അടുത്ത കാലത്ത് വീണ്ടും അത്ഭുതപ്പെടുത്തിയ മറ്റൊരു പുസ്തകമാണ് സ്വാമിരാമയുടെ ''ഹിമാലയത്തിലെ ഗുരുക്കൻമാരോടൊപ്പം ''' ഇതിൻ്റെ വായന വളരെ രസകരമാണ്.
പണ്ഡിറ്റ് ഗുഡ് നാംഗിൻ്റെ സ്വാമി രാമയെപ്പറ്റിയുള്ള പുസ്തകം ഞാൻ വായിച്ചിട്ടില്ല. വായിക്കാഞ്ഞത് നന്നായി എന്നു തോന്നുന്നു. അല്ലെങ്കിൽ മുൻവിധിയോടെ മാത്രമേ ഈ പുസ്തകവും ഞാൻ മറിച്ചു നോക്കുമായിരുന്നുള്ളൂ.
വളരെ രസകരമായി വായിച്ചു പോകാവുന്ന ഒന്നാണ് ഈ പുസ്തകം .. മറ്റൊരു പ്രത്യേകത എവിടെ നിന്നും വായിച്ചു പോകാം എന്നതാണ്. പുസ്തകത്തിന് തുടർച്ചകൾ ഇല്ല .ഓരോ അദ്ധ്യായവും തുടർച്ചകളല്ലാത്തതിനാൽ എവിടെ നിന്നും വായിക്കാം..
സ്വാമി രാമ വളരെയേറെ തുറന്നാണ് എഴുതിയിരിക്കുന്നത്. അതു നമ്മെ അത്ഭുതപ്പെടുത്തും .
ഭക്ഷണത്തിനായി ശാഠ്യം പിടിക്കുന്നതും സന്യാസിമാരോട് നിർത്താതെ ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിക്കുന്നതും ഗ്രാമത്തിൽ നിന്നും ആഹാരവും സമീപത്തുള്ള വനത്തിൽ നിന്നും ആപ്പിൾ മോഷ്ടിക്കുന്നതുമെല്ലാം അദ്ദേഹം തുറന്ന് എഴുതിയിരിക്കുന്നത് നമ്മെ അത്ഭുതപ്പെടുത്തും.. വളരെ വികൃതിയായിരുന്നു അദ്ദേഹം എന്ന് നമുക്ക് ഇതു വായിച്ചാൽ മനസ്സിലാകും.. മറ്റൊന്ന് കൃത്യമായ കാലഗണന ഈ പുസ്തകത്തിൽ കൊടുത്തിട്ടില്ല. സംഭവങ്ങളാവട്ടെ കാലഗണനാക്രമത്തിൽ തുടർച്ചയായുമല്ല നൽകിയിട്ടുള്ളത്. ഇത് ഒരു പ്രധാന പോരായ്മയാണ്.
മറ്റൊന്ന് ചില സംഭവങ്ങളുടെ യുക്തിരാഹിത്യമാണ്.സാധാരണ ചിന്താസ്സാരണികൾക്കും അപ്പുറമാണ് പല സംഭവങ്ങളും; ഒഴിയാത്ത അക്ഷയപാത്രവും കൂടുവിട്ട് കൂടുമാറുന്ന സന്യാസീ വര്യനും അവയിൽ ചിലതു മാത്രം.. അതിനാൽത്തന്നെ യുക്തിവാദികൾക്ക് ഈ പുസ്തകം ദഹിക്കില്ല.. ചില ഭാഗങ്ങൾ ഫാൻ്റസിയായി ആയി മാത്രമേ നമുക്കും തോന്നുകയുള്ളൂ...
രാമ സ്വജീവിതത്തിൽ പിൽക്കാലത്ത് ആരായി എന്നുള്ളതോ അവസാന കാലത്ത് അദ്ദേഹത്തിന് എതിരെ ഉയർന്നു വന്ന ഒട്ടേറേ ആരോപണങ്ങളെപ്പറ്റിയോ കേസിനെ പറ്റിയോ ഞാൻ പരാമർശിക്കുന്നില്ല.
എന്തായാലും ലളിതമായ വാക്കുകളിൽ എഴുതപ്പെട്ട ഈ പുസ്തകം ഒറ്റയിരിപ്പിന് അനായസ്സമായി വായിച്ചു പോകാൻ പറ്റുന്ന ഒന്നാണ്. ദുർഗ്രാഹ്മായ ഭാഷയോ സംസ്കൃത വേദ ഉദ്ധരണികളോ തൻ്റെ പാണ്ഡിത്യം വെളിവാക്കാൻ അദ്ദേഹം എവിടെയും ഉപയോഗിച്ചിട്ടില്ല എന്നതും ഇതിനെ ആകർഷകമാക്കുന്ന ഒന്നാണ്.