നക്ഷത്രങ്ങളും വാതക ധൂളീ പടലങ്ങളും മറ്റനവധി ജ്യോതിർ ഗോളങ്ങളും കൊണ്ടു നിർമ്മിതമായതാണ് നമ്മുടെ ഗാലക്സി. സർപ്പിളാകൃതി ആണെങ്കിലും മിൽകി വേ ചെറിയ രീതിയിൽ വക്രീകരിക്കുന്നുണ്ട്. എന്താണ് ഈ വക്രീകരണ ഘടനയുടെ കാരണം? Galatic warp എന്നാണ് ഇത്തരം ഘടനയ്ക്ക് പറയുന്നത്. കുറച്ചു നാളായി ജ്യോതി ശാസ്ത്ര ഗവേഷകരെ കുഴക്കിയ വസ്തുതയായിരുന്നു ക്ഷീരപഥത്തിന്റെ വക്രീകരണകൃതി. മിൽകി വേയുടെ രണ്ടു ഹസ്വ ഉപഗാലക്സികളാണ് മഗല്ലനിക് മേഘങ്ങൾ. അവ രണ്ടെണ്ണമാണ് ചെറിയ മഗല്ലനിക് മേഘവും വലിയ മഗല്ലനിക് മേഘവും. ഈ മഗല്ലനിക് മേഘങ്ങളും അവയുടെ ചില പ്രവർത്തനങ്ങളും കാരണമാണ് ഗാലക്സിയുടെ വക്രീകരണത്തിന്റെ ഹേതു. അരപ്പതിറ്റാണ്ടിലേറെയായി ജ്യോതി ശാസ്ത്രകാരന്മാർ ഇതിന്റെ കാരണം തേടുകയായിരുന്നു. ഈ വക്രീകരണ ഘടനയ്ക്ക് ഏതാണ്ട് 200,000 പ്രകാശ വർഷം വ്യാസമുണ്ടെന്നു കരുതുന്നു. അന്ധാകൃതിയിലുള്ള ഈ ഘടനയെ ഒരു വശത്തു നിന്നു വീക്ഷിക്കുമ്പോൾ ഒരു ഭാഗം ഉയർന്നും മറു വശത്തു നിന്നു വീക്ഷിക്കുമ്പോൾ താഴ്ന്നുമിരിക്കുന്നുവെന്നാണ് സൈദ്ധാന്തികമായുള്ള അനുമാനം. അതിന്റെ ചുരുളുകൾ അഴിച്ചു കൊണ്ട് മൂന്നോളം സിദ്ധാന്തങ്ങൾ അവതരിപ്പിക്കുകയുണ്ടായി അതിലേക്ക് കടക്കാം.
ഹസ്വ ഗാലക്സികളായ മഗല്ലനിക് മേഘങ്ങൾ നമ്മുടെ ഗാലക്സിയെ ഏതാണ്ട് 1.5 ബില്യൺ വർഷങ്ങൾ കൊണ്ട് ഭ്രമണം ചെയ്യുന്നു. ഈ ഉപ ഗാലക്സികളിൽ നിന്നുള്ള അതി ശക്തമായ ഗ്രാവിറ്റി ബലം കാരണമാണ് വക്രീകരിക്കപ്പെത്താതെന്നാണ് ആദ്യം അവതരിപ്പിച്ച സിദ്ധാന്തം. പിന്നീട് ഈ സിദ്ധാന്തം തിരസ്കരിക്കുകയുണ്ടായി. കാരണം മഗല്ലനിക് ഉപ ഗാലക്സികളുടെ ആകെയുള്ള പിണ്ഡമെടുത്താൽ മില്കി വേയുടെ രണ്ടു ശതമാനം മാത്രമേ ആകുന്നുള്ളു, മിൽകി വെയേക്കാളും എത്രയോ മടങ്ങു ചെറുതും ഭാരം കുറഞ്ഞതുമായ മഗല്ലനിക് ഉപ ഗാലക്സികളാൽ മിൽകി വെ വക്രീകരിക്കപ്പെടാനുള്ള സാധ്യത കുറവാണു എന്നതാണ് ആദ്യം അവതരിപ്പിച്ച സിദ്ധാന്തo തള്ളാൻ കാരണമെന്നാണ് പറയപ്പെടുന്നത്. എന്നിരുന്നാലും ഈ സിദ്ധാന്തത്തെ പൂർണമായും തിരസ്കരിക്കാതെ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് കാലിഫോർണിയൻ യൂണിവേഴ്‌സിറ്റിയിലെ ഒരുകൂട്ടം ഗവേഷകർ വീണ്ടും അവതരിപ്പിച്ചു. കമ്പ്യൂട്ടർ മോഡലുകൾ അടിസ്ഥാനമാക്കിയുള്ള ചില പഠനങ്ങൾ
പ്രകാരം മഗല്ലനിക്ക് മേഘങ്ങൾ മിൽകി വേയുടെ ആകൃതിയിൽ വക്രീകരിക്കുകയും നിഗൂഢമായ ഇരുണ്ട
ദ്രവ്യം മാധ്യമമാക്കി സഞ്ചരിക്കുകയും ചെയ്യുന്നുവെന്നാണ് ഗവേഷകർ അവതരിപ്പിച്ച മാറ്റം വരുത്തിയ രണ്ടാമത്തെ സിദ്ധാന്തം. ഭൗതികപരമായി മേല്പറഞ്ഞ നിഗൂഢ ഇരുണ്ട ദ്രവ്യത്തെ(Mysterious Dark Matter ) നഗ്ന നേത്രങ്ങളാലോ, സാങ്കേതികപരമായോ കാണുവാൻ സാധ്യമല്ല. കാരണം അവ ദൃശ്യ പ്രകാശത്തെ പുറപ്പെടുവിക്കുകയോ പ്രതിഫലിപ്പിക്കുകയോ ചെയ്യാറില്ല. സൈദ്ധാന്തികമായി ഇരുണ്ട ദ്രവ്യം ഉണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. അങ്ങനെ ഇരുണ്ട ദ്രവ്യത്തിലൂടെ സഞ്ചരിക്കുന്ന മഗല്ലനിക് മേഘങ്ങളിൽ നിന്നുള്ള അതി ശക്തമായ ഗ്രാവിറ്റി ശക്തി പ്രവാഹം കാരണമാണ് മില്കി വേയുടെ ഒരു ഭാഗം വക്രീകരിക്കപ്പെത്താതെന്നാണ് അവരുടെ വാദം.
കാലിഫോർണിയൻ യൂണിവേഴ്‌സിറ്റിയിലെ തന്നെ മറ്റൊരു ജ്യോതി ശാസ്ത്ര ഗവേഷകനായ ലിയോ ബ്ലിസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന പഠന പ്രകാരം മേല്പറഞ്ഞ രണ്ടാം സിദ്ധാന്തത്തിലും ചില മാറ്റങ്ങൾ വരുത്തി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മഗല്ലനിക്ക് ഉപ ഗാലക്സികളും ഇരുണ്ട ദ്രവ്യവും തമ്മിലുള്ള പ്രവർത്തനത്തിന്റെ ഫലമായുള്ള ഗുരുത്വാകർഷണ ബലം മിൽകി വേയുടെ ഹൈഡ്രജൻ മണ്ഡലത്തിൽ കമ്പനങ്ങൾ(Vibrations) ഉണ്ടാക്കുകയും, അത് കാരണം ഹൈഡ്രജൻ മണ്ഡലം സ്പന്ദിക്കുകയും തൽഫലമായി മില്കി വേയ്ക്ക് ഒരു വക്രീകരണ ഘടന ഉണ്ടാവുകയും ചെയ്യുന്നു. അതായത് ഒരു മേശവിരിപ്പിന്റെ അരികുകകൾ ഫാനിന്റെ കാറ്റിൽ ചലിക്കുന്നത് പോലെയെന്ന് പറയാം. മിക്ക ഗാലക്സികൾക്കും ഇത്തരത്തിൽ ഒരു വക്രീകരണ ഘടനയുണ്ടെന്നാണ് പറയുന്നത്.