കറുത്ത കുര്‍ബാന എന്ന പേരില്‍ അറിയപ്പെടുന്ന സാത്താന്‍ ആരാധനയെക്കുറിച്ച് ഏറെ ചര്‍ച്ചകളും പഠനങ്ങളും നടക്കുന്നുണ്ടെങ്കിലും നിയതമായ അര്‍ഥത്തില്‍ കറുത്ത കുര്‍ബാനയെ നിര്‍വചിക്കാനോ വ്യാഖാനിക്കാനോ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഈ സാത്താന്‍ ആരാധനയ്ക്ക് ഏകീകൃത രൂപമോ നിശ്ചിതക്രമമോ ഇല്ല എന്നതു തന്നെയാണ് ഇതിനു കാരണം.
ചരിത്ര പശ്ചാത്തലം
കറുത്ത കുര്‍ബാന എന്നത് സാത്താന്‍ ആരാധനയ്ക്ക് ഉപയോഗിച്ചിരുന്ന പദമായിരുന്നില്ല. മധ്യകാലഘട്ടത്തില്‍ ശത്രുക്കളുടെ നാശത്തിനുവേണ്ടി വിശ്വാസികള്‍ കാഴ്ച വച്ചിരുന്ന ദിവ്യബലികളെയാണ് കറുത്ത കുര്‍ബാന എന്നു വിളിച്ചിരുന്നത്.
നമ്മുടെ നാട്ടിലെ ശത്രുസംഹാര പൂജകള്‍ക്കു സമാനമായ ലക്ഷ്യത്തോടെ ക്രൈസ്തവര്‍ അര്‍പ്പിച്ചിരുന്ന കുര്‍ബാനകളായിരുന്നു ഇത്.
എന്നാല്‍ ഇത്തരം ബലിയര്‍പ്പണ രീതികള്‍ പതിനഞ്ചാം നൂറ്റാണ്ടോടെ സഭയില്‍ നിയമം മൂലം നിരോധിക്കപ്പെട്ടു. ഇതെത്തുടര്‍ന്നാണ് കറുത്ത കുര്‍ബാന എന്ന പേരില്‍ സാത്താന്‍ ആരാധന രംഗപ്രവേശം ചെയ്യുന്നത്. സാത്താനുമായി ബന്ധപ്പെട്ട ആരാധനാ രൂപങ്ങള്‍ പുരാതനകാലം മുതലേ നിലനിന്നിരുന്നുവെങ്കിലും റോമന്‍ കുര്‍ബാന ക്രമത്തിന്റെ ആക്ഷേപാനുകരണം എന്ന രീതിയിലുള്ള ആദ്യത്തെ കറുത്ത കുര്‍ബാന നടക്കുന്നത് പതിനേഴാം നൂറ്റാണ്ടിലാണ്. ലൂയി പതിനാലാമന്റെ പത്‌നിയുടെ ആവശ്യപ്രകാരം എറ്റിന്‍ ഗിബോര്‍ഗ് എന്ന പുരോഹിതനാണ് ആദ്യത്തെ കറുത്ത കുര്‍ബാന അര്‍പ്പിച്ചത് എന്നു കരുതപ്പെടുന്നു. രാജ്ഞിയുടെ ശരീരത്തെ അള്‍ത്താരയാക്കി വിശുദ്ധ ബലിയര്‍പ്പണം നടത്തിക്കൊണ്ടാണ് ഈ കറുത്ത കുര്‍ബാന നടത്തിയത്. എന്നാല്‍ ഇവിടെ സാത്താന്‍ ആരാധനയായിട്ടല്ല ബലിയര്‍പ്പണം നടത്തിയത്.
ശരീരത്തില്‍ വച്ച് വിശുദ്ധ കുര്‍ബാനയുടെ അത്ഭുതകരമായ വസ്തുഭേദം സംഭവിക്കുന്നതിലൂടെ തന്റെ ശരീരത്തിന് രാജാവിനെ ആകര്‍ഷിക്കാനുള്ള വശ്യശക്തി ലഭിക്കുമെന്ന രാജ്ഞിയുടെ അബദ്ധധാരണയാണ് ഈ ബലിയര്‍പ്പണത്തിനു പിന്നിലെ പ്രേരകം.
എന്നാല്‍ ഈ വിചിത്രരീതിയിലുള്ള ബലിയര്‍പ്പണത്തിന്റെ നടപടിക്രമങ്ങളെ സാത്താന്‍ ആരാധനയുമായി ബന്ധിപ്പിച്ചുകൊണ്ടാണ് പില്‍കാലത്ത് ‘കറുത്ത കുര്‍ബാന’ എന്ന പേരില്‍ നിലവിലുള്ള അഭിനവ സാത്താന്‍ ആരാധന രൂപം കൊണ്ടത്. അമേരിക്കയിലെ കോവന്‍? ഗ്രൂപ്പ് 1968ല്‍ 13 മിനിട്ട് ദൈര്‍ഘ്യമുള്ള കറുത്ത കുര്‍ബാനയുടെ ആല്‍ബം പുറത്തിറക്കുകയും അത് അവരുടെ ‘സ്റ്റേജ് ഷോ’യുടെ ഭാഗമാക്കുകയും ചെയ്തതോടെയാണ് കറുത്ത കുര്‍ബാനയ്ക്ക് ഇന്നുള്ള പേരും പെരുമയും ലഭിച്ചത്. റോമന്‍ റീത്തിലെ പ്രസിദ്ധമായ ഗ്രിഗോറിയന്‍ രീതിയില്‍ ആലപിച്ച ഈ ആല്‍ബത്തിലെ ഗാനങ്ങളും പ്രാര്‍ഥനയും ഇതിനെ കത്തോലിക്കാ ദിവ്യബലിയുടെ ആക്ഷേപാനുകരണമാക്കി മാറ്റി.
കര്‍മക്രമം
സാത്താന്‍ സഭ എന്ന പേരില്‍ കുപ്രസിദ്ധമായ ഒരു വിഘടിതസംഘം 1969ല്‍ ‘സാത്താന്‍ കുര്‍ബാന’യുടെയും ‘സാത്താന്‍ ബൈബിളി’ന്റെയും ആധികാരിക ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. ലത്തീന്‍ കുര്‍ബാനയെ അനുകരിച്ച് ത്രിത്വനാമത്തിനു പകരം സാത്താന്റെ നാമത്തിലാണ് കറുത്ത കുര്‍ബാന ആരംഭിച്ചിരുന്നത്. ബേല്‍സെബൂല്‍, അസ്‌മോദേവൂസ്, അസ്തറോത്ത് എന്നീ പിശാചുക്കളുടെ നാമത്തിലാണ് കറുത്ത കുര്‍ബാന ആരംഭിച്ചിരുന്നത്.
കത്തോലിക്കാ ദൈവാലയങ്ങളില്‍ കൂദാശ ചെയ്യപ്പെട്ട തിരുവോസ്തിയാണ് കറുത്ത കുര്‍ബാനയില്‍ ഉപയോഗിക്കുന്ന അപ്പം. പൈശാചിക പ്രാര്‍ഥനകളിലൂടെ തിരുവോസ്തിയിലെ കര്‍ത്താവിന്റെ സാന്നിധ്യത്തെ അവഹേളിച്ച് അശുദ്ധമാക്കുക എന്നതാണ് ഇതിലെ കര്‍മങ്ങളുടെ ആത്യന്തിക ലക്ഷ്യം.
ലൂയി പതിനാലാമന്‍ ചക്രവര്‍ത്തിയുടെ ഭാര്യ നടത്തിയ ആദ്യ കറുത്ത കുര്‍ബാനയെ അനുകരിച്ചാണ് ഇതിലെ പല നടപടി ക്രമങ്ങളും.
വിശുദ്ധ കുര്‍ബാനയെ അനുകരിച്ച് അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും ഒട്ടനവധി അപഹാസ്യമായ ചടങ്ങുകളും കറുത്ത കുര്‍ബാനയുടെ ഭാഗമായുണ്ട്. ദിവ്യകാരുണ്യത്തിലെ ക്രിസ്തു സാന്നിധ്യത്തെ അവഹേളിക്കുകയും വിശ്വാസത്തെ തകര്‍ക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.
ആകര്‍ഷണങ്ങള്‍
സാത്താന്‍ ആരാധനയും കറുത്ത കുര്‍ബാനയും സകലധാര്‍മികതയെയും ലംഘിക്കുന്നതാകയാല്‍ സദാചാരവിരുദ്ധര്‍ ഇത്തരം കര്‍മങ്ങളിലേക്ക് ആവേശപൂര്‍വം ആകര്‍ഷിക്കപ്പെടുന്നത് തികച്ചും സ്വാഭാവികമാണ്. ലൈംഗിക അരാജകത്വത്തിന് പരസ്യമായ അംഗീകാരം നല്‍കുന്നതിനാല്‍ കറുത്ത കുര്‍ബാന ആത്യന്തികമായി പരസ്യ വ്യഭിചാരം തന്നെയാണ്. സമൂഹത്തിലെ ഏറ്റവും സമ്പന്നരും വരേണ്യരുമായ വിഭാഗം മാത്രമേ പലപ്പോഴും കറുത്ത കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെടാറുള്ളൂ. തന്മൂലം പലരും ഇത്തരം നിഗൂഢഗ്രൂപ്പുകളിലെ അംഗത്വത്തെ അംഗീകാരമായി കരുതുന്നതും ഇതിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നുണ്ട്. ഒരിക്കല്‍ പങ്കെടുത്തവര്‍ക്ക് പിന്നീട് പിന്‍വലിയാനുള്ള സകല പഴുതുകളും അടയ്ക്കപ്പെടുന്നതിനാല്‍ സാത്താന്‍ ഗ്രൂപ്പുകളിലെ അംഗത്വം പലപ്പോഴും നിര്‍ബന്ധിത അടിമത്വമായി മാറുന്നു. ബാംഗ്ലൂരില്‍ സാത്താന്‍ സേവാ സംഘത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ജോലി പോലും രാജിവച്ച് ഒളിവില്‍ പോന്ന മൂവര്‍ സംഘത്തെ ഇതെഴുതുന്നയാള്‍ക്ക് വ്യക്തിപരമായി അറിയാം. സാത്താന്‍ സംഘത്തിന്റെ നടപടിക്രമങ്ങളെക്കുറിച്ച് വിശദമായ വിവരണങ്ങള്‍ ഇവര്‍ നല്‍കുകയുണ്ടായി. കത്തോലിക്കാ ദൈവാലയങ്ങളില്‍ നിന്ന് വിശുദ്ധ കുര്‍ബാന എത്തിച്ചുകൊടുത്താല്‍ ഓരോ തിരുവോസ്തിയ്ക്കും ഏഴായിരം മുതല്‍ പതിനയ്യായിരം വരെ തുക വാഗ്ദാനം ചെയ്ത കോഴിക്കോട് ആസ്ഥാനമായ കറുത്ത കുര്‍ബാനക്കാരുടെ സമൂഹത്തെക്കുറിച്ച് പ്രസ്തുത നഗരത്തിലെ രണ്ട് കത്തോലിക്കാ എംബിഎ വിദ്യാര്‍ഥികള്‍ ഈ ലേഖകനോട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
നമ്മുടെ നാട്ടിലും ‘കറുത്ത കുര്‍ബാന’ രഹസ്യവും പരിമിതവുമായിട്ടാണെങ്കിലും നടക്കുന്നുണ്ടെന്ന് മനസിലാക്കാനാണ് മേല്‍പറഞ്ഞ അനുഭവങ്ങള്‍ പങ്കുവച്ചത്.
പരിഹാര മാര്‍ഗങ്ങള്‍
വിശുദ്ധ കുര്‍ബാന കയ്യില്‍ കൊടുക്കുന്ന രീതി കഴിഞ്ഞ ദശകത്തില്‍ ആരംഭിച്ചതോടെ വിശുദ്ധ കുര്‍ബാനയുടെ ദുരുപയോഗ സാധ്യത ക്രമാതീതമായി വര്‍ധിച്ചു എന്നു സമ്മതിക്കാതെ തരമില്ല. അജപാലകരുടെ സത്വരശ്രദ്ധ പതിയേണ്ട മേഖലയാണിത്. നാവില്‍ സ്വീകരിച്ച വിശുദ്ധ കുര്‍ബാന സാത്താന്‍ സേവകര്‍ക്ക് സ്വീകാര്യമല്ല എന്നതും ഇതിനോട് ചേര്‍ത്തു വായിക്കുമ്പോള്‍ വിശുദ്ധ കുര്‍ബാനയുടെ നാവിലുള്ള സ്വീകരണം തിരിച്ചുകൊണ്ടുവരുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കാവുന്നതാണ്.
ആത്മീയതയെ ഭക്തകര്‍മങ്ങളും ഭക്തിപ്രസ്ഥാനങ്ങളുമായി മാത്രം ബന്ധിപ്പിക്കുമ്പോഴാണ് കറുത്ത കുര്‍ബാനകള്‍ രൂപംകൊള്ളുന്നതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. തന്മൂലം ആത്മീയതയെ കൂദാശാകേന്ദ്രീകൃതമാക്കാനും ആരാധനാക്രമത്തിന്റെ അര്‍ഥം ആഴത്തില്‍ പഠിപ്പിക്കാനും സഭയുടെ സത്വരശ്രദ്ധയും സര്‍വവിധ പരിശ്രമവും ആവശ്യമുണ്ട്. കേരളസഭ ആരാധനാക്രമങ്ങളെപ്പോലും വിവാദവിഷയമാക്കുകയും അതിലൂടെ അവയെ അവഗണിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ വേണം ഇന്നാട്ടിലെ വിഘടിത ഗ്രൂപ്പുകളോരോന്നിനെയും സാത്താന്‍ സേവക്കാര്‍ ഉള്‍പ്പെടെയുള്ളവരെയും മനസിലാക്കാന്‍.
കറുത്ത കുര്‍ബാനയുടെ മറവില്‍ ഹൈടെക് പെണ്‍വാണിഭവും വ്യഭിചാരവുമാണ് നടക്കുന്നത്. ക്രമസമാധാനപാലകരുടെ സത്വരശ്രദ്ധ ഇത്തരം മേഖലകളില്‍ പതിയേണ്ടതുണ്ട്. അങ്ങേയറ്റം രഹസ്യസ്വഭാവം പുലര്‍ത്തുന്ന ഇത്തരം ഗ്രൂപ്പുകള്‍ സാമൂഹിക വിരുദ്ധരായ വ്യക്തികളുടെ കൂട്ടായ്മയാണ്.
ഇത്തരക്കാരുടെ കൂട്ടായ്മകള്‍ സമൂഹത്തിന്റെ സുസ്ഥിതിയ്ക്കും വരുംതലമുറയുടെ ഭാവിക്കും ദോഷകരമാകയാല്‍ കറുത്ത കുര്‍ബാനയ്‌ക്കെതിരേ സമൂഹമൊന്നടങ്കം ശക്തമായ നിലപാടുമായി രംഗത്തു വരേണ്ടതുണ്ട്.
കടപ്പാട്: