സൂര്യനും ഭൂമിയുമടക്കമുള്ള ഗ്രഹങ്ങളും നക്ഷത്രങ്ങളും നമ്മുടെ ഗാലക്സിയുടെ കേന്ദ്രഭാഗത്തെ ആസ്പദമാക്കി ഭ്രമണം ചെയ്യുന്നുവെന്ന് നമുക്ക് ഏകദേശം അറിവുള്ള വസ്തുതയാണല്ലോ. ഒരു ബഹിരാകാശ പേടകത്തിന്റെ ശരാശരി വേഗത്തിന്റെ ഏതാണ്ട് 30 മടങ്ങു വേഗതയിലാണ് നമ്മൾ ഗാലക്സിയുടെ കേന്ദ്രഭാഗത്തെ വലം വയ്ക്കുന്നത്. മിൽക്കി വേയിലെ മിക്ക നക്ഷത്രങ്ങൾക്കും ഏകദേശം ഒരേ വേഗതയാണ്. എന്നാൽ ചില നക്ഷത്രങ്ങൾ അതിന്റെ പരമാവധിവേഗതയേക്കാൾ(Stellar Speed) പതിന്മടങ്ങു വേഗതയിൽ സഞ്ചരിക്കാറുണ്ട്.ഇവയുടെ ഉന്നത വേഗത കാരണം ചിലപ്പോൾ ഗാലക്സിയുടെ പുറത്തേക്ക് വരെ തെറിച്ചു പോകുന്നു. സാധാരണ നക്ഷത്രത്തെ അപേക്ഷിച്ച് പ്രവേഗം വർദ്ധിച്ച നക്ഷത്രങ്ങളാണ് ഹൈപ്പർ വെലോസിറ്റി നക്ഷത്രങ്ങൾ അഥവാ അതി പ്രവേഗ നക്ഷത്രങ്ങൾ. ജ്യോതി ശാസ്ത്രം ഇന്നും ഇവയെക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ്. എവിടുന്നാണ് ഇവയ്ക്ക് ഈ വേഗത കൈവരുന്നത്?! എങ്ങനെയാണ്?! ഒന്നു പരിശോധിക്കാം.
ഇവയുടെ വേഗതയ്ക്ക് അടിസ്ഥാനമായ രണ്ടു മൂന്നു പ്രക്രിയകൾ ജ്യോതി ശാസ്ത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്. ഒന്നാമത്തെ പ്രക്രിയ നമ്മുടെ ഗാലക്സിയുടെ കേന്ദ്ര ഭാഗത്തുള്ള സൂപ്പർ മാസിവ് തമോ ദ്വാരവുമായിട്ടുള്ള സമ്പർക്കത്തിന്റെ ഫലമായിട്ടാണ് വേഗത കൈവരിക്കുന്നതിന് കരുതുന്നു. കൂടുതലായും ബൈനറി നക്ഷത്രങ്ങൾ നമ്മുടെ ഗാലക്സിയുടെ കേന്ദ്രഭാഗത്തോട് അടുപ്പിച്ചാണ് കാണപ്പെടുന്നത്. ഒരു വലിയ മാസ്സ് ഏറിയ നക്ഷത്രവും അതിനെ ഭ്രമണം ചെയ്യുന്ന രണ്ടു ചെറു നക്ഷത്രങ്ങളും അടങ്ങിയ ഒരു കുടുംബമാണ് ബൈനറി സിസ്റ്റം എന്നറിയപ്പെടുന്നത്. ബൈനറി സിസ്റ്റത്തിലെ ഒരു നക്ഷത്രം സൂപ്പർ മാസിവ് തമോ ദ്വാരത്തിൽ നിന്നുള്ള അത്യുന്നത ഗ്രാവിറ്റി ബലത്തിൽ ചുഴറ്റിഎറിയപ്പെടുന്നവയാണ് ഇവയെന്ന് ആദ്യത്തെ വാദം.
രണ്ടാമത് മുൻപോട്ട് വയ്ക്കുന്ന വാദം ഇതേ ബൈനറി സിസ്റ്റത്തിലുണ്ടാകുന്ന സൂപ്പർ നോവ സ്‌ഫോടനത്തിന്റെ ഫലമായിട്ടാണ് എന്നാണ്. സ്ഫോടന ഫലമായി സിസ്റ്റം ഭംഗപ്പെടുകയും തൽഫലമായി ഉന്നത പ്രവേഗത്തിൽ സിസ്റ്റത്തിൽ നിന്നും തെറിച്ചു പോകുന്നതാണ് എന്നും പറയുന്നു. സാധാരണ നക്ഷത്രങ്ങൾ സെക്കന്റിൽ 100 km വരെ വേഗത്തിൽ സഞ്ചരിക്കാറുണ്ട് എന്നാൽ അതി പ്രവേഗ നക്ഷത്രങ്ങൾ 1000 km/s വേഗത്തിൽ വരെ സഞ്ചരിക്കുന്നു. 1988 ൽ ജ്യോതി ശാസ്ത്രകാരനായ ജാക്ക് ഹിൽസ് ആണ് മിൽക്കി വേയിൽ ഇത്തരം നക്ഷത്രങ്ങളുടെ സാന്നിധ്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്. മിൽകി വേയിൽ ഏകദേശം ആയിരക്കണക്കിന് അതിപ്രവേഗ നക്ഷത്രങ്ങൾ ഉണ്ടെന്നു കരുതപ്പെടുന്നു. സൂപ്പർ മാസിവ് തമോദ്വാരങ്ങൾക്ക് അരികിലായി നിൽക്കുന്ന ബൈനറി സിസ്റ്റത്തിലെ ഒരംഗ നക്ഷത്രത്തെ തമോ ദ്വാരത്തിലേക്ക് ആകര്ഷിക്കപ്പെടുന്നു, അപ്പോൾ സിസ്റ്റത്തിലെ ബാക്കിയുള്ള അംഗ നക്ഷത്രത്തിന്റെ ഓർബിറ്റൽ പ്രവേഗം വർദ്ധിക്കുകയും സിസ്റ്റത്തിൽ നിന്ന് തെറിച്ചു പോവുകയും ചെയ്യുന്നു. ബ്ലാക്ക് ഹോളിന്റെ പിടിയിൽ പെടാതെ ഇത്തരം നക്ഷത്രങ്ങൾ ഗാലക്സിയുടെ വെളിയിലേക്കും കടക്കാമെന്നു അനുമാനിക്കുന്നു.
ന്യൂട്രോൺ നക്ഷത്രങ്ങളുമായി ബന്ധപ്പെട്ടും ജ്യോതി ശാസ്ത്രത്തിൽ വിലയിരുത്തലുകളുണ്ട്. ചില ന്യൂട്രോൺ നക്ഷത്രങ്ങൾ അതിപ്രവേഗ നക്ഷത്രങ്ങളെ പോലെ സഞ്ചരിക്കാറുണ്ട്. സൂപ്പർ നോവ സ്ഫോടനത്തിന്റെ പരിണിത ഫലമാണ് ന്യൂട്രോൺ നക്ഷത്രങ്ങൾ. 2005 ൽ നാസയുടെ X റേ ടെലിസ്കോപ് ആയ ചന്ദ്ര X റേ ഒബ്സർവേറ്ററി സെക്കൻഡിൽ 1500 km വേഗതയിൽ സഞ്ചരിക്കുന്ന ഒരു ന്യൂട്രോൺ നക്ഷത്രത്തെ കണ്ടെത്തിയിരുന്നു. RXJO822-4300 എന്നാണ് ആ നക്ഷത്രത്തിന്റെ പേര്. ന്യൂട്രോൺ നക്ഷത്രങ്ങളും ഹൈപ്പർ വെലോസിറ്റി നക്ഷത്രങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണ്? ഒരു ബൈനറി സിസ്റ്റത്തിലെ വെള്ളകുള്ളൻ(White Dwarf) ഒപ്പം ഭ്രമണം ചെയ്യുന്ന നക്ഷത്രവുമായി കൂട്ടി ഇടിക്കുന്നു. ഇതേ സമയത്ത് ഇവ രണ്ടും ഉന്നത ഭ്രമണ വേഗതയിലായിരിക്കും. മാസ്സ് ഏറിയ വെള്ളക്കുള്ളനിൽ നിന്നുള്ള കൂട്ടിയിടിയുടെ ഫലമായുള്ള ബലത്തിൽ അതേ സിസ്റ്റത്തിൽ നിന്നും ഉന്നത പ്രവേഗത്തിൽ തെറിച്ചു പോകുന്ന നക്ഷത്രമാണ് ഹൈപ്പർ വെലോസിറ്റി നക്ഷത്രമെന്നും, അതേ സിസ്റ്റത്തിൽ പിന്നീട് സൂപ്പർ നോവ സ്ഫോടനമുണ്ടാകുമെന്നും അതിന്റെ ഫലമായിട്ട് സിസ്റ്റത്തിൽ ബാക്കി വരുന്ന വെള്ളകുള്ളൻ പുറത്തേക്ക് തെറിച്ചു പോവുകയും ഉന്നത പ്രവേഗത്തിൽ കത്തിത്തീർന്നു ന്യൂട്രോൺ നക്ഷത്രമാവുകയും ചെയ്യുന്നുവെന്നാണ് ചില വിലയിരുത്തലുകൾ. എന്നിരുന്നാലും ഹൈപ്പർ വെലോസിറ്റി നക്ഷത്രങ്ങളെ കുറിച്ച് പൂർണമായും ചുരുളഴിക്കാൻ സാധിച്ചിട്ടില്ല.