നൂറ്റാണ്ടുകൾക്ക് മുൻപ്, എന്നു വച്ചാൽ നോർത്ത് അമേരിക്കയിലെ യൂറോപ്യൻ അധിനിവേശത്തിനു വളരെ മുൻപ് തന്നെ റെഡ് ഇന്ത്യൻ ഗോത്രങ്ങൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു നൃത്താഘോഷരൂപമായിരുന്നു പൗ-വൗ. ഒരു ഗോത്രത്തിലെ പുരുഷന്മാർ മറ്റു ഗോത്രങ്ങൾക്കുമേൽ വിജയം നേടുമ്പോഴും, വലിയ നായാട്ടുകൾക്കുശേഷം വിജയകരമായി തിരിച്ചെത്തുമ്പോഴുമെല്ലാം പുരാതന ഗോത്രസ്ത്രീകൾ പുരുഷന്മാരെ ആദരസൂചകമായി നൃത്തം ചെയ്ത് സ്വീകരിച്ചിരുന്നു. യൂറോപ്യൻ അധിനിവേശത്തെ തുടർന്നുണ്ടായ യുദ്ധങ്ങളിൽ പെട്ടും മാരകമായ രോഗങ്ങൾ പിടിപെട്ടും റെഡ് ഇന്ത്യൻ ഗോത്രവിഭാഗങ്ങളിൽ ഒരു വലിയ ശതമാനവും നാമാവശേഷമായെങ്കിലും അവരുടെ പിൻതലമുറക്കാരായ ആധുനികമനുഷ്യർ ഇന്നും തങ്ങളുടെ ഗോത്രപാരമ്പര്യത്തിൽ അഭിമാനിക്കുന്നവരാണ്.
ഇന്നും നേറ്റീവ് അമേരിക്കക്കാർ അഥവാ റെഡ് ഇന്ത്യൻ ഗോത്രവർഗ്ഗക്കാരുടെ
പിൻതലമുറക്കരായ ഒരുകൂട്ടം ജനങ്ങൾ തങ്ങളുടെ പുരാതന ഗോത്രസംസ്കാരങ്ങളുടെയും
മുൻഗാമികളുടെ വീരപ്രതാപത്തിന്റെയും ഓർമ്മപ്പെടുത്തലുകളായി പൗ-വൗ എല്ലാ
വർഷവും കൊണ്ടാടുന്നു. പല റെഡ് ഇന്ത്യൻ ഗോത്രവിഭാഗക്കാർ ഒത്തുചേർന്ന്
ആടിയും പാടിയും പുരാതന കലാരൂപങ്ങൾ അവതരിപ്പിച്ചും മറ്റ് വിഭാഗങ്ങൾക്കിടയിൽ
ഇന്നും തങ്ങളുടെ പാരമ്പര്യമാഹാത്മ്യം വിളിച്ചോതുന്നു. ഈ ഒത്തുചേരലാണ്
പൗ-വൗ എന്നറിയപ്പെടുന്നത്. പൗ-വൗ ഒത്തുചേരലിൽ നിന്നൊരു ദൃശ്യമാണ്
ചിത്രത്തിൽ.