A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

കോഴിയെപ്പോലെ കൊക്കുന്ന, തലയില്‍ പൂവുള്ള പാമ്പ്


കോഴിയെപ്പോലെ കൊക്കുന്ന, തലയില്‍ പൂവുള്ള പാമ്പ്. ഏതോ ഹോളിവുഡ് സിനിമയിലെ സങ്കര ജീവിയാണെന്ന് കരുതേണ്ട. മലബാർ പ്രദേശത്തെ കുടിയേറ്റ പ്രദേശങ്ങളിലെ പഴമക്കാരും കേരളത്തിലങ്ങോളമുള്ള വനപ്രദേശത്തുമുള്ള ആദിവാസികളും പറഞ്ഞു കേട്ടിട്ടുള്ള ഒരു വിഷ പാമ്പാണ് ഇത്. കരിങ്കോളി, മഞ്ഞക്കോളി, കരിവെതല, കരിചാത്തി എന്നീ പേരുകളിൽ ‌‌കഥകളിലെ മാത്രം അസ്തിത്വവുമായി ഇവൻ ഇന്നും മുത്തശ്ശിക്കഥകളിലൂടെ ഇഴഞ്ഞുന‌ടക്കുന്നു.
പ്രചാരത്തിലുള്ള ഇവന്റെ ശരീരവലിപ്പത്തിൽ പലയിടങ്ങളിലും അൽപ്പം അതിശയോക്തി കലർത്താറുണ്ടെങ്കിലും എല്ലാവരും പറയുന്ന ആകൃതി ഏകദേശം ഒരേപോലെ. കരിപോലെ കറുത്ത നിറവും ആക്രമണ സ്വഭാവവും. ഇരുളടഞ്ഞ കയങ്ങളിലാണു കൂടുതലും കാണപ്പെടുക.ആറ്റുവഞ്ചി എന്ന മരത്തിൽ കഴിയാനാണത്രെ ഇഷ്ടം. മുന്നിൽപ്പെടുന്നവരെല്ലാം ഓടി രക്ഷപ്പെടാറാണ് പതിവ്.
പൂവൻ കോഴിയുടെ കൂകലിനു സമാനമായ ശബ്ദം ഈ പാമ്പ് ആക്രമിക്കുമ്പോൾ ഉണ്ടാക്കും എന്നതാണ് കഥ. ഇത് കൂകുന്ന ശബ്ദംകേട്ടാൽ പണ്ടുകാലത്ത് വേ‌ട്ടക്ക് പോകുന്നവർ പേടിച്ച് തിരിച്ചുപോരും. ഒന്നിനെക്കൊന്നാൽ തെയ്യാൻ‌ പാമ്പ് (Amphiesma stolatum)എത്തുന്നതുപോലെ ഫിറോമോണിന്റെ മണം പി‌‌ടിച്ച് ഇണയും പാഞ്ഞെത്തുമെന്നും കൊന്നവനെ വെറുതെവി‌ടില്ലെന്നുമുള്ള ഭയമുളവാക്കുന്ന കഥകളും ധാരാളം.
പാമ്പുകളെക്കുറിച്ച് പ്രക‍ൃത്യാലുള്ള ഭയമാവാം ഇത്തരം കഥകൾ ചമയ്ക്കുന്നതിന് കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ദരുടെ അഭിപ്രായം. ഡോ . കെ ജി അടിയോടിയുടെ കേരളത്തിലെ വിഷപ്പാമ്പുകളെന്ന പുസ്തകത്തിൽ കരിങ്കോളി - ഒരു പ്രശ്നസർപ്പം എന്ന ശീർഷകത്തിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്.
രാജവെമ്പാലയെയാവാം ഇങ്ങനെ തെറ്റിദ്ധരിക്കപ്പെടുന്നതത്രെ. രാജവെമ്പാല തൊലിയുരിയുന്ന സമയങ്ങളിൽ ചിലപ്പോൾ തലയിൽ അവയുടെ തൊലി മുഴുവനായും പോകാതെ ചിലപ്പോ ഇരുന്നേക്കാം. പിന്നെ ഈ പാമ്പിന്റെ കൂകലിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ല. സ്വനപേടകം ഇല്ലാത്ത ജീവികളാണ് പാമ്പുകൾ.
എന്താണ് ഈ പാമ്പിനെ സംബന്ധിച്ച കഥകളെന്ന് നോക്കാം
ആഫ്രിക്കൻ കോഴിപാമ്പ്
തലയിൽ പൂവുള്ള ആൺ പാമ്പ് കൂകുന്നപോലെ ശബ്ദമുണ്ടാക്കുമ്പോൾ പെണ്‍പാമ്പ് കൊക്കുന്നു. ബ്ലാക്ക് മാംബ എന്നയിനം പാമ്പ് പടമുരിക്കുമ്പോള്‍ അവശേഷിക്കുന്ന തൊലി കണ്ട് തെറ്റിദ്ധരിച്ചതാകാമെന്ന് അവി‌ടുത്തെ പാമ്പ് വിദഗ്ദർ പറയുന്നു. പിന്നെ കൂകുന്ന ശബ്ദമുണ്ടാക്കുന്നത് ഇവ പിടിച്ച ഇരയേതെങ്കിലും ആയിരിക്കുത്രെ.
ഏതായാലും പരസ്പരം കണ്ടി‌ട്ടില്ലാത്ത ഭൂവിഭാഗങ്ങളിലെ ആദിവാസികളെപ്പോലുള്ളവർ ഒരേജീവിയെക്കുറിച്ച് പറയുന്നത് ആഫ്രിക്കയും ഇന്ത്യയും ഒറ്റ വന്‍കരയായിരുന്നെന്നുള്ള ഫലകചലനസിദ്ധാന്തം പോലെയുള്ളവയെ സാധൂകരിക്കുന്നതാണെന്ന് വിദഗ്ധർ പറയുന്നു. ആഫ്രിക്കയിലെ ഏഴോളം പ്രദേശങ്ങളിൽ ഈ പാമ്പ് ഒരു മിത്താണ്.
യൂറോപ്യൻ വാമൊഴിക്കഥകളിലെ ബാസിലിക്സ്
ഓർമ്മയില്ലേ ഹാരിപോ‌ട്ടർ കഥകളിലെ ബാസിലിക്സിനെ. ചേംബർ ഓഫ് സീക്രട്ടെന്ന ജെ കെ റൗളിങ്ങിന്റെ രണ്ടാം ഹാരി പുസ്തകത്തിലാണ് ഈ പാമ്പ് കഥാപാത്രമായി വരുന്നത്. യൂറോപ്യൻ വാമൊഴിക്കഥകളിലെ ഒരു വിചിത്ര സർപ്പമാണിത്. നമ്മുടെ കഥകളിൽനിന്ന് ഒരു പ‌ടികൂടി അതിശയോക്തി കലർത്തിയാണ് ഇവിടെ പ്രചരിക്കുന്ന ബാസിലിക്സിന്റെ ജനനം. ഒരു കോഴി അടയിരുന്ന പാമ്പിന്റെ മുട്ടയിൽ നിന്നാണത്രെ ഈ സർപ്പം പിറവിയെടുക്കുന്നത്.
ഒരു കഥ മാത്രമാണ് കരിങ്കോളി
നിരവധി ഊഹാപോഹങ്ങളും ഭാവനകളും കെട്ടുകഥകളും ഉണ്ടായിരിക്കുന്നു പാമ്പുകളെ പറ്റി. അക്കൂട്ടത്തിലെ ഒരു കഥ മാത്രമാണ് കരിങ്കോളിയെന്നാണ് വാവ സുരേഷിനെയും പി കെ ഉണ്ണിക‍കൃഷ്ണൻനായരെയും പോലുള്ളവരുടെ അഭിപ്രായം. ചരിത്രാന്വേഷികളെന്ന ഫേസ്ബുക്ക് പേജിൽ സാവിയോ എന്നൊരാൾ ഈ പാമ്പിനെക്കുറിച്ച് കേട്ടിട്ടുണ്ടോയെന്നന്വേഷിച്ചിട്ട പോസ്റ്റിനെത്തുടർന്ന് നിരവധിപ്പേർ വിവിധ അനുഭവങ്ങളും കേട്ടുകേൾവികളും പങ്കുവച്ചിരുന്നു.
ചാവറയച്ചന്റെ കഥകളിലും ഇത്തരമൊരു പാമ്പിനെക്കുറിച്ച് പറയുന്നുണ്ടത്രെ. ശാസ്ത്രലോകത്തിന്റെ കാണാമറയത്ത് അങ്ങനെയൊരുജീവി ഉണ്ടോയെന്നതിൽ പക്ഷേ ആരും തെളിവുമായി വന്നിട്ടില്ല. എല്ലാവരും പറയുന്നത് മറ്റാരെങ്കിലും കണ്ടെന്നോ പറഞ്ഞുകേട്ടെന്നോയുള്ള വിവരങ്ങൾ മാത്രം. മുതുവമ്മാരുടെ കഥകളിലെ പൊകയൻ പുലി ഒടുവിൽ വനംവകുപ്പ് രേഖകളിലിടം നേടിയപോലെ. കുളളനാനയും കരിങ്കോളിയുമൊക്കെ ഒരു ദിവസം പ്രത്യക്ഷമാകുമോ? ഇല്ലെന്നാണ് ഒരു കൂ‌ട്ടരുടെ വാദം, എന്നാൽ ഒരു ദിവസം തങ്ങൾ ഈ ജീവിയെ കണ്ടെത്തുമെന്ന വാദവുമായി മറ്റൊരു കൂട്ടരും.
(ഫോട്ടോ സാങ്കല്പികം) കടപ്പാട്: മനോരമ ഓൺലൈൻ