നക്ഷത്ര ഗണങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരു തരം വാതക മേഘ പടലങ്ങളാണ് അതിപ്രവേഗ മേഘങ്ങൾ(High Velocity Clouds). പേരു പോലെ തന്നെ ഉന്നത പ്രവേഗത്തിൽ സഞ്ചരിക്കുന്നതിനാലാണ് അതി പ്രവേഗ മേഘങ്ങൾ എന്നു വിളിക്കാൻ കാരണം. ഗാലക്സിയുടെ കേന്ദ്ര ഭാഗത്തെ ആസ്പദമാക്കി സെക്കൻഡിൽ നൂറുകണക്കിന് കിലോമീറ്റർ വേഗതയിലാണിവ സഞ്ചരിക്കുന്നത്. ന്യൂട്രൽ ഹൈഡ്രജനാൽ നിര്മിതമായതാണ് ഈ മേഘങ്ങൾ. നമുക്ക് അവയെ HV-മേഘങ്ങളെന്നു ചുരുക്കി വിളിക്കാം. HV മേഘങ്ങളുടെ ഉൽപത്തി സംബന്ധിച്ച് ജ്യോതി ശാസ്ത്രത്തിൽ സിദ്ധാന്തങ്ങളൊന്നുമില്ല. ഇപ്പോഴും ഇതൊരു പഠന വിഷയമാണ്. മിൽക്കി വേയുടെ പ്രഭാ മണ്ഡലത്തിലാണ്(Galatic Halo) ഇവയെ കാണുവാൻ സാധിക്കുന്നത്. സൂര്യനെക്കാൾ മില്യൺ മടങ്ങു ഭാരമേറിയതാണ് HV-മേഘങ്ങൾ. ഈ മേഘങ്ങൾ എങ്ങനെ ഗാലക്സിയുടെ കേന്ദ്ര ഭാഗത്ത് എത്തിപ്പെട്ടു എന്നതിനെ സംബന്ധിച്ച് ജാൻ ഊർട്ട് അടക്കമുള്ള ജ്യോതി ശാസ്ത്രജ്ഞർ പ്രസ്താവന നടത്തിയെങ്കിലും ഇതിന്റെ ഉത്പത്തി നിഗൂഢമായി തന്നെ തുടരുന്നു. എന്നാലും മിൽക്കി വേയുടെ ഉപഗാലക്സികളായ മഗല്ലനിക് മേഘങ്ങളും മിൽക്കി വേയും തമ്മിൽ മില്യൺ കണക്കിന് വർഷങ്ങൾക്ക് മുൻപ് നടന്ന ഏതോ ഒരു പ്രവർത്തനത്തിന്റെ(any gravitational Influence) കാരണമാണ് ഇവ ഉണ്ടായെതെന്നു അനുമാനിക്കുന്നു. കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രസിദ്ധമായ HV- മേഘ പടലമാണ് മഗല്ലനിക് സ്ട്രീം. 1965 ലാണ് മഗല്ലനിക് സ്ട്രീം എന്ന മേഘ പടലത്തെ കണ്ടെത്തിയത്. ഭൂമിയിൽ നിന്നു ഏകദേശം 600,000 പ്രകാശ വര്ഷമകലെയാണ് മഗല്ലനിക് സ്ട്രീം നിലകൊള്ളുന്നത്. സെക്കൻഡിൽ 400 Km വേഗതയാണ് മഗല്ലനിക് സ്ട്രീമിന് രേഖപ്പെടുത്തിയിട്ടുള്ളത്.
1950-ൽ ഗാലക്സിയുടെ പ്രഭാമണ്ഡലത്തിനു വെളിയിലായി സാന്ദ്രതയേറിയ ഒരു വാതക പടലത്തെ കണ്ടെത്തിയിരുന്നു. അന്ന് അതിന്റെ ചലനാവസ്ഥ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ 1963 ൽ നടത്തിയ നിരീക്ഷണത്തിൽ ആ വാതക പടലം മിൽക്കി വേയുടെ പ്രഭാ മണ്ഡലത്തിലേക്ക് സഞ്ചരിക്കുന്നതായി കണ്ടെത്തി, അങ്ങിനെയാണ് HV- മേഘങ്ങൾ എന്ന ജ്യോതിർ വസ്തുവിനെക്കുറിച്ച് പഠനങ്ങൾ തുടങ്ങിയത്. ആ മേഘ പടലങ്ങളിൽ നിന്നുള്ള ന്യൂട്രൽ ഹൈഡ്രജൻ റേഡിയോ ഉത്സർജനത്തിന്റെ(Neutral Hydrogen Radio Emission) അടിസ്ഥാനത്തിലാണ് ഇവയുടെ ചലനാവസ്ഥയെ നിർണയിക്കാൻ സാധിച്ചത്. കാരണം അന്നു കണ്ടെത്തിയ HV-മേഘങ്ങളിൽ നിന്നും ന്യൂട്രൽ ഹൈഡ്രജൻ റേഡിയോ തരംഗങ്ങളെ കണ്ടെത്തിയിരുന്നു. എന്താണ് ന്യൂട്രൽ ഹൈഡ്രജൻ റേഡിയോ എമിഷൻ? . ന്യൂട്രൽ അവസ്ഥയിലുള്ള ഹൈഡ്രജൻ ആറ്റങ്ങൾ തമ്മിലുള്ള ഊർജവസ്ഥയിലുള്ള(Energy State ) മാറ്റത്തിന്റെ പരിണിത ഫലമായുള്ള വൈദ്യുത കാന്തിക തരംഗങ്ങളാണ്, ന്യൂട്രൽ ഹൈഡ്രജൻ തരംഗങ്ങൾ. റേഡിയോ അസ്‌ട്രോണോമിയിൽ ഇത്തരം തരംഗങ്ങൾക്ക് പ്രാധാന്യമുണ്ട്. നക്ഷത്ര ധൂളികളെയും മേഘ പടലങ്ങളെയും തുളച്ചു കയറി വരുന്നതിനാൽ ജ്യോതി ശാസ്ത്രത്തിൽ ഇവയെ പഠനത്തിനെടുക്കാറുണ്ട്. ഈ തരംഗങ്ങളുടെ അടിസ്ഥാനത്തിലാണ് മേല്പറഞ്ഞ HV- മേഘങ്ങളുടെ ചലനാവസ്ഥ നിർണയിക്കാൻ കഴിഞ്ഞത്.
HV-മേഘങ്ങൾക്ക് രണ്ടു ഭാഗമാണുള്ളത്. ഘനീഭവിച്ചതും സാന്ദ്രതയേറിയതുമായ ന്യൂട്രൽ ഹൈഡ്രജനാൽ നിർമിതമായ ഒരു ഭാഗവും, 10^4 കെൽവിനും 10^6 കെൽവിനും ഇടയിൽ താപനിലയുള്ള അയണീകരിച്ച മറ്റൊരു ഭാഗവുമാണ്. UV, X-റേ നിരീക്ഷണങ്ങളിലൂടെയാണ് ഇവയെ കണ്ടെത്തുന്നത്, ബഹിരാകാശ നിരീക്ഷണ ടെലിസ്കോപ്പുകൾ കൂടാതെ ഗ്രൗണ്ട് ടെലിസ്കോപ്പുകൾ മുഖേനയും ഇവയെ നിരീക്ഷിക്കാവുന്നതാണ്. HV-മേഘങ്ങളുടെ ബാഹ്യ ഭാഗങ്ങൾ പൊതുവെ അയണീകരിച്ചു കാണപ്പെടുന്നതിനു കാരണം ഇവ അതി വേഗതയിൽ ഗാലക്സിയുടെ പ്രഭാമണ്ഡലത്തിലേക്ക് വ്യാപിക്കുന്നത് മൂലമുള്ള ചലനമാണ്. HV മേഘങ്ങൾക്ക് നൂറു മില്യൺ വർഷങ്ങൾ വരെ ആയുസ് ഉണ്ടാകാമെന്നു കരുതുന്നു