അവനവനിലേക്കുള്ള യാത്രകളാണ് യഥാര്‍ത്ഥത്തില്‍ എല്ലാ അന്വേഷണങ്ങളും. ചിലര്‍ വഴി തെറ്റുന്നു. ചിലര്‍ ലക്ഷ്യം കാണുന്നു. ചിലരാകട്ടെ വഴിക്കാഴ്ചകളില്‍ വീണുപോകുന്നു. അറിഞ്ഞത് പങ്കുവച്ചാല്‍ അലയുന്നവരെ കുറയ്ക്കാം. അറിയുന്നത് പറയട്ടെ.അറിഞ്ഞതെന്ന് പറയുമ്പോള്‍ വായിച്ചും ധ്യാനിച്ചും അറിഞ്ഞതാണ് ഉദ്ദേശിക്കുന്നത്....തെറ്റുകളുണ്ടെങ്കില്‍ ശ്രദ്ധയില്‍പ്പെടുത്തുമല്ലോ.
"ഗുരോ, ഈ ശരീരത്തെക്കുറിച്ച് പറയാമോ?"
"നമ്മുടെ ശരീരമുണ്ടല്ലോ,ഈ കണ്ണുകൊണ്ട് കാണുന്ന ശരീരം .അതാണ് സ്ഥൂലശരീരം. സ്ഥൂലശരീരത്തിനകത്ത്, കൃത്യമായി പറഞ്ഞാല്‍ സ്ഥൂലശരീരത്തെയും അല്പം കവിഞ്ഞ് സൂക്ഷ്മശരീരം സ്ഥിതിചെയ്യുന്നു.സൂക്ഷ്മശരീരം സ്ഥൂലശരീരത്തിന്റെ തനിപ്പകര്‍പ്പാണ്. "
"അപ്പോള്‍ ഈ സൂക്ഷ്മശരീരത്തിന് നമ്മെപ്പോലെ കാണാനും കേള്‍ക്കാനുമൊക്കെ കഴിയുമോ?"
"തീര്‍ച്ചയായും.കൂടാതെപലമാനങ്ങളിലുള്ള മറ്ററിവുകള്‍ വേറെയും ലഭിക്കും.ഇന്ദ്രിയാതീതമായ അറിവുകള്‍.കണ്ണില്ലാത്ത കാഴ്ച എന്ന് വേദങ്ങള്‍ ഇതിനെപ്പറ്റി പറയുന്നു.
സൂക്ഷ്മലോകത്തുള്ള ഒരു ജീവന് പല കഴിവുകളും ഉണ്ടാകാം. ഇഷ്ടാനുസരണം രൂപം മാറാം. അതിവേഗം ചലിക്കാം, മാനസവേഗത്തിലും പോകാം.സൂക്ഷ്മലോകത്ത് പലതരം സൂക്ഷ്മശരീരികളുണ്ട്. ശ്രീനാരായണഗുരു പറയുന്നതുപോലെ, ചിലര്‍ മദ്യപാനികള്‍, ചിലര്‍ പ്രേതം ഭക്ഷിക്കുന്നവര്‍, ചിലര്‍ രക്തംകുടിക്കുന്നവര്‍, ചിലര്‍ ഗര്‍ഭം കലക്കുന്നവര്‍.... ചിലരുടെ നിറം കറുപ്പ് ചിലര്‍ മഞ്ഞള്‍ വര്‍ണ്ണം ... ചിലര്‍ ഹ്രസ്വന്മാര്‍, ചിലര്‍ ദീര്‍ഘന്മാര്‍... ചിലര്‍ അശ്വമുഖമുള്ളവര്‍,ചിലര്‍ സര്‍പ്പമുഖമുള്ളവര്‍...ചിലര്‍ പരമാണുപ്രായേണ പരകായത്തില്‍ പ്രവേശിക്കുന്നവര്‍, ചിലര്‍ പര്‍വ്വതം പോലെ ഇരിക്കുന്നവര്‍...അങ്ങിനെയങ്ങിനെ."
"സൂക്ഷ്മ ശരീരത്തിലുള്ളവര്‍ മരിക്കുമോ?"
"ഉവ്വ്. സൂക്ഷശരീരം മരിച്ചാല്‍ പിന്നെയുള്ളതാണ് കാരണശരീരം. കാരണശരീരത്തിലെത്തണമെങ്കില്‍ ധ്യാനത്തിലൂടെ , ബോധവഴികളിലൂടെ സഞ്ചരിക്കണം.കാരണശരീരം കര്‍മ്മത്തിന്റെ ദോഷങ്ങളില്‍ നിന്ന് ഏറെക്കുറെ മുക്തമാണെന്ന് പറയാം.കാരണശരീരത്തിനും അപ്പുറത്തുള്ളതാണ് ആത്മാവ് എന്ന് നമ്മള്‍ പറയുന്ന സംഗതി. ഒരാള്‍ മരിച്ചാലുടനെ ആത്മാവാകില്ലെന്ന് സാരം.ആത്മാവ് പരബ്രഹ്മസ്വരൂപിയാണ്.ഈ വിശ്വം നിര്‍മ്മിച്ചിരിക്കുന്ന സത്യം തന്നെയാണ് അതും. കടലും ജലകണികയും പോലെ. ഒരാള്‍ ആത്മാവായി മാറുന്നതോടെ അത് ഈ പ്രപഞ്ച സത്തയില്‍ കടലില്‍ ജലമെന്ന പോലെ ഒന്നായി അലിഞ്ഞുപോകുന്നു. ഇതാണ് മുക്തി."