A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

നാഞ്ചിനാട്







കന്യാകുമാരി ജില്ലയിലെ തോവാള, അഗസ്തീശ്വരം എന്നീ താലൂക്കുകളും കല്‍ക്കുളം താലൂക്കിന്റെ തെക്കുഭാഗവും ഉള്‍പ്പെടുന്ന പ്രദേശം. 1949 വരെ തിരുവിതാംകൂറിന്റെയും 1949 മുതല്‍ 1956 വരെ തിരു-കൊച്ചിയുടെയും ഭാഗമായിരുന്ന ഈ സ്ഥലം 1956 ന. 1 മുതല്‍ മദ്രാസ് (തമിഴ്നാട്) സംസ്ഥാനത്തിന്റെ ഭാഗമായി മാറി. തിരുവിതാംകൂറിലെ വലിയൊരു നെല്ലുത്പാദന കേന്ദ്രമായിരുന്ന ഇവിടം 'നെല്ലറ' എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നു. ദീര്‍ഘമായ ചരിത്രപാരമ്പര്യമുള്ള നാഞ്ചിനാട് ചോളരാജ്യം, പാണ്ഡ്യരാജ്യം, വിജയനഗരരാജ്യം, ആര്‍ക്കാട്ട്, ചേരരാജ്യം, ആയ് രാജ്യം, വേണാട്ടുരാജ്യം എന്നിവയുടെ ഭാഗമായിരുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ നാഞ്ചിക്കുറവന്‍ എന്ന ഭരണാധികാരി നാഞ്ചിനാട്ടിനെ ഒരു സ്വതന്ത്രരാഷ്ട്രമായും നിലനിര്‍ത്തിയിരുന്നു.
നാഞ്ചിനാട് എന്ന പദത്തിന്റെ അര്‍ഥം 'കലപ്പകളുടെ നാട്' (Land of the ploughs) എന്നാണ്. നാഞ്ചിനാട്ടിലെ ഒരു പ്രധാനസ്ഥലമായ കന്യാകുമാരിയെക്കുറിച്ചുള്ള പരാമര്‍ശം മഹാഭാരതത്തിലുണ്ട്. കന്ദപുരാണം, സേതുപുരാണം തുടങ്ങിയ കൃതികളിലും ചിലപ്പതികാരം, മണിമേഖല തുടങ്ങിയ സംഘകാലകൃതികളിലും നാഞ്ചിനാട്ടിലെ കന്യാകുമാരി, ശുചീന്ദ്രം, കുമാരകോവില്‍ തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ ഒരു അജ്ഞാതപണ്ഡിതന്‍ രചിച്ച പെരിപ്ലസ് ഒഫ് ദി എറിത്രിയന്‍ സീ (Periplus of the Erithrian Sea) എന്ന കൃതിയിലും കന്യാകുമാരിയെ പരാമര്‍ശിച്ചിട്ടുണ്ട്. ഇക്കാലത്ത് നാഞ്ചിനാട് വിദേശരാഷ്ട്രങ്ങളില്‍പ്പോലും പ്രസിദ്ധമായിരുന്നുവെന്നര്‍ഥം. എ.ഡി. 140-ല്‍ 'ടോളമി' എന്ന ഗ്രീക്കു ഭൗമപര്യവേക്ഷകന്‍ നാഞ്ചിനാട്ടിനെ 'ആയ് രാജ്യം' (Aioi or Ay) എന്ന് വിളിച്ചിരുന്നു. നാഞ്ചിനാട്ടിലെ ജനങ്ങള്‍ തമിഴ് വംശജരായിരുന്നു. നരവംശപരമായി നാഞ്ചിനാട്ടിലെ ജനങ്ങള്‍ കൊല്ലം, കൊച്ചി, കോഴിക്കോട് എന്നീ സ്ഥലങ്ങളോടു കാണിച്ചിരുന്നതിനെക്കാള്‍ കൂടുതല്‍ സാംസ്കാരികമായ അടുപ്പം മധുരയോടും തൃശിനാപ്പള്ളിയോടും കാണിച്ചിരുന്നുവെന്ന് സര്‍ദാര്‍ കെ.എം. പണിക്കര്‍ തന്റെ കേരളചരിത്രത്തില്‍ (History of Kerala) വിവരിക്കുന്നു.
സംഘകാലത്ത് നാഞ്ചിനാട് ആയ് രാജ്യത്തിന്റെ ഭാഗമായിരുന്നു. അക്കാലത്ത് ഭൂപ്രദേശം നെല്ലുത്പാദനത്തിനും ഉപ്പുനിര്‍മാണത്തിനും പ്രസിദ്ധമായിത്തീര്‍ന്നു. ആയ് രാജാക്കന്മാരുടെ ശക്തി ക്ഷയിച്ചിരുന്ന കാലങ്ങളില്‍ പാണ്ഡ്യരാജാക്കന്മാര്‍ നാഞ്ചിനാട്ടിനെ പിടിച്ചടക്കി. പാണ്ഡ്യരാജാക്കന്മാരുടെ ശക്തിക്ഷയിച്ചിരുന്ന കാലങ്ങളില്‍ ചോളരാജാക്കന്മാരും നാഞ്ചിനാടിനെ കൈക്കലാക്കിയിരുന്നു.
എ.ഡി. 907 മുതല്‍ 955 വരെ ചോളരാജ്യം ഭരിച്ചിരുന്ന പരാന്തക ചോളന്റെ അധികാരം ശുചീന്ദ്രംക്ഷേത്രം വരെ വ്യാപിച്ചിരുന്നു. പരാന്തക ചോളന്റെ പിന്‍ഗാമിയായ രാജരാജന്റെ കാലത്തും നാഞ്ചിനാട് ചോളരുടെ ആധിപത്യത്തിന്‍ കീഴിലായിരുന്നു. രാജരാജന്റെ കാലത്ത് ചോളരും വേണാട്ടു രാജാക്കന്മാരും തമ്മില്‍ ഇടഞ്ഞു. കോട്ടാറും നാഞ്ചിനാട്ടിലെ മറ്റുപ്രദേശങ്ങളും രാജരാജന്‍ പിടിച്ചടക്കി. കന്യാകുമാരിക്ക് അദ്ദേഹം 'രാജരാജേശ്വരം' എന്നു പേരിട്ടു. ഇക്കാലത്ത് കുഴിത്തുറവരെയുള്ള പ്രദേശങ്ങള്‍ ചോളാധിപത്യത്തിന്‍ കീഴിലായിരുന്നു. കോട്ടാര്‍ എന്ന സ്ഥലത്ത് വലിയൊരു ചോളസൈന്യവും പാര്‍ത്തിരുന്നു. എ.ഡി. 1070-ല്‍ പാണ്ഡ്യരാജാക്കന്മാര്‍ ശക്തരായി. ഇതിനിടയില്‍ വേണാട് ചേരരാജ്യത്തിന്റെ സഹായത്തോടുകൂടി നാഞ്ചിനാട്ടിനെ തിരിച്ചുപിടിച്ചു. അതിനുശേഷം കുലോത്തുംഗ ചോളന്‍ എന്ന ചോളരാജാവ് പാണ്ഡ്യരെ തോല്പിച്ചുകൊണ്ട് നാഞ്ചിനാട്ടില്‍ കടന്ന് കോട്ടാറിലെ വേണാട്ടു ചേരസൈന്യത്തെ തോല്പിച്ചു. അതിനുശേഷം നാഞ്ചിനാട്ടിനെ ആക്രമിക്കുവാന്‍ ചോളസൈന്യം തയ്യാറായിട്ടില്ല. വേണാട്ടുരാജാവായിരുന്ന വീരകേരളവര്‍മ 1140-ല്‍ നാഞ്ചിനാടിനെ തിരിച്ചുപിടിച്ച് വേണാടിന്റെ ഭാഗമാക്കി മാറ്റി.
ഇതിനിടയില്‍ നാഞ്ചിക്കുറവന്‍ എന്ന ഒരു ഭരണാധികാരി നാഞ്ചിനാട്ടിനെ ഒരു സ്വതന്ത്ര രാഷ്ട്രമാക്കി മാറ്റിയെങ്കിലും പിന്നീട് നാഞ്ചിനാട് വീണ്ടും വേണാടിന്റെ ഭാഗമായിത്തീര്‍ന്നു. ശുചീന്ദ്രത്തിന്റെ സമീപപ്രദേശങ്ങളില്‍ ജോലിനോക്കിയിരുന്നവരെ നാഞ്ചിനാട്ടിലെ ഉദ്യോഗസ്ഥര്‍ എന്നാണു പൊതുവേ വിശേഷിപ്പിച്ചിരുന്നത്. ഇക്കാലത്ത് നാഞ്ചിനാട്ടില്‍ ഗ്രാമസഭകളും പ്രവര്‍ത്തിച്ചിരുന്നു. 1215 മുതല്‍ 1240 വരെ രാജാവായിരുന്ന വീരകേരളവര്‍മ ശുചീന്ദ്രം ക്ഷേത്രത്തിന്റെ കാര്യത്തില്‍ വലിയ ശുഷ്കാന്തി കാണിച്ചിരുന്നു. കേരളത്തിലെ നമ്പൂതിരിമാരെ നാഞ്ചിനാട്ടിലെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിച്ചു തുടങ്ങിയതും ഇക്കാലത്താണ്.
1350 മുതല്‍ 1383 വരെ വേണാട്ടു രാജാവായിരുന്ന ഇരവി ഇരവി വര്‍മ(Iravi Iravi Varma)യുടെ കാലത്ത് മുസ്ലിംപട നാഞ്ചിനാട്ടിനെ ആക്രമിച്ചു. ഇതിനെ തടയുവാന്‍ കോട്ടാറിലും അമരാവതിയിലും രണ്ടു കൊട്ടാരങ്ങള്‍ രാജാവു നിര്‍മിച്ചു. രാജാവ് ചിലപ്പോഴൊക്കെ അവിടെ പോയി താമസിക്കുന്ന പതിവും ഉണ്ടായിരുന്നു. കോട്ടാറിലെ കൊട്ടാരത്തെ 'പുതിയേടം' എന്നാണു വിളിച്ചിരുന്നത്. ഇക്കാലത്ത് പാണ്ഡ്യരാജാവായിരുന്ന ജാതവര്‍മന്‍ പരാന്തകപാണ്ഡ്യര്‍ നാഞ്ചിനാടിനെ പിടിച്ചെടുത്തു. എന്നാല്‍ ചേരഉദയമാര്‍ത്താണ്ഡവര്‍മ (1383-1444) പാണ്ഡ്യരില്‍ നിന്നും നാഞ്ചിനാടിനെ തിരിച്ചുപിടിച്ചു. സഭാമണ്ഡലലീലാതിലകം എന്ന വ്യാകരണഗ്രന്ഥം രചിച്ചത് ഈ രാജാവാണ്. 1516 മുതല്‍ 1585 വരെ വേണാട്ടു രാജാവായിരുന്ന ഭൂതലശ്രീ ഉദയമാര്‍ത്താണ്ഡവര്‍മ നാഞ്ചിനാട്ടിലെ ക്ഷേത്രങ്ങള്‍ സംരക്ഷിക്കുവാന്‍ പ്രത്യേകം താത്പര്യം കാണിച്ചിരുന്നു. ഈ ഘട്ടത്തില്‍ നാഞ്ചിനാട് വിജയനഗരത്തിന്റെ ഭാഗമായിത്തീര്‍ന്നു. എന്നാല്‍ വിജയനഗരത്തിന്റെ പതനത്തോടൊപ്പം നാഞ്ചിനാട് വീണ്ടും വേണാടിന്റെ ഭാഗമായി മാറി. എ.ഡി. 1629-ല്‍ വേണാടിന്റെ തലസ്ഥാനം പദ്മനാഭപുരത്തേക്കുമാറ്റി. തലസ്ഥാനം പദ്മനാഭപുരത്തേക്കു മാറ്റിയതോടുകൂടി നാഞ്ചിനാടിന് പ്രത്യേക പരിഗണനകള്‍ ലഭിച്ചു.
എ.ഡി. 1662-ല്‍ മധുരയിലെ തിരുമലനായിക്ക് നാഞ്ചിനാടിനെ ആക്രമിച്ചു. സമ്പത്സമൃദ്ധമായ നാഞ്ചിനാട്ടിനെ പിടിച്ചടക്കുകയായിരുന്നു തിരുമലനായിക്കിന്റെ ലക്ഷ്യം. മധുരസൈന്യം ആരുവാമൊഴി കടന്ന് നാഞ്ചിനാട്ടിലേക്കു പ്രവേശിച്ചു. മധുര സൈന്യാധിപനായ രാമപ്പയ്യ വേണാട്ടുസൈന്യാധിപനായിരുന്ന ഇരവിക്കുട്ടിപ്പിള്ളയെ തോല്പിച്ചു. കണിയാംകുളം എന്ന സ്ഥലത്തുവച്ചായിരുന്നു യുദ്ധം നടന്നത്. തുടര്‍ന്ന് തിരുമലനായിക്ക് നാഞ്ചിനാട്ടിലെ രാജാവായി. നായിക്കിന്റെ സേന പലതവണ നാഞ്ചിനാട്ടില്‍ കടന്ന് ഇവിടത്തെ സ്വത്തെല്ലാം കൈക്കലാക്കി.
ഉമയമ്മറാണി രാജ്ഞിയായിരുന്ന കാലത്ത് (1677-1684) ഒരു മുകിലപ്പട വേണാട്ടിനെ ആക്രമിച്ചു. അവര്‍ നാഞ്ചിനാടു മുഴുവനും പിടിച്ചെടുത്തു. മുകിലപ്പടയെ നേരിടുന്നതിനുവേണ്ടി ഉമയമ്മറാണി വടക്കന്‍ മലബാറില്‍ നിന്നും കേരളവര്‍മയുടെ സഹായം തേടി. കേരളവര്‍മയുടെ സൈന്യം തിരുവട്ടാറില്‍ വച്ച് മുകിലപ്പടയെ തോല്പിച്ചു. 1684-ല്‍ രാമവര്‍മ വേണാട്ടു രാജാവായി. ഇക്കാലത്ത് മധുരയിലെ നായിക്ക് വീണ്ടും നാഞ്ചിനാട്ടിനെ ആക്രമിച്ച് ജനങ്ങളെ കൊള്ളയടിച്ചു. 1689-നും 1706-നും ഇടയ്ക്ക് പലതവണ മധുരപ്പടയുടെ ആക്രമണം ഉണ്ടായി. 1697-ല്‍ ദളവാ നരസപ്പയ്യന്റെ നേതൃത്വത്തില്‍ മധുരപ്പട വേണാട്ടു സേനയെ തോല്പിച്ച് ജനങ്ങളുടെ ആഭരണങ്ങളും പണവും കൊള്ളടയടിച്ചു. കൃഷിയിടങ്ങളെല്ലാം നശിപ്പിക്കപ്പെട്ടു. കൃഷി നശിച്ച കര്‍ഷകര്‍ക്ക് നികുതി ആശ്വാസം നല്കുന്നതിന് വേണാട്ടു സര്‍ക്കാര്‍ തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ച് നാഞ്ചിനാട്ടിലെ ജനങ്ങള്‍ വേണാട്ടു ഗവണ്‍മെന്റിനെതിരെ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചുവെന്ന് ദേശിവിനായകംപിള്ള എന്ന ചരിത്രകാരന്‍ രേഖപ്പെടുത്തിയിരിക്കുന്നു. അക്കാലത്ത് ജനങ്ങളുടെയിടയില്‍ അസാധാരണമായ ഐകമത്യം പ്രത്യക്ഷപ്പെട്ടു. വസ്തുവകയെല്ലാം നഷ്ടപ്പെട്ട നാഞ്ചിനാട്ടിലെ കര്‍ഷകര്‍ ഗവണ്‍മെന്റിനു നല്കാനുള്ള നികുതികള്‍ ഒടുക്കാതെയായി.
1740-ല്‍ ആര്‍ക്കാട്ട് നവാബായ ചന്ദാസാഹിബ് നാഞ്ചിനാട്ടിലെ ജലസേചനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. പൊന്മന അണക്കെട്ടും, പുന്നാര്‍ അണക്കെട്ടും അദ്ദേഹം നിര്‍മിച്ചു. പദ്മനാഭപുരം കൊട്ടാരത്തിന്റെ ഭദ്രതയ്ക്കുവേണ്ടി അദ്ദേഹം പുതിയ കോട്ട നിര്‍മിച്ചു. നികുതിപിരിവ് ക്രമീകരിക്കുന്നതിനുവേണ്ടി പള്ളിയാടിയിലെ മല്ലന്‍ ശങ്കരന്‍ എന്നൊരുദ്യോഗസ്ഥനെ നിയമിച്ചു. ആരുവാമൊഴിയില്‍ ഒരു നികുതിപിരിവുകേന്ദ്രവും (chowkie) അദ്ദേഹം ഏര്‍പ്പെടുത്തി.
1758-ല്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലശേഷം രാമവര്‍മ എന്ന ധര്‍മരാജാവ് അധികാരം ഏറ്റെടുത്തു. രാമവര്‍മയുടെ കാലത്ത് കര്‍ണാട്ടിക് നവാബിന്റെ സേന മാഫിസ്ഖാന്‍ (Maphiskhan) എന്ന ജനറലിന്റെ നേതൃത്വത്തില്‍ ആരുവാമൊഴികടന്ന് നാഞ്ചിനാട്ടിലെത്തി. എന്നാല്‍ ധര്‍മരാജാവ് കുമാരന്‍ ചെമ്പകരാമന്‍പിള്ളയുടെ നേതൃത്വത്തില്‍ കര്‍ണാട്ടിക് സേനയെ നേരിടുവാന്‍ അയ്യായിരം സൈനികരെ നിയോഗിച്ചു. തിരുവിതാംകൂര്‍ സേന മാഫിസ് ഖാനെ തോല്പിച്ചോടിച്ചു.
ധര്‍മരാജാവിന്റെ പിന്‍ഗാമിയായ ബാലരാമവര്‍മയുടെ കാലത്ത് തക്കലക്കാരനായ ശങ്കരനാരായണന്‍ ചെട്ടി ഗവണ്‍മെന്റില്‍ വലിയ പദവികള്‍ നേടി. ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയും ശങ്കരനാരായണന്‍ ചെട്ടിയും കൂടി നടത്തിയ ദുര്‍ഭരണത്തിന്റെ ഫലമായിബഹുജനപ്രക്ഷോഭണമുണ്ടാവുകയും, വേലുത്തമ്പിദളവ ദളവാ പദവിയിലേക്കുയരുകയും ചെയ്തു. 1756-ല്‍ തലക്കുളത്തു ജനിച്ച വേലായുധന്‍ തമ്പി അഥവാ വേലുത്തമ്പി തന്റെ പ്രക്ഷോഭണപരിപാടികള്‍ ആരംഭിച്ചത് ഇരണിയല്‍ ക്ഷേത്രത്തിന്റെ മുന്നില്‍ നിന്നും ആയിരുന്നു. ദളവയായിത്തീര്‍ന്ന വേലുത്തമ്പി തന്റെ സ്വദേശമായ തലക്കുളത്തും, നാഞ്ചിനാട്ടിലെ മറ്റു ഭാഗങ്ങളിലും വലിയ പരിഷ്കാരങ്ങള്‍ വരുത്തി. എന്നാല്‍ വേലുത്തമ്പി ബ്രിട്ടീഷുകാരുടെ ശത്രുവായപ്പോള്‍ കേണല്‍ സെന്റ് ലഗറിന്റെ നേതൃത്വത്തില്‍ ഒരു വലിയ ബ്രിട്ടീഷ് സേന ആരുവാമൊഴി കടന്നുവന്ന് നാഞ്ചിനാട്ടില്‍ പ്രവേശിച്ചു. 1809 ഫെ. 9-ന് ഉദയഗിരിക്കോട്ടയും പദ്മനാഭപുരം കോട്ടയും ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്തു. എന്നാല്‍ വേലുത്തമ്പിക്കുശേഷം ദിവാനായിത്തീര്‍ന്ന ഉമ്മിണിത്തമ്പി ബ്രിട്ടീഷുകാരോട് വലിയ ചങ്ങാത്തം പുലര്‍ത്തിയതിനാല്‍ വീണ്ടും പദ്മനാഭപുരം കോട്ടയും ഉദയഗിരിക്കോട്ടയും ഉള്‍പ്പെടെയുള്ള നാഞ്ചിനാട് തിരുവിതാംകൂറിന്റെ ഭാഗമായി മാറി. വേലുത്തമ്പിയുടെ കാലത്ത് നാഞ്ചിനാട്ടിലെ നാട്ടുക്കൂട്ടങ്ങള്‍ കാര്യമായി പ്രവര്‍ത്തിച്ചിരുന്നു. വെള്ളോടുകൊണ്ടു നിര്‍മിച്ച മണികള്‍ മുഴക്കിയാണ് (Bell Metal Trumpet) അവര്‍ അടിയന്തിര യോഗങ്ങള്‍ വിളിച്ചുകൂട്ടിയിരുന്നത്. എന്നാല്‍ വെള്ളോട്ടു മണിമുഴക്കി അടിയന്തിര പൊതുയോഗങ്ങള്‍ വിളിച്ചുകൂട്ടുന്ന പതിവിനെ ഉമ്മിണിത്തമ്പി നിരോധിച്ചു.
1810-ല്‍ ബാലരാമവര്‍മ അന്തരിച്ചപ്പോള്‍ റീജന്റ് ഭരണം ഏറ്റെടുത്ത റാണി ഗൗരി ലക്ഷ്മീഭായി ഉമ്മിണിത്തമ്പിയെ ദിവാന്‍ സ്ഥാനത്തുനിന്നും മാറ്റി. പകരം കേണല്‍ മണ്‍റോയെ പുതിയ ദിവാനായി നിയമിച്ചു. 1812-ല്‍ മണ്‍റോ അടിമക്കച്ചവടം നിരോധിക്കുകയും ഒരു പണ്ടകശാല സ്ഥാപിക്കുകയും ചെയ്തു. പദ്മനാഭപുരത്ത് അദ്ദേഹം ഒരു ജില്ലാകോടതിയും സ്ഥാപിച്ചു. 1815-ല്‍ റാണി ഗൗരി പാര്‍വതീഭായി റീജന്റ് ഭരണം ഏറ്റെടുത്തു. 1816-ല്‍ നാഞ്ചിനാട്ടിലെ മൈലാടിയില്‍ റിംഗിള്‍ടോബി എന്ന ബ്രിട്ടീഷ് മിഷനറി സ്ഥാപിച്ചു (മൈലാടി പരമ്പരാഗതമായി ഒരു ശിലാശില്പികളുടെ ഗ്രാമമാണ്) നടത്തിവന്ന സ്കൂളിന് എല്ലാവിധ സഹായങ്ങളും റാണി നല്കി. നാഞ്ചിനാട്ടില്‍ പുതിയ ദേവാലയങ്ങള്‍ നിര്‍മിക്കുവാന്‍ ഇംഗ്ലീഷുകാര്‍ക്ക് സ്ഥലവും മറ്റു സഹായങ്ങളും റാണി സംഭാവന ചെയ്തു.
1529-ല്‍ സ്വാതിതിരുനാള്‍ മഹാരാജാവ് സ്ഥാനമേറ്റു. അദ്ദേഹത്തിന്റെ കാലത്ത് നാഞ്ചിനാട്ടിനുവേണ്ടി ഒരു ജലസേചന ഡിപ്പാര്‍ട്ടുമെന്റ് രൂപീകരിച്ചു. ആസൂത്രിതമായ ജലസേചന പദ്ധതികളിലൂടെ സൃഷ്ടിക്കപ്പെട്ട കുളങ്ങളില്‍ പലതും ഇന്നും നിലനില്ക്കുന്നുണ്ട്. 1847-ല്‍ സ്വാതിതിരുനാള്‍ അന്തരിച്ചപ്പോള്‍ അനുജന്‍ ഉത്രാടം തിരുനാള്‍ രാജാവായി. ഉത്രാടം തിരുനാളിന്റെ കാലത്താണ് നാഞ്ചിനാട്ടില്‍ മേല്‍മുണ്ടു സമരത്തിന്റെ അവസാനഘട്ടം നടന്നത്.
1860-ല്‍ ആയില്യം തിരുനാള്‍ രാജാവായി. സര്‍. ടി. മാധവറാവുവായിരുന്നു ഇക്കാലത്തെ ദിവാന്‍. നാഞ്ചിനാട്ടിലെ കര്‍ഷകരുടെ നികുതി വ്യവസ്ഥയില്‍ ചില ഇളവുകള്‍ ഇക്കാലത്ത് ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. 1875-ല്‍ ശുചീന്ദ്രംക്ഷേത്രത്തിന്റെ മണ്ഡപത്തിന്റെ പണി രാജാവു പൂര്‍ത്തിയാക്കി. 1877-ല്‍ നാണുപ്പിള്ള ദിവാനായിത്തീര്‍ന്നു. നാഞ്ചിനാട്ടിലെ കര്‍ഷകരുടെ സഹായത്തിനായി കോതയാറില്‍ ഒരു പുതിയ അണക്കെട്ടു നിര്‍മിക്കുന്നതിനുള്ള സര്‍വേപണികള്‍ നാണുപിള്ള ദിവാന്‍ നടത്തി. 1880-ല്‍ വിശാഖം തിരുനാള്‍ രാജാവായി. തെക്കന്‍ തിരുവിതാംകൂറിലെ ജലസേചന പദ്ധതികള്‍ അദ്ദേഹം അഭിവൃദ്ധിപ്പെടുത്തി.
1885-ല്‍ ശ്രൂമൂലം തിരുനാള്‍ രാജാവായിത്തീര്‍ന്നു. അദ്ദേഹത്തിന്റെ കാലത്ത് പാണ്ഡ്യര്‍ അണക്കെട്ടും പദ്മനാഭപുരം പുത്തനാറും വലുതാക്കി. 1895-ല്‍ പേച്ചിപ്പാറ ഉള്‍പ്പെടുന്ന കോതയാര്‍ പദ്ധതിയുടെ പണി ആരംഭിച്ചു. തിരുവനന്തപുരത്തോടൊപ്പം നാഗര്‍കോവിലിനെയും ഒരു സംരക്ഷിതനഗരം (conservancy town) ആയി രാജാവു പ്രഖ്യാപിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും മറ്റു സാമൂഹ്യപ്രസ്ഥാനങ്ങളും നാഞ്ചിനാട്ടില്‍ വളര്‍ന്നു. ശ്രീമൂലം തിരുനാള്‍ 1924-ല്‍ അന്തരിച്ചു. സേതു ലക്ഷ്മീഭായി റീജന്റ് ഭരണാധികാരിയായിത്തീര്‍ന്നു. ഇക്കാലത്ത് നാഞ്ചിനാട്ടില്‍ നിലനിന്ന ദേവദാസി സമ്പ്രദായം റാണി നിര്‍ത്തല്‍ ചെയ്തു.
1931-ല്‍ ശ്രീചിത്തിരതിരുനാള്‍ രാജാവായി. 1936-ല്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ ദിവാനായിത്തീര്‍ന്നു. ഇക്കാലത്ത് സര്‍ക്കാര്‍ ചെലവിന്റെ വലിയൊരു ഭാഗം നാഞ്ചിനാട്ടിലെ ജലസേചനപദ്ധതികള്‍ക്കുള്ളതായിരുന്നു. തിരുവിതാംകൂറില്‍ ഉദ്ഭവിച്ച രാഷ്ട്രീയപ്രബുദ്ധതയുടെ അലകള്‍ നാഞ്ചിനാട്ടിലും ദൃശ്യമായി. 1938-ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് സ്ഥാപിക്കപ്പെട്ടു. ഉത്തരവാദഭരണപ്രക്ഷോഭണം ആരംഭിച്ചു. രാജ്യമൊട്ടുക്ക് പ്രതിഷേധ പ്രകടനങ്ങളും ലാത്തിച്ചാര്‍ജും ഉണ്ടായി.
തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിലെ നേതാക്കള്‍ തെക്കന്‍ തിരുവിതാംകൂറിലെ ജനങ്ങളെ അവഗണിക്കുന്നതായി സംശയിച്ച് 1947-ല്‍ തന്നെ തിരുവിതാംകൂര്‍ തമിഴ്നാടു കോണ്‍ഗ്രസ് എന്ന സംഘടന രൂപംകൊണ്ടു. നേശമണി, നഥാനിയല്‍, താണുലിംഗനാടാര്‍ തുടങ്ങിയവരായിരുന്നു പുതിയ സംഘടനയുടെ നേതാക്കള്‍. തെക്കന്‍ തിരുവിതാംകൂറില്‍ തമിഴ്ഭാഷ സംസാരിക്കുന്നവര്‍ കൂടുതലുള്ള തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവംകോട് എന്നീ താലൂക്കുകളെ മദ്രാസ് സംസ്ഥാനത്തില്‍ (ഇന്നത്തെ തമിഴ്നാട്ടില്‍) ലയിപ്പിക്കണം എന്നതായിരുന്നു തിരുവിതാംകൂര്‍ തമിഴ്നാടു കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. 1947 ആഗ. 15-ാം തീയതി ഇംഗ്ളീഷുകാര്‍ ഇന്ത്യയിലെ ഭരണം അവസാനിപ്പിച്ചുവെങ്കിലും നാഞ്ചിനാട്ടിലെ തമിഴ്നാടു കോണ്‍ഗ്രസ്സിന്റെ സമരം തുടര്‍ന്നു. 1948-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ തിരുവിതാംകൂര്‍ അസംബ്ളിയിലെ 104 സീറ്റില്‍ പതിനാലെണ്ണവും തിരുവിതാംകൂര്‍ തമിഴ്നാടു കോണ്‍ഗ്രസ്സിനു ലഭിച്ചു. 1949-ല്‍ തിരുവിതാംകൂറും കൊച്ചിയും ചേര്‍ന്ന് ഐക്യസംസ്ഥാനം രൂപീകരിച്ചപ്പോള്‍ തമിഴ് വംശജരെ മദ്രാസ് സംസ്ഥാനത്തില്‍ ചേര്‍ക്കണമെന്ന വാദം ശക്തമായി. സമരത്തോടനുബന്ധിച്ച് രണ്ടു വെടിവയ്പുകളും 1948-ലും 1954-ലും തെക്കന്‍ തിരുവിതാംകൂറിലുണ്ടായി. 1952-ല്‍ തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനത്തില്‍ എ.ജെ. ജോണ്‍ മുഖ്യമന്ത്രിയായുള്ള മന്ത്രിസഭ അധികാരത്തില്‍ വന്നത് തിരുവിതാംകൂര്‍ തമിഴ്നാടു കോണ്‍ഗ്രസ്സിന്റെ സഹായത്തോടുകൂടിയായിരുന്നു. ഇക്കാലത്ത് ഭാരതത്തില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന പുനസംഘടനയ്ക്കുള്ള ശ്രമങ്ങള്‍ നടക്കുകയായിരുന്നു. 1956 ന. 1-ന് ഇന്ത്യയെ പതിനാലു ഭാഷാ സംസ്ഥാനങ്ങള്‍ ആയി വിഭജിച്ചു. ഈ സമയം തിരുവിതാംകൂറിന്റെ തെക്കേ അറ്റത്തുള്ള തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവംകോട്, ചെങ്കോട്ട എന്നീതാലൂക്കുകളെ മദ്രാസ് (തമിഴ്നാട്) സംസ്ഥാനത്തോടു കൂട്ടിച്ചേര്‍ത്തു. 1956 ന. 1 മുതല്‍ നാഞ്ചിനാട് തമിഴ്നാട്ടിന്റെ ഭാഗമായിത്തീര്‍ന്നു.
വിസ്മൃതിയിലായിപ്പോയ ഒരു ചരിത്രം മാത്രമേ ഇന്ന് നാഞ്ചിനാടിനുള്ളൂ. ആ പേരില്‍ അവിടെ ഒരു സ്ഥലവും നിലവിലില്ലെങ്കിലും, അത്തരത്തില്‍ അറിയപ്പെട്ടിരുന്ന രാജ്യം നിലവിലിരുന്നിടത്തെ ഗ്രാമീണരുടെ മനസ്സില്‍ ഇന്നും അത് 'നാഞ്ചിനാട്' തന്നെയാണ്. ഇന്നത് ഒരു ദേശമെന്നതിനെക്കാളേറെ മണ്‍മറയാതെ നില്ക്കുന്ന തെക്കന്‍ തമിഴക സാംസ്കാരിക ഭൂമികയുടെ നാമമാണ്. അതുകൊണ്ടാണ് നാഞ്ചിനാടില്ലെങ്കിലും 'നാഞ്ചിനാട്ടെ കുളങ്ങള'ും 'നാഞ്ചിനാട്ടെ നെല്‍പാടങ്ങളും 'നാഞ്ചിനാട്ടെ കാവല്‍ ദൈവങ്ങള'ും 'നാഞ്ചിനാട്ടെ മൃഗപൂജ'യും 'നാഞ്ചിനാട്ടിന്റെ പുഷ്പമഹിമ'യും എല്ലാം സജീവമായിത്തന്നെ മലയാള ഭാഷയിലും നിറഞ്ഞുനില്‍ക്കുന്നത്. നോ: ഇരണിയല്‍, കന്യാകുമാരി, തക്കല, തിരുവട്ടാര്‍, തിരുവിതാംകൂര്‍, നാഗര്‍കോവില്‍
കടപ്പാട്: സർവ്വവിജ്ഞാനകോശം - and വിക്കിമിഡീയ കോമൺസ്