A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പരിണാമകഥയില്‍ പുതിയ താരോദയം



മനുഷ്യന്റെ പൂര്‍വികവര്‍ഗം എന്നു കരുതുവാവുന്ന പുതിയൊരു ഹോമിനിഡിനെ തിരിച്ചറിഞ്ഞിരിക്കുന്നു. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ പര്യവേക്ഷണം നടന്ന സ്ഥലത്തുനിന്നുണ്ടായ ആകാംക്ഷയുണര്‍ത്തുന്ന ആ കണ്ടെത്തലിന്റെ ചരിത്രം
അവന്‍ ജീവിച്ചിരുന്നത് 20 ലക്ഷം വര്‍ഷം മുമ്പ്. പ്രായം 13 വയസ്സില്‍ താഴെ. അവനെ കണ്ടെത്തിയത് ഒരു ഒന്‍പതുവയസ്സുകാരന്‍! ഇനിയും പേരില്ലാത്ത അവനൊരു നല്ല പേര് കണ്ടുപിടിക്കുന്ന കാര്യം ദക്ഷിണാഫ്രിക്കയിലെ കുട്ടികളെ ഏല്‍പ്പിച്ചിരിക്കുകയാണ്. അവര്‍ അതിനായി മത്സരിക്കും, അങ്ങനെ ലഭിക്കുന്ന പേരിലായിരിക്കും ഇനി അവന്‍ അറിയപ്പെടുക.
മനുഷ്യപരിണാമകഥയിലെ പുതിയ താരോദയമായ 'ഓസ്ട്രലോപിത്തക്കസ് സെദിബ (Australopithecus sediba) യെന്ന ഇതുവരെ അറിയപ്പെടാത്ത ഹോമിനിഡ് വര്‍ഗത്തില്‍പ്പെട്ട ബാലനാണ് അവന്‍. അവനൊടൊപ്പം കണ്ടെത്തിയ സ്ത്രീയുടെ ഫോസിലും പുതിയ ഹോമിനിഡ് വര്‍ഗത്തില്‍പ്പെട്ടതാ ണ്. ആധുനിക മനുഷ്യന്റെ നേര്‍പൂര്‍വികരാകാന്‍ സാധ്യതയുള്ള ഒന്നാണ് പുതിയ വര്‍ഗമെന്ന് ഗവേഷകര്‍ കരുതുന്നു. (മനുഷ്യകുലത്തിന്റെ തായ്‌വഴിയില്‍പെട്ട വര്‍ഗങ്ങള്‍ക്കാണ് ഹോമിനിഡ് എന്ന് പൊതുവെ പറയുന്നത്)
ദക്ഷിണാഫ്രിക്കയില്‍ ജൊഹാന്നസ്ബര്‍ഗിന് സമീപം 'മനുഷ്യവര്‍ഗത്തിന്റെ കളിത്തൊട്ടില്‍' എന്നറിയപ്പെടുന്ന ലോകപൈതൃകകേന്ദ്രത്തിലെ മലാപ്പ ഗുഹയില്‍നിന്ന് ലഭിച്ച ഫോസിലുകളാണ് പുതിയ വര്‍ഗത്തെ വെളിപ്പെടുത്തിയത്. വിറ്റ്‌വാട്ടേഴ്‌സ്‌റാന്‍ഡ് സര്‍വകലാശാലയ്ക്കു കീഴില്‍ 'ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ഹ്യുമണ്‍ എവല്യൂഷനി'ലെ നരവംശശാസ്ത്രജ്ഞന്‍ പ്രൊഫ. ലീ ബെര്‍ഗറിന്റെയും ഓസ്‌ട്രേലിയയില്‍ ജെയിംസ് കുക്ക് സര്‍വകലാശാലയിലെ ഭൗമശാസ്ത്രവിദഗ്ധന്‍ പോള്‍ ഡിര്‍ക്‌സിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് അവിടെ പര്യവേക്ഷണം നടത്തിയത്. പര്യവേക്ഷണത്തിന് ഗൂഗിള്‍ എര്‍ത്തും സഹായകമായി. കണ്ടെത്തലിന്റെ വിശദാംശങ്ങള്‍ പുതിയലക്കം ' സയന്‍സ്'വാരിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുതിയ വര്‍ഗം ഓസ്ട്രലോപിത്തക്കസ് വിഭാഗത്തില്‍ പെട്ടതാണെങ്കിലും, അവയ്ക്ക് ആധുനികമനുഷ്യന്‍ ഉള്‍പ്പെടുന്ന 'ഹോമോ' വര്‍ഗത്തിന്റെ ഒട്ടേറെ സവിശേഷതകള്‍ ഉള്ളതായി റിപ്പോര്‍ട്ട് പറയുന്നു. 19.5 - 17.8 ലക്ഷം വര്‍ഷം മുമ്പ് ജീവിച്ചിരുന്നതെന്ന് കണക്കാക്കുന്ന ബാലനും സ്ത്രീക്കും പൊക്കം 1.27 മീറ്റര്‍ വീതമാണ്. മരിക്കുന്ന വേളയില്‍ ബാലന്റെ പ്രായം 9-13 വയസ്സും, ശരീരഭാരം 27 കിലോഗ്രാമുമായിരുന്നു. തന്റെ ഇരുപതുകളിലായിരുന്ന സ്ത്രീക്ക് 33 കിലോഗ്രാം ഭാരമുണ്ടായിരുന്നു.
ഇടക്കണ്ണി
നരവംശത്തിന്റെ ചരിത്രത്തില്‍ ഏതാണ്ട് 40 ലക്ഷം മുമ്പു മുതല്‍ 20 ലക്ഷം വര്‍ഷം മുമ്പുവരെയുള്ള കാലത്ത് നിലനിന്നിരുന്ന ഹോമിനിഡുകളാണ് ഓസ്ട്രലോപിത്തക്കസ് ('തെക്കന്‍ കുരങ്ങ്' എന്നാണ് ഈ വാക്കിന്റെ അര്‍ഥം). ആ വിഭാഗത്തിലെ ഏറ്റവും പ്രശസ്തമായ ഫോസിലാണ് 1974-ല്‍ കണ്ടെത്തിയ 'ലൂസി' (ഓസ്ട്രലോപിത്തക്കസ് അഫാറന്‍സിസ്'). 32 ലക്ഷം വര്‍ഷം മുമ്പാണ് ലൂസി ജീവിച്ചിരുന്നതെങ്കില്‍, അതിനും പത്തുലക്ഷം വര്‍ഷത്തിന് ശേഷം, ആധുനിക മനുഷ്യന്‍ (ഹോമോ സാപ്പിയന്‍സ്) ഉള്‍പ്പെട്ട ഹോമോ ജീനസ് ഉത്ഭവിക്കുന്ന കാലമാണ് പുതിയതായി കണ്ടെത്തിയ ഹോമിനിഡുകളുടേതും. തലച്ചോറിന്റെ വലിപ്പത്തിലുണ്ടായ വര്‍ധനയും ഇരുകാലിയായി ജീവിതം മരങ്ങളില്‍നിന്ന് തറയിലേക്ക് മാറ്റിയതുമാണ് ഹോമോ ഘട്ടത്തിന്റെ സവിശേഷത. നരവംശചരിത്രത്തിലെ ആ ഘട്ടം ഇപ്പോഴും തുടരുന്നു.
ഹോമോ ജീനസിന്റെയും ഓസ്ട്രലോപിത്തക്കസുകളുടെയും പ്രത്യേകതകള്‍ പുതിയ ഹോമിനിഡില്‍ കാണാം. തലയോട്ടി, പല്ലുകള്‍, ഇടുപ്പെല്ല് എന്നിവയുടെ സവിശേഷകള്‍ പുതിയ വര്‍ഗത്തെ മറ്റ് ഓസ്ട്രലോപിത്തക്കസുകളില്‍നിന്ന് വ്യത്യസ്തമാക്കുന്നതായി പ്രൊഫ. ബെര്‍ഗര്‍ പറയുന്നു. ഈ സവിശേഷതകള്‍ ഹോമോ വിഭാഗവുമായി ചേര്‍ന്നു പോകുന്നതാണ്. മരംകയറിയിരുന്നെങ്കിലും, മനുഷ്യരെപ്പോലെ തറയില്‍ ഇരുകാലില്‍ ഊര്‍ജക്ഷമതയോടെ നിവര്‍ന്നു നടക്കാനും ഓടാനും പാകത്തിലുള്ളതാണ് അവയുടെ കാലുകള്‍.
ബാലന്റെ തലച്ചോറിന് 420 -450 ഘനസെന്റീമീറ്റര്‍ വലിപ്പമുണ്ടായിരുന്നിരിക്കണം. മനുഷ്യന്റേതുമായി (1200-1600 ഘ.സെ.മീ.) താരതമ്യം ചെയ്യുമ്പോള്‍ ഇതു വളരെ ചെറുതാണ്. എന്നാല്‍, മസ്തിഷ്‌കത്തിന്റെ ആകൃതി പരിഗണിക്കുമ്പോള്‍ പുതിയ വര്‍ഗത്തിന്റേത്, ഇതര ആസ്ട്രലോപിത്തക്കസുകളുടേതില്‍നിന്ന് വളരയേറെ പുരോഗമിച്ചതാണെന്ന് മനസിലാകും-പ്രൊഫ.ബെര്‍ഗര്‍ പറയുന്നു. അതുപോലെ തന്നെ ചെറിയ പല്ലുകള്‍ ഹോമോ വര്‍ഗത്തിലേക്കുള്ള പരിവര്‍ത്തനഘട്ടത്തെ കുറിക്കുന്നു. ഈ പ്രത്യേകതകളുടെ പശ്ചാത്തലത്തില്‍, പൂര്‍വികവര്‍ഗത്തിന് ഹോമോ വിഭാഗത്തിലേക്ക് പരിവര്‍ത്തനം നടന്ന ഘട്ടത്തിന്റെ പ്രതിനിധിയായി പുതിയ ഹോമിനിഡിനെ കണക്കാക്കാമെന്ന് ഗവേകര്‍ വിശ്വസിക്കുന്നു.
തെക്കന്‍ ആഫ്രിക്കന്‍ കുരങ്ങുമനുഷ്യനായ ഓസ്ട്രലോപിത്തക്കസ് ആഫ്രിക്കാനസില്‍ നിന്ന് പുതിയ വര്‍ഗം പരിണമിച്ചുണ്ടായി എന്നാണ് ഗവേഷകരുടെ നിഗമനം. ഇരുവര്‍ഗത്തിന്റെയും സവിശേഷതകള്‍ അതാണ് സൂചിപ്പിക്കുന്നത്. 'ആഫ്രിക്കാനസിനും ഹോമോ വര്‍ഗത്തിനും (ഒന്നുകില്‍ ഹോമോ ഹാബിലിസ് അല്ലെങ്കില്‍ ഹോമോ ഇറക്ടസ്) മധ്യേയുള്ള വര്‍ഗമാണ് പുതിയ ഹോമിനിഡെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു'-പ്രൊഫ.ബെര്‍ഗര്‍ പറഞ്ഞു. കാരണം, 'മറ്റൊരു ഓസ്ട്രലോപിത്തക്കസ് വര്‍ഗത്തിനും ഇല്ലാത്തത്ര ഹോമോ സവിശേഷതകള്‍ ഓസ്ട്രലോപിത്തക്കസ് സെദിബയ്ക്കുണ്ട്'. സെദിബയില്‍നിന്ന് ഹോമ ഇറക്ടസ് രൂപപ്പെട്ടിരിക്കാനാണ് കൂടുതല്‍ സാധ്യതയെന്നും ഗവേഷകര്‍ പറയുന്നു. 
ഏതാണ്ട് 20 ലക്ഷംമുമ്പ് ഹോമോ വര്‍ഗം എവിടെ നിന്ന് ഉത്ഭവിച്ചു എന്നതിനെപ്പറ്റി വലിയ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഓസ്ട്രലോപിത്തക്കസ് വിഭാഗത്തില്‍നിന്നാണ് അത് സംഭവിച്ചതെന്നാണ് മിക്ക ഗവേഷകരും കരുതുന്നു. എന്നാല്‍, 'കെനിയാന്ത്രോപ്പസ്' ജീനസാണ് മനുഷ്യന്റെ നേര്‍പൂര്‍വികവര്‍ഗം എന്നൊരു വാദഗതിയും നിലനില്‍ക്കുന്നുണ്ട്. അത്തരം തര്‍ക്കങ്ങള്‍ക്ക് ഒരുപരിധി വരെ തീര്‍പ്പുണ്ടാക്കുന്നതാണ് ഓസ്ട്രലോപിത്തക്കസ് സെദിബയുടെ കണ്ടെത്തല്‍. സെദിബ എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ 11 ഔദ്യോഗികഭാഷകളിലൊന്നായ 'സോത്തോ'യില്‍, ഉറവ, ജലധാര എന്നൊക്കെയാണര്‍ഥം.
ഗൂഗിള്‍ എര്‍ത്ത് സഹായത്തിനെത്തുന്നു
ജൊഹാന്നസ്ബര്‍ഗിന് 50 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് ഗൗട്ടെങ് പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന 'മനുഷ്യവര്‍ഗത്തിന്റെ കളിത്തൊട്ടില്‍' (Cradle of Humankind) എന്നറിയപ്പെടുന്ന പ്രദേശം, 1999-ലാണ് യുണെസ്‌കോ ലോകപൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 474 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ പൈതൃകകേന്ദ്രം സങ്കീര്‍ണമായ ചുണ്ണാമ്പുകല്ല് ഗുഹകളുടെ സമുച്ചയങ്ങള്‍ നിറഞ്ഞതാണ്. 1935-ല്‍ ഇവിടെ നിന്ന് നരവംശശാസ്ത്രം സംബന്ധിച്ച് ആദ്യകണ്ടെത്തല്‍ നടത്തിയ ശേഷം തുടര്‍ച്ചയായ പര്യവേക്ഷണങ്ങള്‍ നടന്ന പ്രദേശമാണിത്. ഒരുപക്ഷേ, ആഫ്രിക്കയില്‍ തന്നെ ഏറ്റവുമധികം തിരച്ചിലുകള്‍ക്കും പഠനപര്യവേക്ഷണങ്ങള്‍ക്കും വിധേയമായിട്ടുള്ള പ്രദേശങ്ങളിലൊന്ന്.
ആഫ്രിക്കയില്‍നിന്ന് മനുഷ്യന്റെ ഉത്പത്തിയെ സംബന്ധിച്ച് ലഭിച്ചിട്ടുള്ള തെളിവുകളില്‍ മൂന്നിലൊന്നും കണ്ടെത്തിയിട്ടുള്ളത് 'മനുഷ്യവര്‍ഗത്തിന്റെ കളിത്തൊട്ടിലി'ലെ ഏതായും ഫോസില്‍കേന്ദ്രങ്ങളില്‍ നിന്നാണ്. 23 ലക്ഷം വര്‍ഷം പഴക്കമുള്ള 'മിസ്സിസ് പ്ലിസ്' എന്ന് പേരിട്ടിട്ടുള്ള ആസ്ട്രലോപിത്തക്കസ് ആഫ്രിക്കാനസ് ഫോസില്‍ 1947-ല്‍ ഡോ.റോബര്‍ട്ട് ബ്രൂം, ജോണ്‍ ടി. റോബിന്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് ഈ ഗുഹാസമുച്ചയത്തില്‍ പെട്ട 'സ്റ്റേര്‍ക്‌ഫോന്റീന്‍ ഗുഹകളില്‍'നിന്ന് കണ്ടെത്തുകയുണ്ടായി. ദക്ഷിണാഫ്രിക്കയില്‍നിന്ന് ലഭിച്ച ഏറ്റവും പൂര്‍ണതയുള്ള ആസ്ട്രലോപിത്തക്കസ് ഫോസിലായിരുന്നു അത്.
പ്രൊഫ.ഡിര്‍ക്‌സുമായി ചേര്‍ന്ന് പ്രൊഫ. ബെര്‍ഗര്‍ ആ പൈതൃകകേന്ദ്രത്തില്‍ ഒരു പര്യവേക്ഷണപദ്ധതി 2008 മാര്‍ച്ചില്‍ ആരംഭിച്ചതാണ് പുതിയ ഹോമിനിഡിന്റെ കണ്ടെത്തലിലേക്ക് നയിച്ച സംഭവപരമ്പരകളുടെ തുടക്കം. അനേകം പതിറ്റാണ്ടുകള്‍കൊണ്ട് വിവിധ ഗവേഷകര്‍ അവിടെ തിരിച്ചറിഞ്ഞിട്ടുള്ള ഗുഹകള്‍ മാപ്പ് ചെയ്യുകയും, ഫോസില്‍കേന്ദ്രങ്ങള്‍ അതില്‍ അടയാളപ്പെടുത്തുക വഴി, ലോകമെമ്പാടുമുള്ള ഗവേഷകര്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ സ്ഥിരമായ ഒരു റിക്കോര്‍ഡ് ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
അതിനായി ഗൂഗിള്‍ എര്‍ത്തി (Google Earth) ന്റെ സഹായം പ്രൊഫ. ബെര്‍ഗര്‍ തേടി. ഗൂഗിള്‍ എര്‍ത്തില്‍ ത്രിമാനരൂപത്തില്‍ ഗുഹകളുടെ ദൃശ്യം ലഭിക്കുമെന്നതിനാല്‍, ഉപഗ്രഹചിത്രങ്ങളില്‍ അവ എങ്ങനെയിരിക്കുമെന്ന് മനസിലാക്കാന്‍ സാധിച്ചു. 130 ഗുഹാകേന്ദ്രങ്ങളാണ് പദ്ധതിയുടെ തുടക്കത്തില്‍ അറിയപ്പെടുന്നതായി ആ മേഖലയില്‍ ഉണ്ടായിരുന്നത്. പുതിയ സങ്കേതങ്ങളുടെ സഹായത്തോടെ മുമ്പ് അറിയപ്പെടാത്ത ഡസണ്‍കണക്കിന് ഗുഹാശൃംഗലകളെ പുതിയതായി കണ്ടെത്താന്‍ പ്രൊഫ.ബെര്‍ഗര്‍ക്ക് കഴിഞ്ഞു. ആ സമയത്താണ് ഭൗമശാസ്ത്രജ്ഞനായ പ്രൊഫ. ഡിര്‍ക്‌സിന്റെ സഹകരണം അദ്ദേഹം തേടുന്നത്.
ഗൂഗിള്‍ എര്‍ത്തില്‍നിന്നുള്ള വിവരങ്ങളും ഉപഗ്രഹചിത്രങ്ങള്‍ നല്‍കിയ സൂചനകളും നേരിട്ടുള്ള പര്യവേക്ഷണങ്ങളില്‍നിന്ന് കിട്ടിയ അറിവുകളും സമ്മേളിപ്പിച്ച് ഇരുവരും ചേര്‍ന്ന് ഗുഹകളുടെ വിശദമായ വിതരണക്രമം അടയാളപ്പെടുത്തി. 2008 ജൂലായ് ആകുമ്പോഴേക്കും, മുമ്പ് അറിയപ്പെടാത്ത 500 ഗുഹകളെ അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു, ശാസ്ത്രലോകത്തിന് അന്നുവരെ അജ്ഞാതമായിരുന്ന 25 ഫോസില്‍ കേന്ദ്രങ്ങളും കണ്ടെത്തി. ആഫ്രിക്കയില്‍ ഏറ്റവുമധികം പര്യവേക്ഷണം നടന്ന സ്ഥലത്തു നിന്നാണിത് എന്നോര്‍ക്കണം.
ജൂലായ് അവസാനമാമായിരുന്നു അത്, ഗൂഗിള്‍ എര്‍ത്തില്‍ കണ്ട ഒരു ഗുഹാശൃംഗല പ്രൊഫ.ബെര്‍ഗറുടെ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചു. ഭ്രംശമേഖലയ്ക്ക് സമാന്തരമായി സ്ഥിതിചെയ്യുന്ന ഒന്നായിരുന്നു അത്. 2008 ആഗസ്ത് ഒന്നിന് മാപ്പിങ് പ്രവര്‍ത്തനത്തിന് പ്രൊഫ.ഡിര്‍ക്‌സിനെ ഒരിടത്ത് വിട്ട് തന്റെ നായ ടാവുവിനെയും കൂട്ടി 44-കാരനായ പ്രൊഫ. ബെര്‍ഗര്‍ ആ ഗുഹാപരിസരത്തെത്തി. സമ്പന്നമായ ഒരു ഫോസില്‍കേന്ദ്രവും ഉടന്‍ തന്നെ അവിടെ അദ്ദേഹം അവിടെ കണ്ടെത്തി. മാത്രവുമല്ല, ആരുടെയും ശ്രദ്ധയില്‍പെടാതെ മൂന്ന് ഡസനോളം ഗുഹകള്‍ അവിടെ ഉള്ളതായും അദ്ദേഹം മനസിലാക്കി.
ഒന്‍പത് വയസ്സുകാരന്റെ കണ്ടുപിടിത്തം
ആ ആഗസ്ത് 15-ന് പ്രൊഫ.ബെര്‍ഗര്‍ വീണ്ടും അവിടം സന്ദര്‍ശിച്ചു. ഇത്തവണ തന്റെ ഒന്‍പതു വയസ്സുകാരനായ മകന്‍ മാത്യുവും ഗവേഷണവിദ്യാര്‍ഥി ഡോ.ജോബ് കിബീയും ഒപ്പമുണ്ടായിരുന്നു, കൂടാതെ നായ ടാവുവും. പ്രകാശപൂര്‍ണമായ ഒരു പ്രഭാതമായിരുന്നു അത്. അവിടെ സംഭവിച്ചകാര്യം കഴിഞ്ഞ ദിവസം പ്രൊഫ. ബെര്‍ഗര്‍ തന്നെ മാധ്യമങ്ങളോട് വിശദീകരിക്കുകയുണ്ടായി. പുല്ലുനിറഞ്ഞ ആ ഗുഹാമേഖലയിലൂടെ നായയുടെ പിന്നാലെ ഓടുകയായിരുന്നു മാത്യു. പെട്ടന്നവന്‍ തടിയില്‍ കാല്‍തട്ടി വീണു. ആ വീഴ്ചയുടെ ഫലം, സമീപകാലത്ത് നരവംശശാസ്ത്രത്തിലുണ്ടായ സുപ്രധാന കണ്ടുപിടിത്തമായി മാറി!
'ഡാഡീ, ഞാനൊരു ഫോസില്‍ കണ്ടെത്തി' -അകലെയായിരുന്ന പിതാവിനോട് മാത്യു വിളിച്ചു പറഞ്ഞു. മകന്റെയടുത്തേക്ക് പെട്ടന്നു നടന്നടുത്ത പ്രൊഫ.ബെര്‍ഗര്‍ക്ക്, 15 അടി അടുത്തെത്തിയപ്പോള്‍ തന്നെ വ്യക്തമായി ഒരു പ്രാചീനമനുഷ്യന്റെ തോളെല്ലാണ് മകന്റെ കൈയിരിക്കുന്നതെന്ന്. മാത്യുവിനെക്കാള്‍ ഏതാനും വയസ്സ് മാത്രം മൂപ്പുള്ള, ഏതാണ്ട് 20 ലക്ഷം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ബാലന്റെ ഫോസിലായിരുന്നു അത്. തോളെല്ലിനെക്കുറിച്ച് പഠിച്ച് ഗവേഷണബിരുദം നേടിയ പ്രൊഫ.ബെര്‍ഗര്‍ക്ക് തെറ്റിയില്ല, അമൂല്യമായ ഒരു കണ്ടുപിടിത്തമായിരുന്നു അത്.
പുതിയൊരു ഹോമിനിഡ് വര്‍ഗമാണ് ആ കണ്ടുപിടിത്തത്തോടെ ലോകത്തിന് വെളിവായത്. ഒരിക്കല്‍ ആഴത്തിലുള്ള ഗുഹാശൃംഗലയായിരുന്ന അവിടെ നടത്തിയ തിരച്ചിലില്‍ പ്രാചീനബാലന്റെ കൂടുതല്‍ ഫോസിലുകള്‍ കണ്ടെത്തി. കൂടാതെ അതേ വര്‍ഗത്തില്‍പെട്ട പ്രായപൂര്‍ത്തിയായ സ്ത്രീയുടെ ഫോസിലും അവിടെ നിന്ന് ലഭിച്ചു. നല്ല നിലയില്‍ തന്നെ അവശേഷിച്ചിരുന്ന ഒരു തലയോട്ടി, ഇടുപ്പെല്ല്, കാല്‍ക്കുഴ തുടങ്ങിയവയൊക്കെ അവിടെ നിന്ന് കണ്ടെത്തിയ ഫോസിലുകളില്‍ പെടുന്നു. ഹോമിനിഡുകളുടേത് മാത്രമല്ല, മറ്റ് ഒട്ടനേകം ജീവികളുടെ അവശിഷ്ടങ്ങളും കണ്ടുകിട്ടി. 130 ഫോസിലുകള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. പ്രാചീനകാലത്തെ ആവാസവ്യവസ്ഥയെക്കുറിച്ച് വ്യക്തത ലഭിക്കാന്‍ അവ ഗവേഷകരെ സഹായിച്ചു. പര്യവേക്ഷണം ഇപ്പോഴും തുടരുകയാണ്.
ഒരു പ്രാചീന ഗുഹാശൃംഗലയിലെ എക്കല്‍ ശേഖരത്തില്‍നിന്നാണ് ഹോമിനിഡുകളുടെ ഫോസിലുകള്‍ കിട്ടിയത്. ബാലനും സ്ത്രീയും ഏതാണ്ട് ഒരേ സമയത്ത് (അക്കാലത്ത് 30 മുതല്‍ 50 മീറ്റര്‍ വരെ താഴ്ച്ചയുണ്ടായിരുന്ന ഗുഹയിലെ ) കുളത്തിലേക്കോ, ചെറു ഭൂഗര്‍ഭതടാകത്തിലേക്കോ വീണുപോയതാകാമെന്ന് കരുതുന്നു. ജീവികള്‍ക്ക് കെണിയായി മാറിയ ആ ഗുഹാശൃംഗല, പുറംലോകത്തുനിന്ന് വേര്‍പെട്ടു നിന്നിരുന്നതിനാല്‍, അവിടെ വീണ ഹോമിനിഡുകളുടെ ശരീരം മംസഭുക്കുകളായ ജീവികളുടെ കൈയില്‍ പെട്ടില്ല. അതുകൊണ്ടുതന്നെ നല്ല സ്ഥിതിയില്‍ അവശേഷിക്കപ്പെട്ട ഫോസിലുകളാണ് അവിടെ ഉണ്ടായിരുന്നത്.
ഏതായാലും, 'മനുഷ്യവര്‍ഗത്തിന്റെ കളിത്തൊട്ടിലില്‍' നിന്ന് കണ്ടുപിടിത്തങ്ങള്‍ അവസാനിക്കുന്നില്ല. ശരിക്കുപറഞ്ഞാല്‍ ഒരു പുത്തന്‍ പര്യവേക്ഷണയുഗത്തിനാണ് ഗൂഗിള്‍ എര്‍ത്തിന്റെ സഹായത്തോടെ ഗവേഷകര്‍ തുടക്കമിട്ടിരിക്കുന്നത്. കടപ്പാട്: സയന്‍സ്, വിറ്റ്‌വാട്ടേഴ്‌സ്‌റാന്‍ഡ് സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്)