ഇത് നിങ്ങൾ പൂർണ്ണമായി വായിക്കണം, കഴിയുന്ന എല്ലാരിലേക്കും എത്തിക്കണം. കാരണം ഇത് നമ്മുടെ കർത്തവ്യമാണ്.
സാധാരണയായി വംശനാശം എന്ന വാക്ക് നമ്മൾ ഏറ്റവും കൂടുതൽ കേൾക്കുന്നത് പല ജീവജാലങ്ങളുടെയും സസ്യജാലങ്ങളുടെയും കാര്യത്തിലാണ്. എന്നാൽ അത് പോലെ തന്നെ നമ്മളറിയാതെ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കൂട്ടരുണ്ട്, 'കർഷകർ '. ഒരു പക്ഷെ നമ്മൾ ഓരോരുത്തരും ഈ വംശനാശത്തിന് ഉത്തരവാദികളാണ്, നമുക്കാർക്കും ഇതിൽ നിന്നും ഒഴിഞ്ഞു മാറാനാവില്ല. ഈ ലോകത്തിന്റെ തന്നെ സംസ്കാരമാണ് കാർഷിക സംസ്കാരം. ജീവൻ നിലനിർത്താൻ വേണ്ടുന്ന അന്നമുല്പാദിപ്പിക്കാൻ മാത്രമല്ല, ആയിരക്കണക്കിന് ജൈവവൈവിധ്യങ്ങൾ നില നിൽക്കുന്നതും സാധാരണ കർഷകരിലൂടെയാണ്. അനേകായിരം വിത്തിനങ്ങൾ പല തലമുറകൾ കഴിഞ്ഞും നിലനിൽക്കുന്നെങ്കിൽ, അത് കർഷകർ എന്ന നിസ്വാർത്ഥ സമൂഹത്തിന്റെ സംഭാവന കൊണ്ട് കൂടെയാണ്. ഈ മണ്ണിന്റെ സ്വാഭാവികത കാത്തുസൂക്ഷിക്കുന്നതിൽ കർഷകർ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല.
പ്രകൃതിയെ സ്നേഹിക്കാൻ പഠിപ്പിച്ചു ശീലിച്ച ഒരു തലമുറയിൽ നിന്നും ചൂഷണം ചെയ്തു ജീവിക്കണം എന്ന് പഠിപ്പിക്കാൻ തുടങ്ങിയത് മുതൽ ആ നാശം തുടങ്ങി. മണ്ണിനെയും പ്രകൃതിയെയും അന്നം നൽകുന്ന അമ്മയായി കണ്ട കർഷകരിൽ നിന്നും, ലാഭം മാത്രം ലക്ഷ്യം വച്ച കർഷകരിലേക്കുള്ള രൂപമാറ്റം, യഥാർത്ഥ കർഷകന്റെ വംശനാശം തുടങ്ങിവെച്ചു. യന്ത്രവത്കൃത ഉല്പാദനങ്ങളും ശാസ്ത്രസാങ്കേതികതയുടെ അനാവശ്യ കടന്നുകയറ്റവും മുഴുവൻ സ്വാഭാവിക കർഷകരുടെയും വംശനാശത്തിന്റെ വേഗം കൂട്ടി.
മലയാളിയുടെ കാർഷിക സംസ്കൃതി ഉത്സവമായ വിഷുദിനത്തിൽ, ഞാൻ ജനിച്ചുവളർന്ന തിരുവനന്തപുരം ജില്ലയിലെ 120 ഹെക്ടറോളം വ്യാപിച്ചുകിടക്കുന്ന ആനാകോട് എന്ന കൃഷിഗ്രാമത്തിലൂടെ ഒരു അന്വേഷണയാത്ര നടത്തി. കണ്ണിൽ വേദനയുടെ നനവോടെയാണ് തിരിച്ചു വീട്ടിലെത്തിയത്. 60 വയസ്സിനു മുകളിൽ 85 ശതമാനത്തോളം കർഷകർ ഉണ്ടായിരുന്ന ആനാകോടിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. 50-60 വയസ്സിനിടയിൽ 45 ശതമാനവും, 40-50വയസ്സിനിടയിൽ 8 ശതമാനവും ആണ് കർഷകരുടെ എണ്ണം. 40 വയസ്സിനു താഴെ കർഷകർ വെറും 9 പേർ മാത്രം, അതിലും ഏറ്റവും പ്രായം കുറഞ്ഞ കർഷകന്റെ പ്രായം 38 വയസ്സ്. കഴിഞ്ഞ 5 വർഷമായി ഈ യുവകർഷകർക്കു നഷ്ടക്കണക്കല്ലാതെ മറ്റൊന്നും പറയാനുമില്ല. ഈ ഗ്രാമം പോലെ തന്നെ ആകില്ലേ ഏറെക്കുറെ എല്ലായിടത്തും. ഇങ്ങനെ പോയാൽ ഈ വംശനാശം അധികം താമസിയാതെ പൂർണ്ണമാകും.
എന്ത് കൊണ്ട് പുതുതലമുറയിൽ കർഷകർ ഇല്ല എന്നതിന് പലരും നൽകിയ ഉത്തരം തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.
കാരണങ്ങൾ
1.ലാഭേച്ഛയില്ലാതെ ജൈവ കൃഷി ചെയ്തിരുന്ന കർഷകരുടെ ഇടയിലേക്ക് കൂടുതൽ വിളവിന്റെ പൊലിമ കാണിച്ച് അവരിലേക്ക് അനാവശ്യ രാസവള നിർദേശങ്ങൾ നൽകിയവർ ഈ മണ്ണിന്റെ എല്ലാ ഗുണങ്ങളും നശിപ്പിച്ചു.
2.അനിയന്ത്രിതമായി കീടനാശിനി ഉപയോഗങ്ങൾ അടിച്ചേൽപ്പിച്ച്, സ്വാഭാവിക സസ്യപ്രജനനത്തിനെയും നല്ല വിത്തിനങ്ങളെയും നാടൻ പച്ചക്കറി ഇനങ്ങളെയും നശിപ്പിച്ചു.
3.കാലങ്ങൾ കഴിഞ്ഞപ്പോൾ വിളവിനായി കർഷകർ എന്തും ചെയ്യാൻ മടിയില്ലാത്ത അവസ്ഥയിലേക്ക് മാറിയപ്പോൾ സ്വാഭാവിക കർഷകൻ മണ്ണടിഞ്ഞു.
4.പ്രകൃതി ദുരന്തങ്ങൾ കൂടെ ആയപ്പോൾ കർഷകന് നിൽക്കക്കള്ളി ഇല്ലാതായി. ആനുകൂല്യങ്ങളും ദുരിതാശ്വാസങ്ങളും ഏറെക്കുറെ പേപ്പറിൽ ഒതുങ്ങിയപ്പോൾ അവൻ കടത്തിൽ മുങ്ങി.
5. അങ്ങനെ കടത്തിൽ മുങ്ങിയ കർഷകൻ മക്കളെ മനപ്പൂർവം കാർഷികവൃത്തിയിൽ നിന്നും അകറ്റി മറ്റു മേഖലകളിലേക്ക് ചേക്കേറുവാൻ പ്രേരിപ്പിക്കുന്ന അവസ്ഥയിലേക്കെത്തി.
6.ഉല്പാദിപ്പിക്കുന്ന വിളവുകൾക്ക് മാന്യമായ വില കിട്ടാതെയും, സ്ഥിരമായ വിപണി ഇല്ലാതെയും, ഗവണ്മെന്റുകളുടെ ഭാഗത്ത് നിന്നും ഇവയ്ക്കുള്ള ശാശ്വത പരിഹാരം ഇല്ലാതെ വരികയും ചെയ്തതോടെ കടം തീർക്കാനുള്ള വഴി പോലും ഇല്ലാതെ കർഷകൻ സർവ്വനാശത്തിലേക്കു കൂപ്പുകുത്തി.
7.കടത്തിൽ മുങ്ങിയ കർഷകന് സമൂഹത്തിൽ ഉണ്ടായിരുന്ന പരിഗണനയും അംഗീകാരവും കുറേശ്ശേയായി നഷ്ടപ്പെട്ട് അവഗണനയാൽ മാറ്റിനിർത്തുന്ന ഒരു കൂട്ടരായി മാറി. ഒപ്പം വൻകിട വാണിജ്യ കൃഷി തോട്ടങ്ങൾ ഉണ്ടാവുകയും വിപണി പൂർണമായി അവർ കീഴടക്കുകയും ഉല്പാദന ചെലവ് താങ്ങാനാവാതെ വരികയും ചെയ്തതോടെ കർഷക ആത്മഹത്യകളും പതിവായി.
8.അതോടെ കർഷകർ അറിയാവുന്ന എല്ലാ യുവാക്കളോടും കാർഷിക മേഖലയിലേക്ക് വരരുത് എന്ന് നിദ്ദേശിക്കുകയും അപേക്ഷിക്കുകയും ചെയ്യുക പതിവായി. അങ്ങനെ വംശനാശം പൂർണ്ണമാവുകയാണ്.
ഈ അവസ്ഥയിൽ നിങ്ങൾ തന്നെ പറയു... എന്ത് ചെയ്യാനാവും. ഞാൻ ഇന്നും ഒരു സാധാരണ കർഷകൻ കൂടെയായതു കൊണ്ട് ഇത്രയെങ്കിലും നിങ്ങളോട് പറയാതെ പോകാനാകില്ല എനിക്ക്. ഇനി തീരുമാനങ്ങൾ നിങ്ങളുടേതാണ്.......
ഒത്തിരി നിരാശയോടും വേദനയോടും
പ്രദീപ് നന്മ ആനാകോട്
പ്രദീപ് നന്മ ആനാകോട്