ശരിയ്ക്കും 200 വർഷം മുൻപ് തിരുവിതാംകൂർ മഹാറാണി ഗൗരി പാർവതി ബായി മൂന്നു മഹാമാരികളെ നേരിട്ടത് ഇങ്ങനെ...
ഇന്നത്തെ പോലെ പകർച്ചവ്യാധിയിൽ ഭരണകൂടം പകച്ചു നിന്ന ഒരു കാലമുണ്ടായിരുന്നു പണ്ട് രണ്ടു നൂറ്റാണ്ടു മുൻപേ തിരുവതാംകൂറിനും !
1819-ൽ ബംഗാളിൽ തുടക്കം കുറിച്ച കോളറ മുംബൈയിലും ബെംഗളൂരുവിലും പടർന്നതോടെ അതു തിരുവതാംകൂറിലെത്തുമെന്ന ഭീതി പരന്നപ്പോൾ അന്നു മഹാറാണി ഗൗരി പാർവതി ബായി ഒട്ടും മടിക്കാതെ ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സഹായം തേടി.
മഹാനഗരങ്ങളിൽ പടർന്നു പിടിച്ച ആ മഹാവ്യാധിയെ നേരിടാൻ അവിടെ വിദേശിയരും സ്വദേശിയരുമായ ഡോക്ടർമാർ ചികിത്സാരംഗത്ത് സജീവമായ വാർത്തകൾ കേട്ടാണ് മഹാറാണി തിരുവിതാംകൂറിൽ കോളറയെ പ്രതിരോധിക്കാനുള്ള മുൻകരുതലെടുത്തത്. ഡോ. ബ്രൗൺ, ഡോ .ഗെൽ, ഡോ .മുത്തുസ്വാമി എന്നിങ്ങനെ അലോപ്പതി ചികിത്സ പരിചയിച്ച ഏതാനും പേർ മാത്രമാണ് അന്നു തിരുവിതാംകൂറിലുണ്ടായിരുന്നത്.
കോളറക്കെതിരെയുള്ള പ്രതിരോധ മരുന്ന് ചെന്നൈയിൽ നിന്ന് ഇവിടെ എത്തിച്ച ശേഷം തിരുവിതാംകൂറിലുള്ള നാട്ടുവൈദ്യന്മാരുടെ വൈദ്യ ശാലകളിലൂടെയാണു വിതരണം ചെയ്തത്. അലോപ്പതി മരുന്ന് കഴിച്ചു ശീലിച്ചിട്ടില്ലാത്ത അന്നത്തെ ജനങ്ങൾക്ക് അതെങ്ങനെ കഴിയ്ക്കണമെന്ന
നിർദേശം നൽകുന്നതിന് മേൽപ്പറഞ്ഞ ഡോക്ടർമാർ നാട്ടുവൈദ്യന്മാരെ പരിശീലിപ്പിക്കൂകയാണ് ആദ്യം ചെയ്യേണ്ടതെന്ന ഉത്തരവിറക്കിയത് കൊ.വ. 994 തുലാമാസം 12 ന് ദിവാൻ ജനാർദനരായർ വെങ്കിട്ടരായരായിരുന്നു.
ഡോ. ബ്രൗണിന് കമ്പനി നൽകിയ 460 രൂപ കൂടാതെ വസൂരി ‘കീറി വയ്പാൻ’ 200 രൂപയും നിത്യ ചിലവിന് 200 രൂപയും ശമ്പളമായി നൽകിയാണു തിരുവനന്തപുരത്തു താമസിപ്പിക്കുവാൻ അന്നു തീരുമാനമെടുത്തത്. രോഗികൾക്ക് മരുന്നു കൊടുക്കാൻ പരിശീലനം ലഭിച്ചവരെ ‘മെഡിക്കൽ പ്യൂപ്പിൾ’ എന്ന തസ്തികയിൽ നിയമിച്ചിരുന്നു.
തിരുവിതാംകൂറിന്റെ തെക്കും വടക്കുമായ മലയോര മേഖലകളിൽ ഇടയ്ക്കിടെ പടർന്നു പിടിച്ച മലമ്പനിയും വസൂരിയും കാരണം നിരവധി പേർ മരിയ്ക്കുന്നതിനിടയിലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയ കോളറയുടെ വരവ്.
ഈ മൂന്നു മഹാ പകർച്ച വ്യാധികൾക്കു നാട്ടുവൈദ്യം കൊണ്ട് പരിഹാരമാവില്ലെന്ന ചിന്തയിലാണു തിരുവിതാംകൂറിൽ ആദ്യമായി ധർമാശുപത്രികൾ സ്ഥാപിച്ചത്. കോട്ടയ്ക്കകത്ത് പട്ടാള ആശുപത്രി കൊ .വ 994 ലും കൊല്ലത്ത് ധർമാശുപത്രി 995 ലും നാഗർകോവിലിൽ 1015 ലും സ്ഥാപിക്കാൻ തുടങ്ങി.അങ്ങനെ കേരളത്തിലെ ആ മൂന്ന് മഹാമാരികൾക്കും അന്ന് ശമനം കുറിപ്പിച്ചു.
മഹാറാണി ഗൗരി പാർവതി ബായിയുടെ ഭരണ കാലഘട്ടം (1815 -1829 ) ഏറെ മാറ്റങ്ങൾ കേരള സമൂഹത്തിൽ ഉണ്ടാക്കി . കേരളീയർക്കെല്ലാം വീടുകൾ ഓടു മേയാൻ അനുമതി നൽകിയത് ഈ മഹാറാണിയാണ് .കൂടാതെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും സ്വർണം വെള്ളിയാഭരണങ്ങൾ ധരിക്കാനുള്ള അനുവാദവും , നായർ സ്ത്രീകൾക്കു മാത്രമുണ്ടായിരുന്ന ആഭരണ ലൈസൻസ് (അടിയറ പണം ) നിർത്തലാക്കിയതും വിപ്ലവ കരമായ തീരുമാനമായിരുന്നു .
കൂടാതെ ക്രിസ്ത്യൻ പൗരന്മാർക്ക് ഞായറാഴ്ച മതപരമായ ചടങ്ങുകളിൽ സംബന്ധിക്കാൻ ഒഴിവു നൽകി. ക്രിസ്ത്യൻ മിഷിനറിമാർക്ക് കേരളത്തിൽ പ്രവർത്തന സ്വാതന്ത്ര്യവും സൗജന്യ നിരക്കിൽ പള്ളികൾ സ്ഥാപിക്കാൻ ഭൂമി പതിച്ചു നല്കാൻ അനുമതിയും നൽകി .
റാണിയുടെ യാത്രകളിൽ വിളക്കുകാട്ടികളായി മാറുമറക്കാത്ത സ്ത്രീകളെ ഉപയോഗിച്ചിരുന്നത് അവർ നിർത്തലാക്കി.
കേരളത്തിൽ ആദ്യമായി കാപ്പി കൃഷി തുടങ്ങിയത് മഹാറാണിയുടെ കാലത്താണ്. കോളറക്കും വസൂരിക്കുമെതിരെ വാക്‌സിനേഷൻ സമ്പ്രദായം തുടങ്ങിയതും അവർ തന്നെ .
എട്ടുകെട്ടുകൾക്കും നാലുകെട്ടുകൾക്കും ഉണ്ടായിരുന്ന സ്പെഷ്യൽ തീരുവ ഇല്ലാതാക്കിയതും പല്ലക്കിലും കാള -കുതിര വണ്ടികളിലും ആനപ്പുറത്തും അവരുടെ ധനസ്ഥിതിയനുസരിച്ചു യാത്ര ചെയ്യാനുള്ള അനുമതിയും അവർ നൽകി. അയൽരാജ്യമായ സിലോണുമായി ജാഫ്‌ന പുകയില വാങ്ങാനുള്ള വ്യാപാര കരാറും മഹാറാണിയുടെ ഭരണകാലത്താണ്.
അന്നത്തെ തിരുവിതാംകൂറിനെ എങ്ങനെ നമിക്കാതിരിക്കും നാം ........................... (കടപ്പാട് )