ചേര സാമ്രാജ്യത്തിന്റെ വിഭജനത്തിനു ശേഷം രൂപീകരിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഒരു നാവിക-വാണിഭനഗരമാണ് കോഴിക്കോട്. സാമൂതിരിയുടെ കൈകളിൽ ആ നഗരം അഭിവൃദ്ധ്യുന്മുഖമായിരുന്നു. പാശ്ചാത്യരായ ഫിനീഷ്യർ, ഗ്രീക്കുകാർ, റോമാക്കാർ, അറബികൾ, പോർച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് കിഴക്കുദിക്ക് നിന്നും ചൈനക്കാരും മറ്റും ഇവിടെ വ്യാപാരം നടത്തിയിരുന്നു.
പല ചരിത്ര ഗ്രന്ഥങ്ങളില്ലും ജൂദന്മാർ കോഴികോട്ടു ഉണ്ടായിരുന്നു എന്ന് പറയുന്നു, എന്നാൽ അതിനപ്പുറം ഒന്നും തന്നെ വിശധീകരിച്ചിട്ടില്ല.
ഈ വിഷയത്തെ കുറിച്ച് വിശദമായ പഠനങ്ങൾ നടത്തിയ ശേഷം എനിക്ക് കാലിക്കറ്റ് ഹെരിറ്റൈജ് ഫോറത്തിന്റെ സഹായത്തോടെ ആ സ്ഥലം കണ്ടുപിടിക്കാൻ സാധിച്ചു. എന്നാൽ ചില പ്രാദേശിക ചരിത്രകാരന്മാരും സ്ഥലസ്ഥലനാമ പണ്ഡിതരും ജൂദ തെരുവിന്റെ അസ്തിത്വത്തെ കുരിച്ച് തർക്കിച്ചു, എന്റെ ഗവേഷണത്തിന്റെയും വിശകലനതിന്റെയും രത്നചുരുക്കം ഇവിടെ നല്കുന്നു
കോഴിക്കോട് യഹൂദരുടെ ഉല്പത്തിയെകുറിച്ചു രേഘകളില്ലെങ്കിലും, ഉത്തര കേരളത്തിലെ പുരാതന നഗരമായ മാടായിയിൽ നിന്നുമാകണം അവർ കോഴികൊട്ടെക്ക് വന്നിട്ടുണ്ടാകുക. കാരണം കേരളത്തിലെ യഹൂദരുടെ പുരാവൃത്താഖ്യാന പുസ്തകത്തിന്റെ സംഗ്രഹത്തിൽ പറയപ്പെടുന്നത് അവർ ആദ്യമായി കേരളത്തിൽ വന്നപ്പോൾ നാലിടങ്ങളിൽ അധിവാസമുറപ്പിച്ചു ആയിടങ്ങൾ ഒന്നാണ് മാടായി.
ബ്രാഹ്മണർ, ജൂതന്മാർ, ക്രിസ്ത്യാനികളും മുസ്ലിങ്ങളും ബുദ്ധമതസ്ഥരും ഒന്നിച്ചു വസിച്ചിരുന്ന സ്ഥലമാണ് മാടായി എന്നത് ചരിത്രം. "മാടായി പള്ളി സ്ഥാപിച്ച മാലിക് ബിൻ ഹബീബ്,ഹെല്ലി മടായി എന്ന സ്ഥലത്ത് യഹൂദന്മാരെ കാണാനിടയുണ്ടായി, അവർക്ക് അവിടെ ഒരു ആരാധനാലയം ഉണ്ടായിരുന്നു" എന്നും കേരള മുസ്ലിം ചരിത്രം, എന്ന ഗ്രന്ഥത്തിൽ ശ്രീ പി.എ. സയ്യിദ് മുഹമ്മദ് പറയുന്നു. ആ ഹെല്ലി മാടായി എന്ന മാടായി പാറയിൽ ഇന്നും ഒരു ജൂതകുളം അവശേഷികുന്നുണ്ട്.
12 ആം നൂറ്റാണ്ടിനു മുമ്പായി മാടായിയിൽ നിന്നും അവർ ചാലിയം, പന്തലായിനി കൊല്ലം എന്നിവിടെങ്ങളിലായി താമസം ഉറപ്പിച്ചു എന്ന് വേണം കരുതാൻ. കാരണം അറേബ്യൻ ചരിത്രകാരനും സഞ്ചാരിയുമായ അബ്ദുൽ ഫിദ ഇസ്മിൽ ഹംവി ( ക്രി. ശേഷം 1273 - 1331) അദ്ധേഹത്തിന്റെ "തഖ്‌വിമുൽ ബുൽധാനിൽ" ഇങ്ങനെ
എഴുതിയിരിക്കുന്നു " യഹൂദർ അധിവസിക്കുക ശലിയത്തു(ചാലിയം) പട്ടണം "
ഇറ്റാലിയൻ സഞ്ചാരിയായ ഫ്രയാർ ഓദൊരികൊ ദെ പൊർദെനോനെ, ( ക്രി. ശേഷം 1228 - 1331) " ഫ്ലാണ്ട്രീന (പന്തലായിനി) പട്ടണത്തിലെ നിവാസികളിൽ ചിലർ യഹൂദരും ചിലർ ക്രൈസ്തവരും ആണ്... "
മറ്റു ചരിതകാരന്മാരും, സഞ്ചാരികളുമായ ഗിരോലമോ സെർനിഗി (ക്രി. ശേഷം 1453-1510), ലോദുവിക്കൊ ഡി വാർതെമ (ക്രി. ശേഷം 1470-1517), എബ്രഹാം ഫരിസോൾ ബെൻ മോർധെഖൈ (ക്രി. ശേഷം 1451-1525), യമനി യഹൂദ പന്ധിതനും കവിയുമായ സഖറിയ ബെൻ സാദിയ അൽ ദാഹിരി (ക്രി. ശേഷം 1531-1608) മറ്റും കോഴികോട്ടെ യഹൂദരെ കുറിച്ച് രേഘപെടുത്തിയിട്ടുണ്ട്
കൊച്ചിയിലെ യഹൂദരുടെ പുരാവൃത്താഖ്യാന പുസ്തകത്തിന്റെ ഒരു സംഗ്രഹം തയ്യാറാക്കിയ ഡച്ച്കാരനായ ഏമ്മനുഎൽ ജേക്കബ് വാൻ ദൊർട്ട് (ക്രി. ശേഷം 1757) ആ ഗ്രന്ഥത്തിൽ ഇങ്ങനെ രേഘപെടുത്തിയിരിക്കുന്നു "കോഴികോട്ടു താമസിച്ചിരുന്ന മലബാറിലെ യഹൂദരുടെ രാജാവായ യോശിയ, ഹിബ്രൂ വർഷം 5410 (ക്രി. ശേഷം1650) -ആം ആണ്ട് ശേവത്ത് മാസം (ജനുവരി-ഫെബ്രുവരി) അഞ്ചാം ദിവസം മരണമടഞ്ഞു."
എന്നാൽ ഇവയേക്കാൾ ഏറെ കോഴികൊട്ടെ യഹൂദരെ കുറിച്ച് വളരെ വ്യക്തമായ തെളിവ് നല്കുന്നത് ഫ്രഞ്ച് സഞ്ചാരിയും നാവികനായിരുന്ന ഫ്രൻസുഅ പൈരാര്ദ് (ക്രി. ശേഷം 1578-1623) ആണ് അദ്ധേഹത്തിന്റെ "ദി വോയേജ് ഓഫ് ഫ്രൻസുഅ പൈരാര്ദ് ഓഫ് ലെവൽ " -ൽ കോഴിക്കോട്ടെ യഹൂദരെ കുറിച്ച് പറയുന്നു
" മറ്റുള്ളവർക്കിടയിൽ, യഹൂദർക്ക് അവരുടെ സ്വന്തം വഴിയും സിനഗോഗും ഉണ്ട്, അവിടെ അവരല്ലാതെ മറ്റാരും പ്രവേശിക്കാറില്ല "
കാലിക്കറ്റ് ഹെരിറ്റൈജ് ഫോറത്തിന്റെ വിശദീകരണം "ഞങ്ങൾ മിസ്ക്കൽ പള്ളിയിൽ നിന്നും ഇറങ്ങി തെക്കോട്ട് നടക്കുമ്പോൾ, കിഴക്കോട്ടു ഇടിയങ്ങരയിലേക്ക് ഒരു റോഡുണ്ട് അവിടെനിന്നും നേരെ വീണ്ടും തെക്ക് തിരിയുമ്പോൾ . അവിടെ ഈ തെരുവിൽ കുറച്ച് കടകൾ കാണാം അതിനടുത്തുള്ള ഈ സ്ഥലം ഇപ്പോൾ "ജൂത ബസാർ" അഥവാ ജൂത സ്ട്രീറ്റ് എന്ന് വിളിക്കുന്നു. പ്രാദേശികർ ആ പേരിന്റെ ഉത്ഭവത്തെ പറ്റി വ്യത്യസ്ത വിശദീകരണങ്ങളും നല്കുന്നു.....(കുടുത്തൽ വായനയ്ക്ക് http://blog.calicutheritage.com/2011/07/jews-street-in-calicut.html)
25 ആഗസ്റ്റ് 2012-ൽ ഞാൻ അവിടെ നേരിട്ട് പോയപ്പോൾ ജൂത ബസാർ എന്ന പേര് ഇന്നും സർക്കാർ രേഘകളിൽ ഉണ്ടെന്നതിന്റെ തെളിവാണ്. ആ വഴിയിൽ കണ്ട ഒരു സർക്കാർ അംഗനവാടിയുടെ ബോർഡ്, അതിൽ ഇങ്ങനെ രേഘപെടുത്തിയിരിക്കുന്നു.
കേരള സർക്കാർ
സാമൂഹിക ക്ഷേമ വകുപ്പ്
സംയോജിത ശിശു വികസന പദ്ധതി (ICDS)
ബ്ലോക്ക് : കോഴിക്കോട് കോർപ്രെഷൻ
പഞ്ചായത്ത് : ഐ. സി . ഡി എസ്സ് അർബൻ 1
വാർഡിന്റെ പേര്: കുറ്റിച്ചിറ
വാർഡ് നമ്പർ: 58
സ്ഥലം : ജൂത ബസാർ.......
ഈ പേരൊഴികെ ഇന്നവിടെ ഒരു തിരുശേഷിപ്പും ശേഷികുന്നില്ല