ഇതൊരു യാത്രയാണ് ഈ യാത്രയിൽ നിങ്ങളും കൂടെയുണ്ട്. കാതങ്ങളും, മൈലുകളുമല്ല താണ്ടേണ്ടത് പ്രകാശ വര്ഷങ്ങളാണ്. നമ്മുടെ ക്ഷീര പഥത്തിന്റെ അന്തരത്തിലേക്ക് ധൂമതാരാഗണത്തിലെ ഒരു സുന്ദരിയെത്തേടിയുള്ള യാത്ര. പ്രകാശത്തിനേക്കാൾ മടങ്ങു മടങ്ങു വേഗത്തിൽ മാത്രമേ അവളുടെ അരികിൽ എത്തുകയുള്ളൂ. തത്കാലം ചില ഭൗതിക സത്യങ്ങളെ കുറച്ചു നേരത്തേക്ക് നമുക്ക് സങ്കല്പികമാക്കാം. ഭൂമിയിൽ നിന്നു 7000 പ്രകാശ വർഷം അകലെയാണ് നമ്മൾ യാത്ര പോകുന്ന താരാഗണത്തിലെ സുന്ദരിയായ 'ഈഗിൾ നെബുല'. പതിനേഴാം നൂറ്റാണ്ടിലെ ഒരു തെളിഞ്ഞ ആകാശമാനത്തിൽ കത്തിയെരിഞ്ഞു വരുന്ന വാല്നക്ഷത്രങ്ങളെ പ്രതീക്ഷിച്ച് വാനത്തേക്ക് കണ്ണും നട്ടിരിക്കുകയായിരുന്ന ജ്യോതി ശാസ്ത്രകാരനായ ചാൾസ് മെസ്സിയറുടെ കണ്ണുകളിൽ ഏതോ ഒരു കോണിൽ ഇവളും ഇവളുടെ സാമ്രാജ്യവും പതിഞ്ഞിരുന്നു. ഇവളുടെ പള്ളിക്കൂടത്തിലെ(നാസ) പേര് മെസിയർ 16. ഇരട്ടപ്പേര് ഈഗിൾ നെബുല, സ്നേഹമുള്ളവർ താരാഗണത്തിലെ റാണി എന്നും വിളിക്കാറുണ്ട്. ഈ റാണിയെ തേടിയാണ് നമ്മളുടെ യാത്ര. ഭൂമിയിൽ നിന്നും നമ്മളുടെ യാത്രാ പേടകം കുതിച്ചു ഉയർന്നു കഴിഞ്ഞു. അന്തരീക്ഷത്തിലെ മേഘങ്ങളെ വകഞ്ഞു മാറ്റി , അന്തരീക്ഷത്തിലെ ഓരോ പാളികളും കടന്ന് നമ്മൾ കാന്തിക മണ്ഡല മേഖലയിൽ വന്നു. പേടകത്തിന്റെ ജനാലയിലൂടെ നോക്കിയാൽ നമ്മുടെ ഭൂമിയെക്കാണാം. രാജ്യങ്ങളും ഭൂഖണ്ഡങ്ങളും ചെറിയ തുരുത്തുകൾ പോലെ കാണപ്പെട്ടു. കാന്തിക മണ്ഡലത്തിൽ അൽപ്പനേരം നിന്നു നമുക്കു ഭൂമിയുടെ വിശ്വഭംഗി ആസ്വദിക്കാം. സൂര്യനിൽ നിന്നുള്ള വികിരണങ്ങൾ മഹാ സമുദ്രത്തിൽ തട്ടി പ്രതിഫലിക്കുമ്പോൾ ഗോളാകൃതിയിൽ ഏതോ ശില്പി രാകിയെടുത്ത വജ്രമെന്നു തോന്നിപോകും. കടലാസ് തോണി പോലെ കാന്തിക മണ്ഡലത്തിലൂടെ തെന്നി നീങ്ങുന്ന സാറ്റലൈറ്റുകൾ,പ്രപഞ്ചത്തിലെ അഗാതങ്ങളിലേക്ക് കണ്ണും നട്ടിരിക്കുന്ന ഹബിൾ ദൂര ദര്ശിനി. അതാ ഒരു പുതിയ കക്ഷി പാഞ്ഞു പോകുന്നു!!, നന്നേ ചെറുപ്പമാണ് ആ വിദ്വാൻ, ആരാണത്?. അത് വേറാരുമല്ല നമ്മുടെ ഭാരതത്തിന്റെ GSAT-19 ആണ്. നമ്മുടെ തടിയൻ റോക്കറ്റായ GSLV mark 3 ആണ് അവനെ മൂന്നു ദിവസം മുൻപ് ഇവിടെ കൊണ്ട് വിട്ടത്. കൂടുതൽ നിൽക്കുവാൻ സമയമില്ല യാത്ര തുടരണം.
പോകുന്ന വഴിയിൽ പേടകത്തിനെ നമുക്ക് ചന്ദ്ര മണ്ഡലം വഴി തിരിച്ചു വിടാം. അതാ നമ്മുടെ ഭൂമിയുടെ സ്വന്തം ഉപഗ്രഹമായ ചന്ദ്രൻ!!. ഭൂമിയിൽ നിന്നു നോക്കുമ്പോഴുള്ള ആകാര ഭംഗിയൊന്നും അടുത്തേക്ക് ചെല്ലുമ്പോൾ അദ്ദേഹത്തിന് ഇല്ല. പകരം ഉപരി തലം നിറയെ അഗാധ ഗർത്തങ്ങളാണ്. ' തന്നെ ലക്ഷ്യമാക്കി വരുന്ന ഉൽക്കകൾ തന്നിലുണ്ടാക്കിയ ഗർത്തങ്ങളാണ് ഇവ. ഭൂമിയിലെ പോലെ അവയെ തടുത്ത് ഘർഷണ ബലം ഉപയോഗിച്ച് കത്തിച്ച് കളയാനുള്ള ശക്തി തനിക്കില്ല. കാരണം തനിക്ക് അന്തരീക്ഷമില്ല. ഗ്രാവിറ്റി 1.67 ms^-2 മാത്രമേയുള്ളു. തന്നിലുള്ള വാതക തന്മാത്രകളുടെ പലായന പ്രവേഗം(Escape Velocity) അവയുടെ വർഗ മൂലത്തിലുള്ള പ്രവേഗത്തേക്കാൾ(rms velocity) കുറഞ്ഞിരിക്കുന്നത് കൊണ്ടാണ് തനിക്കൊരു അന്തരീക്ഷമില്ലാത്തതെന്നു പുള്ളി നമ്മൊളൊടു പറയുന്നത് പോലെ തോന്നി. ചന്ദ്രനോട് യാത്രപറഞ്ഞു നമ്മൾ യാത്ര തുടർന്നു.
പൊടിപടലങ്ങൾ നിറഞ്ഞ വഴി, ഇടയ്ക്ക് വച്ച് വെടിയുണ്ടകളെ പോലെ പായുന്ന ഉൽക്കകൾ. ഭൂമി നമ്മളിൽ നിന്നും ഒരുപാട് അകന്നു കഴിഞ്ഞിരിക്കുന്നു. പേടകത്തിന്റെ ജനാലയിലൂടെ നോക്കിയാൽ അകലെ ചുവന്ന പൊട്ടുപോലെ ചൊവ്വയെ കാണാം. സൂര്യൻ നമ്മളിൽ നിന്നും അകന്നു അകന്നു പോകുന്നു. അതാ ദൂരെ വ്യാഴമെന്ന സൗരയൂഥത്തിലെ ഏറ്റവും വലിയ വാതകഭീമനെക്കാണാം. വ്യാഴമണ്ഡലത്തിനെ നമുക്കൊന്ന് ചുറ്റാം. നമ്മൾ ഇതിനകം 670,130,000 Km ദൂരം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. സൗരയൂഥയത്തിലെ വലിയവൻ താൻ ആണെന്നുള്ള തെല്ലു അഹംഭാവം പോലും വ്യാഴത്തിന് ഇല്ല. അദ്ദേഹത്തിന് നമ്മുടെ ഭൂമയിയേക്കാൾ 11 ഇരട്ടി വലുപ്പമുണ്ട്. വർണമനോഹരമായ അമോണിയ മേഘങ്ങളാൽ സമ്പുഷ്ടമായ വ്യാഴ മണ്ഡലം. ഉൾക്കാമ്പിലേക്ക് വീശിയടിക്കുന്ന അതി ശക്തമായ വാതത്താൽ നിർമിതമായ ചുവന്ന വലിയ പൊട്ടും ചൂടി പുള്ളി അങ്ങനെ നിൽക്കുകയാണ്. വ്യാഴത്തോട് യാത്രപറഞ്ഞു നാം യാത്ര തുടർന്നു.
അവിടെയൊരു വലിയ കിരീട ദാരിയെക്കാണാം. അത് വേറാരുമല്ല നമ്മുടെ ശനി ഗ്രഹമാണ്. രാജകീയ പ്രൗഢിയോടെയാണ് നിൽപ്പ്. വ്യാഴത്തിൽ നിന്നും 646,270,000 km ദൂരമുണ്ട് ശനിയിലേക്ക്. സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹo. 96% ഹൈഡ്രജനാൽ സമ്പുഷ്ടമായ ഉപരിതലം. മണിക്കൂറിൽ 1800Km വേഗത്തിൽ വീശിയടിക്കുന്ന ചുഴലികൊടുങ്കാറ്റുണ്ട് ശനി മണ്ഡലത്തിൽ. പേടകത്തിന്റെ ജനാലയിലൂടെ നോക്കിയാൽ അകലെ പൊട്ടുപോലെ തിളങ്ങുന്ന ഒരു വസ്തു കാണാം അത് വേറൊന്നുമല്ല നമ്മുടെ സൂര്യനാണ്.നമ്മുടെ പേടകത്തിന് വേഗത വർദ്ധിപ്പിച്ചു. യുറാനസിനെയും, നെപ്ട്യൂണിനെയും, കുള്ളൻ ഗ്രഹമായ പ്ലൂട്ടോയെയും കടന്നു ദൂരേക്ക് കുതിച്ചു. സൗരയൂഥം കടക്കാൻ ഇനി മണിക്കൂറുകൾ മാത്രമേയുള്ളു. നമ്മുടെ സൂര്യനെ കാണാനില്ല. അകലത്തേക്ക് നോക്കിയാൽ നക്ഷത്രങ്ങൾക്ക് ഇടയിലെ തിളക്കമേറിയ നക്ഷത്രമായി അങ്ങ് ദൂരെ സ്ഥിതി ചെയ്യുന്നു.
നമ്മൾ സൗരയൂഥത്തിന് വെളിയിൽ കടന്നിരിക്കുന്നു. അതാ അകലെ മറ്റൊരു സൂര്യൻ!!. സൂര്യൻ കഴിഞ്ഞാൽ നമ്മുടെ ഏറ്റവും അടുത്ത് നിൽക്കുന്ന നക്ഷത്രമായ പ്രോക്സിമ സെന്റൗറിയുടെ മേഖലയിലൂടെയാണ് നാം ഇപ്പോൾ സഞ്ചരിക്കുന്നത്. നമുക്ക് പ്രോക്സിമയുടെ അടുത്തേക്കൊന്നു പോയി ചുറ്റാം. സൂര്യനെക്കാൾ തിളക്കം കുറവാണ്. പ്രോക്സിമയുടെ ഉപരിതലം സൂര്യനേക്കാളും 40 മടങ്ങു സാന്ദ്രതയിൽ തിളച്ചു മറിയുന്നു. പ്രോക്സിമയെ ചുറ്റുന്ന ഒരു ഗ്രഹത്തെ നമുക്ക് കാണാം. ആ ഗ്രഹത്തിന് നമ്മളിട്ടിരിക്കുന്ന പേരാണ് പ്രോക്സിമ ബി. പ്രോക്സിമയിൽ നിന്നും പ്രോക്സിമ ബി ഏതാണ്ട് 7,500,000 km അകലത്തിലാണ് തന്റെ നക്ഷത്രമായ പ്രോക്സിമയെ വലം വയ്ക്കുന്നത്. പ്രോക്സിമ ബിയിൽ ഒരു ദിവസം ഭൂമിയിലെ പതിനൊന്നു ദിവസത്തിനും രണ്ടു മണിക്കൂറിനും തുല്യമാണ്. പ്രകാശ വേഗത്തിൽ ഭൂമിയിൽ നിന്നും തിരിച്ചാൽ ഏകദേശം നാല് വർഷങ്ങൾ കൊണ്ട് പ്രോക്സിമയിൽ നമുക്ക് എത്തിച്ചേരാം. പ്രോക്സിമയിൽ നിന്നും നാം യാത്ര തുടർന്നു.
ധൂമകേതുക്കൾക്കും ചിന്ന ഗ്രഹങ്ങൾക്കും ഇടയിലൂടെ ഈഗിൾ നെബുലയെ ലക്ഷ്യമാക്കി നമ്മൾ പായുകയാണ്. ഇപ്പോൾ എവിടെയാണ് നമ്മുടെ സൗരയൂഥം? എവിടെയാണ് ഭൂമി? നമ്മൾ ഭൂമിയിൽ നിന്നും മില്യൺ കണക്കിന് കിലോമീറ്റർ അകലെയാണ്. ദൂരെ നിന്നും ഒരു വാൽ നക്ഷത്രം നമ്മെ ലക്ഷ്യമാക്കി വരുന്നുണ്ട്. പേടകം വാൽ നക്ഷത്രത്തിന്റെ പാതയിൽ നിന്നും വെട്ടി തിരിച്ചു. ഇങ്ങനെയുള്ള പല അപകടങ്ങളും ഒരു പ്രപഞ്ച സവാരിയിൽ നേരിടേണ്ടി വരും. നമ്മുടെ പേടകം ചെറുതായി ഉലയുന്നുണ്ട്. നിയന്ത്രണ പാതയിൽ നിന്നും ഉലഞ്ഞു ഒരു പ്രതേക ഭാഗത്തേക്ക് ആകര്ഷിക്കപ്പെടുന്നത് പോലെ. ധൂമ കേതുക്കളും ചിന്ന ഗ്രഹങ്ങളും ആ പ്രതേക ദിശയിലേക്ക് പായുന്നു. V616, മോണോസെറോട്ടിസ്(V616 Monocerotis) , നമ്മുടെ അടുത്ത് നിൽക്കുന്ന സ്റ്റെല്ലർ ബ്ലാക്ക് ഹോൾ!!!! അതിന്റെ ഗ്രാവിറ്റി മേഖലയിലാണ് നാം ഇപ്പോൾ. ഭൂമിയിൽ നിന്ന് 3000 പ്രകാശ വര്ഷം അകലെ നിൽക്കുന്ന, സൂര്യനെക്കാൾ 13 മടങ്ങു മാസ്സുള്ള ബ്ലാക്ക് ഹോളാണ് മോണോസെറോട്ടിസ്. ഈ ബ്ലാക്ക് ഹോളിന്റെ ഗ്രാവിറ്റിയെ മറി കടക്കുവാൻ വേണ്ടി പേടകത്തിന്റെ 4 ആം ത്രസ്റ്റർ ജ്വലിപ്പിച്ചു, പുറത്തേക്ക് നിശ്ലേഷിച്ച ഇന്ധനത്തിന്റെ ബലത്തിൽ ഗ്രാവിറ്റി ഫീൽഡ് മറികടന്നു നമ്മൾ യാത്ര തുടർന്നു. അകലെ നിന്നും ഓറിയോൺ നെബുല ദൃശ്യമാകുന്നുണ്ട്, ഇപ്പോൾ അവിടെ വരെ പോകാൻ സമയം തികയില്ല. തിരികെ വരുമ്പോൾ അവിടെ പോകാം.
നമ്മൾ എത്തേണ്ടിടത്ത് എത്താറായി, ഇപ്പോൾ മിൽകി വേയുടെ അകത്തെ കൈവഴിയിലാണ് നാം എത്തിച്ചേർന്നത്. ഈ കൈവഴിയിലാണ് നമ്മുടെ ഈഗിൾ നെബുല. ദൂരെനിന്നേ താരാഗണത്തിലെ റാണിയെ നമ്മൾക്ക് ദൃശ്യമാകുന്നുണ്ട്. ഏകദേശം മണിക്കൂറുകൾ കൊണ്ട് ആ റാണിയുടെ സാമ്രാജ്യത്തിലേക്ക് നമ്മൾ എത്തിച്ചേരും. നക്ഷത്ര ധൂളി പടലങ്ങൾക്ക് ഇടയിലൂടെ നമ്മൾ ഈഗിൾ നെബുലയുടെ സാമ്രാജ്യത്തിലേക്ക് കടന്നു. അനേകായിരം നക്ഷത്ര ക്ലസ്റ്ററുകൾ ഈ സാമ്രാജ്യത്തിലുണ്ട്, ആ ക്ലസ്റ്ററുകളിൽ നിറയെ പ്രായം കുറഞ്ഞ യുവ നക്ഷത്രങ്ങൾ. നാം ഇപ്പോൾ ഭൂമിയിൽ നിന്നും ഏകദേശം 7000 പ്രകാശ വർഷം അകലെയാണ്. നാം ഇപ്പോൾ നെബുലയിലെ തിളക്കമേറിയ യുവ നക്ഷത്രങ്ങൾക്ക് ഇടയിലൂടെയാണ് സഞ്ചരിക്കുന്നത്. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ഈ നെബുലയിൽ വാതകങ്ങൾ ചേര്ന്നു ഉണ്ടായ തൂണുകൾ പോലുള്ളൊരു ഘടന ഉണ്ടായിരുന്നു 'സൃഷ്ടിയുടെ തൂണുകൾ' എന്നാണ് ഈ ഘടന അറിയപ്പെട്ടത് അനേകായിരം നക്ഷത്രങ്ങൾ ജന്മമെടുക്കുന്ന മേഖലയാണിത്. ഘനീഭവിച്ച ഹൈഡ്രജൻ തന്മാത്രകളും, നക്ഷത്രങ്ങളിൽ നിന്നും ഉത്സർജ്ജിച്ച അതി ശക്തമായ ഊർജ തരംഗങ്ങളുടെ സാനിധ്യത്തിൽ അയണീകരിക്കപ്പെട്ട ധൂളീ പടലങ്ങളും ചേർന്നാണ് ഈ തൂണുകൾ ഉണ്ടായത്.സൃഷ്ടിയുടെ തൂണുകളിലെ ഏറ്റവും ചെറിയ തൂണിനു നമ്മുടെ സൗരയൂഥത്തെക്കാൾ നീളമുണ്ട്. ഏകദേശം 4 പ്രകാശ വർഷം നീളമാണ് എന്നു കരുതപ്പെടുന്നു. എന്നാൽ ഇപ്പോൾ നമുക്ക് മുന്നിൽ ആ തൂണുകളുടെ സ്ഥാനത്ത് ചിതറിയ ധൂളികൾ മാത്രമേയുള്ളു. കാരണം ഏകദേശം 6000 വർഷങ്ങൾക്ക് മുൻപ് ഇവിടെ നില നിന്നിരുന്ന ആയുസ് കുറഞ്ഞതും എന്നാൽ മാസ്സ് കൂടിയതുമായ ഏതോ നക്ഷത്ര സൂപ്പർ നോവ സ്ഫോടനത്തിന്റെ പരിണിത ഫലമായുള്ള shock waves എന്നറിയപ്പെടുന്ന അതി ശക്തമായ ഊർജ തരംഗങ്ങളാൽ ' സൃഷ്ടിയുടെ തൂണുകൾ തകർന്നു. പക്ഷെ ഭൂമിയിലുള്ളവർക്ക് ആ ദൃശ്യം ലഭ്യമാകില്ല കാരണം അതിനു നമ്മൾ ഒരു 1000 വർഷങ്ങൾ കൂടി കാത്തിരിക്കണം. കാരണം നെബുലയിൽ നിന്നും ഭൂമിയിലേക്ക് 7000 പ്രകാശ വർഷം ദൂരമുണ്ട്. അപ്പോൾ ആ പ്രകാശം ഭൂമിയിലെത്താൻ ഇനി 1000 വർഷങ്ങൾ കൂടി നാം കാത്തിരിക്കണം. 2007 ൽ നാസയുടെ സ്പിറ്റ്‌സർ ബഹിരാകാശ ടെലിസ്കോപ്പിലെ WFCI സംവിധാനം അഥവാ(Wide Field Camera Imaging) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് കണ്ടെത്തിയത്. നെബുലയുടെ ഒരറ്റം മുതൽ മറ്റെ അറ്റം വരെ 70×55 പ്രകാശ വർഷം അകലമുണ്ട്. അതാ അവിടെയൊരു നക്ഷത്രം കാണുന്നുണ്ട് അതിനു നമ്മുടെ സൂര്യനെക്കാൾ 40 മടങ്ങു വലിപ്പമുണ്ട്. മോളിക്യൂലർ മേഘ പടലങ്ങളിലൂടെയാണ് നാം ഇപ്പോൾ സഞ്ചരിക്കുന്നത്. സൂപ്പർ നോവ സ്ഫോടനത്തിന്റെ ഫലമായിട്ടാകണം നക്ഷത്രങ്ങളെ മറച്ചുകൊണ്ട് പ്രകാശ വർഷം വിസ്തൃതിയിൽ ധൂളി-വാതക പടലങ്ങൾ വ്യാപിപിച്ചിട്ടുണ്ട്. ബാഷ്പീകരിച്ച ഈ പടലങ്ങൾ വാർത്തുളാകൃതിയിൽ നെബുലയുടെ ഒരു ഭാഗം നിറയെ പരന്നു കിടക്കുന്നു. J നക്ഷത്ര രാശികളിലെ ഏറ്റവും കൂടുതൽ നക്ഷത്ര ജനനങ്ങൾ നടക്കുന്ന നെബുലകളിൽ ഒന്നാണ് ഈ കാണുന്ന ഈഗിൾ നെബുല സാമ്രാജ്യം. ധൂമ താര സാമ്രാജ്യത്തിലെ റാണിയോടു നമ്മൾ വിടപറയുകയാണ്. ക്ഷീരപഥത്തിലെ മറ്റൊരു നെബുലയെ തേടി നമ്മൾ യാത്ര തുടർന്നു.