A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ശ്രീ കുറുംബ ഭഗവതി വാഴും പോഴത്തിൽ മന


പാലക്കാട്‌ ജില്ലയിൽ വാണിയംകുളം ചോറോട്ടൂരാണ്‌ വള്ളുവനാട്ടിലെ സുപ്രസിദ്ധ നമ്പൂതിരി പരമ്പര തറവാടായ പോഴത്തിൽ മന സ്ഥിതി ചെയ്യുന്നത്‌. പോഴത്തിൽ മന പൊതുവെ അറിയപ്പെടുന്നത്‌ പോഴത്ത്‌ മന എന്ന പേരിലാണ്‌ .വള്ളുവനാടിന്റെ സകല നന്മകളും , ഭംഗിയും, നിറഞ്ഞ്‌ നിൽക്കുന്ന ചോറോട്ടൂരിന്റെ തിലകക്കുറിയായി നിൽക്കുന്ന പോഴത്തിൽ മനയുടെ ചരിത്രത്തിലേക്ക്‌ നമുക്കൊന്ന് കടക്കാം .

പോഴത്തിൽ മനക്കാർ പന്നിയൂർ ഗ്രാമക്കാരാണ്‌ .  പന്നിയൂർ വരാഹമൂർത്തിയാണ്‌ ഇവരുടെ ഗ്രാമദേവത.  ഭാർഗ്ഗവ ഗോത്രക്കാരായ ഇവർ ഋഗ്വേദികളാണ്‌.  നമ്പം മനക്കാരാണ്‌ ഇവരുടെ ഓതിക്കൻ.  ഇളയേടം , താളിക്കോട്‌, പാലക്കാട്‌, ചൂരക്കോട്‌ എന്നീ നാല്‌ ഇല്ലങ്ങൾ പോഴത്തിൽ മനയിൽ ലയിച്ചിട്ടുണ്ട്‌. 

പോഴത്തിൽ മനക്കാർ ജന്മി പരമ്പരയായിരുന്നു. ഒരു കാലത്ത്‌ മുപ്പതിനായിരം പറ പാട്ടം നെല്ല് ലഭിക്കുമായിരുന്നു. കൃഷിക്ക്‌ തന്നെ ആയിരുന്നു പ്രാമുഖ്യം കൊടുത്തിരുന്നത്‌. വല്ലപ്പുഴ, ചോറോട്ടൂർ, തൊഴിൽപ്പാടം, മെതുക്‌ , എന്നീ ഭാഗങ്ങളിലായി ധാരാളം ഭൂമികൾ ഇവർക്കുണ്ടായിരുന്നു .

വള്ളുവനാടിന്റെ പ്രകൃതി ഭംഗിയും, വാസ്തുവിദഗ്ദ്ധരുടെ പ്രാഗത്ഭ്യവും നമുക്ക്‌ നമുക്ക്‌ നുകരാൻ ആകും പോഴത്തിൽ മനയിൽ ചെന്നാൽ. പതിനേഴേക്കറോളം വരുന്ന , ധാരാം വൃക്ഷങ്ങൾ നിറഞ്ഞ്‌ നിൽക്കുന്ന ഭൂമിയിലാണ്‌ പോഴത്തിൽ മന സ്ഥിതി ചെയ്യുന്നത്‌.എട്ടുകെട്ടാണ്‌ പോഴത്തിൽ മന. 140 വർഷത്തോളമായി മന പുതുക്കി പണിതിട്ട്‌, അതിനാൽ അതിനും മുന്നെ ഇവിടെ മനയുണ്ടായിരുന്നു എന്ന് വേണം കരുതാൻ .  പോഴത്തിൽ മനയുടെ പടി കടക്കുമ്പോഴെ സ്വർണ്ണം പോൽ വെട്ടിതിളങ്ങുന്ന മനയിലെ വെട്ടുകല്ല് നമ്മുടെ കൺകളെ  മോഹിപ്പിക്കും. വെട്ടുകല്ലാൽ തീർത്ത ഒരു സ്വർഗ്ഗമാണ്‌ പോഴത്തിൽ മന. മനയുടെ വരാന്തകളിൽ എല്ലാം വെട്ടുകല്ലാൽ തീർത്ത തൂണുകൾ കാണാം നമുക്ക്‌. ആ തൂണുകൾ കാണാൻ തന്നെ എന്തു ചന്താന്ന് അറിയാമൊ.മൂന്ന് നിലയിലായാണ്‌ മന സ്ഥിതി ചെയ്യുന്നത്‌. മരങ്ങൾ നിറഞ്ഞ ഭൂമിയിലൂടെ നടന്ന് മനയ്ക്കലേക്ക്‌ കയറിയാൽ തന്നെ ഒരു തണുപ്പാണ്‌ . മനോഹരമായ പൂമുഖവും, കൊത്തുപണികൾ ഉള്ള വല്ലിയ പ്രധാന വാതിലും , പൂമുഖത്തെ ഉമ്മറപ്പടികളിൽ ഉള്ള മരത്താൽ തീർത്ത അറകൾ ഉള്ള ഇരിപ്പിടവും നമ്മെ വിസ്മയിപ്പിക്കും. ഉള്ളിലേക്ക്‌ കയറി ചെന്നാൽ പുറത്താളവും , അത്‌ കടന്ന് മുല്ലത്തറയോട്‌ കൂടിയ  , തൂണുകൾ ഉള്ള മനോഹരമായ നടുമുറ്റവും കാണാം നമുക്ക്‌ . നടുമുറ്റത്തെ  തറയോട്‌ ചേർന്നുള്ള ഭിത്തിയിൽ നാലു ഭാഗത്തുമായി കല്ലാൽ തീർത്ത ആനത്തലയും കാണാം നമുക്ക്‌. ശരിക്കും കണ്ട്‌ നടക്കുമ്പോൾ ഞാൻ ഏതോ വിസ്മയ ലോകത്തേക്ക്‌ എത്തിയ പോലെ തോന്നി എനിക്ക്‌. നടുമുറ്റത്ത്‌ തൂക്കിയിട്ടിരിക്കുന്ന മരത്താൽ തീർത്ത അടപ്പുള്ള ഭസ്മക്കൊട്ട ഞാൻ ആദ്യായി കാണുകയായിരുന്നു.അതിന്റെ അടപ്പ്‌ എത്ര മുകളിലേക്ക്‌ വേണേലും എടുത്ത്‌ വയ്ക്കാവുന്ന രീതിയിൽ ആണ്‌ നിർമ്മിച്ചിരിക്കുന്നത്‌.നടുമുറ്റത്തെ പടിഞ്ഞാറ്റി ഭാഗത്തായി കാലങ്ങളോളം പഴക്കമുള്ള ആട്ടുകട്ടിലും സ്ഥാപിച്ചിട്ടുണ്ട്‌. അനന്തശയനവും മറ്റ്‌ കൊത്തുപണികളും ഉള്ള തൂണുകൾ നിറഞ്ഞ തെക്കിനി ത്തറയും,  വല്ലിയ തളങ്ങളും, രണ്ട്‌ നിലയിലായി ഇരുപതോളം മുറികളും , രണ്ടാം കെട്ടിലെ ചെറിയ  നടുമുറ്റവും,പഴയ അടുക്കളയും, പുതിയ അടക്കളയും, മൂന്നാമത്തെ നിലയിൽ  മൺ തറയോട്‌ കൂടിയ വല്ലിയ തളവും അടങ്ങിയതാണീ എട്ടുകെട്ട്‌. ഭംഗിയുള്ള കോണികളും, പഴമ എടുത്ത്‌ കാണിക്കുന്ന ജനലുകളും, കരിങ്കല്ലാൽ തീർത്ത പടികളും( അത്‌ സാധാരാണ മനകളിൽ / തറവാടുകളിൽ കാണാറില്ലാ) മനയ്ക്ക്‌ ഭംഗി കൂട്ടുന്നു.കോണി കയറി മുകളിൽ ചെന്ന് നടുമുറ്റത്തേക്ക്‌ നോക്കുമ്പോൾ മുല്ലത്തറയിലെ മുല്ലകൾ എന്നെ നോക്കി പുഞ്ചിരിച്ചു. പഴമയുടെ സുഗന്ധം തട്ടിട്ട മുറികളിൽ നിന്ന് എന്നിലേക്ക്‌ ഒഴുകി എത്തി. ആ മണത്തോളം എന്നെ സന്തോഷിപ്പിക്കുന്ന മറ്റൊരു ഗന്ധമില്ലാ.പഴമയുടെ കയ്യൊപ്പ്‌ പതിഞ്ഞ ചുമരുകൾക്കു എത്ര കഥകൾ പറയാൻ ഉണ്ടാകുമല്ലെ. നീലജലം നിറഞ്ഞ രണ്ട്‌ കിണറുകളും, രണ്ട്‌ കുളങ്ങളും തൊടിയിൽ ഉണ്ട്‌.കുളപ്പുരയിൽ തന്നെ കാണാം നമുക്ക്‌ പഴയ ശിൽപ്പികളുടെ കരവിരുത്‌. കുളപ്പുരയിൽ സ്ത്രീകളുടെ കടവിലെ കൽപ്പടികളിൽ കൊത്തി വച്ചിരിക്കുന്ന ആമയും , ആണുങ്ങളുടെ കടവിൽ കൊത്തിവച്ചിരിക്കുന്ന മുതലയും, പെട്ടെന്ന് കാണുമ്പോൾ നമുക്ക്‌ ജീവൻ ഉള്ളവയാണെന്ന് തോന്നും. വിസ്മയ കാഴ്ച്ചകൾ തന്നെ . തൊടിയിലൂടെ നടക്കുമ്പോൾ മഞ്ചാടിക്കുരുക്കൾ പൊഴിഞ്ഞ്‌ വീണ്‌ കിടക്കുന്നത്‌ കണ്ടു ആ ഭൂമിയിൽ. വള്ളുവനാടിന്റെ എല്ലാം ഭംഗിയും ആവാഹിച്ചു കൊണ്ടുള്ള കാഴ്ച്ചകൾ തന്നെ എല്ലാം .എട്ടുകെട്ട്‌ കൂടാതെ പണ്ടിവിടെ വല്ലിയ പത്തായപ്പുര എല്ലാം ഉണ്ടായിരുന്നു .ഭംഗിയേറിയ, വാസ്തുവിദ്യയുടെ അദ്ഭുത ലോകമായ ഈ മമ നിർമ്മിച്ച അന്നത്തെ വാസ്തുവിദഗ്ദ്ധരുടെയും, അതിന്‌ നേതൃത്വം കൊടുത്ത മനയ്ക്കലെ കാരണവരുടെയും കഴിവ്‌ ഒന്നാലോചിച്ചു നോക്കൂ ഒന്ന് . മനയും അവിടുത്തെ പ്രകൃതിയെയും ആവാസവ്യവസ്ഥയെയും മനോഹരമായി കാത്തു സംരക്ഷിക്കുന്ന മനയ്ക്കലെ അംഗങ്ങൾക്ക്‌ എന്റെ കൂപ്പുകൈ.

ശ്രീലകത്ത്‌ തേവാരമൂർത്തിയായി ഭഗവതിയും സാളഗ്രാമങ്ങളും ഉണ്ട്‌. നിത്യം നേദ്യം പതിവുണ്ട്‌.ശ്രീ കൊടുങ്ങല്ലൂർ കുറുംബ ഭഗവതിയാണ്‌ ഇവരുടെ കുലദേവത  . മനയ്ക്കലെ തെക്ക്‌ ഭാഗത്ത്‌ ശ്രീ കുറുംബ ഭഗവതിയ്ക്ക്‌ ശ്രീകോവിൽ പണിത്‌ പ്രതിഷ്ഠിച്ചിട്ടുണ്ട്‌. അതിന്‌ പിന്നിൽ ഒരു ഐതിഹ്യവും ഉണ്ട്‌. നൂറ്റാണ്ടുകൾക്ക്‌ മുന്നെ പോഴത്തിൽ മനയ്ക്കലെ ദേവി ഭക്തനായ ഒരു യോഗിയായ കാരണവർ കൊടുങ്ങല്ലൂർ ശ്രീ കുറുംബ ഭഗവതിയ്ക്ക്‌ ഭജനം ഇരിക്കാൻ സ്ഥിരം പോകുമായിരുന്നു. പ്രായം നല്ലോണമായി അദേഹത്തിന്‌ . ഒരിക്കൽ അവിടെ തൊഴാൻ ചെന്ന സമയം അദേഹം ഇങ്ങനെ പ്രാർത്ഥിച്ചൂത്രെ , ഇനി എന്നെ കൊണ്ട്‌ ഇവിടെ വരെ വന്ന് തൊഴാൻ സാധിക്കും എന്ന് തോന്നണില്യാ എന്ന്.അങ്ങനെ അദേഹം തൊഴുത്‌ ഇല്ലത്തേക്ക്‌ സന്ധ്യ ആകുമ്പോഴേക്കും എത്തി, ഇല്ലത്തിന്റെ തെക്ക്‌ ഭാഗത്ത്‌ തന്റെ പട്ടക്കുട വച്ച്‌ കാൽ കഴുകാൻ ആയി ചെന്നു. തിരിച്ച്‌ വന്ന് കുട എടുക്കാൻ നോക്കുമ്പോൾ കുട അനങ്ങുന്നില്ലാ . പ്രശ്നം വച്ച്‌ നോക്കിയപ്പോൾ ,കാരണവർക്കല്ലെ അങ്ങുട്‌ വരാൻ ആരോഗ്യ പ്രശ്നമുള്ളൂ, ഭഗവതിയ്ക്ക്‌ അതില്ലല്ലോ, അതിനാൽ ഭഗവതി കൂടെ വന്നതാണ്‌ കുടയിൽ എന്നും , അവിടെ ഭഗവതിയുടെ സാന്നിധ്യം ഉള്ളതിനാൽ, അവിടെ ശ്രീകോവിൽ കെട്ടി ഭഗവതിയെ പ്രതിഷ്ഠിച്ചു.നിത്യേന പൂജ പതിവുണ്ട്‌ ഇവിടെ . ഇവിടേ  തന്നെയാണ്‌ ചോറോട്ടൂർ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാനം. ചോറോട്ടൂർ ഭഗവതി ക്ഷേത്ര താലപ്പൊലിക്ക്‌ കൊടികയറുന്ന ദിനം ആദ്യ പറ എടുക്കാൻ ആനയും വാദ്യ മേളത്തോടെയും തന്ത്രി സമേതനായി അമ്പലത്തിൽ നിന്ന് തിടമ്പോട്‌ കൂടി മനയ്ക്കലേക്ക്‌ വരും. മനയ്ക്കലെ മച്ചിൽ തന്ത്രി പൂജ ചെയ്ത്‌ തിരിച്ച്‌ പോകും . മച്ചിൽ വർഷത്തിൽ ഒരിക്കൽ ഈ ഒരു പൂജ മാത്രമെ ഉണ്ടാകാറുള്ളൂ. മനത്തൊടിയിൽ സർപ്പക്കാവിൽ വർഷത്തിലൊരിക്കൽ പൂജ പതിവുണ്ട്‌.  പണ്ട്‌ മനയ്ക്കൽ വേട്ടക്കരന്‌ കളം പാട്ട്‌ നടക്കാറുണ്ടായിരുന്നു. ഇന്ന് വർഷത്തിലൊരിക്കൽ വേട്ടക്കരന്‌ ഒരു പൂജ പതിവുണ്ട്‌.തൃക്കങ്ങോട്‌ രണ്ട്‌ മൂർത്തി ക്ഷേത്രം, ചോറോട്ടൂർ ഭഗവതി ക്ഷേത്രം, വല്ലപ്പുഴ ചെറുകോട്‌ മഹാദേവ ക്ഷേത്രം, ഗോവിന്ദപുരം ക്ഷേത്രം, എന്നീ ക്ഷേത്രങ്ങളുടെ ഊരായ്മ പോഴത്തിൽ മനക്കാർക്ക്‌ ഉണ്ട്‌.

പോഴത്തിൽ മന നമുക്ക്‌  ഒരുപാട്‌ സിനിമകളിൽ കാണാൻ സാധിക്കും ., ആറാം തമ്പുരാൻ, അനന്തഭദ്രം, പട്ടാഭിഷേകം, ആനചന്തം, തിളക്കം, ആമി, എന്നു നിന്റെ മൊയ്തീൻ, മിഴി രണ്ടിലും,അങ്ങനെ അനവധി സിനിമകളിൽ എല്ലാം നമുക്ക്‌ പോഴത്തിൽ മനയുടെ ഭംഗി ആസ്വദിക്കാം. ഏറ്റവും അവസാനം മമ്മൂട്ടിയുടെ മാമാങ്കം ആണ്‌ ഇവിടെ ഷൂട്ട്‌ ചെയ്തത്‌. മനയ്ക്കലൂടെ നടക്കുമ്പോൾ പല പല സിനിമ ശകലങ്ങൾ മനസ്സിലേക്ക്‌ ഓടി വന്നു. പ്രത്യേകിച്ച്‌ തിളക്കത്തിൽ ദിലീപിനെ കുഴമ്പ്‌ തേയ്പ്പിക്കുന്ന , ജഗതിയെ കിണറ്റിൽ വീഴ്ത്തി കയറ്റുന്ന സീൻ എല്ലാം .

നാടിന്റെ പുരോഗതിയ്ക്കായി അനവധി സ്ഥലങ്ങൾ വിട്ട്‌ കൊടുത്തിട്ടുണ്ട്‌ പോഴത്തിൽ മനക്കാർ. ഇന്നും ദേശക്കാർക്ക്‌ ഇവർ പ്രിയപ്പെട്ടവർ തന്നെ . അംശാധികാരി ആയിരുന്ന ശ്രീ നാരായണൻ നമ്പൂതിരി നാട്ടിലെ അറിയപ്പെടുന്ന ഒരു വ്യക്തിത്വം ആയിരുന്നു .അദേഹത്തിന്റെ മകനായ പരമേശ്വരൻ നമ്പൂതിരിയും ജനപ്രിയർ തന്നെ. പരമേശ്വരൻ നമ്പൂതിരിയുടെ മകനായ ശ്രീ നാരായണൻ നമ്പൂതിരിയാണ്‌ മനയ്ക്കലെ കാരണവർ. അദേഹവും പത്നി ശ്രീമതി ഗംഗ അന്തർജ്ജനവും മകനും , ആയുർവ്വേദ ഡോക്ടറുമായ ശ്രീ ഹരീശ്വരൻ നമ്പൂതിരി അദേഹവും കുടുംബവും ആണ്‌ ഇപ്പോൾ മനയ്ക്കൽ താമസം.  

പോഴത്തിൽ മനയിൽ ചെന്ന എനിക്ക്‌ നല്ല സ്വീകരണമാണ്‌ ലഭിച്ചത്‌. ശ്രീ നാരായണൻ നമ്പൂതിരി അദേഹം മനയ്ക്കലെ ഓരോ കാര്യങ്ങൾ ക്ഷമയോടെ കാണിച്ച്‌ തരികയും, അതിന്റെ പ്രത്യേകതകൾ വിവരിച്ച്‌ തരികയും ചെയ്തു. വേട്ടക്കരന്റെ ഉണ്ണിയപ്പം കഴിക്കാനുള്ള ഭാഗ്യവും തരായി. മൂന്ന് മണിക്കൂറോളം അവിടെ അദേഹത്തിന്റെ കൂടെ ചിലവഴിച്ചാണ്‌ ഞാൻ മടങ്ങിയത്‌. മനയ്ക്കലേക്ക്‌ എന്നെ  എത്താൻ സഹായിച്ച കാവുങ്ങലെ ശിവേട്ടനും , പോഴത്തിൽ മനയ്ക്കലെ ശ്രീ നാരായണൻ നമ്പൂതിരി അദേഹത്തോടും, ശ്രീമതി ഗംഗ അന്തർജ്ജനത്തോടും ഞാൻ എന്റെ നന്ദി രേഖപ്പെടുത്തുന്നു.

പ്രിയരെ ഓരോ മനയും /തറവാടും   അവിടെ താമസിക്കുന്നവരുടെ സ്വകാര്യ ഇടം ആണ്‌ . എപ്പോഴും അവിടെ പ്രവേശനം ലഭിക്കണം എന്ന് വാശിപ്പിടിക്കരുത്‌. അത്‌ മറക്കാതിരിക്കുക . അനുമതിയില്ലാതെ പ്രവേശനം ഇല്ലാ 

വള്ളുവനാടൻ ( സായിനാഥ്‌ മേനോൻ)