നോർത്ത് കാരൊലിനയിലെ കേപ് പോയിന്റിൽ രൂപപ്പെട്ടിരിക്കുന്ന പുതിയ ദ്വീപാണ് ഇപ്പോൾ ചർച്ചയാകുന്നത്. രണ്ടു മാസങ്ങൾക്കു മുൻപാണ് ഈ മണൽത്തിട്ട രൂപം കൊണ്ടത്. ആദ്യകാലത്ത് പ്രദേശവാസികളും മത്സ്യബന്ധനത്തൊഴിലാളികളും മാത്രം ചെന്നിരുന്ന ഈ ദ്വീപ് കഴിഞ്ഞ ആഴ്ചയാണ് വാർത്തകളിൽ ഇടം നേടിയത്. ബർമുഡ ട്രയാങ്കിളിന്റ ആഴങ്ങളിൽ നിന്നാണ് ഇത് ഉയർന്നു വന്നിരിക്കുന്നത്.
പുതിയ ദ്വീപിനെക്കുറിച്ച് കേട്ടറിഞ്ഞ് നിരവധിയാളുകളാണ് ഇവിടെ സന്ദർശനത്തിനെത്തുന്നത്. പ്രദേശവാസികൾ സീഷെൽ ഐലന്റെന്നാണ് ദ്വീപിനു പേരു നൽകിയിരിക്കുന്നത്. അർദ്ധചന്ദ്രാകൃതിയിലുള്ള ദ്വീപിൽ നിറയെ വിവിധരൂപത്തിലുള്ള കക്കകൾ അടിഞ്ഞിരിക്കുന്നതിനാലാണ് ഈ പേരു നൽകിയിരിക്കുന്നത്. കേപ് പോയിന്റ് തീരത്തു നിന്ന് ഏകദേശം അരകിലോമീറ്റർ അകലെയാണിത്.അർദ്ധവൃത്താകൃതിയിലുള്ള ഈ മണൽത്തിട്ടയ്ക്ക് ഏകദേശം ഒന്നര കിലോമീറ്ററോളം നീളവും 400 അടിയോളം വീതിയുമുണ്ട്. ഫെബ്രുവരിയിലാണ് ജലനിരപ്പിനു താഴെയായി മണൽപ്പരപ്പ് കണ്ടുതുടങ്ങിയത്. വേലിയേറ്റത്തിന്റെ ഫലമായി രൂപപ്പെട്ടതാണ് ഈ മണൽത്തിട്ട. പിന്നീട് മാർച്ച് മാസമായതോടെ കൂടുതൽ മണൽ അടിഞ്ഞ് ജലനിരപ്പിനു മുകളിലായി ദ്വീപ് രൂപപ്പെട്ടു.
ബക്സ്റ്റണിലെ കേപ് പോയിന്റിൽ നിന്നും വെറുതെ ഈ ദ്വീപിലേക്ക് ഓടിക്കയറാനൊന്നും കഴിയില്ല. ചെറിയ ബോട്ടുകളിലാണ് സഞ്ചാരികൾ പുതിയ ദ്വീപിലേക്കെത്തുന്നത്. പുതിയ ദ്വീപിലേക്കുള്ള യാത്ര അപകടമാണെന്ന മുന്നറിയിപ്പ് പ്രാദേശിക ഭരണകൂടം നൽകിയിട്ടുമുണ്ട്. ഈ ദ്വീപിലേക്ക് നടന്നുപോകാനോ നീന്തിപ്പോകാനോ ശ്രമിക്കരുതെന്നും ഈ ഭാഗത്ത് അപകടകാരികളായ ധാരാളം സ്രാവുകളും തിരണ്ടികളുമുണ്ടെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ബർമുഡ ട്രയാങ്കിളിനുള്ളിലായാണ് ഈ മണൽത്തിട്ട രൂപം കൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതൽ ചരക്കു കപ്പലുകൾ കടന്നുപോകുന്ന ജലപാതയാണിത്. കഴിഞ്ഞ നൂറുവർഷത്തിനിടയിൽ ഒട്ടനവധി കപ്പലുകളും വിമാനങ്ങളും ഈ ഭാഗത്ത് അപ്രത്യക്ഷമായിട്ടുണ്ട്. ഇതിന്റെ രഹസ്യം ഇപ്പോഴും നിഗൂഢമാണെന്നിരിക്കെയാണ് ഇതിനുള്ളിൽ ദ്വീപിന്റെ കടന്നുവരവ്.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ദ്വീപിന്റെ ഭാവിയെക്കുറിച്ച് ആർക്കും വ്യക്തമായ ഉത്തരം നൽകാനാകുന്നില്ല. ചിലപ്പോൾ കൂടുതൽ മണ്ണടിഞ്ഞ് കേപ് പോയിന്റിനോട് കൂടിച്ചേരാം. അല്ലങ്കില്‍ അടുത്ത വേലിയേറ്റത്തോടെ രൂപപ്പെട്ടതുപോലെ തന്നെ ദ്വീപ് അപ്രത്യക്ഷമാകാനും സാധ്യതയുണ്ട്. എന്തായാലും ദ്വീപിൽ ഇപ്പോൾ തിരക്കോടു തിരക്കാണ്. നൂറുകണക്കിനാളുകളാണ് പുതിയതായി രൂപപ്പെട്ട ദ്വീപു കാണാനായി ഇവിടെയെത്തിച്ചേരുന്നത്.
_കടപ്പാട് മലയാള മനോരമ_