ആഫ്രിക്കയിൽ നിന്നും ഉത്ഭവിച്ച് , പിന്നീട് കരീബിയൻ രാജ്യമായ ഹെയ്തിയുടെ സംസ്കാരത്തിൽ ലയിച്ച് ചേർന്ന, സത്യവും മന്ത്രവാദവും മാജിക്കും ഒത്തു ചേർന്ന ഒരു പ്രതിഭാസമാണ് സോംബി . മരിച്ചു പോയ ആത്മാക്കളെ മന്ത്രവാദികൾ തിരികെ വിളിച്ച് വീണ്ടും ജീവിപ്പിക്കുകയും പിന്നീട് അവരെ അടിമപ്പണി ചെയ്യിപ്പിക്കുയും ചെയ്യുന്നതാണ് ഒട്ടു മിക്ക സോംബി കഥകളുടെയും തിരക്കഥ . പിന്നീടു എപ്പോഴെങ്കിലും ഇവർ “ശരിക്കും” മരിക്കുകയും ചെയ്യും . ഒരിക്കൽ തിരികെ വിളിച്ച ആത്മാവിനെ പിന്നീട് രണ്ടാമത് വിളിക്കുവാൻ ആർക്കും സാധിക്കില്ല . യജമാനൻ മരിച്ച, ആരും നിയന്ത്രിക്കാൻ ഇല്ലാത്ത സോംബികൾ ഹെയ്തിയുടെ തെരുവുകളിൽ അലഞ്ഞ് തിരിഞ്ഞു നടക്കും !
1981 ലെ ഒരു പ്രഭാതം . ഹെയ്തി എന്ന രാജ്യത്തെ L’Estère എന്ന സ്ഥലത്തെ ഒരു ചെറു മാർക്കറ്റ് ആണ് രംഗം . ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളി ആ ചെറു മാർക്കറ്റിനെ ഞെട്ടിച്ചു . എയ്ജലീന നാർസിസ് (Angelina Narcisse ) എന്ന സ്ത്രീ എല്ലാ മാസത്തെയും പോലെ പഴനങ്ങളും പച്ചക്കറികളും വാങ്ങുവാൻ വന്നതാണ് . പണ്ട് മരിച്ചു പോയ തന്റെ സഹോദരൻ തന്നെ വിളിച്ചിരുന്ന കളിയാക്കി പേര് തന്റെ മുൻപിൽ നിൽക്കുന്ന ഒരു വൃദ്ധൻ വിളിച്ചത് കേട്ടാണ് എയ്ജലീന ഞെട്ടിയത് . വിളിച്ചയാളെ ഒന്നുകൂടി സൂക്ഷിച്ച് നോക്കിയ അവർ ശരിക്കും ഞെട്ടി ! പതിനെട്ട് വർഷങ്ങൾക്ക് മുൻപ് മരിച്ചെന്ന് കരുതി തങ്ങൾ കുഴിച്ചിട്ട തന്റെ സഹോദരൻ തന്നെ ആണ് മുൻപിൽ നില്ക്കുന്നത് ! ഓടിക്കൂടിയ ജനങ്ങൾ ഒന്നുറപ്പിച്ചു . തങ്ങളുടെ മുൻപിൽ നില്ക്കുന്നത് മരണത്തിൽ നിന്നും തിരിച്ചു വന്ന ഒരു സോംബി ( Zombie ) ആണ് . എയ്ജലീന ഒട്ടും മടിക്കാതെ തന്റെ മുൻപിൽ സഹോദരൻ ആണെന്ന് പറഞ്ഞ് നിൽക്കുന്ന ആളെ ഗ്രാമത്തിലേക്ക് കൂട്ടികൊണ്ട് പോയി. അയാളെ കണ്ട ബന്ധുക്കളും ഗ്രാമവാസികളും ഒന്നടക്കം പറഞ്ഞു …. ഇത് തങ്ങൾ വർഷങ്ങൾക്ക് മുൻപ് കുഴിച്ചു മൂടിയ , ക്ലേവിയസ് നാർസിസ് (Clairvius Narcisse) ആണ് . ഏതോ ദുർ മന്ത്രവാദി ക്ലേവിയസിനെ മരണത്തിൽ നിന്നും ഉയർപ്പിച് ജീവിക്കുന്ന സോംബി ആക്കി മാറ്റിയതാണ് !
“മരിച്ച” ക്ലെവിയസ്സിന്റെ തിരിച്ചു വരവ് , ഹെയ്തിയിൽ സോംബികളെ കുറിച്ചുള്ള ഒരു വിശദ പഠനത്തിന് തുടക്കം കുറിച്ചു . Zombie Projectഎന്നായിരുന്നു അതിന്റെ പേര് . WadeDavis എന്ന കനേഡിയൻ ethnobotanist ആയിരുന്നു അതിന് തുടക്കം കുറിച്ചത് . The Serpent and the Rainbow (1985) , The Ethnobiology of the Haitian Zombie (1988) എന്നീ രണ്ടു പുസ്തകങ്ങളിൽ ഹെയ്തിയിലെ തന്റെ അനുഭവങ്ങളും ക്ലെവിയസിന്റെ കഥകളും അദ്ദേഹം വിശദമായി പ്രദിപാദിച്ചിട്ടുണ്ട് . ക്ലെവിയസ്സിന്റെ അനുഭവം ഡേവിസിന്റെ നിരീക്ഷണത്തിൽ ഇങ്ങനെ ആണ്.
ക്ലെവിയസ്സിനു തന്റെ സഹോദരനു മായി വസ്തു തർക്കം നിലവിൽ ഉണ്ടായിരുന്നു . വൈരാഗ്യം മൂത്ത സഹോദരൻ ക്ലെവിയസ്സിനെ ശിക്ഷിക്കാനും വീതം കൈക്കലാക്കനുമായി ഒരു മന്ത്രവാദിയെ (bokor) സമീപിക്കുന്നു . സോംബികളെ സൃഷ്ടിക്കുവാൻ മിടുക്കനായ അയാൾ ക്ലെവിയസ്സിനെ നിർജീവമായ സോംബിയാക്കാൻ കരുക്കൾ നീക്കുന്നു . അതിന് വേണ്ടി ക്ലെവിയസ്സിന്റെ ശരീരത്തിൽ മുറിവ് ഉണ്ടാക്കുവാനും അതിൽ പുരട്ടുവാൻ ഒരു പ്രത്യേക പൊടിയും തന്നെ സമീപിച്ച ക്ലെവിയസ്സിന്റെ സഹോദരന് കൊടുക്കുന്നു . ഡേവിസിന്റെ പഠനത്തിൽ ആ പൊടിയിൽ നാല് തരം വസ്തുക്കൾ ആണ് ഉണ്ടായിരുന്നത് .
1. മാരകമായ tetrodotoxin അടങ്ങിയിട്ടുള്ള പഫർ (Puffer ) മീനിന്റെ ഉണക്കിയ പൊടി . 2. Bufo marinus എന്ന കടൽ തവളയുടെ ഭാഗങ്ങൾ 3. ഹൈല (hyla tree frog –Osteopilus dominicensis) എന്ന മരതവളയുടെ തൊലി 4. മനുഷ്യന്റെ എല്ല് പൊടി
ഈ മിശ്രിതം സഹോദരൻ , സൂത്രത്തിൽ ക്ലെവിയസ്സിന്റെ മുറിവിൽ തേച്ച് പിടിപ്പിച്ചു . ദേഹമാസകലം തളർന്നു വീണ ക്ലെവിയസ്സിനെ ബന്ധുക്കൾ Albert Schweitzer ആശുപത്രിയിൽ പ്രവേശിപ്പിച്ചു . യഥാർത്ഥത്തിൽ ക്ലെവിയസ് മരണ സമാനമായ ഒരുതരം കോമാ അവസ്ഥയിൽ ആയിരുന്നു (psychological trauma) . മരിച്ചു എന്ന് തന്നെ ഡോക്ടർ വിധിയെഴുതി . പക്ഷെ ക്ലെവിയസ്സിനു ചുറ്റും നടക്കുന്നതൊക്കെ കേൾക്കാമായിരുന്നു . തന്റെ സഹോദരി അലമുറയിടുന്നതും , പള്ളിയിലെ പാതിരി വന്ന് അന്ത്യ ശുശ്രൂഷകൾ ചെയ്യുന്നതും , തന്നെ ശവപ്പെട്ടിയിലാക്കി ആണി അടിക്കുന്നതും ക്ലെവിയസ് വ്യക്തമായി കേട്ടു . ശവക്കുഴിയിൽ വായുവിന്റെ അഭാവം മൂലം ക്ലെവിയസ്സിന്റെ ബോധം പൂർണ്ണമായി നശിച്ചു . അടക്കി രണ്ടു മണിക്കൂറിനകം മന്ത്രവാദിയും കൂട്ടരും മൃതപ്രായനായ ക്ലെവിയസ്സിനെ പുറത്തെടുത്തു . വീണ്ടും മറ്റൊരു കൂട്ടം മയക്ക് മരുന്നുകൾ കുത്തിവെച്ച് അയാളുടെ ബോധ മനസ്സിനെ നിർജീവമാക്കി .
മയക്കം വിട്ട് എഴുന്നേറ്റ ക്ലേവിയസ് താൻ മരിച്ചതാണെന്നും സോംബിയായി പുനർ ജീവിച്ചതാണെന്നും വിശ്വസിച്ചു . മയക്ക് മരുന്നുകൾ ദിവസേന കൊടുത്തതിനാൽ ക്ലെവിയസ്സിനു ഒരിക്കലും സുബോധം തിരിച്ച് കിട്ടിയില്ല . ഇങ്ങനെ വീണ്ടും “ജീവിച്ച” സോംബികൾ പണിയെടുക്കുന്ന ഒരു കരിമ്പിൻ തോട്ടത്തിലാണ് അദേഹത്തെ ശിഷ്ട കാലം ജീവിക്കുവാൻ വിട്ടത് . ഒരിക്കൽ ഉടമ മരിച്ചതോടെ സോംബികൾ എല്ലാം സ്വോതന്ത്രരായി. ശവപ്പെട്ടിക്കുള്ളിൽ വെച്ച് ഒക്സിജന്റെ അഭാവം മൂലം ഉണ്ടായ പക്ഷാഘാതം മൂലം മിക്കവരുടെയും മനോനില തെറ്റിയിരുന്നു . എന്നാൽ ക്ലെവിയസ്സിനു സ്ഥിരമായി കിട്ടിയിരുന്ന മയക്കു മരുന്നുകൾ നിലച്ചതോടെ സ്വോബോധം തിരിച്ചു കിട്ടി . എന്നാൽ സഹോദരനെ പേടിച്ച് വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ തെരുവിൽ അലഞ്ഞു തിരിഞ്ഞു. അവസാനം സഹോദരൻ മരിച്ചതായുള്ള വാർത്ത കേട്ടതോടു കൂടി സഹോദരിയെ മാർക്കറ്റിൽ വെച്ച് കണ്ടു പിടിക്കുകയായിരുന്നു . ടെവിസിന്റെ കണ്ടു പിടിത്തം പക്ഷെ സർവ്വ വ്യാപകമായി അംഗീകരിക്കപെട്ടിട്ടില്ല . സോംബികൾ പോലുള്ള യക്ഷികഥകൾ യഥാർത്ഥമാണെന്ന് വിശ്വസിക്കാനാണ് മനുഷ്യന് ഇഷ്ടം .
കേൾക്കാൻ ഭയമുള്ള ഭീതികലർന്ന സോംബി കഥകൾ ഹോളിവൂഡിനെ വല്ലാതെ ആകർഷിച്ചിട്ടുണ്ട് . 1968 ൽ പുറത്തിറങ്ങിയ Night of the Living Dead ആണ് ഇതിൽ ആദ്യത്തേത് . പിന്നീട് ഈ വർഷം വരെ ഏതാണ്ട് നൂറോളം സോംബി സിനിമകൾ ലോകം ആസ്വദിച്ചു കഴിഞ്ഞു.