A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പാമ്പുമേയ്ക്കാട്ട് മന'

പാമ്പുമേയ്ക്കാട്ട് മന'



നിറം പിടിപ്പിച്ച ഒരുപാട് ഐതിഹ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഇവിടത്തെ മനയും സര്‍പ്പക്കാവും. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ മേയ്ക്കാട്ട് മനയെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. ആദ്യ കാലത്ത് 'മേയ്ക്കാട്ട് മന' എന്നാണു ഇവിടം അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇവിടത്തെ സര്‍പ്പസാന്നിധ്യത്തിന്റെയും മനയിലെ അംഗങ്ങളുടെ സര്‍പ്പാനുഗ്രഹത്തിന്റെയും കഥകള്‍ പുറത്തു പ്രചരിച്ചതോടെ ഇവിടം 'പാമ്പുമേയ്ക്കാട്ട് മന' എന്നറിയപ്പെടാന്‍ തുടങ്ങി.
മനയിലെ കടുത്ത ദാരിദ്ര്യദുഖത്തിന് അറുതി വരുത്തണമെന്ന അപേക്ഷയുമായി വലിയ നമ്പൂതിരി കൊടുങ്ങല്ലൂരിനു അടുത്തുള്ള തിരുവഞ്ചിക്കുളം ക്ഷേത്രത്തില്‍ ഒരു വ്യാഴവട്ടക്കാലം നീണ്ടു നില്‍ക്കുന്ന ഭജന തുടങ്ങിയെന്നാണ് ഐതിഹ്യമാലയിൽ വിശദമായി ഉണ്ട്.. അതിന്റെ ലിങ്ക് ആണ് താഴെ
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
പാമ്പുമ്മേക്കാട്ടു നമ്പൂരി കാളിദാസൻ→
https://ml.m.wikisource.org/…/%E0%B4%AA%E0%B4%BE%E0%B4%AE%E…)
ഒരു രാത്രി അദ്ധേഹത്തിന്റെ മുന്നില്‍ വാസുകി പ്രത്യക്ഷപ്പെട്ടു. കടുത്ത ദാരിദ്ര്യത്തിന് പരിഹാരം നിര്‍ദ്ദേശിക്കണമെന്നും തന്റെ ഇല്ലത്ത് നാഗരാജാവിന്റെ സാന്നിധ്യം ഉണ്ടാവണമെന്നും തിരുമേനി അപേക്ഷിച്ചു. തിരുമേനിയുടെ ഓലക്കുടയില്‍ ചുറ്റിപ്പിണര്‍ന്നു മനയില്‍ എത്തിയ നാഗരാജാവിനെ മനയുടെ കിഴക്കിനിയില്‍ കുടിയിരുത്തി എന്നാണു വിശ്വാസം.
വാസുകിയുടെ അനുഗ്രഹമായി കിട്ടിയ മാണിക്യക്കല്ല് ഇപ്പോഴും പാമ്പുമേയ്ക്കാട്ട് മനയില്‍ ഉണ്ടെന്നാണ് വിശ്വാസം. മനയിലെ ഇപ്പോഴത്തെ അംഗങ്ങള്‍ക്ക് ഇതിനെ കുറിച്ച് വിവരമില്ലെങ്കിലും..
വൃശ്ചികം ഒന്നാം തിയ്യതിയാണ് ഇവിടത്തെ പ്രധാന വിശേഷദിവസം. കൂടാതെ കന്നി മാസത്തിലെ ആയില്യം, മീനമാസത്തിലെ തിരുവോണം മുതല്‍ ഭരണി വരെ ദിവസങ്ങള്‍, മേടമാസം പത്താം തിയതി- ഈ ദിവസങ്ങളില്‍ സര്‍പ്പങ്ങള്‍ക്ക് നൂറും പാലും നല്‍കുന്ന ചടങ്ങുണ്ട്. [ആയില്യം നക്ഷത്രം നാഗങ്ങളുമായി ബന്ധപ്പെട്ടതാണ്. ആകാശത്തു കര്‍ക്കിടകരാശിയില്‍ പാമ്പിനെ പോലെ തോന്നിക്കുന്ന വിധത്തില്‍ ആയില്യം നക്ഷത്രം നീണ്ടു കിടക്കുന്നു]. അരിപ്പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത പാല്‍ സര്‍പ്പങ്ങള്‍ക്ക് പ്രിയപ്പെട്ടതാണെന്നാണ് വിശ്വാസം. [പാമ്പ് പാല്‍ കുടിക്കുമോ എന്നാരും ചോദിക്കരുത്. :-) ]
ഈ വിശേഷ ദിവസങ്ങളില്‍ മന എല്ലാ ജാതിയില്‍പ്പെട്ടവര്‍ക്കുമായി തുറന്നു കൊടുക്കുന്നു. കല്ലില്‍ കൊത്തിയ നാഗദൈവങ്ങള്‍ക്ക് പുറമേ ജീവനുള്ള നാഗങ്ങളെയും ഇവിടെ പൂജിക്കുന്നുണ്ട്.
,
പ്രകൃതിയെ ആരാധിച്ചിരുന്ന ഒരു ഗതകാലസംസ്കാരം നമുക്കുണ്ടായിരുന്നു. നമ്മില്‍ നിന്ന് വേറിട്ട ഒന്നല്ല വൃക്ഷങ്ങളും പക്ഷികളും ഉരഗങ്ങളും എന്ന രീതിയില്‍ പ്രകൃതിയോടുള്ള ഒരു തന്മയീഭാവം. അതിന്റെ ജീവിക്കുന്ന സാക്ഷിപത്രങ്ങളാണ് നമ്മുടെ നാട്ടില്‍ നാമമാത്രമായി അവശേഷിക്കുന്ന ഈ സര്‍പ്പക്കാവുകള്‍!
ഒരു കാലത്ത് വിശുദ്ധവനങ്ങള്‍ എന്നറിയപ്പെട്ടിരുന്ന നമ്മുടെ നാടിന്റെ ശ്വാസകോശങ്ങള്‍..!
ആര്യന്മാര്‍ വരുന്നതിനു മുന്‍പ് തന്നെ ഭാരതത്തില്‍ സര്‍പ്പാരാധന നില നിന്നിരുന്നു. ദ്രാവിഡ സംസ്കാരത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ ആചാരമായാണ് ചരിത്രകാരന്മാര്‍ ഇതിനെ കാണുനത്. ഒന്നില്‍ കൂടുതലുള്ള തലകളുള്ള നാഗങ്ങളെ ആരാധിച്ചു തുടങ്ങിയത് ജൈനമതക്കാരായിരുന്നു. ദ്രാവിഡ സംസ്കാരത്തിലേക്ക് ഈ ബിംബങ്ങള്‍ സംക്രമിച്ചത് ജൈനമതവുമായുള്ള ഇടപെടലുകള്‍ കൊണ്ടായിരുന്നു എന്ന് ചരിത്രകാരന്മാര്‍ പറയുന്നു. നാഗര്‍കോവിലിലെ നാഗരാജക്ഷേത്രം, കേരളത്തിലെ പുരാതനമായ തിരുവഞ്ചിക്കുളം തുടങ്ങിയ ശിവക്ഷേത്രങ്ങള്‍ എന്നിവ ആദ്യകാലത്ത് ജൈനക്ഷേത്രങ്ങളായിരുന്നു. ശിവന്റെ നാഗഹാരം, വിഷ്ണുവിന്റെ അനന്തശയനം, മള്‍ട്ടി ഹെഡെഡ് സര്‍പ്പന്റ്സ് എന്നിവ ജൈനരുമായുള്ള ഇടപെടലുകള്‍ കൊണ്ട് ഹിന്ദു മതത്തിലേക്ക് സംക്രമിച്ചു എന്നാണു ചരിത്രകാരന്മാരുടെ വാദം. കൂടാതെ ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം എന്നിവയും ജൈനക്ഷേത്രങ്ങളായിരുന്നു എന്ന് ചരിത്രകാരന്മാര്‍ കരുതുന്നു.
ഇന്ന് സര്‍പ്പാരാധന കേരളത്തില്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ എങ്കിലും കാവുകളുടെ വിവിധരൂപങ്ങള്‍ പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലുമുണ്ട്. ആരാധനാമൂര്‍ത്തികള്‍ മാറുമെന്ന വ്യത്യാസമേയുള്ളൂ. കേരളത്തിലെ കാവുകളില്‍ സര്‍പ്പാരാധനയാണ് പ്രധാനമായും നില നില്‍ക്കുന്നതെങ്കിലും ശാസ്താവ്, ഭദ്രകാളി എന്നിവരെയും കാവുകളില്‍ ആരാധിക്കുന്നു. വാസുകി, തക്ഷകന്‍, അനന്തന്‍ ഇവരാണ് സര്‍പ്പക്കാവുകളിലെ പ്രധാന നാഗപ്രതിഷ്ഠകള്‍
ജൈവവൈവിധ്യം കൊണ്ട് സമ്പന്നമാണ് നമ്മുടെ കാവുകള്‍. അരയാല്‍, ഇലഞ്ഞി, ആഞ്ഞിലി, ഞാവല്‍, അത്തി, വട്ട, മാവ്, പരുത്തി, ആര്യവേപ്പ്, ചെമ്പകം, പാല തുടങ്ങിയ വൃഷങ്ങള്‍ കാവുകളില്‍ സാധാരണയായി കാണുന്ന വൃക്ഷങ്ങളാണ്. ഇഴജന്തുക്കള്‍, കാട്ടുപൂച്ച, കീരി, ഉടുമ്പ്, കുരങ്ങന്‍ തുടങ്ങിയ നാല്‍ക്കാലികള്‍, നാനാജാതി പക്ഷികള്‍,കാവിലെ കുളങ്ങളിലും പരിസരത്തുമുള്ള മത്സ്യങ്ങള്‍, ചെറുജീവികള്‍, തവളകള്‍ തുടങ്ങി കുറുക്കന്‍, ചെന്നായി, മരപ്പട്ടി, വെരുക്, തുടങ്ങിയ വന്യമൃഗങ്ങള്‍ വരെ കാവുകളില്‍ അധിവസിക്കുന്നു.
കാവിലെ നാഗങ്ങള്‍ക്ക്‌ സുഖകരമായ തണുപ്പും മറയും ഇര തേടാന്‍ പറ്റിയ ഈ സാഹചര്യങ്ങളും വിട്ടു പുറത്തു വരേണ്ട ആവശ്യമുണ്ടായിരുന്നില്ല.
പക്ഷിനിരീക്ഷകരുടെ സ്വര്‍ഗ്ഗമാണ് കാവുകള്‍. നാട്ടില്‍ കാണാത്ത പലയിനം കിളികളും കൂട് വെക്കുന്നത് കാവുകളിലെ വൃക്ഷച്ചില്ലകളിലാണ്. വാവലുകള്‍ തൂങ്ങിക്കിടക്കുന്ന വന്‍വൃക്ഷങ്ങള്‍ കാവുകളിലെ സാധാരണകാഴ്ചയാണ്.
പാമ്പുമേയ്ക്കാട് മനയുടെ മൂന്നു ദിക്കിലും ഇടതൂര്‍ന്നു നില്‍ക്കുന്ന മരങ്ങളാണ്. ഇലഞ്ഞി, വെള്ളിലംപാല, ആല്‍മരം തുടങ്ങിയ വൃക്ഷങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന കാവ്..
സാധാരണ ഇല പൊഴിയും കാടുകളില്‍ കാണുന്ന പല വൃക്ഷങ്ങളും പാമ്പുമേയ്ക്കാട്ടിലെ കാവില്‍ കാണാം
ആ അന്തരീക്ഷത്തിലാകെ ഒരു നിഗൂഡത ചൂഴ്ന്നു നില്‍ക്കുന്നതായി തോന്നി
അന്തരീക്ഷത്തിന്റെ പഴമക്ക് പോറലേല്‍പ്പിച്ചു കൊണ്ട് കൊണ്ട് അടുത്ത കാലത്ത് പെയിന്റ് ചെയ്ത കവാടം കടന്നു മനയുടെ മുറ്റത്തേക്ക്..
[ഇവിടുന്നങ്ങോട്ട്‌ ക്യാമറ അനുവദനീയമല്ല.
അല്ലെങ്കില്‍ കേരളചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന,
ഇടതുവശത്ത്‌ കാണുന്ന രണ്ടു നിലകളോട് കൂടിയ ഓടു മേഞ്ഞ കെട്ടിടം പടിപ്പുര മാളിക. പഴയ കെട്ടിടങ്ങളുടെ മാതൃകയില്‍ തറനിരപ്പില്‍ നിന്ന് 4 അടിയോളം ഉയരത്തില്‍ ഇതിന്റെ ഫൌണ്ടേഷന്‍ കെട്ടിയിരിക്കുന്നു. അതിനപ്പുറം പടിപ്പുരയോടു ചേര്‍ന്ന മതിലില്‍ ഒരു ചെറുകവാടമുണ്ട്. അവിടെ കാവി പുതച്ച ഒരു കാവല്‍ക്കാരന്‍ ഭക്തരുടെ നേരെ കാണുന്ന ക്ഷേത്രത്തിലെ പ്രതിഷ്ടക്ക് മുന്‍പില്‍ ആളുകള്‍ പ്രാര്‍ത്‌ഥിക്കുന്നു. കുട്ടികള്‍ ഇല്ലാത്തവര്‍ക്കുള്ള തൊട്ടിലു കെട്ടു വഴിപാടുകള്‍ ഇവിടെയാണ്‌ ചെയ്യുന്നത്. ക്ഷേത്ത്രത്തിനു മുന്നില്‍ തൊട്ടിലിന്റെ ചെറിയ ഒരുപാട് മോഡെലുകള്‍ തൂങ്ങിക്കിടക്കുന്നത് കാണാം.
മെയ്ക്കാട്ടു മനയുടെ മുറ്റത്ത് വലതുവശത്ത്‌ ഓടു മേഞ്ഞ കെട്ടിടം നീളത്തില്‍ കിടക്കുന്നു. പ്രവേശനകവാടത്തില്‍ നിന്നും നേരെ കയറുന്ന മുറി ഓഫിസ് ആയി പ്രവര്‍ത്തിക്കുന്നു. അതിനടുത്ത മുറികള്‍ വഴിപാടുകള്‍ക്കായും വഴിപാടു ദ്രവ്യങ്ങളായ എണ്ണ, പഴം എന്നിവ സൂക്ഷിക്കുന്ന അറകളായും പ്രവര്‍ത്തിക്കുന്നു.
ഓഫീസിനു മുന്നില്‍ അല്‍പ്പമകലെ പടവുകള്‍ ഇറങ്ങിചെല്ലുന്നത് ഒരു കുളത്തിലേക്കാണ്. സന്ദര്‍ശകര്‍ക്ക് ദര്‍ശനത്തിനു മുന്‍പ് കുളിക്കാനും കാലും മുഖവും കഴുകാനുമുള്ള കടവ്. പടവുകള്‍ക്കു സമീപം പൈപ്പ് കണക്ഷനും ഈ ആവശ്യത്തിനായി സജ്ജീകരിച്ചിരിക്കുന്നു. ദര്‍ശനത്തിനു മുന്‍പ് കാലും മുഖവും കഴുകി ശുദ്ധി വരുത്തണമെന്നത് ഇവിടെ നിലനില്‍ക്കുന്ന ഒരു ആചാരമാണ്.
കിഴക്കിനിയില്‍ കാവിലേക്കുള്ള കവാടം മതിലു കെട്ടി വേര്‍തിരിച്ചിരിക്കുന്നു. കാവിലേക്കു കടക്കുന്ന ഭാഗത്ത് മതില്‍ കമാനം പോലെ ഉയര്‍ത്തിക്കെട്ടി അവിടെ ഗെയ്റ്റ് വെച്ചിരിക്കുന്നു. ഇവിടെയുള്ള വന്‍ വൃക്ഷച്ചുവട്ടിലെ വാസുകിയുടെയും നാഗയക്ഷിയുടെയും പ്രതിഷ്ഠകളില്‍ കെടാവിളക്ക് കത്തിക്കൊണ്ടിരിക്കുന്നു. സന്ദര്‍ശകര്‍ക്ക് ഇവിടേയ്ക്ക് പ്രവേശനമില്ല.
സാധാരണ ദിവസങ്ങളില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് മാത്രമേ പടിപ്പുര മാളിക കടന്ന് മനയില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ..
പടിപ്പുര കടന്നു ക്ഷേത്ത്രതിനകത്ത് കല്ലില്‍ കൊത്തിയ സര്‍പ്പവിഗ്രഹം കാണാം. മനയിലേക്ക് വിവാഹം കഴിച്ചു കൊണ്ട് വന്ന സ്ത്രീകള്‍ക്കാണ് കുടുംബത്തില്‍ സ്ഥാനം. സര്‍പ്പവിഗ്രഹത്തെ തൊഴുതതിനു ശേഷം ഇവര്‍ ഭക്തര്‍ക്ക്‌ ദര്‍ശനം നല്‍കുന്നു. [അമ്മ എന്ന് ഇവരെ ഭക്തര്‍ വിളിക്കുന്നു]. ഇടക്കാലത്ത് നിന്ന് പോയ ഈ ചടങ്ങ് മനയില്‍ പുനരാരംഭിച്ചിട്ടുണ്ട്. ഇവര്‍ ആഗതരുടെ സര്‍പ്പദോഷങ്ങളെപ്പറ്റി പ്രവചനങ്ങള്‍ നടത്തുകയും പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു.
ആദ്യകാലത്ത് 'എണ്ണയില്‍ നോക്കല്‍' എന്നൊരു ചടങ്ങ് ഇവിടെ നടന്നിരുന്നു. കെടാവിളക്കിലെ എണ്ണയെടുത്ത് അതില്‍ നോക്കി സര്‍പ്പദോഷങ്ങളെക്കുറിച്ചുള്ള പ്രവചനം ഇവര്‍ നടത്തിയിരുന്നു. കൂടാതെ വിഷചികിത്സക്ക് കീര്‍ത്തി കേട്ടവരായിരുന്നു മേയ്ക്കാട്ട് മനയിലെ തിരുമേനിമാര്‍. തെക്കേക്കാവിലെ ഔഷധസസ്യങ്ങള്‍ ഉപയോഗിച്ച് മനയുടെ തെക്കിനിയില്‍ വെച്ച് കാച്ചിയെടുത്തിരുന്ന ഒരു പ്രത്യേക 'എണ്ണ' കുഷ്ഠം അടക്കമുള്ള രോഗങ്ങള്‍ക്ക് ദിവ്യൌഷധമായിരുന്നു എന്നാണു വിശ്വാസം. ഇപ്പോഴും ക്ഷേത്രത്തില്‍ നിന്ന് പ്രസാദമായി എണ്ണ ഭക്തരുടെ കയ്യില്‍ ഒഴിച്ച് കൊടുക്കുന്നു.
കടുത്ത നിഷ്ഠകളും വ്രതങ്ങളും മനയിലെ അംഗങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും വിധിച്ചിരിക്കുന്നു. ഭക്തര്‍ ഒരാഴ്ചത്തെ വ്രതം അനുഷ്ടിച്ചാണ് ഇവിടെ ദര്‍ശനം നടത്തുന്നത്. ബാക്കി വരുന്ന പ്രസാദവും പഴത്തൊലിയും മറ്റും കാവിലോ പരിസരത്തോ ഉപേക്ഷിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഒന്നില്‍ക്കൂടുതല്‍ ബോര്‍ഡുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അതുപോലെ മനയുടെ നടുവിലുള്ള എട്ടുകെട്ടിലെ അടുക്കളയിലല്ലാതെ ഒരിടത്തും തീ കത്തിക്കരുതെന്നും നിഷ്കര്‍ഷയുണ്ട്. [മരണശേഷം ദഹിപ്പിക്കുന്നതിന് തെക്കേക്കാവില്‍ ചിതയോരുക്കുന്നത് ഒഴികെ]. മനപ്പറമ്പ് കിളക്കുകയോ, കാവില്‍ കാണുന്ന നാഗങ്ങളെ യാതൊരു കാരണവശാലും ഉപദ്രവിക്കുകയോ ചെയ്യാറില്ല. കടുത്ത നിഷ്ഠകളും ആചാരങ്ങള്‍ തെറ്റിക്കാതെ ചെയ്യാനുള്ള സൗകര്യക്കുറവും വ്രതനിഷ്ഠകള്‍ തെറ്റുമോ എന്ന ഭയവും മൂലമാവാം നാഗബലി, എണ്ണയില്‍ നോക്കല്‍ തുടങ്ങി മനയില്‍ പുരാതനകാലം മുതല്‍ പാരമ്പര്യമായി കൈ മാറി വന്ന പല ചടങ്ങുകളും അന്യം നിന്ന് പോയി.
കേരളത്തിലെ തറവാടുകളിലെ കാവുകളുടെ ആവഹനകര്‍മ്മം പാമ്പുമേയ്ക്കാട്ട് മനക്കാരുടെ അവകാശമായിരുന്നു. ആവാഹിച്ച കാവുകളെ മനപ്പറമ്പിലെ തെക്കേക്കാവില്‍ കുടിയിരുത്തും.
പാമ്പുമേയ്ക്കാടിനു പുറമേ നാഗദൈവങ്ങളെ ആരാധിക്കുന്ന മറ്റു രണ്ടു പ്രമുഖകേന്ദ്രങ്ങളാണ് തിരുവനന്തപുരത്തിനു തെക്ക് നാഗര്‍കോവിലും ആലപ്പുഴയിലെ മണ്ണാറശാലയും. അനന്തന്റെ ശിരസ്സു നാഗര്‍കോവിലിലും മദ്ധ്യം മണ്ണാറശാലയിലും പാദം പാമ്പുമേയ്ക്കാട്ടിലുമായി നീണ്ടു വളഞ്ഞു പുളഞ്ഞു കിടക്കുകയാണെന്നാണ് വിശ്വാസം. നാഗര്‍കോവിലിലെ നാഗരാജക്ഷേത്രത്തിലെ പ്രധാനതന്ത്രി പാമ്പുമേയ്ക്കാട്ടിലെ കാരണവരാണ്. ഇന്നും അവിടത്തെ പ്രധാന ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കുന്നത് മനയിലെ കാരണവരാണ്.
മേയ്ക്കാട്ട് മനയിലെ ചടങ്ങുകളും ആചാരങ്ങളും വിശ്വാസങ്ങളുമെല്ലാം സര്‍പ്പങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മനയിലെ അംഗങ്ങള്‍ സര്‍പ്പങ്ങളെ 'പാരമ്പര്യങ്ങള്‍' എന്നാണ് വിളിക്കുക. മനയില്‍ ഓരോ ജനനം നടക്കുമ്പോഴും സര്‍പ്പങ്ങള്‍ ശിശുവിനെ സ്വീകരിക്കാനെത്തുന്നു. അതുപോലെ ഓരോ അംഗങ്ങള്‍ മരിക്കുമ്പോഴും കൂടെ ഒരു 'പാരമ്പര്യവും' മരിക്കുന്നു എന്നാണ് വിശ്വാസം. തെക്കേക്കാവില്‍ [പറമ്പില്‍ മറ്റൊരിടത്തും തീ കത്തിക്കാന്‍ അനുവാദമില്ല] നമ്പൂതിരിക്കൊപ്പം ഈ സര്‍പ്പത്തിനും ചിതയൊരുക്കുന്നു.
സര്‍പ്പശാപം തലമുറകള്‍ പിന്തുടരുമെന്ന വിശ്വാസം നിലനില്‍ക്കുന്നുണ്ട്. അചാരാനുഷ്ടാനങ്ങളിലെ ചെറിയൊരു ശ്രദ്ധക്കുറവു പോലും കടുത്ത സര്‍പ്പകോപത്തിന് വഴി വെക്കുമെന്ന് ഭക്തര്‍ ഭയക്കുന്നു. പടം പൊഴിച്ച് പുതിയ ജന്മം എടുക്കുന്നതു കൊണ്ടാവാം സര്‍പ്പം ചിരഞ്ജീവിയാണെന്നും പുനര്‍ജന്മത്തിന്റെ അടയാളമാണെന്നുമൊക്കെ വിശ്വാസങ്ങള്‍ പ്രചരിക്കാന്‍ കാരണം.
സര്‍പ്പക്കാവുകളില്‍ നിന്ന് മരം മുറിക്കാനോ നിലം കിളക്കാനോ പക്ഷിമൃഗാദികളെ ഉപദ്രവിച്ച് അവിടെ നിലനില്‍ക്കുന്ന ആവാസവ്യവസ്ഥ തകര്‍ക്കാനോ ആരും ഒരുമ്പട്ടിരുന്നില്ല. അതുപോലെ സര്‍പ്പക്കാവുകള്‍ വാങ്ങാനോ വില്‍ക്കാനോ പഴയ കാലത്ത് ആരും തയ്യാറായിരുന്നില്ല. നൂറ്റാണ്ടുകളായി സ്വാഭാവികവനമായി കാവുകള്‍ വളര്‍ന്നു വികസിക്കാന്‍ അവസരമോരുക്കിയതിനു കാരണം ഈ ഭയമാണ്. കാവില്‍ നിന്ന് ഉണങ്ങിയ ചുള്ളിക്കമ്പുകള്‍ പെറുക്കുന്നതിന് പോലും ജനങ്ങള്‍ ഭയപ്പെട്ടിരുന്നു എന്നതാണ് സത്യം.
പക്ഷെ ഇന്ന് ജ്യോതിഷം പോലുള്ള അന്ധവിശ്വാസങ്ങള്‍ തന്നെ ഈ കാവുകളുടെ നാശത്തിനു കാരണമാവുന്നു. പല തറവാടുകളിലും ഇന്ന് കാവുകളെ വെട്ടിത്തളിക്കുന്നതിനു വേണ്ടിയുള്ള പ്രശ്നം വെപ്പിക്കലുകള്‍ നടക്കുന്നു. പേരുകേട്ട ജ്യോതിഷികള്‍ തന്നെ ഇതിനു നേതൃത്വം കൊടുക്കുന്നു. പരിഹാരമായി നാഗപൂജയും സര്‍പ്പക്കളവും നടത്തി നാഗത്തെ പ്രീതിപ്പെടുത്തി ആവാഹിച്ച ശേഷം പാമ്പുമേക്കാട്ടില്‍ കുടിയിരുത്താന്‍ ഇവര്‍ നിര്‍ദ്ദേശിക്കുന്നു.. അങ്ങനെ കേരളത്തിലെ പല കാവുകളില്‍ നിന്നും ആവാഹിച്ച നാഗങ്ങളുടെ വെച്ചാരാധന പാമ്പുമേക്കാട്ടിലെ കാവിലെ വൃക്ഷച്ചുവടുകളിലുണ്ട് . അതിനു ശേഷം ആവാഹനം നടത്തി ഒഴിപ്പിച്ച കാവുകള്‍ ഇഷ്ടം പോലെ വെട്ടിത്തെളിക്കാം. വയനാട്ടിലെയും പാലക്കാട്ടെയും ആദിവാസി കോളനികളിലേക്ക് സര്‍ക്കാരിന് കുടിവെള്ളം എത്തിക്കുന്ന പൈപ്പ് ഇടാന്‍ പോലും നിയമതടസ്സമുള്ള വിധത്തില്‍ ശക്തമായ വനസംരക്ഷണനിയമമുള്ള നമ്മുടെ നാട്ടില്‍ ഈ വിശുദ്ധവനങ്ങളുടെ സംരക്ഷണത്തിനു യാതൊരു നിയമവുമില്ല. സ്വകാര്യസ്വത്ത്‌- ഉടമസ്ഥര്‍ക്ക് തോന്നുന്നതു പോലെ ചെയ്യാം.
അന്തരീക്ഷത്തിന്റെ താപനില നിയന്ത്രിക്കുന്നതിലും ശുദ്ധവായുവിന്റെ അളവ് ക്രമീകരിക്കുന്നതിലും കാവുകള്‍ നല്ല പങ്കു വഹിക്കുന്നു. പ്രകാശസംശ്ലേഷണം നടക്കുമ്പോള്‍ ചുറ്റുപാടും നിന്ന് കാര്‍ബണ്‍ ഡയോക്സൈഡു ആഗിരണം ചെയ്യുന്നതും ഓക്സിജന്‍ പുറത്തു വിടുന്നതും ഇലകളിലൂടെ ജലാംശം പുറത്തു വിടുന്നതുമാണ്‌ കാവുകളുടെ പരിസരത്തെ സുഖശീതളമായ കാലാവസ്ഥക്ക് കാരണം.
പുരാതന തറവാടുകളുടെ തെക്ക്-പടിഞ്ഞാറ് മൂലയിലാണ് കാവുകള്‍ കാണപ്പെടുന്നത്. പടിഞ്ഞാറ് നിന്നുള്ള കാറ്റ് കാവില്‍ സാധാരണ കാണുന്ന ഔഷധസസ്യങ്ങളായ ആര്യവേപ്പ്, ഇരുവേലി, കൂവളം, കരിങ്ങോട്ട, പാടത്താളി, ആടലോടകം, അമ്പഴം, കടുക്ക, കറുക, ഏഴിലംപാല തുടങ്ങിയവയും ഇലഞ്ഞി, ചെമ്പകം പോലുള്ള സുഗന്ധദായികളായ വൃക്ഷങ്ങളുടെയും ചില്ലകളെ തഴുകിയെത്തുന്നതിനാല്‍ അന്തരീക്ഷം ഉന്മേഷദായകമായിരിക്കും. ഭൂഗര്‍ഭജലവിതാനം ഉയര്‍ത്തുന്നതിലും കാവുകളുടെ പങ്ക് വലുതാണ്‌. കാവുകളുടെ ഭാഗമായി കാണാറുള്ള കുളങ്ങള്‍ ഒരിക്കലും വറ്റാറില്ല. വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായി മനുഷ്യന്റെ കാലടികള്‍ പതിയാത്തത് കൊണ്ട് ഈ കാവുകളും കുളങ്ങളും ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നമാണ്.
"കാവ് നശിച്ചാല്‍ കിണറു വറ്റും' എന്നൊരു പഴമൊഴിയുണ്ട്. പ്രകൃതിയെ ശക്തിയായും ഐശ്വര്യമായും ദേവിയായും അമ്മയായും കണ്ടിരുന്ന നമ്മുടെ സാംസ്കാരിക പൈതൃകത്തെ ഈ മൊഴി അന്വര്‍ത്ഥമാക്കുന്നു.