വീട്ടിലെ രാജാവാകാം എന്നല്ലാതെ ഒരു രാജ്യം വെട്ടിപ്പിടിച്ച് അതിൻ്റെ തലപ്പത്തിരുന്ന് ഭരിക്കാം എന്നൊക്കെ ഇക്കാലത്ത് ഒരു സാധാരണക്കാരന് ചിന്തിക്കാനാവുമോ ? പണ്ടൊക്കെ അടിമകൾ വരെ രാജാവാകുകയും രാജപരമ്പര വരെ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട് . എന്നാൽ കേട്ടോളൂ കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു ഇന്ത്യാക്കാരൻ ഒരു ആഫ്രിക്കൻ രാജ്യത്തിന്റെ രാജാവായി ! സംഭവം കുറച്ചു വിശദീകരിച്ചു തന്നെ പറയാം .
വടക്കൻ സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിൽ നിന്നും നൂറുകണക്കിന് മൈലുകൾ അകലെയുള്ള പ്രാചീന പ്രവിശ്യയായ Abu Hamed ലേക്ക് സാധാരണ ജീപ്പിലാണ് പര്യവേഷകർ പോകാറ് . ഗ്രേറ്റ് ബ്രിട്ടന്റെ ഇരട്ടിവലിപ്പമുള്ള വിശാലമായ നൂബിയൻ മരുഭൂമി തുടങ്ങുന്നതിന് മുൻപുള്ള അവസാന സെറ്റിൽമെന്റാണ് അബു ഹമെദ് . ഇനിയും ഈ തരിശ് ഭൂവിലൂടെ മുന്നോട്ട് പോയാൽ തോക്കേന്തിയ ലോക്കൽ യുദ്ധപ്രഭുക്കൻമ്മാരെയും , അവരെ നേരിടാൻ ജീപ്പിൽ കറങ്ങി നടക്കുന്ന അപൂർവ്വം മിലിട്ടറി ജീപ്പുകളെയും ഒരു പക്ഷെ നാം കണ്ടേക്കാം . പക്ഷെ ഓക്സിജൻ ഒഴികെ മറ്റെല്ലാം കൂടെ കരുതിവേണം യാത്ര തുടരാൻ . അവിടെയും ഇവിടെയുമായി നിൽക്കുന്ന ഒറ്റപ്പെട്ട പനകൾ നമ്മുക്ക് പ്രത്യാശയുടെ തുരുത്തുകളാണ് . സിറോ വിസിബിലിറ്റി തരുന്ന കനത്ത പൊടിക്കാറ്റിനെയും അതിജീവിച്ച് ദിവസങ്ങളോളം വടക്കോട്ട് യാത്ര ചെയ്‌താൽ നാം Bir Tawil എന്നൊരു വിചിത്രഭൂമിയിൽ എത്തിച്ചേരും . മുന്നും പിന്നും നോക്കിയാൽ ഒരേപോലെ കിടക്കുന്ന ഈ തരിശു ഭൂമിക്ക് എന്താണിത്ര പ്രത്യേകത എന്ന് ചിന്തിച്ചേക്കാം . പ്രത്യേകത ഇതാണ് , ബിർ താവിൽ എന്ന 2,060 ചതുരശ്രകിലോമീറ്റർ വിസ്താരമുള്ള ഈ തുണ്ടു മരുഭൂമി ഭൂമിയിലെ ഒരു രാജ്യത്തിന്റെയും കീഴിലുള്ള സ്ഥലമല്ല ! സുഡാന്റെയും ഈജിപ്തിന്റെയും ഇടയിൽ കിടക്കുന്ന ഈ തരിശിന് ആരും അവകാശികളില്ല . ഈ മേഖല മുൻപ് ഭരിച്ചിരുന്ന ബ്രിട്ടൻ ഇരുരാജ്യങ്ങളുടെയും അതിർത്തികൾ നിർണ്ണയിച്ചപ്പോൾ വന്ന പിഴവാണ് ഇതിങ്ങനെ ആർക്കും വേണ്ടാത്ത സ്ഥലമായി പോകാൻ കാരണം . ഇന്നിപ്പോൾ ഇതിലേതെങ്കിലും രാജ്യം ഇതിനു അവകാശവുമായി വന്നാൽ മുട്ടനടി വീഴും എന്നതിനാൽ ഇരുവരും ഒരു വകയ്ക്കു കൊള്ളില്ലാത്ത ഈ തരിശു ഭൂമിയെ കൈവിട്ട മട്ടാണ് . ഇനി ചരിത്രപരമായി ചിന്തിച്ചാൽ ഇവിടെ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന Ababda ഗോത്രക്കാർക്കാണ് ഇവിടെ അവകാശം . പക്ഷെ ഇവർ ഇപ്പോൾ ഈജിപ്തിൽ ആസ്വാൻ ഡാമിനരികെ സ്ഥിരതാമസത്തിലാണ് .
ഇവിടെയാണ് നമ്മെപ്പോലെയുള്ള വിരുതൻമാർക്കു അവസരം . ഒന്നുകിൽ മുൻപ് പറഞ്ഞ വഴിയിലൂടെ സുഡാൻ അതിർത്തി കടന്ന് ഇവിടെയെത്തുക അല്ലെങ്കിൽ ഈജിപ്ത് വഴിയും ഇവിടെ എത്താം . എന്നിട്ട് ഒരു പതാക നാട്ടുക . സ്ഥലം നമ്മുടേതെന്ന് പ്രഖ്യാപിക്കുക . ഫോട്ടോയും വീഡിയോകളും ഫേസ്ബുക്കിൽ തെളിവിനായി ഇട്ടാൽ സംഭവം ജോർ ! പക്ഷെ ഇതൊക്കെ ആരെങ്കിലും അംഗീകരിക്കുമോ എന്നത് വേറെ കാര്യം ! കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കിടയിൽ ഒരു നാലഞ്ചു പേരെങ്കിലും ഇവിടെയെത്തി സ്വയം ഭരണം ഏറ്റെടുത്തിട്ടുണ്ട് ! ചിലർ വീട്ടിലിരുന്ന് ഓൺലൈൻ വഴിയാണ് അവകാശവാദം ഉന്നയിച്ചത് . വേറൊരാൾ മകൾക്കു പിറന്നാൾ സമ്മാനമായി "തന്റെ രാജ്യം " സമ്മാനിക്കുകയുണ്ടായി ! ഈ സീരീസിലെ അവസാനത്തെ ആളാണ് ഇന്ത്യക്കാരൻ Suyash Dixit . കക്ഷി പക്ഷെ ഇവിടെവരെ കഷ്ടപ്പെട്ട് യാത്ര ചെയ്ത് എത്തിയശേഷമാണ് . രാജ്യം സ്വന്തമാക്കിയത് . ഉടൻ തന്നെ പേരുമിട്ടു "കിങ്‌ഡം ഓഫ് ദീക്ഷിത് " . ഇവിടെ ആദ്യത്തെ ചെടിയും കുഴിച്ചുവെച്ച് അതിനു വെള്ളവുംഒഴിച്ചു . ഈജിപ്ഷ്യൻ ആർമിയാണ് രാജാവിനെ ഇവിടെ വരെ എത്താൻ സഹായിച്ചത് . സ്വന്തമായി രൂപകൽപ്പന ചെയ്ത പതാകയും നാട്ടി ഏതാണ്ട് ആറുമണിക്കൂർ സ്വന്തം രാജ്യത്ത് ചിലവഴിച്ച ശേഷമാണ് "രാജാവ്" സ്ഥലം വിട്ടത് . കൂടാതെ രാജ്യം ക്ലെയിം ചെയ്തുകൊണ്ട് UN നു ലെറ്ററും വിട്ടിട്ടുണ്ട് . അദ്ദേഹത്തെ ബന്ധപ്പെടുന്ന ആദ്യ നൂറുപേർക്ക് സിറ്റിസൺഷിപ്പും രാജാവ് ഓഫർ ചെയ്തിട്ടുണ്ട് . ഇതാണ് രാജാവിന്റെ FB വിലാസം > https://www.facebook.com/suyashthegreat
ഇതുപോലെ കരയിലല്ലെങ്കിലും കടലിൽ സ്വന്തം രാജ്യം ഉണ്ടാക്കിയവരും ഉണ്ട് . ഉദാഹരണം Principality of Sealand .
By Joseph T