കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികളെ കത്തോലിക്കാ സഭയിലേക്കു കൊണ്ടുവരാനായി ഗോവ ആസ്ഥാനമാക്കിയിരുന്ന പാശ്ചാത്യറോമൻ കത്തോലിക്കാ (ലത്തീൻ) സഭാപ്രതിനിധികൾ വിളിച്ചുചേർത്ത സഭാസമ്മേളനമാണ് ഉദയംപേരൂർ സുന്നഹദോസ് അഥവാ ഉദയംപേരൂർ സൂനഹദോസ് (1599 ജൂൺ 20-26) കേരള ചരിത്രത്തിൽ, വിശേഷിച്ചും ക്രിസ്ത്യൻ സഭാചരിത്രത്തിൽ, ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ ഒരു സംഭവമായാണ് ഉദയംപേരൂർ സുന്നഹദോസിനെ കണക്കാക്കുന്നത്. നസ്രാണികൾ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ (മലങ്കര) ക്രിസ്ത്യാനികൾ 1500 ഓളം വർഷങ്ങളായി പിന്തുടർന്നിരുന്ന കേരള ക്രൈസ്തവ പാരമ്പര്യത്തിന്മേലുള്ള ഒരു ആക്രമണമായി ഇതിനെ മലങ്കര ക്രിസ്ത്യാനികൾ കാണുന്നു. എന്നിരുന്നാലും പേരിൽമാത്രം ക്രിസ്ത്യാനികളായിരിക്കുകയും എന്നാൽ ഹൈന്ദവരുടെ ആചാരാനുഷ്ഠാനങ്ങൾ, ജാതിവ്യവസ്ഥ തുടങ്ങിയവ അതേപടി തുടരുകയും ചെയ്ത മലങ്കര ക്രിസ്ത്യാനികളെ നവീകരിക്കാൻ ഉദ്ദേശം വച്ചുള്ളതായിരുന്നു സൂനഹദോസ് എന്ന് സൂനഹദോസ് തീരുമാനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
അക്കാലത്ത് ഗോവ പോർച്ചുഗീസ് ആധിപത്യത്തിൻ കീഴിലായിരുന്നു. അവിടത്തെ മെത്രാപ്പോലീത്ത, ഡോ. അലെക്സൊ ഡെ മെനസിസ് (ഡോ. അലെയ്ജോ ഡെ മെനസിസ്) ആണ് സുന്നഹദോസ് വിളിച്ചുകൂട്ടിയത്. അങ്കമാലി രൂപതയുടെ അധികാരപരിധിയിൽ ആണ് സുന്നഹദോസ് നടന്നത്. അക്കാരണത്താൽ അങ്കമാലി സുന്നഹദോസ് എന്നാണ് വിളിക്കേണ്ടതെങ്കിലും അതിന്റെ പ്രത്യേകത മൂലം നടന്ന സ്ഥലമായ ഉദയംപേരൂരിന്റെ പേർ ചേർത്ത് അതിനെ വിളിക്കുന്നു.