A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഹോബിറ്റുകള്‍ ഒരു യാഥാര്‍ത്ഥ്യം തന്നെ ആയിരുന്നു

ഹോബിറ്റുകള്‍ ഒരു യാഥാര്‍ത്ഥ്യം തന്നെ ആയിരുന്നു


ഇന്തോനേഷ്യയിലെ ഏറ്റവും തെക്കേ അറ്റത്തുള്ള ദ്വീപ് ആണ് Flores ( പോര്‍ത്തുഗീസ് ഭാഷയില്‍ പൂക്കള്‍ എന്നര്‍ത്ഥം ). 2003 ല്‍ അവിടെ പര്യവേഷണവും ഉത്ഖനനവും നടത്തിയിരുന്ന ഒരു കൂട്ടം ഗവേഷകര്‍ അക്കൂട്ടത്തില്‍ Liang Bua എന്ന ഗുഹയിലും എത്തി ചേര്‍ന്നു . അവിടുത്തെ ചുണ്ണാമ്പ് പാറകളില്‍ ചരിത്രം തിരഞ്ഞ അവര്‍ക്ക് മുന്‍പില്‍ ഒരു എല്ലിന്‍ കഷ്ണം പ്രത്യക്ഷപ്പെട്ടു . ഒറ്റ നോട്ടത്തില്‍ ചരിത്രാതീതകാലത്തെ ആവാം എന്ന് അനുമാനിച്ച അവര്‍ ആ ഗുഹ മുഴുവനും അരിച്ചു പെറുക്കാന്‍ തുടങ്ങി . അവസാനം അവര്‍ക്ക് മുന്നില്‍ ആ ചിത്രം തെളിഞ്ഞു . ഒരാളുടെ ഏറെക്കുറെ പൂര്‍ണ്ണമായ അസ്ഥികൂടം ! പക്ഷെ പൊക്കം അത്ര പോര ... വെറും ഒരു മീറ്റര്‍ ! അപ്പോള്‍ കുട്ടിയുടെതാവാം എന്ന് അനുമാനിച്ചു . പക്ഷെ പല്ലുകളുടെ ഘടന നോക്കിയപ്പോള്‍ അഭിപ്രായം മാറ്റി . ഇത് കുട്ടിയല്ല , മുതിര്‍ന്ന ഒരാളുടെത് ആണ് ! അപ്പോള്‍ ഇതൊരു കുള്ളന്‍ ആവാം . ഗുഹയില്‍ നിന്നും അവര്‍ക്ക് വീണ്ടും ചില അസ്ഥികൂട ഭാഗങ്ങള്‍ കൂടി ലഭിച്ചു .

എല്ലാം പഠിച്ചപ്പോള്‍ ഒരു കാര്യം മനസ്സില്‍ ആയി ഇവര്‍ക്കെല്ലാം ഒരു മീറ്ററില്‍ കൂടുതല്‍ ഉയരം ഇല്ലായിരുന്നു ! എന്താണിത് കുള്ളന്മ്മാരുടെ ഗുഹയോ ? അങ്ങിനെ വരുമോ ? ആദ്യം കിട്ടിയ പൂര്‍ണ്ണ അസ്തികൂടത്തിന് ഏകദേശം 18,000 കൊല്ലങ്ങള്‍ പഴക്കം ഉണ്ട് ! അത് മുപ്പതു വയസുള്ള ഒരു പെണ്ണിന്റെതാണ് . ബാക്കിയുള്ളവയൊക്കെ പല അസ്ഥികൂടങ്ങളുടെ വിവിധ ഭാഗങ്ങള്‍ ആണ് . ചിലതിന് 12,000 കൊല്ലങ്ങളെ പഴക്കമുള്ളൂ . അവസാനം അവര്‍ ഒരു തീരുമാനത്തില്‍ എത്തി . ഇതൊരു മനുഷ്യ വര്‍ഗം ആണ് . തീരെ ഉയരം കുറഞ്ഞ ഒരു കുള്ളന്‍ വര്‍ഗ്ഗം . അതിനൊരു പേരും വീണു ... Homo floresiensis. അത്ഭുതകരമായ മറ്റൊരു വസ്തുത , ഇവരുടെ തലച്ചോറും തീരെ ചെറുതായിരുന്നു !

പീറ്റർ ജാക്സണ്‍ സംവിധാനം ചെയ്ത ലോർഡ്‌ ഓഫ് ദി റിങ്ങ്സ് , ദി ഹോബിറ്റ് തുടങ്ങിയ സീരീസ് ചിത്രങ്ങളിലൂടെ പൊക്കം കുറഞ്ഞ ഹോബിറ്റുകൾ എന്ന സാങ്കൽപ്പിക മനുഷ്യ വർഗത്തെ നമ്മുക്ക് സുപരിചിതമാണ് . എന്നാൽ ഇതുപോലൊരു കുള്ളൻ മനുഷ്യ വർഗ്ഗം ഈ ഭൂമുഖത്ത് ജീവിച്ചിരുന്നു എന്ന അറിവ് നമ്മെ അമ്പരിപ്പിക്കും ! Homo floresiensis ശാസ്ത്രലോകത്ത് ഇപ്പോള്‍ അറിയപ്പെടുന്നത് Hobbits എന്നാണ് . കാരണം എന്തെന്നോ ? ഉയരം കുറഞ്ഞ ഇവര്‍ക്ക് സിനിമയിലെ ഹോബിറ്റുകളെ പോലെ തന്നെ നീളം കൂടി , പരന്ന കാല്‍പാദങ്ങളും ഉണ്ടായിരുന്നു ! ഇവര്‍ ഉപയോഗിച്ചിരുന്ന ചില ആയുധങ്ങളും ഗുഹയില്‍ നിന്നും വീണ്ടെടുത്തു . അതില്‍ നിന്നും ഇവര്‍ വേട്ടക്കാര്‍ ആയിരുന്നു എന്നും അവര്‍ വേട്ടയാടി പിടിച്ചിരുന്ന ജീവി ഏതെന്നും പിടികിട്ടി . Stegodon എന്ന ചരിത്രാതീത കാലത്തെ ഭീമന്‍ ആനയുടെ കുള്ളന്‍ ഉപവിഭാഗം ആയ Stegodon florensis insularis ആയിരുന്നു ആ ജീവി ! ഇങ്ങനെ ഈ കുള്ളന്മ്മാരെല്ലാം എങ്ങിനെ ഒരുമിച്ചു ഈ ദ്വീപില്‍ എത്തി എന്നതായി പിന്നെ ആലോചന . insular dwarfism ആയിരുന്നു ആദ്യം മനസ്സില്‍ വന്നത് . ദ്വീപുകള്‍ പോലുള്ള ചെറിയ ചുറ്റുപാടുകളില്‍ നൂറ്റാണ്ടുകളോളം ജീവിക്കുമ്പോള്‍ ജീവികളുടെ ശരീരം കിട്ടുന്ന ആഹാരത്തിന്‍റെ ലഭ്യത അനുസരിച്ച് ഒതുങ്ങുന്ന രീതിയെ ആണ് insular dwarfism എന്ന് പറയുന്നത് .

മറ്റു സമീപ കരകളില്‍ ഉണ്ടായിരുന്ന Homo erectus എന്ന മനുഷ്യ വര്‍ഗ്ഗം എങ്ങിനെയോ ഈ ദ്വീപില്‍ വന്നു പെട്ടതായും പിന്നീടു പരിണാമം സംഭവിച്ച് കുള്ളന്മ്മാര്‍ ആയി മാറിയതാവാം എന്നും വാദം ഉയര്‍ന്നു . എന്നാല്‍ ഇവരുടെ ചെറിയ തലച്ചോറ് ഒരു പ്രശ്നമായി തന്നെ അവശേഷിച്ചു . ഇത്രയും ചെറിയ ബുദ്ധിക്കാര്‍ എങ്ങിനെ വേട്ട ഉപകരണങ്ങള്‍ ഉണ്ടാക്കി "കുട്ടിയാനകളെ " വേട്ടയാടി പിടിച്ച് കഷ്ണിച്ചു കഴിച്ചു എന്നത് വേറൊരു അത്ഭുതം ! ഇതേ സമയം Homo erectus ഉം അവിടെ ഉണ്ടായിരുന്നു എന്നും അവരില്‍ നിന്നും കണ്ടു പടിച്ചതാവാം എന്നും വേറൊരു കൂട്ടം ഗവേഷകര്‍ പറയുന്നു . പക്ഷെ Homo erectus ന്‍റെ ഒരു എല്ല് പോലും ഈ ദ്വീപില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല .

എന്നാല്‍ ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ ചില ഗവേഷകര്‍ ഇത് Laron's syndrome എന്ന രോഗം വന്ന ചില പൂര്‍വ്വികരുടെ അസ്ഥികള്‍ ആവാം എന്ന് സംശയം പ്രകടിപ്പിച്ചു . ( വളര്‍ച്ച മുരടിക്കുന്ന ഈ അവസ്ഥ ജൂതര്‍ ഉള്‍പ്പെടുന്ന സെമിറ്റിക് വര്‍ഗ്ഗക്കാരില്‍ ആണ് കൂടുതലായും കാണപ്പെടുന്നത് >>വിക്കിപീഡിയ) . എന്നാല്‍ ആധുനിക ശാസ്ത്രഞരില്‍ ഭൂരി ഭാഗവും ഈ അനുമാനം തെറ്റാണെന്ന് കരുതുന്നു . ആഫ്രിക്കയില്‍ രണ്ടു മില്ല്യന്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് ജീവിച്ചിരുന്ന Homo habilis എന്ന വര്ഗ്ഗതിലേക്കാണ് ഇപ്പോള്‍ ഏവരുടെയും ശ്രദ്ധ പതിഞ്ഞിരിക്കുന്നത് . ഇരു കൂട്ടരുടെയും കാലുകളുടെ ഘടനയിലെ സാമ്യമാണ് ഈ കാരണം . Homo habilis നൂറ്റാണ്ടുകളിലൂടെ സഞ്ചരിച്ചു Flores എത്തിപ്പെട്ടിരിക്കാം എന്നും , അവിടുത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ശരീര ഘടന ഇപ്പോള്‍ കണ്ടെടുത്തത്‌ പോലെ ആയി തീര്‍ന്നിരിക്കാം എന്നുമാണ് ഇപ്പോഴത്തെ അനുമാനം .
Flores ദ്വീപിലെ കുള്ളന്‍ മനുഷ്യ വര്‍ഗ്ഗവും ആന വര്‍ഗ്ഗവും പന്ത്രണ്ടായിരം കൊല്ലങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്നപ്പോള്‍ ലോകത്തിന്‍റെ മറ്റു ഭാഗത്ത്‌ ഇവരുടെ വര്‍ഗ്ഗത്തില്‍ പെട്ട എല്ലാ ജീവികളും നാമാവിശേഷമായി കഴിഞ്ഞിരുന്നു . ഈ ദ്വീപിനു മറ്റു കരകളുമായി ഉണ്ടായിരുന്ന " ബന്ധമില്ലായ്മ്മ " തന്നെയാണ് ഇതിനു കാരണം . Flores ദ്വീപിലെ അസ്ഥികൂടങ്ങളുടെ മുകളില്‍ നിന്നും കിട്ടിയ അഗ്നിപര്‍വ്വത ചാരത്തില്‍ നിന്നും ആ കാലഘട്ടത്തില്‍ ഉണ്ടായ ഒരു വമ്പന്‍ അഗ്നിപര്‍വ്വത വിസ്ഫോടനമാണ് ഈ കുള്ളന്മ്മാരെ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കിയത് എന്ന് കരുതുന്നു . എന്തായാലും കഥയിലെ ഹോബിറ്റിനെക്കാള്‍ വിചിത്രമാണ് യഥാര്‍ത്ഥ ഹോബിറ്റിന്റെ കഥ