A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

റിസര്‍ച്ച് ആന്‍ഡ്‌ അനാലിസിസ് വിംഗ് (RAW) Part 1

ഡിസംബർ 14, 1971 . ഹാഷിംപുരയിലെയും ഗുവഹാത്തിയിലെയും ഇന്ത്യൻ വ്യോമസേനാ താവളത്തിൽ ഒരു സന്ദേശമെത്തി. ധാക്കയിലെ പ്രതിരോധപരമായി യാതൊരു പ്രാധാന്യവും ഇല്ലാതിരുന്ന നഗരമധ്യത്തിലുള്ള ഒരു കൊളോണിയൽ കെട്ടിടം ഉടൻ തന്നെ ലക്ഷ്യം വയ്ക്കണം.

ഇന്ത്യൻ വ്യോമത്താവളങ്ങളിൽ നിന്നുയർന്ന മിഗ് 21 വിമാനങ്ങൾ ധാക്കയിലെ ആ കെട്ടിടം ബോംബുകൾ വർഷിച്ചു തരിപ്പണമാക്കി.ബോംബുകൾ വീഴുന്ന സമയത്തു കിഴക്കൻ പാക്കിസ്ഥാൻറെ കാബിനെറ്റ്, യുദ്ധത്തിൽ കീഴടങ്ങൽ ഒഴിവാക്കാൻ വേണ്ട നടപടികളെ കുറിച്ചു ചർച്ച ചെയ്യാൻ അടിയന്തിരമായി വിളിച്ചു ചേർത്ത യോഗം നടക്കുകയായിരുന്നു ആ കെട്ടിടത്തിൽ. ആക്രമണത്തിൽ നിന്നും കിഴക്കൻ പാക്കിസ്ഥാൻ മേധാവിയായിരുന്ന എംഎംഎം മാലിക്കും കൂടെയുണ്ടായിരുന്നവരും തലനാരിഴക്ക് രക്ഷപെട്ടുവെങ്കിലും അധികം താമസിയാതെ മാലിക് തന്റെ രാജി സമർപ്പിച്ചു. രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോൾ പാക്കിസ്ഥാൻ നിരുപാധികം ഭാരത സൈന്യത്തിന് മുൻപിൽ കീഴടങ്ങി.
കുറച്ചു കാലത്തേക്കെങ്കിലും പ്രതിരോധ ഗവേഷകരെയും ചരിത്രകാരന്മാരെയും കുഴക്കിയിരുന്ന ചോദ്യമായിരുന്നു പാക്കിസ്ഥാൻ രഹസ്യമായി വിളിച്ചു ചേർത്ത യോഗം എങ്ങനെ ഭാരത സൈന്യം കൃത്യമായി കണ്ടു പിടിച്ചുവെന്ന്. പല ഊഹാപോഹങ്ങളും പ്രചരിപ്പിക്കപ്പെട്ടു. ആ മീറ്റിങ്ങിൽ ഇന്ത്യയുടെ ചാരൻ ഉണ്ടായിരുന്നു എന്നു വരെ. ബംഗ്‌ളാദേശ് യുദ്ധത്തിനും രണ്ടു വർഷം മുമ്പ് 1968 സെപ്റ്റംബർ 21 നു സ്ഥാപിതമായ ഭാരതത്തിന്റെ രഹസ്യാന്വേഷണ ഏജൻസി “റോ” യുടെ മുന്നിൽ വച്ചിരുന്ന ലക്ഷ്യങ്ങളിൽ ഏറ്റവും മുൻഗണന നൽകിയ വിഷയമായിരുന്നു ബംഗ്ലാദേശിനെ പാക്കിസ്ഥാനിൽ നിന്നും അടർത്തി മാറ്റുക എന്നത്. “റോ” യുടെ സീക്രട്ട് കോഡിങ് സ്പെഷ്യലിസ്റ്റുകൾ പാക്കിസ്ഥാൻ സൈന്യത്തിൽ നിന്നും പിടിച്ചെടുത്തു നൽകിയ വിവരമനുസരിച്ചാണ് വ്യോമസേനാ ആ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയത്. സൈന്യത്തോടൊപ്പം ചേർന്നു “റോ” നടത്തിയ ആദ്യത്തെ വിജയകരമായ ദൗത്യമായിരുന്നു 1971 യുദ്ധം. ആക്രമണത്തിനുള്ള ഫീൽഡ് ഇൻഫോർമേഷൻ നൽകുന്നതിനൊപ്പം തന്നെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളും അനുകൂലമാക്കുന്നതിൽ “റോ” അസാമാന്യ പാടവം കാഴ്ച വച്ചു.
1947 ൽ സ്വാതന്ത്ര്യം നേടിയതോടു കൂടി ഭാരതത്തിന് തകർന്ന സമ്പദ് വ്യവസ്ഥയോടെപ്പം ചുറ്റുമുള്ള ശത്രുക്കളെ കൂടി നേരിടേണ്ട സാഹചര്യമായിരുന്നു. 1962 ലെ ചൈന യുദ്ധത്തിൽ രുചിച്ച പരാജയം പ്രതിരോധമേഖലയിൽ കാര്യമായ ചില പൊളിച്ചെഴുത്തുകൾ വേണമെന്ന തിരിച്ചറിവിലേക്ക് നേതൃത്വത്തെ നയിച്ചു.1965 ലെ പാക്കിസ്ഥാൻ യുദ്ധത്തോടു കൂടി ഭാരതത്തിന്റെ ഫോറിൻ ഇന്റലിജന്റ്സ് സംവിധാനം ശക്തിപ്പെടുത്താൻ നീക്കങ്ങൾ ത്വരിതപ്പെടുത്തി. ബ്രിട്ടീഷ് ഭരണകാലം മുതൽ ഭാരതത്തിന്റെ അഭ്യന്തരവും വൈദേശികവുമായ ഇന്റലിജൻസ് കൈകാര്യം ചെയ്തിരുന്നത് ഇന്റലിജന്റ്സ് ബ്യൂ”റോ” ( IB ) ആയിരുന്നു. ജവഹർലാൽ നെഹ്റുവിന്റെ കാലഘട്ടത്തിൽ തന്നെ വിദേശ ഇന്റലിജൻസ് ഒരു പ്രത്യേക ഏജൻസിയുടെ കീഴിൽ ആക്കുവാൻ തീരുമാനിച്ചെങ്കിലും ഇന്ദിരാഗാന്ധിയുടെ കാലഘട്ടത്തിലാണ് അത് പ്രാവർത്തികമായത്. 1968 സെപ്തംബർ 21 ന് R.N.KAO യുടെ നേതൃത്വത്തിൽ “റോ” (Research and Analysis Wing) നിലവിൽ വന്നു. ഒറ്റപ്പാലം സ്വദേശിയായിരുന്ന ശങ്കരൻ നായർ ഡെപ്യൂട്ടി ചീഫ് ആയി. മറ്റു പ്രതിരോധ വിഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രധാനമന്ത്രിക്ക് നേരിട്ടു റിപ്പോർട്ട് നൽകുന്ന രീതിയിൽ ആയിരുന്നു “റോ” യുടെ ഘടന. പാക്കിസ്ഥാൻ, ചൈന, കിഴക്കൻ പാക്കിസ്ഥാൻ എന്നിവിടങ്ങളിലെ സൈനിക, വൈദേശിക, അഭ്യന്തര രാഷ്ട്രീയ വിഷയങ്ങൾ ആയിരുന്നു തുടക്കത്തിൽ “റോ” ക്ക് ഏറ്റെടുക്കേണ്ടി വന്ന ദൗത്യങ്ങൾ.
പാക്കിസ്ഥാൻ ഭാരതത്തിന്റെ കിഴക്കു നിന്നും പടിഞ്ഞാറു നിന്നും പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടിരുന്ന സാഹചര്യം. ഭാരതത്തിന്റ വടക്ക് കിഴക്കൻ മേഖലയിൽ ധാക്കയിൽ നിന്നുള്ള പാക്കിസ്ഥാന്റെ നുഴഞ്ഞുകയറ്റക്കാർ മൂലമുള്ള പ്രശ്നങ്ങൾ കൂടി വന്നു കൊണ്ടിരുന്നു. ഭാരതത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ നിന്നും പാക്കിസ്ഥാൻറെ സൈനിക വിമാനങ്ങൾ സൈനികരെയും മറ്റു യുദ്ധോപകരണങ്ങളും മറ്റുമായി ഭാരതത്തിനു മുകളിലൂടെ യഥേഷ്ടം കിഴക്കൻ പാക്കിസ്ഥാനിലേക്ക് പറന്നു കൊണ്ടിരുന്നു. ഇതിൽ പതിയിരുന്ന അപകടം തിരിച്ചറിഞ്ഞ ഭാരതം ഇതിനു അറുതി വരുത്തണമെന്ന് നിശ്ചയിച്ചു.
1971 ന്റെ തുടക്കം മുതൽ തന്നെ പാക്കിസ്ഥാൻ ഭരണകൂടത്തോടുള്ള ബംഗ്ലാദേശി ജനതയുടെ വിരോധം കൂടിവരികയും പ്രതിഷേധങ്ങൾ ആളിക്കത്തുകയും ചെയ്തു. എന്നാൽ എല്ലാ പ്രതിഷേധങ്ങളെയും പാക് ഭരണകൂടം നിർദ്ദാക്ഷിണ്യം അടിച്ചമർത്തി. കൂട്ടക്കൊലകൾ വ്യാപകമായി.“റോ” ബംഗ്ലാദേശിലെ പ്രക്ഷോഭകാരികളെ ശക്തിപെടുത്താൻ വേണ്ട സഹായങ്ങൾ ചെയ്തു തുടങ്ങി. ബംഗ്ലാദേശി പ്രക്ഷോഭകർ “റോ” യുടെ സഹായത്തോടു കൂടി മുക്തി ബാഹിനി എന്ന ഗറില്ലാ സംഘടനാ രൂപീകരിച്ചു. ഭാരത സൈന്യം മുക്തി ബാഹിനിക്കു യഥേഷ്ടം ആയുധങ്ങളും പരിശീലനവും നൽകി.
ഇതേ സമയത്തു തന്നെ കശ്മീരിൽ നുഴഞ്ഞു കയറിയ അൽ ഫത്താഹ് എന്ന പാകിസ്ഥാനി ഭീകരസംഘടനയിൽ പെട്ട 36 ഓളം പേരെ BSF അറസ്റ്റ് ചെയ്തു. ഈ സംഘടനയുടെ കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് വേണ്ടി ഹാഷും ഖുറേഷി എന്ന “റോ” ഏജൻറ് നിയോഗിക്കപ്പെട്ടു. പാകിസ്ഥാനിലേക്ക് നുഴഞ്ഞു കയറിയ ഖുറേഷി പക്ഷെ കൂറുമാറി. രാജീവ് ഗാന്ധി പറത്തുന്ന വിമാനം പാക്കിസ്ഥാനിലേക്കു തട്ടി കൊണ്ടുപോകാൻ ഖുറേഷി തയ്യാറായി. ഈ ലക്ഷ്യവുമായി അയാൾ ഇന്ത്യയിൽ തിരിച്ചെത്തി. എന്നാൽ ഖുറേഷി യുടെ കൂറുമാറ്റം മനസ്സിലാക്കിയ “റോ”, ഖുറേഷിയെ അറസ്റ്റു ചെയ്തു. വധശിക്ഷക്ക് വിധേയനാക്കാതിരിക്കണമെങ്കിൽ “റോ” ക്കു വേണ്ടി ഒരു ഓപ്പറേഷൻ കൂടി നടത്തണം എന്നു ആവശ്യപ്പെട്ടു. ജീവൻ രക്ഷിക്കാൻ വേണ്ടി ഖുറേഷി അതിനു സമ്മതം മൂളി. ഇതു പ്രകാരം 1971 ജനുവരി 30 നു ഇന്ത്യൻ എയർലൈൻസിന്റെ ഗംഗ എന്ന വിമാനം ചില യാത്രികരോട് കൂടി ഖുറേഷി കറാച്ചിയിലേക്കു തട്ടിക്കൊണ്ടു പോയി. നേരത്തെ ഇന്ത്യയുടെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന 36 ഭീകരരെ വിട്ടയക്കുക എന്നതായിരുന്നു ആവശ്യം. ഏതാനും സമയത്തിനുള്ളിൽ ലോകം മുഴുവൻ വാർത്ത പരന്നു . ഇന്ത്യ ഈ ആവശ്യം നിരാകരിച്ചു. കറാച്ചി വിമാനത്താവളത്തിൽ ഉണ്ടായിരുന്ന വിമാനം പാക്കിസ്ഥാൻ പട്ടാളം അഗ്നിക്കിരയാക്കി. യാത്രികരായി വിമാനത്തിൽ ഉണ്ടായിരുന്നവർ (അവർ “റോ” ഏജന്റുമാരായിരുന്നു എന്നു പിന്നീട് വെളിപ്പെട്ടു) സുരക്ഷിതരായി ഭാരതത്തില്‍ തിരിച്ചെത്തി. ഖുറേഷി പാക്കിസ്ഥാനിൽ ഒരു ഹീറോ ആയി.
ഈ നാടകത്തിന്റെ പരിണിത ഫലം – പാക്കിസ്ഥാന്റെ വിമാനങ്ങൾക്ക് ഇന്ത്യ തങ്ങളുടെ വ്യോമാതിർത്തിയിൽ നിരോധനം ഏർപ്പെടുത്തി. ഇന്ദിരാ ഗാന്ധി ലോകരാജ്യങ്ങളിൽ പര്യടനം നടത്തുകയും പാക്കിസ്ഥാൻ അപകടകാരിയാണെന്ന ധാരണ ഉണ്ടാക്കിയെടുക്കുകയും ചെയ്തു. മിക്ക രാജ്യങ്ങളും ഇന്ത്യയുടെ നടപടി ആവശ്യമാണെന്ന നിഗമനത്തിൽ എത്തി. പടിഞ്ഞാറൻ പാക്കിസ്ഥാനിൽ നിന്നും നേരിട്ടു കിഴക്കൻ പാക്കിസ്ഥാനിലേക്കു പറന്നിരുന്ന പാക് വിമാനങ്ങൾ അതോടു കൂടി ചുറ്റി വളഞ്ഞു ശ്രീലങ്ക വഴി പറക്കേണ്ടി വന്നു.
1971ന്റെ തുടക്കത്തിൽ തന്നെ കിഴക്കൻ പാക്കിസ്ഥാനെ ആക്രമിച്ചു ബംഗ്ലാദേശിനെ വേർപെടുത്താൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ജനറൽ സാം മനേക് ഷായോട് ആവശ്യപ്പെട്ടു.എന്നാൽ ഭാരതം അതുവരെയും സൈന്യത്തെ ഒരു പ്രതിരോധ ഉപാധി എന്നതിൽ കവിഞ്ഞു ശത്രുവിനെ ആക്രമിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയായിരുന്നില്ല സൈന്യത്തെ സജ്‌ജമാക്കിയിരുന്നതു. അതുകൊണ്ടു തന്നെ ബംഗ്ളാദേശിനെ ആക്രമിക്കാൻ തക്ക വിധത്തിലുള്ള വിവരങ്ങളോ പദ്ധതിയോ സൈന്യത്തിന് ഇല്ലാത്തതിനാൽ മനേക് ഷാ കൂടുതൽ സമയം ആവശ്യപ്പെട്ടു. തുടർന്നു “റോ” യും സൈനിക നേതൃത്വവും ഒരുമിച്ചു കിഴക്കൻ പാക്കിസ്ഥാനെ ആക്രമിക്കാനും ബംഗ്ലാദേശിനെ വേര്പെടുത്താനും ഉള്ള തെയ്യാറെടുപ്പുകൾ തുടങ്ങി.
1971 ഡിസംബർ 3 നു ഭാരതത്തിന്റെ എയർ ബേസ് പാക്കിസ്ഥാൻ ആക്രമിച്ചതിനെ തുടർന്ന് ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം പ്രഖ്യാപിച്ചു. പടിഞ്ഞാറൻ പാക്കിസ്ഥാനിൽ നിന്നും പാക് വിമാനങ്ങൾ കൊളോമ്പോയിൽ നിന്നും ഇന്ധനം നിറച്ചു കൊണ്ടു ബംഗ്ളാദേശിലേക്കു ആക്രമണം നടത്താൻ പറന്നപ്പോൾ ഇന്ദിരാഗാന്ധിയുടെ ശക്തമായ താക്കീത് ഇന്ധനം നൽകാനുള്ള സൗകര്യം തുടരുന്നതിൽ നിന്നും ശ്രീലങ്കയെ വിലക്കി. ഇതോടൊപ്പം തന്നെ ഇന്ത്യൻ നാവികസേന പടിഞ്ഞാറൻ പാക്കിസ്ഥാനിലും ശക്തമായ ആക്രമണം അഴിച്ചു വിട്ടു. കറാച്ചി പോർട്ട് അക്ഷരാർത്ഥത്തിൽ തകർന്നു തരിപ്പണമായി. “റോ” നൽകിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ ആക്രമണങ്ങൾ എല്ലാം തന്നെ. അതിന്റെയെല്ലാം പരിണിതഫലമാണ് 1971 ഡിസംബർ 16 ന് പാക്കിസ്ഥാൻ ഇന്ത്യക്കു മുൻപാകെ കീഴടങ്ങുന്നതായി പ്രഖ്യാപിച്ചു കൊണ്ടു Instrument Of Surrender ഒപ്പു വച്ചതു. പാക്കിസ്ഥാന്റെ പരാജയത്തിനൊപ്പം തന്നെ ലോക ഭൂപടത്തിൽ ബംഗ്ലാദേശ് എന്ന രാജ്യം പിറവിയെടുത്തു.
ഭാരതത്തിന്റെ യുദ്ധ വിജയങ്ങളിൽ സൈന്യത്തോടൊപ്പം തന്നെ എടുത്തു പറയേണ്ടതാണ് “റോ” യുടെ പങ്കും. വിദേശത്തു തങ്ങളുടെ ദൗത്യത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കെ ശത്രുവിൻറെ പിടിയിൽ അകപ്പെട്ടു ക്രൂര പീഡനങ്ങൾക്കു വിധേയരായി ജീവൻ വെടിയേണ്ടി വന്ന രവീന്ദർ കൗശിക്കിനെ പോലെയുള്ളവർ നിരവധിയുണ്ട്. അവരുടെ പ്രവർത്തങ്ങൾ പുറത്തറിയാതെ ചെയ്യേണ്ടത് കൊണ്ടു മാത്രമാണ് അംഗീകാരങ്ങൾ അവർക്കു അന്യം നിൽക്കുന്നത്. അവർ ഏർപ്പെട്ട ദൗത്യം ലോകം അറിയരുത് എന്നത് കൊണ്ടു മാത്രം പ്രവർത്തനത്തിന്നിടെ മരണപെട്ടാൽ സാധാരണ ജവാന്മാർക്ക് കിട്ടുന്ന വീരോചിതമായ യാത്രയപ്പ് പോലും അവർക്കു അന്യം. എന്നിരുന്നാലും അതിൽ പരാതിയൊന്നുമില്ലാതെ അവരുണ്ട് നമ്മുടെ രാജ്യത്തും വിദേശത്തും ഭാരതമെന്ന രാഷ്ട്രത്തിനു അദൃശ്യമായ സുരക്ഷാ വലയം തീർത്തുകൊണ്ട്.
കടപ്പാട് >

ജന്മഭൂമി