ഞാൻ നാട്ടിൽ 2 വർഷം ടൂറിസം മേഖലയിലായിരുന്നു. കൊച്ചിയിലെ അറിയപെടുന്ന ഒരു ട്രാവൽസിലെ സ്റ്റാഫ് ആയിരുന്നു. ടൂറിസ്റ്റ് ഗൈഡ് ആയിട്ടായിരുന്നു ഞാൻ ജോലി ചെയ്തിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം കുറച്ചു വിദേശസഞ്ചാരികളുമായി മൂന്നാറിലേക്ക് പോകുകയായിരുന്നു. അപ്പോഴാണ് ഓഫീസിൽ നിന്നും മാനേജർ വിളിച്ചിട്ട് നമ്മുടെ ട്രാവൽസിൽ നിന്നും ഗസ്റ്റുമായി പോയ ഒരു വണ്ടിയുടെ ഡ്രൈവറും ഗസ്റ്റുമായി ഉടക്കി പിരിഞ്ഞു. ഗസ്റ്റ് വണ്ടിയിൽ കയറാതെ നിൽക്കുന്നു എന്ന്. സീസൺ സമയമായതിനാൽ മാറ്റികൊടുക്കാൻ വേറെ വണ്ടിയോ ഡ്രൈവറോ ഇല്ല. അതിനാൽ ആ ഗസ്റ്റിനെ ഞാൻ തൽക്കാലം എടുക്കണമെന്ന്. വണ്ടിയും ഉടക്കിയ ഗസ്റ്റുമായി ഞാൻ മൂന്നാറിൽ നിന്നും തേക്കടിയിലെ റിസോർട്ടിലേക്ക് പോയി. തേക്കടിയിൽ വേറെ ഡ്രൈവർ വന്നു അവരുടെ ട്രിപ്പ് തുടരുമെന്നും പുതിയ ഡ്രൈവർ വരുന്നതുവരെ എന്നെ റിസോർട്ടിൽ കാത്തിരിക്കാനും പറഞ്ഞു.രാത്രി 8 മണിക്കു തേക്കടിയിലെത്തിയ ഞാൻ 9.30 ഡ്രൈവർ വരുന്നതുവരെ കാത്തിരുന്നു. 9.30 മാനജേർ വിളിച്ചിട്ട് പറഞ്ഞു വണ്ടിയുമായി നേരെ നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് വിട്ടേക്കാൻ രാവിലെ 7 മണിക്കുള്ള വിമാനത്തിൽ വേറെ ഗസ്റ്റ് വരുന്നുണ്ട്. അവരെയെടുത്തു മൂന്നാറിലുള്ള ഡ്രൈവറിനെ വണ്ടിയും ഗസ്റ്റിനെയും ഏൽപ്പിച്ചു എന്റെ പഴയ ഗസ്റ്റുകളുടെ ഗയിഡ് ആയി തുടരാൻ.
രാത്രി 10 മണിയായപ്പോൾ തേക്കടിയിൽ നിന്നും ഞാൻ നെടുമ്പാശ്ശേരിക്ക് പുറപെട്ടു. ഇടുക്കിയുടെ കാലാവസ്ഥ അറിയാവുന്നള്ളവർക്ക് മനസ്സിലാകും ഡിസംബർ മാസം കോടമഞ്ഞ് ഇതെല്ലാം തരണം ചെയ്തു വേണം വാഹനമോട്ടിക്കാൻ. ശബരിമല സീസൺ ആയതിനാൽ അണ്ണാച്ചിമാരുടെ വണ്ടിയും. വണ്ടി പെരിയാർ കഴിഞ്ഞപ്പോൾ മനസ്സിലൊരു ആശയം ഉദിച്ചു. കുട്ടിക്കാനത്തു നിന്നും മുണ്ടക്കയം വരെ അയ്യപ്പന്മാരുടെ വണ്ടിയുടെ ശല്യമായിരിക്കും. കുറെക്കാലമായി മനസ്സിൽ വിചാരിക്കുന്നു വാഗമൺ വഴി രാത്രി ഒരു യാത്ര ചെയ്യണമെന്ന്. അതൊരു പുതിയ അനുഭവമാകുമല്ലോ എന്ന് കരുതി കുട്ടിക്കാനത്തു നിന്നും ഏലപ്പാറ വഴി വാഗമൺ ടച്ചു ചെയ്തു തൊടുപുഴ വഴി പെരുമ്പാവൂർ ചെന്ന് നെടുമ്പാശ്ശേരി കയറാമെന്ന്. ഇച്ചിരി റിസ്ക് പിടിച്ച പണിയാണെങ്കിലും മനസ്സിലൊരാഗ്രഹം.
അങ്ങനെ കുട്ടിക്കാനത്തു നിന്നും ഇടത്തോട്ടു തിരിയാതെ മുന്നോട്ടങ്ങനെ മുന്നോട്ടു ഓരോ ചുവടും മുന്നോട്ടു എന്ന് കരുതി വണ്ടിവിട്ടു. വിനോദസഞ്ചാര മേഖലയിലായത് കൊണ്ട് കാടും നാടും രാവും പകലുമെല്ലാം ഞങ്ങൾക്ക് ഒരു പോലെയാ. ഡിസംബറിന്റെ മഞ്ഞുപെയ്യുന്ന രാത്രിയും തേയില കാടുകളിടയിലൂടെയുള്ള ആ യാത്രയും ഇളം കുളിർകാറ്റും എന്റെ യാത്രയെ ആവേശത്തിലാക്കി.
ഏലപ്പാറ ടൌൺ എത്തുന്നതിനു മുൻപായി ഇടത്തോട്ടു കയറി വേണം വാഗമണ്ണിലോട്ട് പോകേണ്ടത്. വേറെ വണ്ടികൾ ഇല്ലാത്തതിനാലും എനിക്ക് കൂട്ട് ഞാൻ മാത്രമായതിനാലും ഒരു ഗുമ്മിന് വേണ്ടി സമ്മർ ഇൻ ബത്ലഹേമിലെ " ഒരു രാത്രി കൂടി വിടവാങ്ങവേ " എന്നുള്ള ഗാനവും ഓൺ ചെയ്തു ഞാൻ വണ്ടി വളച്ചു. ഏലക്കാട്ടിൽ നിന്നുള്ള ഒരു മണമുണ്ട് ഒരു പ്രത്യേക സുഖന്ദം അതുകൂടെയായപ്പോൾ യാത്രയുടെ ത്രില്ല് കൂടി വന്നു.
ഏലപ്പാറയിൽ നിന്നും ഒരു 4 കിലോമീറ്റർ കഴിഞ്ഞപ്പോൾ ചെറുതായി ചാറ്റൽ മഴ പെയ്തു. വണ്ടിയുടെ ഗ്ലാസ് കയറ്റി വൈപ്പർ ഇട്ടു ഹെഡ്ലൈറ്റ് ബ്രൈറ്റ് ആക്കി. മഴ ചെറുതായി ചാറുന്നത്തെ ഉള്ളായിരുന്നു.
പെട്ടെന്ന് കുറച്ചു ദൂരയായി ഒരു സ്ത്രീയുടെ രൂപം. റോഡിന്റെ നടുവിലൂടെ നടക്കുന്നു. ഞാൻ ഹോൺ നിർത്താതെ അടിച്ചു. വഴി മാറുന്ന ലക്ഷണമില്ലെന്നു കണ്ടപ്പോൾ ഞാൻ ബ്രേക്ക് ചവുട്ടി. പെട്ടെന്ന് മനസ്സിൽ കള്ളന്മാരുടെ ചിന്ത വന്നു. ഞാൻ വണ്ടി നിറുത്തി പുറത്തിറങ്ങിയാൽ ചിലപ്പോൾ പുറത്തു ഒളിഞ്ഞിരിക്കുന്ന അവന്മാർ എന്നെ ആക്രമിച്ചു വണ്ടിയും പൈസയും കൊണ്ട് കടന്നു കളയും അതിനാൽ എന്തോ വരട്ടെ എന്ന് കരുതി നിർത്താതെ ഹോൺ മുഴക്കി സ്പീഡിൽ വണ്ടിയെടുത്തു.
ജീവന് കൊതിയുള്ള ഏതൊരാളും അപ്പോൾ മുന്നിൽ നിന്നും മാറും എന്ന് എനിക്കുറപ്പായിരുന്നു.
പക്ഷെ എന്റെ പ്രതീക്ഷ മൊത്തം കാറ്റിൽ പറത്തി സംഭവിച്ചത് മറ്റൊന്നായിരുന്നു.പെട്ടെന്ന് ആ സ്ത്രീ രൂപം തിരിയുകയും അപ്രത്യക്ഷമാകുകയും ചെയ്തു. അതോടു ഞാൻ ആകെ പേടിച്ചു.
1 കിലോമീറ്റർ കൂടി മുന്നോട്ടു പോയ എനിക്ക് വീണ്ടും മുന്നോട്ടുപോകാനുള്ള ധൈര്യം നഷ്ട്ടപെട്ടു. ഇനി ഉള്ള വഴി അതീവ ദുർഘടം പിടിച്ചതാണെന്ന് എനിക്കറിയാമായിരുന്നു. തിരിച്ചു അത് വഴി പോകാനും മനസ്സിൽ ഒരു ഭയം. പക്ഷെ തിരിച്ചു കുട്ടിക്കാനം വഴി പോകുന്നതാണ് നല്ലതെന്ന് എന്റെ മനസ്സു ആവർത്തിച്ചു. പിന്നെ ഒന്നും നോക്കീല 1 കിലോമീറ്ററിന് ഇടയിലെ 4 വളവു വണ്ടി എങ്ങനെയാ തിരിച്ചതെന്നു ഇന്നും എനിക്കറിയില്ല. ആ രൂപം അപ്രത്യക്ഷ്മായത്തിന്റെ ഉടനെ വണ്ടി ചെറിയൊരു കുഴിയിൽ ചാടിയാണ് പോയത്. ആ ഓർമയിൽ തിരിച്ചു ആ കുഴിയിൽ ചാടിയപ്പോൾ ഞാൻ ചുറ്റും നോക്കി. കമ്പിവേലി കെട്ടിയ എലതോട്ടമാണ്. അവിടെ പരിസരത്തൊന്നും വീട്കളുമുണ്ടായിരുന്നില്ല.ഞാൻ സ്പീഡിൽ വിട്ടു 4 കിലൊമീറ്റെർ കഴിഞ്ഞു ഏലപ്പാറ വളവു തിരിഞ്ഞതും മെയിൻ റോഡിലെത്തിയതും ഞാൻ കണ്ട ആ രൂപം എന്റെ വണ്ടിയുടെ മുന്നിലൂടെ റോഡ് മുറിച്ചു കടന്നു പോകുന്നു.
അതുകൂടി കണ്ടതോടെ ഞാൻ ചത്തത് പോലെയായി. പിന്നെ എങ്ങനെയാ കുട്ടിക്കാനം എത്തിയതെന്ന് ഇന്നുമെനിക്കറിയില്ല.അപ്പോഴേക്കും സമയം രാത്രി 2.15 ആയി. കുട്ടിക്കാനത്തെ ഹോട്ടെലിൽ നിന്നും ഒരു ചായയും കുടിച്ചു കടക്കാരനോട് ചുമ്മാ ചോദിച്ചു ഈ സമയം വാഗമൺ വഴി പോയാൽ കുഴപ്പമുണ്ടോന്നു. പുള്ളി എന്നെ ആക്കിയത് പോലെ ഒരു ചിരി ചിരിച്ചു. പിന്നെ ഞാനൊന്നും ചോദിക്കാനോ പറയാനോ പോയില്ല. അവിടെ നിന്നും മുണ്ടാക്കയത്തേക്ക് ബസ് കാത്തിരുന്നു ഒരു ഫാമിലിയെ കിട്ടി. അവരെയും കൊണ്ട് ഞാൻ ചുരമിറങ്ങി.
ഇനി ഈ സംഭവം ഇത് കഥയായി നിങ്ങൾ കണ്ടാൽ മതി. ചിലപ്പോൾ എന്റെ തോന്നലാകാം.പക്ഷെ ആ രൂപം വീണ്ടും എങ്ങനെ 4 കിലോമീറ്റർ ഇപ്പുറത്തു ഞാൻ കണ്ടു. ഞാൻ അങ്ങോട്ട് പോകുമ്പോഴും വരുമ്പോഴോ മറ്റൊരു വാഹനവും വഴിയിൽ നിർത്തി ഇട്ടിരിക്കുന്നതായിട്ടോ പോകുന്നതായിട്ടോ ഞാൻ കണ്ടില്ലേ. മുന്പ് മനസ്സിൽ ഭയമുള്ള ഒരാളായിരുനെങ്കിൽ ഞാൻ ഇത്രയും റിസ്ക് ഉള്ള ആ വഴി തെരെഞ്ഞെടുക്കുമായിരുന്നില്ല. ഞാൻ വിനോദ സഞ്ചാര മേഖലയിൽ ആയിരുന്നതിനാൽ പല രാത്രികളിലും ഇതിലും കുഴപ്പം പിടിച്ച കാട്ടു വഴികളിലൂടെ യാത്ര ചെയ്തിട്ടുള്ള എനിക്ക് മുൻപൊന്നും ഇങ്ങനെയൊരു അനുഭവം ഉണ്ടാകാത്തതെന്തു.