട്യൂണിലെ ചുഴലിക്കാറ്റുകൾക്ക് ഭൂമിയെ മുഴുവനായി വിഴുങ്ങാനാകും.
:::ഭൂമിയിൽ ചാടുന്നതിന്റെ ആറിരട്ടി ഉയരത്തിൽ ചന്ദ്രനിൽ ചാടാം. ഭൂമിയുടെ ഗുരുത്വാകർഷണത്തിന്റെ ആറിലൊന്നേ ചന്ദ്രനുള്ളു. അതായത് ഭൂമിയിൽ 60കിലോ ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിൽ 10 കിലോ ഭാരമേ ഉണ്ടാകൂ.
:::നിങ്ങൾ പ്ലൂട്ടോയിലേക്ക് ഒരു വിമാനത്തിൽ പോകുന്നു എന്ന് കരുതുക. ഏകദേശം 800വർഷം വേണ്ടിവരും അങ്ങെത്താൻ
:::::::::::::::::::::::::::::::::::::::::
എണ്ണിയാലൊടുങ്ങാത്ത അത്രയും അത്ഭുതങ്ങൾ നിറഞ്ഞതാണ് നമ്മുടെ പ്രപഞ്ചം.. പ്രപഞ്ചത്തിൽ നാം തനിച്ചാണോ..? ഭൂമിയല്ലാതെ ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള മറ്റു ഗ്രഹങ്ങളുണ്ടോ..? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടിയാണ് ഓരോ ബഹിരാകാശ പര്യവേഷണ ദൗത്യങ്ങളും നടക്കുന്നത്. ഈ യാത്രയിൽ മനുഷ്യർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടുള്ള പ്രപഞ്ച രഹസ്യങ്ങൾ എത്രയോ പരിമിതമാണ്.. ഒരിക്കലും അവസാനിക്കാത്ത അത്ഭുതങ്ങൾ പ്രപഞ്ചം തുടർന്നുകൊണ്ടേയിരിക്കും.